വരാനിരിക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ നിലവിലെ പ്രസിഡന്റ് ജോ ബൈഡന് പകരം ഡെമോക്രാറ്റിക് പാര്‍ട്ടി പുതിയ സ്ഥാനാര്‍ത്ഥിയെ കൊണ്ട് വരുമെന്ന പ്രവചനവുമായി യുഎസ് സെനറ്റര്‍ രംഗത്ത്. ജോ ബൈഡന് പകരം മുന്‍ പ്രഥമ പൗരയും ബരാക് ഒബാമയുടെ ഭാര്യയുമായ മിഷേല്‍ ഒബാമയെ മത്സരത്തിന് ഇറക്കുമെന്നാണ് യുഎസ് സെനറ്റര്‍ ടെഡ് ക്രൂസ് പ്രവചിക്കുന്നത്.
തിരഞ്ഞെടുപ്പിന് മൂന്ന് മാസം മുമ്പ് ഓഗസ്റ്റില്‍ നടക്കുന്ന ഡെമോക്രാറ്റിക് നാഷണല്‍ കണ്‍വെന്‍ഷനില്‍ ബൈഡനെ മാറ്റുമെന്നാണ് ക്രൂസ് അവകാശപ്പെടുന്നത്. ആദ്യ സംവാദത്തില്‍ മോശം പ്രകടനം കാഴ്ച വച്ച ജോ ബൈഡനെതിരെ വിവിധ കോണുകളില്‍ നിന്ന് കടുത്ത വിമര്‍ശനവും പരിഹാസവും ഒക്കെ ഉയരുന്നതിന് പിന്നാലെയാണ് ഈ പ്രവചനം.
പ്രൈമറിയില്‍ വിജയിച്ച സ്ഥാനാര്‍ഥിയെ മാറ്റുക യുഎസിലെ രീതിയല്ല. എന്നാല്‍, ബൈഡന്‍ ഡെമൊക്രറ്റിക് പാര്‍ട്ടിയുടെ ഔദ്യോഗിക സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കപ്പെട്ടിട്ടില്ലെന്നതിനാല്‍ പുനരാലോചനയ്ക്ക് സാധ്യതയുണ്ടെന്നാണ് മാധ്യമങ്ങളുടെ നിഗമനം. ഓഗസ്റ്റ് 19 മുതല്‍ 22 വരെ ഷിക്കാഗോയില്‍ നടക്കുന്ന ഡെമൊക്രറ്റിക് നാഷണല്‍ കണ്‍വെന്‍ഷനിലാണ് ഔദ്യോഗിക സ്ഥാനാര്‍ഥിത്വം പ്രഖ്യാപിക്കുക. അതില്‍ ബൈഡനെ മാറ്റിയാല്‍ അതു യുഎസില്‍ പുതിയ ചരിത്രമായിരിക്കും. ഒരുപക്ഷേ സ്വയം മാറിനില്‍ക്കാന്‍ ബൈഡനെ പ്രേരിപ്പിക്കാനും സാധ്യത തള്ളാനാവില്ല.
രാഷ്ട്രീയ നിരീക്ഷകരും മാധ്യമങ്ങളും ഉള്‍പ്പെടെ ബൈഡനെതിരെ കടുത്ത വിമര്‍ശനമാണ് ചൊരിയുന്നത്. ഇതിനിടെയാണ് ബൈഡന്‍ മാറുമെന്ന തരത്തിലുള്ള അഭ്യൂഹങ്ങളും ശക്തമാവുന്നത്. സംവാദത്തില്‍ ബൈഡന്റെ ശാരീരികമായി പരിമിതികള്‍ ഉള്‍പ്പെടെ വ്യക്തമായിരുന്നു. പലപ്പോഴും ട്രംപിന്റെ വാക്ചാതുര്യത്തിന് മുന്നില്‍ ബൈഡന്‍ ഉത്തരം മറക്കുന്നതും, മറുപടികളില്‍ കൃത്യത ഇല്ലായ്മയും ഒക്കെ പ്രകടമായിരുന്നു.
ഇതോടെ ഡെമോക്രാറ്റുകള്‍ കടുത്ത ആശങ്കയിലാണ്. ഇതോടെയാണ് യുഎസിലെ സെനറ്റര്‍ കൂടിയായ ക്രൂസ് തന്റെ പോഡ്കാസ്റ്റിലൂടെ ബൈഡന്‍ സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്ന് മാറുമെന്ന പ്രവചനം നടത്തുന്നത്. 'ഡെമോക്രാറ്റിക് പാര്‍ട്ടി ജോ ബൈഡനെ മത്സരത്തില്‍ നിന്ന് നീക്കം ചെയ്യുകയും പകരം മിഷേല്‍ ഒബാമയെ നിയമിക്കുകയും ചെയ്യാനുള്ള സാധ്യത 80 ശതമാനത്തോളമാണ്, കാരണം ബൈഡന്‍ വളരെ മോശമായാണ് പ്രകടനം കാഴ്ചവച്ചത്, ഇതോടെ രാജ്യത്തുടനീളമുള്ള ഡെമോക്രാറ്റുകള്‍ പരിഭ്രാന്തിയിലാണ്' അദ്ദേഹം പറഞ്ഞു.
ബൈഡന്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥിയായിരിക്കില്ല എന്നാണ് മുന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥി നിക്കി ഹാലിയും അഭിപ്രായപ്പെട്ടത്. റിപ്പബ്ലിക്കന്മാരോട് തയ്യാറായി ഇരുന്ന് കൊള്ളാനും അവര്‍ ട്വിറ്ററില്‍ പങ്കുവച്ച പോസ്റ്റില്‍ പറയുന്നു. സ്വന്തം പാര്‍ട്ടിയിലെ അംഗങ്ങളില്‍ നിന്നും കടുത്ത വിമര്‍ശനമാണ് ബൈഡന്‍ നേരിടുന്നത്.
ട്രംപിനൊപ്പം വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് വരാന്‍ സാധ്യതയുള്ള നേതാക്കളില്‍ ഒരാളായ വിവേക് രാമസ്വാമിയും ബൈഡനെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചു. ഡെമോക്രാറ്റിക് പാര്‍ട്ടി ബൈഡനെ ബലിയാടാക്കുകയാണെന്നും അവര്‍ ഉടന്‍ തന്നെ മറ്റൊരാളെ നാമനിര്‍ദ്ദേശം നടത്തണമെന്നുമാണ് അദ്ദേഹം ആവശ്യപ്പെട്ടത്.
എന്നാല്‍ മിഷേല്‍ ഒബാമയുടെ ഭര്‍ത്താവും മുന്‍ അമേരിക്കന്‍ പ്രസിഡന്റുമായ ബരാക് ഒബാമ ബൈഡനെ പിന്തുണച്ച് രംഗത്തു വന്നു. സംവാദത്തില്‍ മോശം ദിവസങ്ങളും ഉണ്ടാകാമെന്നായിരുന്നു ബരാക് ഒബാമയുടെ അഭിപ്രായം. കൂടാതെ ബൈഡന്‍ സാധാരണക്കാര്‍ക്ക് വേണ്ടി നിലകൊണ്ട ആളാണെന്നും ഒബാമ ചൂണ്ടിക്കാട്ടി.
അതേസമയം, രാജ്യത്ത് സന്നദ്ധ പ്രവര്‍ത്തന മേഖലയിലും സാമൂഹിക മേഖലയിലും നിറ സാന്നിധ്യമാണ് മിഷേല്‍ ഒബാമ. കൂടാതെ ഒരു ജനകീയ പരിവേഷവും അവര്‍ക്കുണ്ട്. പ്രഥമ വനിതയായി സേവനമനുഷ്ഠിക്കുന്ന ആദ്യത്തെ ആഫ്രിക്കന്‍-അമേരിക്കന്‍ വനിതയായിരുന്നു അവര്‍. അതില്‍ നിന്നും പ്രസിഡന്റ് സ്ഥാനത്തേക്ക് അവര്‍ എത്തുമോ എന്നാണ് ഇനി കണ്ടറിയേണ്ടത്.
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1