തല്ലുകൊള്ളാന്‍ പൊലീസ്, തലകാക്കാന്‍ 'തൊപ്പിപ്പാള'! ക്രമസമാധാന പാലകരുടെ 'ലൈഫ് റിസ്‌കില്‍'

MAY 29, 2026, 11:31 PM

തെരുവ് യുദ്ധങ്ങളായി മാറുന്ന രാഷ്ട്രീയ അക്രമങ്ങളും മാര്‍ച്ചുകളും നേരിടാന്‍ കേരള പൊലീസ് നിയോഗിക്കപ്പെടുന്നത് സ്വയം സുരക്ഷിതരല്ലാത്ത അവസ്ഥയില്‍. പൊലീസുകാരുടെ ജീവന് സംരക്ഷണം നല്‍കേണ്ട ഔദ്യോഗിക ഹെല്‍മെറ്റുകളും 'ബോഡി പ്രൊട്ടക്ടറുകളും' ഭൂരിഭാഗവും കാലഹരണപ്പെട്ടതാണെന്ന ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. സേനാംഗങ്ങള്‍ നിലവില്‍ ഉപയോഗിക്കുന്ന സുരക്ഷാ കവചങ്ങള്‍ക്ക് കുറഞ്ഞത് 10 വര്‍ഷത്തെ പഴക്കമെങ്കിലും ഉണ്ടെന്ന് ഉദ്യോഗസ്ഥര്‍ തന്നെ സമ്മതിക്കുന്നു.

സംഘര്‍ഷങ്ങളില്‍ പൊലീസുകാര്‍ക്ക് മാരകമായി പരിക്കേല്‍ക്കുന്ന സംഭവങ്ങള്‍ പതിവായതോടെ, ഡ്യൂട്ടിയിലുള്ളവര്‍ നിര്‍ബന്ധമായും ഹെല്‍മെറ്റ് ധരിക്കണമെന്ന് ഡി.ജി.പി കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ ഉത്തരവുകള്‍ നടപ്പാക്കാന്‍ ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ സ്റ്റേഷനുകളില്‍ ഇല്ലെന്നതാണ് യാഥാര്‍ഥ്യം.

തിരുവനന്തപുരത്തെയും കണ്ണൂരിലെയും ദൃശ്യങ്ങള്‍ തെളിവ്

കഴിഞ്ഞ ദിവസം തലസ്ഥാനത്ത് എസ്.എഫ്.ഐ നടത്തിയ മാര്‍ച്ചില്‍ പങ്കെടുത്ത ഭൂരിഭാഗം പൊലീസുകാരും സാധാരണ ടൂവീലര്‍ ഹെല്‍മെറ്റുകള്‍ ധരിച്ചാണ് അണിനിരന്നത്. കണ്ണൂരില്‍ നടന്ന സംഘര്‍ഷത്തിലാകട്ടെ, അക്രമികളുടെ കല്ലേറിലും ലാത്തിച്ചാര്‍ജിനിടയിലും പൊലീസിന്റെ ഔദ്യോഗിക ഹെല്‍മെറ്റുകള്‍ തകരുകയും പ്രതിരോധത്തിനായി ഉപയോഗിച്ച ലാത്തികള്‍ പാതിവഴിയില്‍ പൊട്ടിപ്പോവുകയും ചെയ്തു. അനുയോജ്യമായ അളവിലുള്ള ബോഡി പ്രൊട്ടക്ടറുകള്‍ ലഭിക്കുന്നില്ലെന്ന പരാതിയും പരസ്യമാണ്.

സുരക്ഷാ ക്രമീകരണം പേപ്പറില്‍ മാത്രം

പേപ്പര്‍ കണക്കുകളില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തമാണെങ്കിലും പ്രായോഗിക തലത്തില്‍ സ്റ്റേഷനുകള്‍ കടുത്ത പ്രതിസന്ധിയിലാണ്. അതില്‍ പ്രധാനം അപര്യാപ്തമായ സ്റ്റോക്കാണ്. നിലവില്‍ ഒരു പൊലീസ് സ്റ്റേഷനില്‍ ആകെ സൂക്ഷിക്കുന്നത് 10 സര്‍വീസ് ഹെല്‍മെറ്റുകള്‍ മാത്രമാണ്. വലിയൊരു അടിയന്തര സാഹചര്യം ഉണ്ടായാല്‍ ഇത് ഒന്നിനും തികയില്ല.

തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റോറില്‍ നിന്ന് ജില്ലാ കേന്ദ്രങ്ങള്‍ വഴി വേണം അഡീഷണല്‍ ഹെല്‍മെറ്റുകളും ഷീല്‍ഡുകളും സ്റ്റേഷനുകളിലെത്താന്‍. പേരും ഐ.ഡി നമ്പറും നല്‍കി വാങ്ങി ഡ്യൂട്ടിക്ക് ശേഷം തിരികെ ഏല്‍പ്പിക്കേണ്ട ഈ പ്രക്രിയ പലപ്പോഴും അടിയന്തര സാഹചര്യങ്ങളില്‍ പ്രായോഗികമാകാറില്ല. പഴക്കം ചെന്ന കവചങ്ങള്‍ക്കൊപ്പം നിലവാരമില്ലാത്ത ലാത്തികള്‍ കൂടി നല്‍കുന്നത് പൊലീസിന്റെ പ്രതിരോധ വീര്യം പൂര്‍ണ്ണമായും കെടുത്തുന്നു.

പൊതുജന സംരക്ഷകരുടെ ജീവന് ആര് ഗ്യാരണ്ടി?

ഡി.ജി.പിയുടെ നിര്‍ദ്ദേശ പ്രകാരം ഹെല്‍മെറ്റ് ധരിക്കല്‍ നിര്‍ബന്ധമാക്കിയതോടെ, സര്‍വീസ് ഹെല്‍മെറ്റുകള്‍ ലഭിക്കാത്ത പൊലീസുകാര്‍ സ്വന്തം നിലയ്ക്ക് 500 മുതല്‍ 700 രൂപ വരെ വിലവരുന്ന സാധാരണ ടൂവീലര്‍ ഹെല്‍മെറ്റുകള്‍ ധരിച്ചാണ് സംഘര്‍ഷ മേഖലകളില്‍ പ്രതിരോധ നിര തീര്‍ക്കുന്നത്.

മോട്ടോര്‍ വാഹന വകുപ്പിന്റെ മാനദണ്ഡങ്ങള്‍ പ്രകാരം ട്രാഫിക് പരിശോധനകളില്‍ സാധാരണക്കാര്‍ക്ക് 500 രൂപ പിഴ ചുമത്തുന്ന തരത്തിലുള്ള ഇത്തരം ലോക്കല്‍ ഹെല്‍മെറ്റുകള്‍ക്ക്, കല്ലേറോ ബോംബേറോ മാരകായുധങ്ങള്‍ കൊണ്ടുള്ള ആക്രമണമോ പ്രതിരോധിക്കാന്‍ കഴിയില്ല. ക്രമസമാധാന പാലനത്തിന് മുന്‍ഗണന നല്‍കുമ്പോഴും തങ്ങളെ മരണമുനമ്പിലേക്ക് തള്ളിവിടുന്നതില്‍ സേനയ്ക്കുള്ളില്‍ കടുത്ത അമര്‍ഷമാണ്.

പുതിയ ബാച്ച് ഉപകരണങ്ങള്‍ അടിയന്തരമായി ലഭ്യമാക്കിയില്ലെങ്കില്‍ വരും ദിവസങ്ങളില്‍ പൊലീസുകാര്‍ക്ക് ഏല്‍ക്കുന്ന പരിക്കുകളുടെ എണ്ണം ഇരട്ടിയാകുമെന്ന കാര്യത്തില്‍ സംശയമില്ല.

vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam