കാനഡയിലേക്ക് ജോലിക്കായി എത്തുന്ന വിദേശികളുടെ എണ്ണം നിയന്ത്രിക്കാനുള്ള നടപടികള്‍ ആരംഭിച്ചു. താത്കാലിക തൊഴില്‍ വിസയില്‍ രാജ്യത്ത് എത്തുന്നവര്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്താനാണ് നീക്കം. നിലവിലെ സാഹചര്യങ്ങള്‍ കണക്കിലെടുത്ത് ജോലിക്കായി കാനഡയിലെത്തുവര്‍ക്കായി മാറ്റങ്ങള്‍ നടപ്പിലാക്കുമെന്ന് തൊഴില്‍ മന്ത്രി റാണ്ടി ബൊയ്‌സോണാള്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. സെപ്തംബര്‍ 26ന് ഇത് പ്രാബല്യത്തില്‍ വരും.
കനേഡിയന്‍ പൗരന്മാര്‍ക്ക് ജോലി സാധ്യതകള്‍ കുറയുകയും വിദേശത്ത് നിന്ന് എത്തുന്നവര്‍ക്ക് ജോലി ലഭിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് നീക്കം. ഇന്ത്യ ഉള്‍പ്പെടെ വിവിധ രാജ്യങ്ങളിലെ യുവാക്കള്‍ക്ക് ഈ തീരുമാനം തിരിച്ചടിയാകുമെന്നാണ് വിലയിരുത്തല്‍. കാനഡയിലെ തൊഴിലില്ലായ്മ നിരക്ക് വര്‍ദ്ധിച്ചതും ഇതിന് കാരണമായിട്ടുണ്ട്. വിദേശരാജ്യങ്ങളില്‍ നിന്നും എത്തുന്നവര്‍ക്ക് കാനഡയില്‍ കുറഞ്ഞ കാലത്തേക്ക് ജോലി ചെയ്യാന്‍ അവസരം നല്‍കുന്നതായിരുന്നു കാനഡയുടെ ടെമ്പററി ഫോറിന്‍ വര്‍ക്കേഴ്സ് പ്രോഗ്രാം.
കോവിഡിന് ശേഷം തൊഴിലാളികളെ ലഭിക്കുന്നതിന് ക്ഷാമം വന്നതോടെയാണ് വിവിധ മേഖലകളിലുള്ള തൊഴില്‍ ദാതാക്കളുടെ ആവശ്യം പരിഗണിച്ച് സര്‍ക്കാര്‍ ഇത്തരമൊരു നീക്കം നടത്തിയത്. കുറഞ്ഞ വേതനത്തിലാണ് വിദേശ തൊഴിലാളികള്‍ക്ക് ഇത്തരം ഇടങ്ങളില്‍ താത്കാലിക അവസരങ്ങള്‍ ലഭിച്ചിരുന്നത്. 20 ശതമാനത്തോളം വിദേശത്ത് നിന്നെത്തുന്ന തൊഴിലാളികള്‍ക്കായി നീക്കി വച്ചിരുന്നു. ഇത് 10 ശതമാനമായി കുറയ്ക്കാനാണ് ഇപ്പോള്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. ഇത്തരത്തിലുള്ള തൊഴിലാളികളുടെ തൊഴില്‍ കാലയളവ് ഒരു വര്‍ഷമായി കുറയ്ക്കും. നേരത്തെ ഇത് രണ്ട് വര്‍ഷമായിരുന്നു.
കഴിഞ്ഞ ഏതാനും വര്‍ഷത്തിനിടെ ഉണ്ടായ ഏറ്റവും വലിയ തൊഴിലില്ലായ്മ പ്രശ്നമാണ് കാനഡ അഭിമുഖീകരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. 6.4 ശതമാനമാണ് രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക്. യുവാക്കള്‍ക്കിടയില്‍ 14.2 ശതമാനമാണ് തൊഴിലില്ലായ്മ നിരക്കെന്നും എംപ്ലോയ്മെന്റ് മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. സമ്പദ്വ്യവസ്ഥ താഴേക്ക് പോയതും കാനഡയ്ക്ക് തിരിച്ചടിയായി. താത്കാലിക തൊഴില്‍ വിസയില്‍ കഴിഞ്ഞ വര്‍ഷം മാത്രം 2.4 ലക്ഷം പേര്‍ക്കാണ് ജോലി ലഭിച്ചത്. റെസ്റ്റോറന്റുകള്‍, റീട്ടെയ്ല്‍ മേഖലകളിലാണ് ഇത്തരം ജോലി ഒഴിവുകള്‍ കൂടുതലായി ഉള്ളത്.
വേതനം കുറച്ച് കൊടുത്താല്‍ മതി എന്നതിനാല്‍ തൊഴിലുടമകളും ഇതിന് പിന്തുണ നല്‍കിയിരുന്നു. കാനഡയുടെ താത്കാലിക തൊഴില്‍ വിസ സേവനം ഏറ്റവും അധികം പ്രയോജനപ്പെടുത്തുന്നത് മെക്സിക്കോയിലുള്ളവരാണ്. 45,500ലധികം പേരാണ് ഈ വിസ സേവനം ഉപയോഗിച്ചത്. രണ്ടാം സ്ഥാനത്ത് ഇന്ത്യയാണ്. 26,495 പേര്‍ക്ക് താത്കാലിക തൊഴില്‍ വിസയുണ്ട്. 20,635 പേരുമായി ഫിലിപ്പീന്‍സാണ് പട്ടികയില്‍ മൂന്നാം സ്ഥാനത്ത്. ട്രക്ക് ഡ്രൈവര്‍മാര്‍, റെസ്റ്റോറന്റ്, കൃഷി, പ്രായമായവരുടെ പരിചരണം എന്നീ മേഖലകളിലാണ് ഇന്ത്യയില്‍ നിന്നുള്ള ആളുകള്‍ ഇത്തരം വിസ ഉപയോഗിച്ച് ജോലി കൂടുതലായും ചെയ്ത് വന്നിരുന്നത്. ഇതില്‍ ഭൂരിഭാഗം മേഖലകള്‍ക്കും പുതിയ നിയന്ത്രണം ബാധകമായിരിക്കും.
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1