പാകിസ്ഥാന് എക്കാലത്തും അമേരിക്കയുടെ സഹായം ലഭിച്ചിരുന്നു. അഫ്ഗാനിലെ സോവിയറ്റ് അധിനിവേശ കാലത്ത് അവരെ നേരിടാനും പിന്നീട് ഭീകരതക്കെതിരായ യുദ്ധം എന്ന പേരിലുമെല്ലാം യുഎസില്‍ നിന്ന് സഹായം ലഭിച്ചുകൊണ്ടിരുന്ന രാജ്യമാണ് പാക്കിസ്ഥാന്‍. ഒടുവില്‍ ഉസാമ ബിന്‍ ലാദിനെ ഇസ്ലാമാബാദില്‍ നിന്ന് അമേരിക്ക കണ്ടെത്തിയതോടെ പാകിസ്ഥാന്‍ മുഖംമൂടി വീഴുകയായിരുന്നു.
ഡൊണാള്‍ഡ് ട്രംപ് ആദ്യതവണ അധികാരത്തിലെത്തിയ വേളയില്‍ പാകിസ്ഥാന് നല്‍കി വന്നിരുന്ന സാമ്പത്തിക സഹായം നിര്‍ത്തിവയ്ക്കുകയാണ് ചെയ്തത്. എന്നാല്‍ വീണ്ടും അമേരിക്കയെ പാകിസ്ഥാന്‍ വരുതിയിലാക്കിയത് രാജ്യത്തെ ധാതു സമ്പത്ത് കാണിച്ചാണ്. ഇന്ത്യയ്ക്ക് വരെ 50 ശതമാനം ഇറക്കുമതി ചുങ്കം ചുമത്തിയ ഡൊണാള്‍ഡ് ട്രംപ് പാകിസ്ഥാന് ചുമത്തിയത് 19 ശതമാനം മാത്രമാണ്.
അതേസമയം ഇപ്പോള്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ് പാകിസ്ഥാന്‍. കടം കുമിഞ്ഞ് കൂടിയെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഇതില്‍ നിന്ന് രക്ഷ കിട്ടാന്‍ പാകിസ്ഥാന്‍ കണ്ടെത്തിയ വഴി രാജ്യത്തെ ധാതു സമ്പത്ത് ലേലം ചെയ്യുക എന്നതാണ്. കഴിഞ്ഞ ഏപ്രിലില്‍ ഇസ്ലാമാബാദില്‍ നിക്ഷേപ സംഗമം നടത്തി. ലോകത്തെ പല രാജ്യങ്ങളില്‍ നിന്നുള്ള വ്യവസായികള്‍ പങ്കെടുത്തിരുന്നു. അതിന്റെ തുടര്‍ച്ചയാണ് അടുത്തിടെ അമേരിക്കയും പാകിസ്ഥാനും ഒപ്പുവച്ച കരാര്‍. മിസൂരിയിലുള്ള യുഎസ്എസ്എം എന്ന കമ്പനിയും പാകിസ്ഥാനിലെ എഫ്ഡബ്ല്യുഒ എന്ന കമ്പനിയും തമ്മില്‍ ഒപ്പുവച്ച 50 കോടി ഡോളറിന്റെ കരാര്‍ പ്രധാനമായും അപൂര്‍വ ധാതുക്കള്‍, ലിഥിയം, ചെമ്പ്, സ്വര്‍ണം എന്നിവയുടെ ഖനനത്തിനായുള്ളതാണ്. ഈ കരാര്‍ രാജ്യത്തിന്റെ സാമ്പത്തിക രംഗത്തിന് ഉണര്‍വേകുമെന്നാണ് പ്രധാനമന്ത്രി ഷഹബാസ് ഷരീഫിന്റെ ഓഫീസ് വ്യക്തമാക്കിയിരുന്നത്.
ഗുണം കിട്ടുമോ എന്ന കാര്യം സംശയം
അപൂര്‍വ ധാതുക്കള്‍ ഏറെയുള്ള രാജ്യമാണ് ചൈന. അടുത്തിടെ ഇവര്‍ കയറ്റുമതി നിരോധിച്ചതോടെയാണ് അമേരിക്ക പാകിസ്ഥാനെ നോട്ടമിട്ടത്. വേഗത്തില്‍ വഴങ്ങാന്‍ പാകിസ്ഥാന് ഇറക്കുമതി ചുങ്കം കുറച്ചുകൊടുക്കുകയും ചെയ്തു. എന്നാല്‍ ഇതിന്റെ ഗുണം അമേരിക്കക്ക് കിട്ടുമോ എന്ന കാര്യം സംശയമാണ്. കാരണം അടുത്തിടെ യുഎസ് ജിയോളജിക്കല്‍ സര്‍വെ അപൂര്‍വ ധാതുക്കളുള്ള രാജ്യങ്ങളുടെ പട്ടിക പുറത്തിറക്കിയിരുന്നു. ഇതിലെ 15 രാജ്യങ്ങളില്‍ പാകിസ്ഥാന്‍ ഇല്ല.
ബലൂചിസ്ഥാന്‍, ഖൈബര്‍ പക്തുന്‍ക്വ, ഗില്‍ജിത് ബാള്‍ട്ടിസ്ഥാന്‍ തുടങ്ങിയ മേഖലയിലാണ് പാകിസ്ഥാനില്‍ അപൂര്‍വ ധാതുക്കളും സ്വര്‍ണവും ചെമ്പും ഉണ്ട് എന്ന് പറയപ്പെടുന്നത്. ഒന്നര കോടി ജനങ്ങള്‍ താമസിക്കുന്ന ബലൂചിസ്ഥാനിലാണ് സ്വര്‍ണവും ചെമ്പും ഏറെയുള്ളത്. എന്നാല്‍ ഇവിടെ സര്‍ക്കാരിനെതിരെ കടുത്ത പ്രതിഷേധം നടക്കുന്നത് തിരിച്ചടിയാണ്. മാത്രമല്ല ഖനനം അത്ര എളുപ്പവും ആകില്ല.
സര്‍ക്കാരിന് സ്വാധീനം കുറവാണ്
ഖൈബര്‍ പക്തുന്‍ക്വയില്‍ അഫ്ഗാനില്‍ നിന്നുള്ള സായുധ സംഘങ്ങള്‍ കുഴപ്പം ഉണ്ടാക്കുന്നു എന്നാണ് പാകിസ്ഥാന്‍ പറയുന്നത്. വലിയ തോതില്‍ ധാതു സമ്പത്തുണ്ട് എന്ന് കരുതുന്ന വസീറിസ്താനില്‍ ആദിവാസി വിഭാഗങ്ങള്‍ക്ക് ശക്തമായ സ്വാധീനമാണ്. ഇവിടെ സര്‍ക്കാരിന് സ്വാധീനം കുറവാണ്. ചെമ്പ് കൂടുതലുള്ള സെയ്ദക് മേഖല ഇറാന്‍ അതിര്‍ത്തിയിലാണ്. ഇവിടെ ചൈനയുടെ എംസിസിയാണ് ഖനനം നടത്തുന്നത്.
സെയ്ദികില്‍ നിന്ന് 150 കിലോമീറ്റര്‍ അകലെയുള്ള റെക്കോ ദിഖ് ഖനിയില്‍ സ്വര്‍ണവും ചെമ്പുമാണ് ഉള്ളത്. കനേഡിയന്‍ കമ്പനിക്കാണ് ഈ ഖനിയുടെ കൂടുതല്‍ ഓഹരി. എത്രയാണ് ഇവിടെയുള്ള ധാതു സമ്പത്ത് എന്ന് കൃത്യമായി കണക്കാന്‍ ഇതുവരെ പാകിസ്ഥാന് സാധിച്ചിട്ടില്ല. ഏകദേശ കണക്കുകള്‍ മാത്രമാണ് പുറത്തുവന്നിട്ടുള്ളത്. പാകിസ്ഥാനില്‍ വലിയ ക്രൂഡ് ഓയില്‍ ശേഖരമുണ്ട് എന്ന റിപ്പോര്‍ട്ടുകള്‍ അടുത്തിടെ വന്നിരുന്നു. ഇതില്‍ ലക്ഷ്യമിട്ട് കൂടിയാണ് ട്രംപ് പാകിസ്ഥാന് നികുതി ഇളവ് പ്രഖ്യാപിച്ചത്.
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1