'അറിവിന്റെയും പോരാട്ടത്തിന്റെയും പുതിയ മുഖം: സതീശന്‍ യുഗത്തിന് കേരളത്തില്‍ തുടക്കം.'

MAY 14, 2026, 5:57 AM

കോണ്‍ഗ്രസിനുള്ളിലെ പരമ്പരാഗത ഗ്രൂപ്പ് സമവാക്യങ്ങള്‍ക്കപ്പുറം, പ്രവര്‍ത്തന മികവിനും പ്രായോഗിക രാഷ്ട്രീയത്തിനും ലഭിച്ച വിജയമായാണ് വി.ഡി സതീശന്റെ മുഖ്യമന്ത്രി പദം. രാഷ്ട്രീയത്തില്‍ മികച്ചൊരു ട്രാക്ക് റെക്കോര്‍ഡും അദ്ദേഹത്തിനുണ്ട്. പ്രതിപക്ഷ നേതാവെന്ന നിലയില്‍ വസ്തുതകള്‍ നിരത്തി സഭയില്‍ അദ്ദേഹം നടത്തിയ ഇടപെടലുകള്‍ ദേശീയ നേതൃത്വത്തിന്റെ പോലും ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. വികാരത്തിന് പകരം വിവേകത്തിനും കണക്കുകള്‍ക്കും പ്രാധാന്യം നല്‍കുന്ന അദ്ദേഹത്തിന്റെ ശൈലി കേരളത്തിലെ പുതിയ തലമുറയ്ക്കിടയില്‍ വലിയ തരംഗമുണ്ടാക്കിയിട്ടുണ്ട്.

കോണ്‍ഗ്രസ് എന്ന വിശാലമായ സംഘടനയെ കൂടുതല്‍ അച്ചടക്കമുള്ള 'സെമി-കേഡര്‍' സ്വഭാവത്തിലേക്ക് മാറ്റാന്‍ അദ്ദേഹം നടത്തിയ ശ്രമങ്ങള്‍ കേരള രാഷ്ട്രീയത്തില്‍ തന്നെ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ഒന്നാണ്. ഒരു ജനപ്രതിനിധി എന്ന നിലയില്‍ അദ്ദേഹത്തിന്റെ കരുത്ത് പലപ്പോഴും നിയമസഭയിലെ അദ്ദേഹത്തിന്റെ പ്രസംഗങ്ങളാണ്. തേവര എസ്.എച്ച് കോളജ്, രാജഗിരി, എറണാകുളം ലോ കോളേജ്, തിരുവനന്തപുരം ലോ അക്കാദമി എന്നിവിടങ്ങളില്‍ നിന്നുള്ള അദ്ദേഹത്തിന്റെ ഉന്നത വിദ്യാഭ്യാസം ഈ നിയമസഭാ പ്രകടനങ്ങള്‍ക്ക് വലിയ അടിത്തറ പാകാറുണ്ട്. ഹൈക്കമാന്‍ഡ് പ്രതിനിധികള്‍ കേരളത്തിലെ മുതിര്‍ന്ന നേതാക്കള്‍ക്കിടയില്‍ സമവായമുണ്ടാക്കാന്‍ ശ്രമിച്ചതും ഒടുവില്‍ സതീശനിലേക്ക് എത്തിയതും കേരള കോണ്‍ഗ്രസ് രാഷ്ട്രീയത്തിലെ ഒരു വലിയ തലമുറ മാറ്റത്തിന്റെകൂടി സൂചനയാണ്.

രാഷ്ട്രീയ പ്രവേശനം

കെ.എസ്.യുവിലൂടെ രാഷ്ട്രീയത്തിലേക്ക് കടന്നുവന്ന സതീശന്‍, സംഘടനയുടെ സംസ്ഥാന ഭാരവാഹിയായും പ്രവര്‍ത്തിച്ചു. പിന്നീട് യൂത്ത് കോണ്‍ഗ്രസിലൂടെ തന്റെ രാഷ്ട്രീയ അടിത്തറ ശക്തമാക്കി. 2001 ലാണ് അദ്ദേഹം ആദ്യമായി പറവൂര്‍ മണ്ഡലത്തില്‍ നിന്നും നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.

നിയമസഭയിലെ സാന്നിധ്യം

അഞ്ച് തവണ തുടര്‍ച്ചയായി പറവൂരില്‍ നിന്നും നിയമസഭയിലെത്തിയ സതീശന്‍, മികച്ച ഒരു പാര്‍ലമെന്റേറിയന്‍ എന്ന നിലയില്‍ പേരെടുത്തു. അക്കമിട്ട് നിരത്തുന്ന വസ്തുതകളും ആധികാരികമായ രേഖകളും ഉപയോഗിച്ചുള്ള അദ്ദേഹത്തിന്റെ പ്രസംഗങ്ങള്‍ പലപ്പോഴും ഭരണപക്ഷത്തെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്.

പ്രതിപക്ഷ നേതൃസ്ഥാനം മുതല്‍ മുഖ്യമന്ത്രി പദം വരെ

2021ല്‍ നടന്ന പൊതുതെരഞ്ഞെടുപ്പില്‍ സിപിഎം തുടര്‍ഭരണം നേടിയതിനെ തുടര്‍ന്ന് കോണ്‍ഗ്രസില്‍ തലമുറമാറ്റമെന്ന നിലയിലാണ് സതീശനെ പ്രതിപക്ഷനേതാവായി തെരഞ്ഞെടുത്തു. പിന്നീടങ്ങോട്ട് നിയമസഭയ്ക്കകത്തും പുറത്തും അദ്ദേഹത്തിന്റെ നീക്കങ്ങളും നിലപാടുകളും കോണ്‍ഗ്രസിനും യുഡിഎഫിനും കരുത്തു പകര്‍ന്നു. സംസ്ഥാനത്ത് പിന്നീട് നടന്ന ഉപതെരഞ്ഞെടുപ്പുകളില്‍ ചേലക്കര ഒഴികെ മറ്റിടങ്ങളില്‍ യുഡിഎഫ് വിജയിച്ചു കയറി. 2024 ല്‍ പാര്‍ലമെന്റ് തിരെഞ്ഞെടുപ്പിലും മികച്ച വിജയം നേടിയ മുന്നണി ഇക്കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിലും അതാവര്‍ത്തിച്ചു. നിയമസഭാ തെരഞ്ഞെടുപ്പില്‍ 100 സീറ്റില്‍ യുഡിഎഫ് വിജയിക്കുമെന്ന് പറഞ്ഞ സതീശന്റെ പ്രവചനം അന്വര്‍ത്ഥമാക്കി 102 സീറ്റില്‍ യുഡിഎഫ് വിജയിച്ചു കയറി. 20,600വോട്ടിന്റെ ഭൂരിപക്ഷത്തില്‍ പറവൂരില്‍ നിന്ന് വീണ്ടും എം.എല്‍.എയായി അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു.

വികസന കാഴ്ചപ്പാടുകളും നയങ്ങളും

കേവലം രാഷ്ട്രീയ പോരാട്ടങ്ങള്‍ക്കപ്പുറം, വികസന കാര്യങ്ങളില്‍ വ്യക്തമായ കാഴ്ചപ്പാടുള്ള നേതാവാണ് വി.ഡി സതീശന്‍. പരിസ്ഥിതി സൗഹൃദമായ വികസന മാതൃകകള്‍ക്കായി അദ്ദേഹം എപ്പോഴും ശബ്ദമുയര്‍ത്തിയിട്ടുണ്ട്. തന്റെ മണ്ഡലമായ പറവൂരില്‍ നടപ്പിലാക്കിയ 'അതിജീവനം' പോലുള്ള പദ്ധതികള്‍ ആരോഗ്യ-വിദ്യാഭ്യാസ മേഖലകളില്‍ വലിയ മാറ്റങ്ങളാണ് കൊണ്ടുവന്നത്.

ഡിജിറ്റല്‍ യുഗത്തിനനുസരിച്ചുള്ള ഭരണപരിഷ്‌കാരങ്ങളും, യുവജനങ്ങള്‍ക്ക് മുന്‍ഗണന നല്‍കുന്ന തൊഴില്‍ നയങ്ങളും അദ്ദേഹത്തിന്റെ വികസന അജണ്ടയുടെ ഭാഗമാണ്. 'വികസനം എല്ലാവരിലും എത്തണം, എന്നാല്‍ അത് പ്രകൃതിയെ തകര്‍ത്തുകൊണ്ടാകരുത്' എന്ന അദ്ദേഹത്തിന്റെ നിലപാട് ആധുനിക കേരളത്തിന് ഏറെ പ്രതീക്ഷ നല്‍കുന്ന ഒന്നാണ്.

വിദ്യാര്‍ത്ഥി രാഷ്ട്രീയം തൊട്ട് മുഖ്യമന്ത്രി പദം വരെ നീളുന്ന വി.ഡി. സതീശന്റെ യാത്ര കഠിനാധ്വാനത്തിന്റെയും അര്‍പ്പണബോധത്തിന്റെയും ഉദാഹരണമാണ്. പ്രതിസന്ധികളില്‍ തളരാതെ പാര്‍ട്ടിയെ നയിക്കാനുള്ള അദ്ദേഹത്തിന്റെ കഴിവും, നിയമസഭയിലെ പക്വതയാര്‍ന്ന പെരുമാറ്റവുമാണ് അദ്ദേഹത്തെ ഈ ഔന്നത്യത്തില്‍ എത്തിച്ചത്. മാറ്റം ആഗ്രഹിക്കുന്ന കേരളത്തിലെ ജനതയ്ക്കും, ആവേശത്തോടെ കാത്തിരിക്കുന്ന അണികള്‍ക്കും വി.ഡി സതീശന്റെ ഭരണം പുതിയൊരു പ്രതീക്ഷയാണ് നല്‍കുന്നത്. കേരളത്തിന്റെ ഭാവി വികസന ചരിത്രത്തില്‍ ഈ പുതിയ നേതൃത്വം എപ്രകാരം അടയാളപ്പെടുത്തപ്പെടുമെന്നാണ് ഇനി ഉറ്റുനോക്കപ്പെടുന്നത്.

vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam