പൊന്നായാലും പണമായാലും കട്ടവന്മാരുടെ തലയിലെ പൂടകൾ കൊണ്ടൊരു തൂവൽകിരീടം ജനം ഇപ്പോൾ പ്രതീക്ഷിക്കുന്നുണ്ട്. പുതിയ സർക്കാരിൽ നിന്ന് ജനം ആദ്യം പ്രതീക്ഷിക്കുന്നത് അതുതന്നെയാണ്. അത്രയ്‌ക്കേറെ ജനങ്ങളെ പറഞ്ഞു പറ്റിച്ച ഒരു സർക്കാരാണ് പടിയിറങ്ങിപ്പോകുന്നത്. 'നവകേരളം' എന്ന വാക്ക് നാം കേട്ട ഏറ്റവും വലിയ അശ്ലീലപദമാക്കി അവർ മാറ്റി. പി.ആർ. വർക്കും വ്യഭിചാരവും തമ്മിലുള്ള അകലം പോലും അവർ ഭാഷാപരമായി ഇല്ലാതാക്കി. ഇടതുപക്ഷത്തിന്റെ തല കക്ഷത്തിലാക്കി ഒരു നേതാവ് നടത്തിയ പൊറാട്ട് നാടകത്തിന് തിരശ്ശീല വീണുകഴിഞ്ഞു.
ഗോവിന്ദൻ വാർത്താ സമ്മേളനം നടത്തിയെങ്കിലും, വായിൽ പൂച്ച പെറ്റു കിടക്കുന്നതിനാൽ കാര്യമായി ഒന്നും പറഞ്ഞില്ല. പിണറായി ഇന്ന് പത്രക്കാരെ കാണുമത്രെ. ഇനി കണ്ടിട്ട് എന്തു കാര്യം? ഇനിയും നുണകൾ പറഞ്ഞ്, ആ അമേദ്യത്തിൽ എല്ലാം മെഴുകിക്കളയാമെന്ന് കരുതരുത്. പകരം കേരളമേ മാപ്പ് എന്ന ഒറ്റ വാക്ക് മാത്രം പറയാൻ കഴിയുമോ? ഇല്ലെന്ന കാര്യം തീർച്ചയല്ലേ? എന്തുകൊണ്ട് തോറ്റുവെന്നതിന് ബി.ജെ.പി.യും കോൺഗ്രസുമായി ഡീൽ ഉണ്ടായിരുന്നുവെന്ന് ന്യായീകരിക്കുമായിരിക്കാം.
അതല്ലെങ്കിൽ ന്യനപക്ഷ വോട്ടുകൾ പല കാരണങ്ങളാൽ ഇടതുപക്ഷത്തിനെതിരെ ഒന്നിച്ച് യു.ഡി.എഫിന് ലഭിച്ചുവെന്നും ഡയലോഗടിക്കാം. എന്നാൽ സ്വന്തം മൂക്കിൻതുമ്പിലെ തെറ്റിന്റെ നിഴൽപ്പാടുകൾ അദ്ദേഹം അവഗണിക്കാനാണ് സാധ്യത. എന്തായാലും ഭരണം വിട്ടാലും പിണറായി പാർട്ടി വിടില്ലെന്ന് തീർച്ചയായിട്ടുണ്ട്. സംസ്ഥാനത്തെ പാർട്ടിവക ചിന്താ ഫ്‌ളാറ്റിലെ 3 എ 3 ബി മുറികൾ ഇത്തരമൊരു പതനം കണ്ടറിഞ്ഞ് പിണറായിക്കുവേണ്ടി അടിപൊളിയായി ഫർണിഷ് ചെയ്തു കഴിഞ്ഞിട്ടുണ്ട്. 10 വർഷം കൊണ്ട് 120 കോടിയോളം ചെലവഴിച്ച് ക്ലിഫ് ഹൗസ് നവീകരിച്ചത് ജനത്തിന്റെ മനസ്സിലുണ്ടെന്ന കാര്യം ഈ നേതാവ് മറന്നില്ലെങ്കിൽ നല്ലത്.
ഡീലുണ്ടായിരുന്നുവെന്നത് നേര്
ബി.ജെ.പി.യുമായി തദ്ദേശ തെരഞ്ഞെടുപ്പിലെ വാർഡ് നിർണ്ണയം മുതൽ സി.പി.എം. ഡീലുണ്ടാക്കിയിരുന്നുവെന്നതിന് തെളിവുകളേറെയുണ്ട്. തിരുവനന്തപുരം കോർപ്പറേഷനിലെ വാർഡ് വിഭജന കഥകൾ എങ്ങനെ മറക്കാൻ കഴിയും? കോൺഗ്രസ് ജയിക്കാൻ സാദ്ധ്യതയുള്ള വാർഡിൽ, സി.പി.എം. അണികളുടെ വീടുകൾ ചേർത്ത് വലുതാക്കിയും, ബി.ജെ.പി. അനുകൂലികൾ തിങ്ങിപ്പാർക്കുന്ന 1500 -1700 വീടുകൾ വരുന്ന മിനി വാർഡുകൾ സൃഷ്ടിച്ചതും ഇപ്പോഴും സർക്കാർ രേഖകളിലുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പി. ജയിച്ച മൂന്ന് സീറ്റുകളും സി.പി.എം.ന്റെ സിറ്റിങ്ങ് സീറ്റുകളാണ്.
ബി.ജെ.പി. രണ്ടാമതെത്തിയ ഒമ്പത് സീറ്റുകളും സി.പി.എം. സ്വാധീനം ഏറെയുള്ള മണ്ഡലങ്ങളാണ്. എന്തിന് ധർമ്മടത്ത് പിണറായി വിജയന്റെ മണ്ഡലത്തിന്റെ അതിർത്തികൾ പോലും തോൽവി ഭയന്ന് സി.പി.എം. കഴിഞ്ഞ 75 വർഷമായി ജയിച്ചുകൊണ്ടിരിക്കുന്ന എട്ട് പഞ്ചായത്തുകൾ ചേർത്ത് പുനർനിർണയിക്കുകയുണ്ടായി. എന്നിട്ടും ധർമ്മടത്ത് പിണറായി വിജയൻ താമസിക്കുന്ന പിണറായി എന്ന ഗ്രാമമടങ്ങുന്ന ബൂത്തിൽ അദ്ദേഹം കൗണ്ടിംഗിൽ പിന്നിലായി. എതിർ സ്ഥാനാർത്ഥിയായ വി.പി.അബ്ദുൽ റഷീദ് 6 റൗണ്ടിൽ സഖാവ് വിജയനെ പിന്നിൽ നിറുത്തിയെന്നത് കണ്ണൂരിലെയല്ല, കേരളത്തിലെ തന്നെ സി.പി.എം.ന് ഏറ്റ കനത്ത പ്രഹരമായി.
ഉള്ളതു പറയുമ്പോൾ പൊള്ളുന്നുവോ?
മറുനാടൻ ഷാജന് ബി. അശോക് ഐ.എ.എസ്. നൽകിയ ഒരു മണിക്കൂറും 45 മിനിറ്റും 46 സെക്കൻഡും നീണ്ട അഭിമുഖം കണ്ടവർ 50 ലക്ഷം കവിഞ്ഞിട്ടുണ്ട്. എന്തുകൊണ്ട് ഇടതുപക്ഷം തോറ്റുവെന്ന് ചോദിക്കുന്നവർ ആ ഇന്റർവ്യൂ കാണേണ്ടതാണ്. മുഖ്യമന്ത്രി മൈക്കിനോട് തട്ടിക്കയറുന്നു. അവതാരകയോട് അമ്മാതിരി കമന്റ് വേണ്ടെന്നു പറയുന്നു. പാർട്ടി സെക്രട്ടറി വിളിച്ചുവരുത്തിയ മാധ്യമ പ്രവർത്തകരോട് 'കടക്ക് പുറത്ത്' എന്നു പറയുന്നു. പത്തനംതിട്ടയിൽ ശബരിമല സ്വർണ്ണം കട്ടതിന്റെ പേരിലും നവീൻ ബാബുവിന്റെ മരണത്തിന്റെ പേരിലും പ്രതിക്കൂട്ടിലായ സി.പി.എം.ന്റെ ഇലക്ഷൻ പ്രചരണത്തിൽ പോലും ഒരു ചോദ്യമുണ്ടെന്നു പറഞ്ഞ സ്വന്തം പാർട്ടിയുടെ പ്രാദേശിക ഭാരവാഹിയോട് ''അത് വീട്ടിൽ പോയി ചോദിച്ചാൽ മതി'' എന്നു പറയുന്നു.
പൊതുഖജനാവിലെ പണമെടുത്ത് 'നവകേരള സദസ്സ്' എന്ന പാഴ് പരിപാടി സംഘടിപ്പിച്ചതു പോലും പ്രതിഷേധക്കാരെ തല്ലിയൊതുക്കാനായി മാറ്റുന്നു. കരിങ്കൊടി കാണിച്ച യൂത്തു കോൺഗ്രസുകാരെ തല്ലിയ ഡി.വൈ.എഫ്.ഐ.ക്കാരും പോലീസുകാരും മുഖ്യന്റെ അംഗരക്ഷകരും നടത്തിയത് രക്ഷാ പ്രവർത്തനമാണെന്നു പറയുന്നു. എന്തിന് മുൻ മന്ത്രി ശൈലജ ടീച്ചറിന്റെ ഭർത്താവിനോടു പോലും പൊതുവേദിയിൽ വച്ച് ക്ഷുഭിതനാകുന്നു. അശോക് അഭിമുഖത്തിൽ പറഞ്ഞത് ഇത്രയും മനുഷ്യപ്പറ്റില്ലാത്ത ഒരു ഭരണാധികാരിയെ കേരളം കണ്ടിട്ടില്ലെന്നാണ്.
മുൻ മുഖ്യമന്ത്രിമാരായ സി. അച്ചുതമേനോനും പി.കെ വാസുദേവൻ നായരുമെല്ലാം ഓർഡിനറി ബസ്സുകളിൽ യാത്ര ചെയ്തത് കേരളം കണ്ടിട്ടുണ്ട്. സ്വന്തം സുരക്ഷയ്ക്കുവേണ്ടി ഇത്രയേറെ പണം ധൂർത്തടിച്ച മറ്റൊരു മുഖ്യമന്ത്രിയെ കേരളം കണ്ടിട്ടില്ലെന്നുകൂടി രണ്ട് ഡോക്ടറേറ്റുള്ള 10 രാജ്യങ്ങളിലെ വിവിധ വാഴ്‌സിറ്റികളിൽ പ്രസംഗിച്ചിട്ടുള്ള ബി.അശോക് പറയുന്നുണ്ട്.
മുഖ്യൻ അടിപ്പിച്ചു, ജനം ജയിപ്പിച്ചു
നവകേരള വണ്ടിപോകുമ്പോൾ കരിങ്കൊടി കാണിച്ചതിന് മർദ്ദനമേൽക്കേണ്ടിവന്ന മൂന്ന് ദരിദ്രരായ യുവാക്കളെയാണ് ഇത്തവണ കോൺഗ്രസ് വിവിധ മണ്ഡലങ്ങളിൽ സ്ഥാനാർത്ഥികളാക്കിയത്. ആലപ്പുഴ സീറ്റിൽ മൽസരിച്ച് ജയിച്ച ഏ.ഡി.തോമസ് മാരാരിക്കുളത്തെ ഒരു മത്സ്യബന്ധന തൊഴിലാളിയാണ്. പിണറായിയുടെ പോലീസും പാർട്ടിക്കാരും ചേർന്ന് അടിച്ചുപൊട്ടിച്ച തലയിലാണ് ജനം എം.എൽ.എ.യുടെ കിരീടം വച്ചു കൊടുത്തത്.
1980നുശേഷം കോൺഗ്രസ് ജയിക്കാത്ത ബാലുശ്ശേരി മണ്ഡലത്തിലും ഒരു കൂലിപ്പണിക്കാരന്റെ മകനെ കോൺഗ്രസ് സ്ഥാനാർത്ഥിയാക്കി. വി.പി.സൂരജ് എന്ന ഈ യുവാവിന്റെ കൈവശമുള്ളത് ഒരു പഴയ സ്‌കൂട്ടറും 25000 രൂപയുമാണ്. വൈക്കം സീറ്റിൽ ജയിച്ച ബിനിമോനും പോലീസ് മർദ്ദനത്തിന് ഇരയായ പ്രാദേശിക നേതാവാണ്. വിമതനായി മത്സരിച്ച് തലയാഴം പഞ്ചായത്ത് പ്രസിഡന്റായി മാറിയ ബിനിമോനു പകരം സണ്ണി കപിക്കാടിനെ സ്ഥാനാർത്ഥിയാക്കാൻ കെ.പി.സി.സി. തീരുമാനിച്ചപ്പോൾ കോട്ടയം ജില്ലാ കമ്മിറ്റി ആ നീക്കത്തെ ഒറ്റക്കെട്ടായി ചെറുക്കുകയായിരുന്നു. സണ്ണി കപിക്കാടിനു പകരം അവർ നിർദ്ദേശിച്ചത് ബിനിമോനെയായിരുന്നു. ബിനിമോനെ എം.എൽ.എ.യായി വൈക്കത്തുകാർ ജയിപ്പിക്കുകയും ചെയ്തു.
കൊടുങ്ങല്ലൂർ ചതിക്കുമെന്ന് ഭയന്ന് മണലൂർക്ക് പോയ ടി.എൻ. പ്രതാപിനും കിട്ടി എട്ടിന്റെ പണി. 1960-2011 കാലഘട്ടത്തിൽ ഒരിക്കൽ പോലും കോൺഗ്രസ് ഇവിടെ ജയിച്ച ചരിത്രമില്ല. എന്നിട്ടും പ്രതാപൻ കൈവിട്ട കൊടുങ്ങല്ലൂരിൽ യൂത്തു കോൺഗ്രസ്സിന്റെ ഒ.ജെ.ജനീഷ് ഇത്തവണ ജയിച്ചു. ഏറെ പ്രതീക്ഷയർപ്പിച്ച മണലൂരാകട്ടെ പ്രതാപനെ കൈവിടുകയും ചെയ്തു.
മറക്കരുത് എം.പി. ജോസഫിനെ...
കെ.എം.മാണിസാറിന്റെ മരുമകൻ എം.പി.ജോസഫ് ഐ.എ.എസ്. യു.ഡി.എഫിനായി കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഇളക്കി മറിച്ച മണ്ണിലാണ് ഇത്തവണ സന്ദീപ് വാര്യർ എന്ന മുൻ ബി.ജെ.പിക്കാരൻ വിജയിച്ചത്. പ്രചാരണത്തിന് കഷ്ടിച്ച് മൂന്നാഴ്ചകൾ ബാക്കിനിൽക്കെ, ആ നാട്ടുകാർക്ക് പരിചിതമല്ലാത്ത ട്രാക്ടർ ചിഹ്നവുമായിട്ടായിരുന്നു കഴിഞ്ഞതവണ മുൻ എറണാകുളം ജില്ലാ കളക്ടർ കൂടിയായ എം.പി.ജോസഫ് എന്ന വടക്കൻ പറവൂർ സ്വദേശി മൽസരിക്കാൻ തൃക്കരിപ്പൂരിൽ പോയത്. പക്ഷെ സി.പി.എം.ന്റെ പാർട്ടി ഗ്രാമങ്ങളിൽ ഒന്നിൽവച്ച് എം.പി. ജോസഫിനുനേരെ വധശ്രമമുണ്ടായി.
ജോസഫ് ഗ്രൂപ്പുകാരനായിരുന്ന ഈ സ്ഥാനാർത്ഥിക്കു നേരെയുണ്ടായ വധശ്രമക്കേസ് ഇപ്പോഴും വിചാരണ ഘട്ടത്തിലാണെന്നത് ഒരു ജനാധിപത്യ സംവിധാനത്തിലെ ദുരുഹതയാർന്ന നടപടിക്രമം തന്നെയല്ലേ?
ഇപ്പോൾ മാണിഗ്രൂപ്പിന്റെ എല്ലാ സ്ഥാനാർത്ഥികളും പരാജയപ്പെട്ടു കഴിഞ്ഞു. ചില നേതാക്കളുടെ കുത്തിത്തിരിപ്പിനു വഴങ്ങി പാലായിൽ വീണ്ടും 'ജോസ് കെ. മാണി വധം' അരങ്ങേറിയത്, ഇലക്ഷനടുക്കുമ്പോൾ മാത്രം ഓടിച്ചെന്ന് ജനസേവനം നടത്തുന്ന ശൈലിക്ക് ജനം നൽകിയ ചുട്ട മറുപടിയായി. എം.പി.ജോസഫാകട്ടെ, തൃക്കരിപ്പൂരിൽ സമർത്ഥരായ നിരവധി വിദ്യാർത്ഥികൾക്ക് സ്വന്തം കൈയിൽ നിന്ന് പണം ചെലവാക്കി പഠിപ്പിക്കുന്നുണ്ട് ഇപ്പോഴും. തൃക്കരിപ്പൂരിനുവേണ്ടി ഈ പഴയ ഐ.എ.എസുകാരൻ എഴുതി തയ്യാറാക്കിയ ഹെറിറ്റേജ് ടൂറിസം പദ്ധതികൾ സന്ദീപ് വാര്യർ മുൻകൈയെടുത്ത് നടപ്പാക്കുമായിരിക്കാം.
ഉപതെരഞ്ഞെടുപ്പുകളുണ്ടായാൽ...
യു.ഡി.എഫിലും എൽ.ഡി.എഫിലും നിന്ന് ഓരോ എം.എൽ.ഏ.മാർ രാജിവയ്‌ക്കേണ്ടിവരുമോയെന്ന വാർത്ത മാധ്യമങ്ങളിൽ പരക്കുന്നുണ്ട്. കെ.സി.വേണുഗോപാൽ മുഖ്യമന്ത്രിയായാൽ അദ്ദേഹത്തിനുവേണ്ടി ഒരു കോൺഗ്രസ് എം.എൽ.ഏ. രാജിവച്ച് ഉപതെരഞ്ഞെടുപ്പ് നടത്തേണ്ടിവരാം. ആകെ ശോഷിച്ച് പോയ സി.പി.എം.നെയും ഇടതുമുന്നണിയെയും നയിക്കാനായി പ്രതിപക്ഷ സ്ഥാനത്തു തുടരാൻ പിണറായി വിജയൻ തയ്യാറായെന്നുവരില്ല.
നിയമസഭയിൽ ഹാജരായി യു.ഡി.എഫുകാരുടെ 'കിഴുക്ക്' മേടിക്കാനായി തലനീട്ടിക്കൊടുക്കാൻ പഴയ 'മിന്നൽപ്പിണറായി' സഭയിൽ എത്തുമോ? സംശയമാണ്. അങ്ങനെ വന്നാൽ ധർമ്മടത്തും ഒരു ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നേക്കാം. ഒരു കാര്യം പ്രത്യേകം യു.ഡി.എഫു.കാർ ഓർമ്മിക്കണേ. കട്ടവന്മാരെ കൊണ്ട് കണക്ക് പറയിക്കണം. പാർട്ടി പ്രീണനത്തിനായി പൊതുജനത്തിനു നേരെ മെക്കിട്ട് കയറിയവരും വെറുതെയങ്ങ് പൊടിയും തട്ടിപ്പോകാൻ അനുവദിക്കരുത്.
ഭരണം കിട്ടികഴിയുമ്പോൾ ചില 'നനഞ്ഞ കോൺഗ്രസുകാർ' കാണിക്കുന്ന അഡ്ജസ്റ്റ്‌മെന്റ് രാഷ്ട്രീയം ഇനി ജനം സഹിക്കില്ല. ഉപ്പുതിന്നവനെക്കൊണ്ട് പച്ചവെള്ളം കുടിപ്പിക്കുന്നതിനു പകരം കുലുക്കിസർബത്ത് കുടിപ്പിച്ച് വെളുവെളാ ചിരിച്ച് തടിതപ്പാൻ നോക്കിയാൽ ജനം അധികം വൈകാതെ അടുത്ത 'പെടയ്ക്കലി' ന് ഇറങ്ങും. അത് മറക്കേണ്ട.
ആന്റണിചടയംമുറി
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1
