ആലപ്പുഴയിലെ രഞ്ജിത് ശ്രീനിവാസൻ വധക്കേസിൽ 15 പ്രതികൾക്കും മാവേലിക്കര അഡീഷണൽ സെഷൻസ് കോടതി വധശിക്ഷ വിധിച്ചതും പതിനാലുകാരിയെ കൂട്ട ബലാൽസംഗം ചെയ്ത കേസിലെ മൂന്നു പ്രതികൾക്ക് ദേവികുളം അതിവേഗ പോക്‌സോ കോടതി 90 വർഷം കഠിനതടവു വിധിച്ചതും ദേശവ്യാപകമായി ശ്രദ്ധിക്കപ്പെട്ട കോടതി വിധികളായി. മഹാത്മജിയുടെ രക്തസാക്ഷി ദിനത്തിലുണ്ടായ ഈ അത്യസാധാരണ ശിക്ഷാവിധിയെക്കുറിച്ചു നിയമതലത്തിൽ വ്യത്യസ്ത അഭിപ്രായങ്ങളുണ്ടാവുക സ്വാഭാവികം.
സാങ്കേതിക വാദങ്ങളുടെ പുകമറയിൽ തിമിരത്തിനു
കീഴ്‌പ്പെട്ടില്ല മാവേലിക്കരയിലെയും ദേവികുളത്തെയും കോടതികൾ.
മേൽക്കോടതികളിൽ ഇത്തരം ശിക്ഷകൾ ലഘൂകരിക്കപ്പെടാനാണു സാധ്യതയെങ്കിലും ഈ
രണ്ടു കേസുകളിലും ഇത്തരമൊരു വിധിപ്രസ്താവത്തിലേക്കു നയിച്ച കാരണങ്ങൾ
ജഡ്ജിമാർ വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്. മതത്തിന്റെയും
രാഷ്ട്രീയത്തിന്റെയും പേരിൽ ക്രൂരതകാട്ടാൻ യാതൊരു മടിയുമില്ലാത്ത ഒരു സമൂഹം
ഉയർത്തുന്ന വെല്ലുവിളി സമാനതകളില്ലാത്തതാണ്. അത് എവിടെ എപ്പോഴാണ്
പൊട്ടിത്തെറിക്കുന്നതെന്നറിയില്ല. ആ സ്‌ഫോടനത്തിന്റെ ആഘാതം എവിടെയെല്ലാമാണ്
പതിക്കുന്നതെന്നും പറയാനാവില്ല.
രഞ്ജിത് ശ്രീനിവാസൻ വധക്കേസിൽ വിധി
പറഞ്ഞതിനു പിന്നാലെ ജഡ്ജിക്കെതിരെ സമൂഹ മാധ്യമങ്ങളിൽ നിരവധി പോസ്റ്റുകൾ
വന്നു. വധശിക്ഷ വിധിച്ച മാവേലിക്കര അഡീഷണൽ സെഷൻസ് ജഡ്ജി ശ്രീദേവിയുടെ
ഔദ്യോഗിക വസതിക്ക് ഇതേത്തുടർന്ന് സുരക്ഷ ഏർപ്പെടുത്തി. കായംകുളം
ഡിവൈ.എസ്.പി പി. അജയ് നാഥിനാണ് ചുമതല. ഒരു സബ് ഇൻസ്‌പെക്ടറുടെ നേതൃത്വത്തിൽ
പോലീസുകാർ 24 മണിക്കൂറും സുരക്ഷ ചുമതലയിൽ ഉണ്ടാകും.
രാഷ്ട്രീയ, വർഗ്ഗീയ കൊലപാതകങ്ങൾ അവസാനിപ്പിക്കണമെന്ന് എല്ലാവരും പറയും. എന്നാൽ യഥാർഥത്തിൽ ആ ആഗ്രഹം ഉണ്ടാകേണ്ട ചിലരുണ്ട്. ചോരപ്പാടുകൾ ഇനിയും ഈ നാട്ടിൽ വീഴാതിരിക്കാൻ അവർ മാത്രം ശ്രദ്ധിച്ചാൽ മതി. അതു സാധിക്കുമോ എന്നതാണ് ജനങ്ങൾക്കുള്ളിലുയരുന്ന ചോദ്യം. രാഷ്ട്രീയ ക്രൂരതയും സ്ത്രീകളോടുള്ള അപമര്യാദയും നമ്മുടെ സമൂഹത്തിൽ ഇപ്പോഴും സർവക്രൂരതയോടെയും തുടരുന്നുവെങ്കിൽ നാം ഇനിയുമേറെ സാക്ഷരാകാറുണ്ട്, സംസ്‌കാരസമ്പന്നരാകാനുണ്ട്. സാക്ഷരത എന്നതു മനുഷ്യമനസിന്റെ മാനത്തിനും സംസ്‌കാരം മനുഷ്യത്വത്തിന്റെ മഹത്വത്തിനും ഉതകുന്നതാകേണ്ടേ?
നീതി നിർവഹണത്തിൽ സമൂഹം ഇന്ന് ഏറെ പ്രത്യാശയോടെ നോക്കുന്നത് ജുഡീഷ്യറിയിലേക്കാണ്. അവിടെയും നീതി ലഭിക്കാതായാൽ ജനം ഏറെ സങ്കടപ്പെടും, നിരാശരാകും. അതുകൊണ്ടുതന്നെ ഇന്ത്യൻ ജുഡീഷ്യറി അതിന്റെ അന്തസ് പാലിക്കുന്നതിൽ എപ്പോഴും തന്നെ ശ്രദ്ധ പുലർത്തുന്നുണ്ട്. അപവാദങ്ങൾ ഉണ്ടാകാം. പോലീസും പ്രോസിക്യൂഷനുമൊക്കെ കൃത്യമായും വ്യക്തമായും കാര്യങ്ങൾ ചെയ്താൽ മാത്രമേ കോടതിക്കും തങ്ങളുടെ ഉത്തരവാദിത്വം നിർവഹിക്കാനുള്ള സാഹചര്യം ഒരുങ്ങൂവെന്നതും ചൂണ്ടിക്കാണിക്കേണ്ടിയിരിക്കുന്നു.
ബിജെപി ഒബിസി മോർച്ച നേതാവായിരുന്ന രഞ്ജിത് ശ്രീനിവാസിനെ കൊലപ്പെടുത്തിയ കേസിലാണ് കൂട്ടവധശിക്ഷ വിധിച്ചത്. നിരായുധനായ മനുഷ്യനെ സംഘം ചേർന്നു കൊലപ്പെടുത്തിയ പ്രതികൾ ഇളവ് അർഹിക്കുന്നില്ലെന്നു വ്യക്തമാക്കിയാണു കോടതി വിധി. പ്രതികൾക്ക് ഇനി ഹൈക്കോടതിയെ സമീപിക്കാം. ഏറ്റവും കൂടുതൽ പേർ വധശിക്ഷയ്ക്കു വിധിക്കപ്പെടുന്ന കേരളത്തിലെ ആദ്യ കേസ് എന്ന പ്രത്യേകതയും ഇതിനുണ്ട്.
2008ൽ
നടന്ന അഹമ്മദാബാദ് സ്‌ഫോടന പരമ്പരയുമായി ബന്ധപ്പെട്ട കേസിൽ 2022ൽ മൂന്നു
മലയാളികൾ ഉൾപ്പെടെ 38 പേർക്കു പ്രത്യേക കോടതി വധശിക്ഷ വിധിച്ചിരുന്നു.
രാജീവ് ഗാന്ധി വധക്കേസിലും 1998ൽ 26 പ്രതികൾക്കു വധശിക്ഷ വിധിച്ചു. ഇവരിൽ
19 പേരെ പിന്നീടു സുപ്രീംകോടതി വിട്ടയച്ചു. ഏഴു പേരുടെ ശിക്ഷ
ജീവപര്യന്തമാക്കി.
രഞ്ജിത് ശ്രീനിവാസൻ കൊലപാതകക്കേസിൽ വധശിക്ഷയ്ക്കു
വിധിക്കപ്പെട്ടവരിൽ ഒന്നുമുതൽ എട്ടുവരെ പ്രതികൾക്ക് കൊലപാതകത്തിൽ നേരിട്ടു
പങ്കുള്ളതായി കോടതി കണ്ടെത്തി. ഒമ്പതു മുതൽ 12 വരെ പ്രതികൾ കൊലപാതകം
നടക്കുന്ന സമയത്ത് വീടിനു മുന്നിൽ കാവൽനിന്നുവെന്നും 13 മുതൽ 15 വരെ
പ്രതികൾ ഗൂഢലോചനയിൽ പങ്കാളികളായെന്നും കോടതി കണ്ടെത്തിയിരുന്നു.
പക്ഷാഘാതത്തെത്തുടർന്ന് ചികിത്സിയിൽ കഴിയുന്ന പത്താം പ്രതിയുടെ വധശിക്ഷ
പ്രതിയുടെ ഭാഗം കേൾക്കുകയെന്ന നടപടി പൂർത്തിയാക്കിയശേഷമാവും
പ്രഖ്യാപിക്കുക.
ആലപ്പുഴ ജില്ലയിലെ രാഷ്ട്രീയ കൊലപാതകങ്ങളുടെ തുടർച്ചയാണു രൺജിത്തിന്റെ കൊലപാതകത്തിൽ കലാശിച്ചത്. വയലാറിൽ ആർ.എസ്.എസ്. പ്രവർത്തകൻ നന്ദു കൃഷ്ണയാണ് ആദ്യം കൊല്ലപ്പെട്ടത്. ഇതിനു പിന്നാലെ മണ്ണഞ്ചേരിയിൽ എസ്.ഡി.പി.ഐ. സംസ്ഥാന സെക്രട്ടറി കെ.എസ്. ഷാൻ കൊല്ലപ്പെട്ടു. ഇതിന്റെ പിറ്റേദിവസമായിരുന്നു രൺജിത്തിന്റെ കൊലപാതകം. ഇതിൽ ആദ്യ രണ്ട് കൊലപാതക കേസുകളിലും വിധിയായിട്ടില്ല. ഷാൻ വധക്കേസിൽ വെള്ളിയാഴ്ച വിചാരണ തുടങ്ങും.
കളങ്കമേറ്റ ആലപ്പുഴ
പരിഷ്‌കൃത സമൂഹത്തിന് നിരക്കാത്ത സംഭവവികാസങ്ങളായിരുന്നു രാഷ്ട്രീയ സംഘർഷങ്ങളുടെ പേരിൽ ആലപ്പുഴയിൽ നടന്നത്. 2021 ഫെബ്രുവരി 24ന് വയലാർ നാഗംകുളങ്ങര കവലയ്ക്കു സമീപം വച്ച് പോപ്പുലർ ഫ്രണ്ട് ആർ.എസ്.എസ്. സംഘർഷത്തെ തുടർന്നായിരുന്നു നന്ദു കൃഷ്ണ കൊല്ലപ്പെട്ടത്. പത്തു മാസം കഴിഞ്ഞപ്പോൾ പ്രതികാരമെന്നവണ്ണം ഷാൻ ആക്രമിക്കപ്പെട്ടു. ഒരു ഇരയെ നോക്കി വച്ചിരുന്നതു പോലെ പിറ്റേന്നു തന്നെ രൺജിത്ത് ശ്രീനിവാസിനു നേരേ ആക്രമണമുണ്ടായി. കേരളത്തിലെ കൊലപാതക രാഷ്ട്രീയത്തിന്റെ പരമ്പരയിൽ ഹൃദയഭേദകമായ മറ്റൊരു രംഗം. സാക്ഷരതയെയും രാഷ്ട്രീയാവബോധത്തെയുംകുറിച്ചു വലിയ അഭിമാനം കൊള്ളുന്ന കേരളത്തെ വീണ്ടും നാണംകെടുത്തിയ സംഭവങ്ങൾ.
രാഷ്ട്രീയ വിദ്വേഷം കൊലപാതകത്തിലേക്കു നീളുന്നത് കേരളത്തിൽ പുതിയ സംഭവമല്ല. ഇത്തരം ആക്രമണങ്ങൾ ഏറെയും അരങ്ങേറിയിരുന്നത് മലബാർ മേഖലയിലായിരുന്നു. എന്നാൽ, താരതമ്യേന സമാധാന അന്തരീക്ഷം നിലനിന്നിരുന്ന ആലപ്പുഴയിൽ തുടർച്ചയായി കൊലപാതകങ്ങൾ നടന്നത് ഇത്തരം സംഭവങ്ങൾ സംസ്ഥാനത്തിന്റെ മറ്റു ഭാഗങ്ങളിലും അരങ്ങേറാം എന്നതിന്റെ തെളിവായി. സമാധാനപരമായി ജീവിക്കുന്ന ജനങ്ങൾക്കിടയിൽ സംശയത്തിന്റെയും വിദ്വേഷത്തിന്റെയും വിത്തുവിതറി സമൂഹത്തിൽ അന്തച്ഛിദ്രമുണ്ടാക്കാനുള്ള ശ്രമങ്ങൾ വിജയം വരിച്ചു എന്നാണ് തുടർച്ചയായ കൊലപാതകങ്ങൾ തെളിയിച്ചത്.
ഇത്തരം
ആക്രമണങ്ങൾ ആസൂത്രണം ചെയ്യുന്നവർ സുരക്ഷിത കേന്ദ്രങ്ങളിലിരിക്കുമ്പോൾ
ബലിയാടാകുന്നത് പലപ്പോഴും നിരപരാധികളും നിരാലംബരാകുന്നത് അവരുടെ
കുടുംബങ്ങളുമാണ്. രാഷ്ട്രീയമോ മറ്റേതെങ്കിലും കാരണങ്ങളോ കൊണ്ടുള്ള എതിർപ്പ്
കൊലപാതകത്തിലൂടെ തീർക്കുന്നത് മാനസികവളർച്ചയെത്തിയ സമൂഹത്തിന്റെ
ലക്ഷണമല്ല. നിർഭാഗ്യവശാൽ കേരളത്തിൽ ഇത്തരം സംഭവങ്ങൾ കൃത്യമായ ഇടവേളകളിൽ
സംഭവിക്കുന്നു. ആരെ കൊന്നിട്ടായാലും സ്വന്തം പാർട്ടിക്ക്
നേട്ടമുണ്ടാക്കണമെന്നു കരുതുന്ന നേതാക്കളും ഒന്നിനും മടിയില്ലാത്ത
അനുയായികളും ആധുനിക സമൂഹത്തിനു ഭൂഷണമല്ല. ഇത്തരക്കാരെ ഒറ്റപ്പെടുത്തുകയും
ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതെ നോക്കുകയുമാണ് കേരളീയ സമൂഹം ചെയ്യേണ്ടത്.
ഇത്തരത്തിലുള്ള
ഒരോ സംഭവം കഴിയുമ്പോഴും ഒരുപാടു രോദനങ്ങൾ ഉയരും. കുടുംബാംഗങ്ങളുടെ
കണ്ണീരും വേദനയും അവസാനിക്കില്ലെങ്കിലും അണിയറയിൽ ചിലരുടെ കണക്കുതീർക്കലുകൾ
അവസാനിക്കുമോ എന്നതാണ് പ്രധാനം. രഞ്ജിതിന്റെ ഭാഗത്തുനിന്നു യാതൊരു
പ്രകോപനവും ഉണ്ടായിട്ടില്ലെന്നും പ്രതികൾ മുമ്പും സമാന കുറ്റകൃത്യങ്ങളിൽ
ഏർപ്പെട്ടിട്ടുള്ളവരാണെന്നും പ്രതികൾക്ക് ഏതെങ്കിലും തരത്തിലുള്ള
പശ്ചാത്താപം ഉണ്ടായതായി വിചാരണവേളയിൽ കണ്ടെത്തിയില്ലെന്നുമുള്ള
വിധിന്യായത്തിലെ പരാമർശങ്ങൾ ശ്രദ്ധേയമാണ്.
പെട്ടെന്നുള്ള പ്രകോപനങ്ങളും സാഹചര്യങ്ങളും മനുഷ്യത്വമില്ലായ്മയുമൊക്കെ വിവിധ കുറ്റകൃത്യങ്ങളിലേക്കു നയിക്കാറുണ്ട്. അവരെ ശിക്ഷിക്കുന്നതിനോടൊപ്പംതന്നെ സമൂഹത്തിനു ചില സന്ദേശങ്ങൾ നൽകുന്നതിനും കോടതിയും നിയമസംവിധാനങ്ങളും ശ്രദ്ധിക്കാറുണ്ട്. ബംഗാൾ സ്വദേശിനിയായ പതിനാലുകാരിയെ പൂപ്പാറിയിലെ തേയിലത്തോട്ടത്തിൽ വച്ചു ക്രൂരമായി പീഡിപ്പിച്ച കേസിലെ മൂന്നു പ്രതികൾക്കു 90 വർഷത്തെ കഠിനതടവു ശിക്ഷ നൽകിയതിന്റെ പിന്നിലും ഇത്തരമൊരു സന്ദേശമാവും ജഡ്ജി നൽകാൻ ഉദ്ദേശിച്ചത്. ശിക്ഷ ഒന്നിച്ച് അനുഭവിച്ചാൽ മതിയെന്നതിനാൽ മൂന്നു പേരും 25 വർഷം വീതം കഠിനതടവിൽ കഴിഞ്ഞാൽ മതി. ഇരുപതും ഇരുപത്തിയൊന്നും വയസുള്ളവരാണ് പ്രതികൾ. ഈ കേസിലെ നാലാം പ്രതിയെ വിട്ടയച്ചിരുന്നു. പ്രായപൂർത്തിയാകാത്ത അഞ്ചും ആറും പ്രതികളുടെ കേസ് തുടരുകയാണ.്
ബാബു കദളിക്കാട്
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1