ഈ പുതുവത്സരക്കുറിപ്പിൽ എന്തെങ്കിലും നല്ല കാര്യം എഴുതിത്തുടങ്ങട്ടെ. വെള്ളിയാമറ്റത്തെ മാത്യുവിനും കുടുംബത്തിനും നഷ്ടമായ 13 പശുക്കൾക്ക് പകരം പണവും പുതിയ പശുക്കളുമെല്ലാം സമ്മാനിക്കാൻ കേരളം മുഴുവൻ കാണിച്ച ഉത്സാഹം ഈ നാട്ടിൽ ഇനിയും നന്മയുടെ നക്ഷത്രവിളക്കുകൾ അണഞ്ഞിട്ടില്ലെന്നതിനുള്ള സൂചനയായി. മാത്യുവും അമ്മയും ഒരു സഹോദരനും സഹോദരിയുമടങ്ങുന്ന കുടുംബം ജീവിതച്ചെലവ് മുഴുവൻ കണ്ടെത്തുന്നത് കാലിവളർത്തലിൽ നിന്നാണ്.
മാത്യുവും സഹോദരിയും പശുക്കളുടെ ദാരുണ മരണം കണ്ട് അവശരായി ആശുപത്രിയിലായി. ചൊവ്വാഴ്ച രാവിലെ, മാധ്യമ വാർത്തകൾ കാണുകയും കേൾക്കുകയും ചെയ്തവരെല്ലാം വെള്ളിയാമറ്റത്തെ ജൂനിയർ ക്ഷീരകർഷകനെ തേടിയെത്തുകയായിരുന്നു. നടൻ ജയറാം 5ലക്ഷം രൂപയുടെ ചെക്ക് നൽകി. മമ്മൂട്ടിയും പൃഥ്വീരാജും ചെറുതല്ലാത്ത തുകകൾ ഓഫർ ചെയ്തു.
മിൽമ 3 പശുക്കളെ നൽകും. ലുലു ഗ്രൂപ്പും മറ്റും മാത്യുവിന്റെ കുടുംബത്തെ സഹായിക്കാമെന്ന് വാക്ക് നൽകി കഴിഞ്ഞിട്ടുണ്ട്. ക്ഷീര വികസന വകുപ്പു മന്ത്രി ജെ. ചിഞ്ചുറാണി വിശദമായ റിപ്പോർട്ട് സർക്കാരിനു നൽകിയിട്ടുണ്ട്.
പാവം സജി മന്ത്രിയെന്തു ചെയ്യാനാ?
സജി അത്ര വലിയ യമണ്ടൻ പേരൊന്നുമായിരുന്നില്ല. ഒരു സാദാ പേര്. ഈ പേരിന് ഒരു മതരഹിത ചുവയുണ്ട്. പക്ഷെ, 'കുമ്പളങ്ങി നൈറ്റ്‌സിൽ' ശ്യാം പുഷ്‌ക്കരന്റെ ഡയലോഗ് 'എന്ത് പ്രഹസനമാണ് സജി' എന്ന ചോദ്യം മനസ്സിലാകാതെ പോയ സൗബിൻ ഷാഹിറിന്റെ കഥാപാത്രത്തോട് മാത്യു തോമസ് എളുപ്പം 'ഷോ' എന്ന ഒറ്റ വാക്കിൽ പ്രഹസനമെന്ന കടുകട്ടി വാക്കിന്റെ 'കെട്ടു കാഴ്ച' അഴിച്ചു കളഞ്ഞു. പിന്നീട് കുഞ്ചാക്കോ ബോബന്റെ ഒരു ചിത്രത്തിന്റെ പേര് 'എന്താടാ സജി?' എന്നായിരുന്നു. എന്തായിരുന്നു ആ സിനിമയുടെ ലക്ഷ്യമെന്നു പോലും കണ്ടെത്താൻ കഴിയാതെ ചിത്രം ബോക്‌സ് ഓഫീസിൽ ചീറ്റിപ്പോകുകയായിരുന്നു.
ആലപ്പുഴയിൽ ജി. സുധാകരനെ 53 ലേറെ സാങ്കല്പിക വെട്ട് വെട്ടി പിണറായി നിലം പരിശാക്കിയപ്പോൾ ഭാഗ്യം തെളിഞ്ഞത് സജി ചെറിയാനാണ്. ഭരണഘടന 'കുന്തവും കുടച്ചക്ര''വുമാണെന്ന നിരുപദ്രവ ഡയലോഗിന്റെ കുരുക്കിൽ വീണ് മന്ത്രി പദം നഷ്ടപ്പെട്ടിട്ടും പിണറായി ഭക്തിയുടെ പേരിൽ സജി ചെറിയാൻ വകുപ്പുകളൊന്നും നഷ്ടപ്പെടാതെ മന്ത്രിസഭയിൽ തിരിച്ചെത്തുകയായിരുന്നു. ഇപ്പോൾ ''കേക്കും മുന്തിരി വാറ്റിയതും രോമാഞ്ച'' വുമെല്ലാം ചേർന്ന പദപ്രയോഗ മാല ബിഷപ്പുമാരുടെ കഴുത്തിലിട്ടത് ഗുലുമാലല്ല, ഗുലുമാലയായി മാറി. ഒന്നാം പിണറായി മന്ത്രിസഭയിൽ എം.എം. മണിയും രണ്ടാം പിണറായി മന്ത്രിസഭയിൽ സജി ചെറിയാനുമാണ് മന്ത്രിസഭകളെ അലങ്കരിച്ച വിദൂഷകരെന്ന് പലരും വിശേഷിപ്പിക്കാറുണ്ടെങ്കിലും, ഇങ്ങനെ രാഷ്ട്രീയ വെളിച്ചപ്പാടായി സ്വന്തം തല തന്നെ വക്കു പൊട്ടിയ വാക്കുകളുടെ മൂർച്ച കൊണ്ട് സജി മുറിവേൽപ്പിക്കുമെന്ന് ആരും വിചാരിച്ചതല്ല.
സജി ചെറിയാന്റെ നാക്കു പിഴയും വാക്കു പിഴയും
കെ.സി.ബി.സി വക്താവ് കൊച്ചിയിൽ വച്ച് പറഞ്ഞ കാര്യം തിങ്കളാഴ്ച ഏഷ്യാനെറ്റിലെ ജോഷി കുര്യൻ ചാനലിൽ വീശുകയായിരുന്നു. ചൊവ്വാഴ്ച കെ.സി.ബി.സി പ്രസിഡന്റ് ക്ലീമീസ് ബാവാ തിരുമേനി തന്നെ ചാനലുകളിൽ പ്രത്യക്ഷപ്പെട്ടു. സജി ചെറിയാൻ പ്രസ്താവന പിൻവലിക്കുന്നില്ലെങ്കിൽ ക്രൈസ്തവ സഭകൾ സർക്കാരുമായി സഹകരിക്കില്ലെന്ന് ബാവാ തിരുമേനി പ്രഖ്യാപിച്ചു. ഇതോടെ പാർട്ടി സെക്രട്ടറി എം.വി. ഗോവിന്ദൻ സജിയുടെ വാക്കുകളെ തള്ളിപ്പറഞ്ഞു. മാത്രമല്ല, ജോസ് കെ. മാണി സജി ചെറിയാൻ പറഞ്ഞത് സർക്കാരിന്റെ അഭിപ്രായമല്ലെന്ന് വ്യക്തമാക്കി.
ഒടുവിൽ തൃപ്പൂണിത്തുറയിലെ നവകേരള സദസ്സിൽ പ്രത്യക്ഷപ്പെടുന്നതിനു മുമ്പ് എറണാകുളം പ്രസ് ക്ലബ്ബിൽ കയറി സജി ചെറിയാൻ പത്ര സമ്മേളനം നടത്തി. ''കേക്കും വൈനു'' മെന്ന പദപ്രയോഗം പിൻവലിച്ചതായി മന്ത്രി അറിയിച്ചു. എന്നാൽ മണിപ്പൂരിനെ സംബന്ധിച്ച് സഭകളുടെ അതൃപ്തി ബിഷപ്പുമാർ മോദിയെ ധരിപ്പിക്കേണ്ടിയിരുന്നതായി സജി വിശദീകരിക്കുകയും ചെയ്തു. മന്ത്രി ജി. സുധാകരന്റെ പ്രദേശത്തെ ഏരിയാ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്യാൻ പാർട്ടി നിയോഗിച്ചത് സജി ചെറിയാനെയാണ്. സജിയുടെ കൈവശമുള്ള സിനിമാ വകുപ്പ് വേണമെന്ന് കേരളാ കോൺഗ്രസ് ബി കത്തു കൊടുത്തിട്ടും പിണറായി അനങ്ങാത്ത കാര്യവും ഇവിടെ ഓർമ്മിക്കണം.
പുതിയ മന്ത്രിമാർ പങ്കെടുത്ത നവകേരള സദസ്സിൽ സിനിമാ നടനായിട്ടും മന്ത്രി ഗണേഷിനും സീനിയർ സിറ്റിസൻ ഗായകനായിട്ടും മന്ത്രി കടന്നപ്പള്ളിക്കും പ്രസംഗിക്കാൻ മുഖ്യമന്ത്രി അനുമതി നൽകിയില്ല. മന്ത്രിയായി എവിടെയെങ്കിലും ഇരുന്നോ, വലിയ ഷോയൊന്നും വേണ്ടെന്ന മട്ടിലാണ് മുഖ്യന്റെ ഇരിപ്പ്. എന്തായാലും സജി ചെറിയാന്റെ വക ഷോ അല്ലെങ്കിൽ പ്രഹസനം ഇനിയുമുണ്ടാകാനാണ് സാധ്യത.
കുറ്റപത്രങ്ങളും കേസുകളും കേരളാ പൊലീസും
സുരേഷ് ഗോപിക്കെതിരെ മാത്രമല്ല, ഏതൊരു എതിർ രാഷ്ട്രീയകാർക്കുമെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി കുറ്റപത്രം സമർപ്പിക്കാൻ കേരളാ പൊലീസ് കാണിക്കുന്ന ജാഗ്രത അഭിനന്ദിക്കപ്പെടേണ്ടതാണ്. പല കേസുകളിലും കുറ്റപത്രം വല്ലാതെ വൈകുമ്പോൾ പൊലീസ് മനപ്പൂർവം വരുത്തുന്ന നിയമപരമായ കാലതാമസം മുതലാക്കി സി.പി.എം.കാരായ പ്രതികൾ രക്ഷപ്പെടുകയാണ്. തിങ്കളാഴ്ച രാത്രി എറണാകുളം പാലാരിവട്ടം പൊലീസ് സ്റ്റേഷനിൽ നടന്ന നാടകീയ സംഭവങ്ങൾ കേരളാ പൊലീസിനെ ഭരണകക്ഷി ചട്ടുകമാക്കുന്നുവെന്ന ആരോപണത്തിനു മൂർച്ച കൂട്ടുകയാണ്. ഗവർണറെ കരിങ്കൊടി കാണിച്ച എസ്.എഫ്.ഐ.ക്കാരെ പൊലീസ് 'ഉമ്മം വച്ച് വിട്ടപ്പോൾ' മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച ഏഴ് കെ.എസ്.യുക്കാരോട് പാലാരിവട്ടം പൊലീസ് 'നിയമം മറന്ന്' പെരുമാറിയെന്നാണ് പരാതി.
ആദ്യം യൂത്തന്മാർക്ക് ജാമ്യം നൽകാമെന്നായിരുന്നു സ്റ്റേഷൻ എസ്.എച്ച്.ഒ. പറഞ്ഞതത്രെ. ജാമ്യത്തിനായുള്ള കച്ചീട്ടിന്റെ അഞ്ച് കോപ്പികൾ കോർപ്പറേഷൻ കൗൺസിലർ ഒപ്പിട്ട് നൽകുകയും ചെയ്തു. ഇതിനിടെ പാർട്ടിയിലെ മേലാപ്പീസർമാരുടെ വിളിയെത്തി. ജാമ്യം കൊടുക്കരുതെന്നായിരുന്നു നിർദ്ദേശം. യൂത്തന്മാരെ പൊലീസ് സ്റ്റേഷനിൽ രാത്രി പാർപ്പിച്ചാൽ സംഗതി കുഴയുമെന്ന് കോൺഗ്രസ് നേതാക്കൾക്ക് തോന്നിയതോടെ ആലുവ, തൃക്കാക്കര, എറണാകുളം എം.എൽ.എ.എമാരും എറണാകുളം എം.പിയും ചേർന്ന് സ്റ്റേഷനിൽ കുത്തിയിരുന്നു.
പാലാരിവട്ടം ജംഗ്ഷനിലൂടെയുള്ള ഗതാഗതവും മുടങ്ങി. ഏതായാലും കലാപത്തിന് ആഹ്വാനം ചെയ്തുവെന്ന കുറ്റം ചുമത്തി എറണാകുളം ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, എം.പി. ഹൈബി ഈഡൻ തുടങ്ങിയവർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. ഗവർണറെന്ന ഭരണഘടനാത്തലവനെ വഴിയിൽ തടയുകയും കരിങ്കൊടി കാണിക്കുകയും ചെയ്യുന്ന എസ്.എഫ്.ഐ.ക്കാർക്ക് കുപ്പിപ്പാലും, മുഖ്യനു നേരെ കരിങ്കൊടി കാണിക്കുന്ന യൂത്തന്മാർക്കെതിരെ ജാമ്യമില്ലാക്കേസുമെന്ന തരം തിരിവ് ഏതായാലും ജനങ്ങൾക്ക് മനസ്സിലായി കഴിഞ്ഞിട്ടുണ്ട്.
നേരിന്റെ പേരിലും തർക്കം പൊടിപൂരം
മോഹൻലാലിന്റെ 'നേര്' എന്ന ചിത്രത്തിനു കാണികളുണ്ട്. സിദ്ദിഖിന്റെ അപ്രതീക്ഷിത വില്ലൻ വേഷമാണ് ചിത്രത്തിലെ ഹൈലൈറ്റ്. ഇതിനിടെ ജീത്തു ജോസഫിനോടൊപ്പം സഹകരിച്ച ഒരു വനിതാ അഡ്വക്കേറ്റും മറ്റൊരു വനിതാ അഡ്വക്കേറ്റും തമ്മിലുള്ള തർക്കം സോഷ്യൽ മീഡിയയിൽ കത്തിക്കയറുന്നുണ്ട്. പുതിയ കോവിഡ് വകഭേദം കേരളത്തിൽ കുറയുകയാണെന്നാണ് പുതിയ റിപ്പോർട്ടുകൾ. യുവജനോത്സവം കൊല്ലത്ത് നടക്കാൻ പോകുന്നു. മണ്ഡല വിളക്ക് ജനുവരി 17 നാണ്.
മോഹൻലാലിന്റെ ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം ജനുവരി 25നെത്തും. വേനൽ കടുക്കുമ്പോൾ പുഴകളിലെ മണൽ വാരാമോ എന്ന കാര്യം സർക്കാർ ആലോചിച്ചു തുടങ്ങിയിട്ടുണ്ട്. പാർട്ടിക്കാർക്ക് മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫിൻ ഓരോ രണ്ടുവർഷവും ഒരു ദിവസവും കഴിയുമ്പോൾ നിയമനം നൽകി ഖജനാവ് കാലിയാക്കാനുള്ള ശ്രമവും നടന്നുവരുന്നു. ആനുകൂല്യങ്ങളും ക്ഷേമ മധുരവുമെല്ലാം പാർട്ടിക്കാർക്ക് നൽകിയാൽ മതിയെന്ന ചിന്ത ആപത്ക്കരമാണെന്ന് മുൻ മന്ത്രി ജി.സുധാകരൻ പറഞ്ഞിട്ടും പിണറായി അതൊന്നും കേട്ടമട്ടില്ല. കാരണം നവകേരളത്തിന്റെ നവരസങ്ങൾ, ഓരോ തൊപ്പിയായി ദിവസവും 'ക്യാപ്ടൻ' എടുത്തണിയുകയല്ലേ ?
ആന്റണി ചടയംമുറി
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1