ലോകത്ത് സംഘര്‍ഷങ്ങളെയും അതിക്രമങ്ങളെയും തുടര്‍ന്ന് സ്വന്തം കിടപ്പാടം നഷ്ടപ്പെട്ട് പലായനം ചെയ്യുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവാണ് രേഖപ്പെടുത്തുന്നത്. ഐക്യരാഷ്ട്രസഭയുടെ അഭയാര്‍ഥി ഏജന്‍സിയായ യുഎന്‍എച്ച്‌സിആര്‍ പുറത്തുവിട്ട ഏറ്റവും പുതിയ റിപ്പോര്‍ട്ട് പ്രകാരം ലോകത്താകമാനം 11.78 കോടി ആളുകള്‍ക്കാണ് സ്വന്തം വീട് ഉപേക്ഷിക്കേണ്ടി വന്നത്.
കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ ആദ്യമായി 2025 ല്‍ അഭയാര്‍ഥികളുടെ എണ്ണത്തില്‍ മൂന്ന് ശതമാനത്തിന്റെ കുറവ് രേഖപ്പെടുത്തുകയും 1.47 കോടിയിലധികം ആളുകള്‍ സ്വന്തം വീടുകളിലേക്ക് മടങ്ങുകയും ചെയ്തിരുന്നു. എന്നാല്‍ വിവിധ രാജ്യങ്ങളിലുണ്ടായ പുതിയ സംഘര്‍ഷങ്ങള്‍ ഈ ആശ്വാസത്തിന് വിരാമമിടുകയും പ്രതിസന്ധി വീണ്ടും സങ്കീര്‍ണമാക്കുകയും ചെയ്തു.
2026 ല്‍ അമേരിക്ക, ഇസ്രയേല്‍, ഇറാന്‍ എന്നി രാജ്യങ്ങള്‍ക്കിടയില്‍ ആരംഭിച്ച പുതിയ സംഘര്‍ഷങ്ങളാണ് അടുത്തകാലത്തുണ്ടായ ഏറ്റവും വലിയ പലായനത്തിന് കാരണമായത്. സുരക്ഷിതമായ ഇടങ്ങള്‍ തേടി ഇസ്രയേലില്‍ നിന്ന് 10 ലക്ഷം പേരും ഇറാനില്‍ നിന്ന് 32 ലക്ഷം പേരുമാണ് വീട് ഉപേക്ഷിച്ചത്. യുദ്ധം രൂക്ഷമായതോടെ ലെബനനിലും സമാനമായ സാഹചര്യമുണ്ടായി. ലോകത്തെ ആകെ അഭയാര്‍ഥികളില്‍ 72 ശതമാനവും വെനസ്വേല, പാലസ്തീന്‍, ഉക്രെയ്ന്‍, സിറിയ, അഫ്ഗാനിസ്ഥാന്‍, സുഡാന്‍, സൗത്ത് സുഡാന്‍ എന്നീ ഏഴ് രാജ്യങ്ങളില്‍ നിന്നുള്ളവരാണ് എന്നത് പ്രതിസന്ധിയുടെ ആഴം വ്യക്തമാക്കുന്നു.
പലായനം ചെയ്യുന്നവരില്‍ 65 മുതല്‍ 73 ശതമാനം വരെ ആളുകളും അയല്‍രാജ്യങ്ങളിലാണ് അഭയം തേടുന്നത്. സ്വന്തം രാജ്യത്തെ സാഹചര്യം മെച്ചപ്പെടുമ്പോള്‍ മടങ്ങാമെന്ന പ്രതീക്ഷയിലാണ് ഇവര്‍ കഴിയുന്നത്. ഇതിനാല്‍ ഏഷ്യ, ആഫ്രിക്ക, മിഡില്‍ ഈസ്റ്റ് രാജ്യങ്ങളാണ് ഭവനരഹിതരായ ആളുകള്‍ക്ക് കൂടുതലായി അഭയം നല്‍കിയത്. സാമ്പത്തികമായി മുന്നിട്ടുനില്‍ക്കുന്ന അമേരിക്കയും യൂറോപ്യന്‍ രാജ്യങ്ങളും ഇക്കാര്യത്തില്‍ പിന്നിലാണെങ്കിലും നിലവില്‍ ഏറ്റവും കൂടുതല്‍ അഭയാര്‍ഥികള്‍ കഴിയുന്നത് യൂറോപ്പിലാണ്. 1.32 കോടി ആളുകളാണ് ഇവിടെയുള്ളത്.
അതേസമയം അമേരിക്ക ഉള്‍പ്പെടെയുള്ള വികസിത രാജ്യങ്ങളില്‍ അഭയം തേടുന്നവരുടെ എണ്ണത്തില്‍ വലിയ കുറവുണ്ടായി. 2024 ല്‍ 1.88 ലക്ഷം പേര്‍ അമേരിക്കയില്‍ മാത്രം അഭയം തേടിയ സ്ഥാനത്ത്, 2025-ല്‍ കാനഡ, ഓസ്‌ട്രേലിയ, അമേരിക്ക, ഫ്രാന്‍സ് എന്നീ രാജ്യങ്ങളിലായി 81,000 പേര്‍ മാത്രമാണ് എത്തിയത്. ഇതില്‍ കാനഡയില്‍ 38,800, ഓസ്‌ട്രേലിയയില്‍ 18,000, അമേരിക്കയില്‍ 11,500, ഫ്രാന്‍സില്‍ 3,100 എന്നിങ്ങനെയാണ് കണക്കുകള്‍.
ലോകത്തെ മൂന്നിലൊന്ന് അഭയാര്‍ഥികളും കൊളംബിയ (28 ലക്ഷം), ജര്‍മനി (27 ലക്ഷം), തുര്‍ക്കി (24 ലക്ഷം), ഉഗാണ്ട (19 ലക്ഷം), ഇറാന്‍ (17 ലക്ഷം), ചാഡ് (15 ലക്ഷം), പാകിസ്ഥാന്‍ (13 ലക്ഷം) എന്നീ ഏഴ് രാജ്യങ്ങളിലായാണ് കഴിയുന്നത്. പോളണ്ട്, ബംഗ്ലാദേശ്, എത്യോപ്യ എന്നിവിടങ്ങളിലും വലിയ തോതില്‍ അഭയാര്‍ഥികളുണ്ട്. എന്നാല്‍ മൗറീഷ്യസ്, ബാര്‍ബഡോസ്, മംഗോളിയ, കംബോഡിയ, ഫിജി, വിയറ്റ്‌നാം തുടങ്ങിയ രാജ്യങ്ങളില്‍ അഭയാര്‍ഥികളുടെ എണ്ണം വളരെ കുറവാണ്. യുദ്ധ മേഖലകളില്‍ നിന്നുള്ള അകലവും തൊഴിലില്ലായ്മയും അടിസ്ഥാന സൗകര്യങ്ങളുടെ അഭാവവുമാണ് ഇതിന് കാരണം.
ലോക ജനസംഖ്യയുടെ 1.4 ശതമാനം വരുന്ന ആളുകള്‍ക്കാണ് സ്വന്തം വീട് നഷ്ടപ്പെട്ടത്. ഇതില്‍ 6.86 കോടി ആളുകള്‍ സ്വന്തം രാജ്യത്ത് തന്നെ ഭവനരഹിതരായവരാണ്. ഏകദേശം 90 ലക്ഷം പേര്‍ മറ്റ് രാജ്യങ്ങളില്‍ അഭയത്തിനായി അപേക്ഷ നല്‍കി കാത്തിരിക്കുകയാണ്. അഭയം ലഭിച്ചെങ്കിലും 72 ലക്ഷം ആളുകള്‍ക്ക് ഇപ്പോഴും അന്താരാഷ്ട്ര സുരക്ഷ ആവശ്യമാണെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 60 ലക്ഷം പാലസ്തീന്‍ അഭയാര്‍ഥികളുടെ സംരക്ഷണ ചുമതല യുഎന്‍ആര്‍ഡബ്ലിയുഎ ആണ് വഹിക്കുന്നത്. കൂടാതെ 2025 അവസാനത്തോടെ ലോകത്തുള്ള 4.16 കോടി അഭയാര്‍ഥികളില്‍ 39 ശതമാനവും കുട്ടികളാണ് എന്നത് ഈ പ്രതിസന്ധിയുടെ ഏറ്റവും ദയനീയമായ മുഖമാണ്.
ഇന്ത്യയിലും ഭവനരഹിതരുടെയും അഭയാര്‍ഥികളുടെയും എണ്ണം വര്‍ധിക്കുകയാണ്. നിലവില്‍ രണ്ട് ലക്ഷത്തിലധികം വിദേശ അഭയാര്‍ഥികള്‍ ഇന്ത്യയിലുണ്ട്. മ്യാന്‍മര്‍, ശ്രീലങ്ക, അഫ്ഗാനിസ്ഥാന്‍, സൊമാലിയ, എത്യോപ്യ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ളവരാണ് ഇവര്‍. 2021 ലെ കണക്കുകള്‍ പ്രകാരം ഇന്ത്യയിലെ അഭയാര്‍ഥികളില്‍ 47.3% ശ്രീലങ്കയില്‍ നിന്നും, 37.4% ചൈനയില്‍ നിന്നും, 10.4% മ്യാന്‍മറില്‍ നിന്നുമുള്ളവരാണ്. എന്നാല്‍, 2015 മുതല്‍ 2020 വരെയുള്ള കാലയളവില്‍ ലഭിച്ച അഭയാര്‍ഥി അപേക്ഷകളില്‍ 16 ശതമാനം മാത്രമാണ് സര്‍ക്കാര്‍ അംഗീകരിച്ചത്. ഇതില്‍ 98 ശതമാനവും മ്യാന്‍മര്‍ പൗരന്മാരുടേതായിരുന്നു.
ആഭ്യന്തരമായി വികസന പദ്ധതികള്‍, വന്യജീവി സംരക്ഷണം, കൈയേറ്റം ഒഴിപ്പിക്കല്‍ എന്നിവയുടെ ഭാഗമായി ഇന്ത്യയില്‍ വലിയ തോതില്‍ ആളുകള്‍ക്ക് കിടപ്പാടം നഷ്ടപ്പെടുന്നുണ്ട്. 2020 മാര്‍ച്ച് മുതല്‍ 2021 ജൂലൈ വരെയുള്ള കാലയളവില്‍ രാജ്യത്ത് 43,600 വീടുകള്‍ പൊളിച്ചുമാറ്റിയതിലൂടെ 2.57 ലക്ഷം പേര്‍ക്ക് കിടപ്പാടം നഷ്ടപ്പെട്ടു. 2022-23 കാലയളവിലെ കണക്കുകള്‍ പ്രകാരം 1.6 കോടി ആളുകളാണ് ഇന്ത്യയില്‍ ഭവനരഹിതരാകാന്‍ സാധ്യതയുള്ളവരുടെ പട്ടികയിലുള്ളത്. സാമ്പത്തിക ബുദ്ധിമുട്ടുകള്‍, തൊഴിലില്ലായ്മ, കുടുംബപ്രശ്‌നങ്ങള്‍ എന്നിവയും ഇതിന് കാരണമാകുന്നുണ്ട്.
കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളായി ലോകത്തെ അഭയാര്‍ഥികളുടെ എണ്ണത്തിലുണ്ടായ വര്‍ധനവ് ഞെട്ടിക്കുന്നതാണ്. 1951 ല്‍ 21 ലക്ഷം മാത്രമായിരുന്ന അഭയാര്‍ഥികളുടെ എണ്ണം 1980 ല്‍ ഒരു കോടിയായും 2021 ല്‍ മൂന്ന് കോടിയായും വര്‍ധിച്ചു. മ്യാന്‍മറിലെ അതിക്രമങ്ങളെ തുടര്‍ന്ന് 12 ലക്ഷം പേരാണ് ബംഗ്ലാദേശിലേക്ക് പലായനം ചെയ്തത്. സുരക്ഷയും അടിസ്ഥാന സൗകര്യങ്ങളും ഉറപ്പാക്കാതെ പലരും വീണ്ടും സംഘര്‍ഷ മേഖലകളിലേക്ക് തന്നെ മടങ്ങുന്നത് വലിയ അപകട സാധ്യത സൃഷ്ടിക്കുന്നുണ്ടെന്ന് യുഎന്‍എച്ച്‌സിആര്‍ മുന്നറിയിപ്പ് നല്‍കുന്നു.
അഭയാര്‍ഥി പ്രതിസന്ധിക്ക് പുറമേ, ലോകത്ത് പൊതുവായ പാര്‍പ്പിട പ്രതിസന്ധിയും രൂക്ഷമാണ്. ഐക്യരാഷ്ട്രസഭയുടെ മറ്റൊരു റിപ്പോര്‍ട്ട് പ്രകാരം നിലവില്‍ ലോകത്ത് 280 കോടി ആളുകള്‍ക്ക് അനുയോജ്യമായ പാര്‍പ്പിടമില്ലെന്നും ഇതില്‍ 110 കോടി പേര്‍ ചേരികളിലാണ് കഴിയുന്നതെന്നും വ്യക്തമാക്കുന്നു.
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1
