ഓണക്കാലം മലയാളി പൊളിച്ചു. മഴ പെയ്തിട്ടും ഓണനാളുകളിൽ ജനം മാർക്കറ്റിലെത്തി. അവശ്യസാധനങ്ങൾ അടങ്ങിയ ഓണക്കിറ്റ് ഓണം കഴിഞ്ഞും 31 വരെ സർക്കാർ വിതരണംചെയ്തു. വിലക്കയറ്റത്തിന്റെ ചൂടറിയാതെ ജനം ഇത്തവണ ഓണമുണ്ടു. ഓണം കഴിഞ്ഞപ്പോൾ സവാളയുടെ വില മാത്രം 80 രൂപ കടന്നിട്ടുണ്ട്. നേന്ത്രക്കായയ്ക്ക് വൻ വിലക്കയറ്റമുണ്ടമാകുമെന്ന് പ്രതീക്ഷിച്ചെങ്കിലും സപ്ലൈകോയുടെയും കൺസ്യൂമർഫെഡിന്റെയും ഓണമാർക്കറ്റുകൾ ആ കുതിപ്പും അനുവദിച്ചില്ല.
ഓണത്തിനുമുമ്പേ ശമ്പളവും പെൻഷനുമെല്ലാം വിതരണം ചെയ്യാൻ കഴിഞ്ഞുവെന്നത് യു.ഡി.എഫ്. സർക്കാരിനെ സംബന്ധിച്ചിടത്തോളം ഒരുസാമ്പത്തിക സർക്കസ് തന്നെയായിരുന്നു. ഇടതുസർക്കാർ അവസാന ബജറ്റിൽ പ്രതീക്ഷിച്ച കേന്ദ്രത്തിന്റെ റവന്യൂ കമ്മിക്കുള്ള നഷ്ടപരിഹാരം 55,000 കോടി രൂപയായിരുന്നു. എന്നാൽ കേന്ദ്രം ഈ നഷ്ടപരിഹാരം നൽകിയില്ലെന്നു മാത്രമല്ല, കേരളത്തിന്റെ കടമെടുപ്പ് പരിധി 3.5 ശതമാനത്തിൽനിന്ന് 3 ശതമാനമായി കുറയ്ക്കുകയും ചെയ്തു.
എന്നിട്ടും ഓണക്കാലത്ത് മുൻ സർക്കാർ വരുത്തിവച്ച പല കുടിശ്ശികകളും നൽകാൻ ഈ സർക്കാർ സന്മനസ്സ് കാണിച്ചു. എന്നിട്ടും പുതിയ സർക്കാർ കടമെടുത്തുകൂട്ടുകയാണെന്നു പുതിയ പ്രതിപക്ഷനേതാവ് കുറ്റപ്പെടുത്തിയത് കേരളം കേട്ട ഏറ്റവും വലിയ ഓണത്തള്ളായി മാറി. ഓണം കഴിഞ്ഞാലും ജനത്തിന് ചവിട്ടിത്താഴ്ത്താനുള്ള മരപ്പാഴ് ജന്മമായി മാറുകയണോ ഈ നേതാവ്?
വാക്ക് പാലിക്കുന്ന സർക്കാർ
10 വർഷം ഭരിച്ച പിണറായി സർക്കാർ പി.എസ്.സി.നിയമനങ്ങളിൽ കാണിച്ച കുതന്ത്രങ്ങൾ ജനങ്ങളുടെ മുമ്പിലുണ്ട്. എന്നിട്ടും പുതിയ സർക്കാർ അധികാരമേറിയ ഉടനെ റാങ്ക് ലിസ്റ്റിൽപെട്ടിട്ടും നിയമനം ലഭിക്കാത്തവർ സമരത്തിനെത്തി. സെക്രട്ടറിയേറ്റിനുമുമ്പിൽ സമരത്തിനെത്തിയവരുടെ രാഷ്ട്രീയം നോക്കാതെയാണ് റാങ്ക് ലിസ്റ്റിന്റെ കാലാവധി നീട്ടാൻ കഴിയുമോയെന്ന് ചിന്തിക്കാമെന്ന് സർക്കാർ അവരെ അറിയിച്ചത്. പുല്ലുതിന്നും മണ്ണുതിന്നും പ്രതിഷേധിക്കാൻ പിണറായിയുടെ ഭരണകാലത്തും കഴിയുമായിരുന്നു. ഇപ്പോൾ അധ്യാപക തസ്തികകളിലേക്കുള്ള പതിനെട്ട് റാങ്ക് ലിസ്റ്റുകളുടെ കാലാവധിയാണ് സർക്കാർ നീട്ടിയത്. പി.എസ്.സി. നിയമനങ്ങൾക്കായുള്ള പ്രായപരിധിയും ഈ സർക്കാർ നീട്ടിയതിനാൽ, കുറേ പേർക്കെങ്കിലും സർക്കാരിന്റെ പ്രഖ്യാപനം ഗുണം ചെയ്യാം.
സെപ്തംബർ 2ലെ വാർത്താസമ്മേളനത്തിൽ റാങ്ക് ലിസ്റ്റിന്റെ കാലാവധി നീട്ടിയ കാര്യമാണ് മുഖ്യമന്ത്രി ആദ്യം പ്രഖ്യാപിച്ചത്. രണ്ടാമത്തെ മന്ത്രിസഭാ തീരുമാനമായി മയക്കുമരുന്ന് കേസുകൾ വിചാരണ ചെയ്യാനായി മൂന്ന് കോടതികൾകൂടി തുടങ്ങാൻ തീരുമാനിച്ചതായി മുഖ്യമന്ത്രി വാർത്തലേഖകരെ അറിയിച്ചു. നിലവിൽ ഇത്തരം കേസുകൾ വിചാരണ ചെയ്യാൻ തിരുവനന്തപുരത്തും എറണാകുളത്തുമായി രണ്ട് കോടതികളേയുള്ളൂ. ഈ കോടതികളിൽ സ്ഥിരമായി നിയമിച്ചത് 8 പേരെയാണ്. ശേഷിച്ച് മൂന്ന് തസ്തികകളിൽ താൽക്കാലികക്കാരാണ്.
ഇപ്പോൾ പാലക്കാട്, മഞ്ചേരി, തൃശൂർ എന്നിവിടങ്ങളിലാണ് പുതിയ മൂന്ന് കോടതികൾ നിർദേശിച്ചിട്ടുള്ളത്. ഈ മൂന്ന് കോടതികളിലുമായി ഇപ്പോൾ 11 പേരെ നിയമിക്കാനും ഈ മന്ത്രിസഭയോഗം തീരുമാനിക്കുകയുണ്ടായി. ഇതൊരു പുതിയ ഭരണശൈലിയായി വിലയിരുത്തപ്പെടണം. സാധാരണഗതിയിൽ പുതിയ കാര്യങ്ങൾ പ്രഖ്യാപിക്കുമ്പോൾ അവിടെ അവശ്യം ഏർപ്പെടുത്തേണ്ട കാര്യങ്ങളെക്കുറിച്ച് സർക്കാർ മൗനംപാലിക്കും. ഇപ്പോൾ അതിന് മാറ്റംവരികയാണ്. 'തൂഫാൻ' എന്ന മയക്കുമരുന്നുവേട്ട ഫലപ്രദമാകണമെങ്കിൽ ഇത്തരം ത്വരിത നടപടികൾകൂടി അനിവാര്യമാണ്. പതിനായിരത്തിലേറെപ്പേർ മയക്കുമരുന്ന് കേസുമായി ഇന്ന് തടവിലുണ്ട് അവരെ നിയമത്തിന്റെ മുൻപിൽ കൊണ്ടുവരാനുള്ള ഈ സർക്കാരിന്റെ നിശ്ചയദാർഢ്യം അഭിനന്ദനീയമാണ്.
നിലപാടുകളിൽ മായമേയില്ല
കാന്തപുരം ഇടതിനോട് ചേർന്നുനിൽക്കാറാണ് എപ്പോഴും പതിവ്. തോളത്തു കൈയിട്ട് നിൽക്കുന്നവരെ ചേർത്തുപിടിക്കലാണല്ലോ പിണറായി ശൈലി. ഇപ്പോൾ സ്ത്രീകൾ പൊതുവേദിയിൽ പ്രത്യക്ഷപ്പെടരുത്, അടങ്ങിയൊതുങ്ങി വീട്ടിലിരിക്കണമെന്ന കാന്തപുരത്തിന്റെ അഭിപ്രായം ഈ സർക്കാരിന്റേതല്ലെന്ന് തുറന്നുപറയാൻ മുഖ്യമന്ത്രി തയ്യാറായെന്നത് ചില്ലറ കാര്യമല്ല.
മുസ്ലീം വോട്ട് ബാങ്കിൽ തട്ടുകേടുണ്ടാകുമോയെന്ന് ഭയന്ന് സി.പി.എം നേതാക്കളായ കെ.ടി. ജലീലും ടി.കെ. ഹംസയുമെല്ലാം കാന്തപുരത്തെ തള്ളിപ്പറയാൻ തയ്യാറാകാതിരുന്നപ്പോൾ മുഖ്യമന്ത്രി ഇസ്ലാം മതത്തിന് സ്ത്രീകളോടുള്ള കാഴ്ചപ്പാട് വിശദീകരിച്ചത് പ്രവാചകന്റെ ജീവചരിത്രം ഉദ്ധരിച്ചുകൊണ്ടായിരുന്നു. പ്രവാചകനായ നബിയുടെ ആദ്യഭാര്യ ഒരു ബിസിനസ് ടൈക്കൂണായിരുന്നുവെന്നും മറ്റൊരു ഭാര്യ സർവസൈന്യാധിപയായി ശത്രുക്കൾക്കെതിരെ യുദ്ധം ചെയ്തതായും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടിയത് മുഖ്യന്റെ 'ഖുറാൻ ജ്ഞാന'ത്തിന്റെ തിളക്കമുള്ള ഉദാഹരണമായി മാറി.
'ദേശാഭിമാനി'യുടെ ഒരു ലേഖകൻ തുടർച്ചയായി അഞ്ച് ചോദ്യങ്ങൾ ഉന്നയിച്ചതിനെ മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ വിമർശിക്കുകയുണ്ടായി. വാർത്താസമ്മേളനം ഏതുവിധേനയും കലക്കുവാനുള്ള നിർദേശമണോ താങ്കൾക്ക് ബന്ധപ്പെട്ടവർ നൽകിയിരിക്കുന്നതെന്ന മറുചോദ്യവും മുഖ്യന്റെ ഭാഗത്തുനിന്നുണ്ടായി. മയക്കുമരുന്നുകേസിൽ അറസ്റ്റ് ചെയ്യപ്പെട്ട മുഖ്യമന്ത്രിയുടെ പരിചയക്കാരനിൽനിന്ന് പൊലീസ് മൊബൈൽഫോൺ പിടിച്ചെടുക്കാത്തതിനെയും മറ്റൊരു മാ.പ്ര. ചോദ്യം ചെയ്യുകയുണ്ടായി.
എന്നാൽ ഇത്തരം ചോദ്യങ്ങൾ ഉന്നയിക്കുമ്പോൾ, ദയവുചെയ്ത് ആ കേസിന്റെ 'ഹിസ്റ്ററി' പരിശോധിക്കണമെന്നായി സതീശൻ. കാരണം ഈ പ്രതി ഇപ്പോഴും റിമാൻഡിലാണ്. രണ്ടാമത്, ഇയാളിൽനിന്ന് പിടിച്ചെടുത്ത ഫോണിൽനിന്ന് ലഭിച്ച വിവരങ്ങളനുസരിച്ച് ഗ്വാളിയോറിൽനിന്ന് ഒരു പെൺകുട്ടിയേയും ഒരു ഘാനക്കാരനേയും പൊലീസ് അറസ്റ്റ് ചെയ്ത കാര്യവും മുഖ്യമന്ത്രി വാർത്തലേഖകരോട് വിശദീകരിച്ചതും മറ്റൊരു കൗതുകമായി.
അണികളോട് ആജ്ഞാപനമോ?
കോഴിക്കോട്ട് സി.പി.എം.ന്റെ വിശാലയോഗം ചേരാനിരിക്കെ പിണറായി തളിപ്പറമ്പിലും പയ്യന്നൂരിലും നടത്തിയ രാഷ്ട്രീയ വിശദീകരണ യോഗങ്ങളിലെല്ലാംതന്നെ അദ്ദേഹത്തിന്റെ ധാർഷ്ട്യം കുറഞ്ഞിട്ടില്ലെന്ന സൂചനയുണ്ട്. ഒഞ്ചിയത്ത് ടി.പി.യെ വധിക്കുന്നതിനുമുമ്പ്, അക്കാലത്ത് പിണറായി നടത്തിയ ഏഴ് യോഗങ്ങളിലെ ഭാഷയ്ക്ക് സമാനമായിരുന്നു ഈ വിശദീകരണ യോഗങ്ങളിലെല്ലാം ഈ 'മുൻ മുഖ്യൻ' തന്റെ ധാർഷ്ട്യ പ്രകടനത്തിനായി ഉപയോഗിച്ചത്. പാർട്ടിയുടെ പ്രാഥമികതലം മുതൽ കേന്ദ്ര കമ്മിറ്റിവരെ ചർച്ചചെയ്ത് തയ്യാറാക്കിയ 'എന്തുകൊണ്ട് തോറ്റു'വെന്നതിന്റെ വിശദീകരണം പൂർണമായും പിണറായി തള്ളിക്കളഞ്ഞത് കോഴിക്കോട്ടെ വിശാല സമ്മേളനത്തിനുള്ള മുന്നറിയിപ്പായി കരുതപ്പെടുന്നുണ്ട്.
പി.ബി.യിൽ സ്വന്തം കൈകൂടി ഉയർത്തി നേടിയ പത്ത് വോട്ടിന്റെ ബലത്തിലാണ് പിണറായിക്ക് പ്രതിപക്ഷ നേതൃസ്ഥാനം ഉറപ്പിക്കാൻ കഴിഞ്ഞത്. എന്നിട്ടും പാർട്ടിയുടെ ജനാഭിമുഖ്യ നിലപാടുകളെ തള്ളിപ്പറയാൻ പിണറായി കാണിച്ച ധൈര്യം മറ്റ് ചില ചുവടുവയ്പുകൾക്കായുള്ള മുൻകൂർ കരുനീക്കങ്ങളാണോ? ഏറെ വിചിത്രമെന്നു പറയാവുന്നത്, പിണറായിയുടെ ഈ 'കന്നംതിരിവ്' കാരണം സി.പി.എം. വിമതർക്ക് അവരുടെ നിലപാടുകൾ അക്കമിട്ടുപറയാൻ അവസരം ലഭിച്ചുവെന്നതാണ്.
ടി.കെ. ഗോവിന്ദന്റെ മറുപടികൾ
പിണറായിയുടെ വാക്കുകൾ വിരട്ടലാണെന്ന് പയ്യന്നൂരിൽ പാർട്ടി സ്ഥാനാർത്ഥിയെ തോൽപ്പിച്ച വി. കുഞ്ഞിക്കൃഷ്ണൻ ഏഷ്യാനെറ്റിലെ അന്തിച്ചർച്ചയിൽ പ്രതികരിക്കുകയുണ്ടായി. ടി.കെ. ഗോവിന്ദനാകട്ടെ, കണ്ണൂർ ജില്ലാ സെക്രട്ടറിയായ കെ.കെ. രഗേഷിന്റെ ജീവചരിത്രംവരെ പൊതുസമ്മേളനത്തിൽ വിളമ്പി. ആറ് ദശകങ്ങൾക്കുമുൻപ് കണ്ണൂരിൽ പാർട്ടി കെട്ടിപ്പടുക്കാൻ 'മലയും കുന്നും' കാൽനടയായി കയറുമ്പോൾ, രഗേഷ് ജനിച്ചിട്ടുകൂടിയില്ലെന്ന് ടി.കെ.ജി. പറഞ്ഞു. തൊഴിൽ രഹിതനായ രഗേഷ് എസ്.എഫ്.ഐ.ക്കാരനായി വേഷംകിട്ടി രാജ്യസഭാംഗമായി മാറിയെന്ന് അദ്ദേഹം പറഞ്ഞു.
രാജ്യസഭയിലെ കാലാവധി കഴിഞ്ഞപ്പോൾ പിണറായി സർക്കാരിന്റെ ഔദാര്യംകൊണ്ടുമാത്രം സെക്രട്ടറിയേറ്റിൽ നിയമനമായി. ഒന്നേകാൽ ലക്ഷം രൂപ ശമ്പളം ലഭിക്കുന്ന തസ്തികയിലേക്കാണ് അന്നത്തെ മുഖ്യമന്ത്രിയുടെ ഓഫീസിൽ നിയമനം ലഭിച്ചത്. ഒന്നേകാൽ ലക്ഷം രൂപവരെ വേതനം ലഭിക്കാവുന്ന തസ്തികയിൽനിന്നാണ് രഗേഷ് കണ്ണൂർ ജില്ലാ സെക്രട്ടറി പദത്തിലെത്തുന്നത്. ഒരു ബ്രാഞ്ച് സെക്രട്ടറിയോ ഏരിയാ സെക്രട്ടറിയോ ആകാതെ രഗേഷ് ജില്ലാ സെക്രട്ടറി പദത്തിലെത്തിയതിനു പിന്നിൽ 'പിണറായി ഭക്തി' മാത്രമാണ് കാരണം.
ടി.കെ.ജി. ചോദിച്ച മറ്റൊരു കാര്യമുണ്ട്. സി.പി.എം.ന്റെ കോട്ടയായി കരുതപ്പെടുന്ന 10 മണ്ഡലങ്ങളിലെങ്കിലും തെരഞ്ഞെടുപ്പിൽ സി.പി.എം. തോറ്റുമെഴുകി. എന്നിട്ടും പയ്യന്നൂരിലും തളിപ്പറമ്പിലുമായി പിണറായി വിശദീകരണയോഗങ്ങൾ ചുരുക്കി. അര നൂറ്റാണ്ടുകാലമായി സി.പി.എം. ജയിച്ചുവന്ന തൃക്കരിപ്പൂരിൽ പാലക്കാട് നിന്ന് തെരഞ്ഞെടുപ്പിന് ഏതാനും ദിവസങ്ങൾ ബാക്കിനിൽക്കെ ഓടിവന്ന് മത്സരിച്ച സന്ദീപ് വാര്യർപോലും ജയിച്ചില്ലേ? ടി.പി. രാമകൃഷ്ണനെപ്പോലെയുള്ള അഴിമതിയുടെ കറ പുരളാത്ത സീനിയർ നേതാവിനെ തോൽപ്പിച്ചത് 24 വയസ്സ് മാത്രമുള്ള ഒരു മുസ്ലീം പെൺകുട്ടിയായിരുന്നു.
25 സീറ്റുകളിലെങ്കിലും സി.പി.എം. തോറ്റത് സ്ഥാനാർത്ഥി നിർണയത്തിലെ പാളിച്ചകൾകൊണ്ടായിരുന്നുവെന്ന് ടി.കെ.ജി. പറയുന്നു. മാത്രമോ വികസനം വാരിക്കോരി വിതറിയ ധർമ്മടത്ത് എന്തേ പിണറായി ആറ് റൗണ്ടിൽ വോട്ടെണ്ണലിൽ പിന്നാക്കംപോയി? 'വിശാല'സമ്മേളനത്തിൽ പിണറായി വിശാലമായി തന്നെ മറുപടി പറയുമായിരിക്കും.
ഓണസങ്കടം, ഓണസന്തോഷം!
നടൻ വിനായകന്റെ മനോരമ ഓൺലൈനിൽ വന്ന 33 മിനിറ്റ് നീണ്ട അഭിമുഖം മനസ്സ് നൊമ്പരപ്പെടുത്തുന്നതായി. ജനിച്ചനാൾമുതൽ കമ്മട്ടിപ്പാടത്തെ റെയിൽവേ ലൈനിൽ ചാടി ആത്മഹത്യ ചെയ്തവരുടെ ശരീരഭാഗങ്ങൾ കണ്ടുവളർന്ന ബാല്യം വിനായകനെന്ന വിനയൻ ഓർമ്മിക്കുന്നുണ്ട് ഈ അഭിമുഖത്തിൽ. 19 വയസ്സുള്ളപ്പോൾ പ്രണയിച്ച് വിവാഹം കഴിച്ച ജീവിത പങ്കാളി തന്റെ 'വലിയ പിഴ'കൊണ്ട് പിണങ്ങിപ്പോയ കാര്യവും ആ നടൻ വിശദീകരിക്കുന്നു. വിനായകന്റെ സങ്കടം നമ്മുടേതായി മാറ്റുന്ന ഒരു അഭിമുഖമാണത്.
ഓണസന്തോഷം ബത്‌ലഹെം കുടുംബയൂണിറ്റ് എന്ന സിനിമയുടെ വൻ വിജയമാണ്. ഒരു സിനിമ വിജയിച്ചാൽ സോഷ്യൽമീഡിയ അതേറ്റെടുക്കുമെങ്കിലും ഈ സിനിമയുടെ 'മാർക്കറ്റിംഗ്' ഏറ്റെടുത്തത് ആരായാലും അവർ വമ്പന്മാർതന്നെ. ഒരു ഷോർട്ട്ഫിലിം, ബെത്‌ലഹെം കുടുംബയുണിറ്റിലെ ഓണഘോഷങ്ങൾ, 31 വർഷം മുമ്പുള്ള 'അന്ന'യെന്ന മുടങ്ങിപ്പോയ സിനിമയിലെ ഗാനം ഈ സിനിമയി വിളക്കിച്ചേർത്തത്, നിരവധി അഭിമുഖങ്ങൾ, നിവിനെക്കുറിച്ചുള്ള കൊച്ചുവർത്തമാനങ്ങൾ...
അങ്ങനെ ഈ സിനിമയുടെ 'പ്രെമോഷൻ' ഈ രംഗത്തെ ഒരു പാഠപുസ്തകമായി മാറുകയാണ്. മലയാള സിനിമയിൽ കുടുംബചിത്രങ്ങളുടെ ശിൽപ്പിയായ സത്യൻ അന്തിക്കാടിനു പകരം നമുക്ക് ഇനി ഗിരീഷ് എന്ന സംവിധായകനെ അവരോധിക്കാമെന്നു തോന്നുന്നു. ഈ 'ഓണമധുരം' വിളമ്പിയവരെ മനസ്സ് നിറഞ്ഞ് നമുക്ക് അഭിനന്ദിക്കാം.
ആന്റണി ചടയമുറി
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1
