ഉമ്മൻ ചാണ്ടി - മലയാളിയുടെ മനസ്സിൽ കുടിയേറിയ ഈ നാമം ചരിത്രത്തിൽ സമാനതകളില്ലാത്ത ഒരു ഭരണാധികാരിയുടേത് മാത്രമല്ല, ഒരു നാടിന്റെ മുഴുവൻ മനുഷ്യരുടെയും വിവിധങ്ങളായ പ്രശ്‌നങ്ങൾക്ക് സാധ്യമായ പരിഹാരങ്ങളുടെ അവസാന വാക്ക് കൂടിയായിരുന്നു ആ പേര്.
മുഖ്യമന്ത്രിസ്ഥാനം ഒഴിഞ്ഞശേഷം സെക്രട്ടേറിയറ്റിന്റെ ഒന്നാം ഗേറ്റിനു മുന്നിലൂടെ ഒറ്റയ്ക്ക് നടന്നുപോകുന്ന ഉമ്മൻചാണ്ടിയുടെ ചിത്രം പത്രങ്ങളിൽ വന്നത് ചിലരെങ്കിലും ഓർക്കുന്നുണ്ടാകും.
തൊട്ടടുത്ത്, ഏതാണ്ട് മൂന്ന് അടി അകലെ, ചെറുപ്പക്കാരനായ ഒരു പോലീസുകാരൻ നിൽക്കുന്നു; ഒരു കാൽ എന്തിന്റെയോ മുകളിൽ കയറ്റിവെച്ച്. അല്പകാലം മുൻപുവരെ മുഖ്യമന്ത്രിയായിരുന്ന ആൾ നടന്നുവരുന്നത് കണ്ടിട്ടും ആ പോലീസുകാരന് ഒരു ഭാവഭേദവുമുണ്ടായില്ല. കണ്ടഭാവം നടിക്കാതെ ഉമ്മൻചാണ്ടിയും നടന്നുപോയി.
ഉമ്മൻചാണ്ടിയുടെ യഥാർത്ഥ ചിത്രമാണത്. തന്നെപ്പറ്റി മറ്റുള്ളവർ എന്ത് കരുതുന്നുവെന്നോ തന്നെ എങ്ങനെ കാണുന്നുവെന്നോ ചിന്തിക്കാതെ സ്വന്തം കർമങ്ങളിൽ മുഴുകുന്ന ഒരാൾ. ചെയ്ത കാര്യങ്ങൾക്കും ചെയ്തുകൊടുത്ത ഉപകാരങ്ങൾക്കും അദ്ദേഹം കണക്കുവെക്കുന്നില്ല. എന്നാൽ എന്തിനും ആശ്രയമായി ഒരു കൈ അകലെ ഉമ്മൻ ചാണ്ടി ഉണ്ടെന്ന് ധൈര്യമായി വിചാരിക്കുന്ന, അല്ലെങ്കിൽ അങ്ങിനെ വിശ്വസിക്കുന്ന മലയാളികൾ ഒട്ടേറെയാണ്.
കോൺഗ്രസ് പ്രസ്ഥാനത്തിനും സ്വപക്ഷത്തിനുമായി നീക്കിവെച്ചതാണ് ഉമ്മൻചാണ്ടിയുടെ അൻപതു വർഷത്തിലേറെ നീളുന്ന രാഷ്ട്രീയജീവിതം എന്ന് മുൻവിധിയില്ലാതെ പഠിച്ചാൽ മനസ്സിലാകും. പാർട്ടിക്കും പുതുപ്പള്ളിക്കും താഴെയാണ് ജഗതിയിലെ പുതുപ്പള്ളി ഹൗസിനുപോലും സ്ഥാനം. തെറ്റ് ചെയ്തിട്ടില്ലെങ്കിൽ ആരെയും ഒന്നിനെയും ഭയപ്പെടേണ്ട എന്നതാണ് അദ്ദേഹത്തിന്റെ ജിവിത മന്ത്രം തന്നെ.
ജനങ്ങൾക്കിടയിൽ അവരിൽ ഒരാളായി അലിഞ്ഞുചേരാനും അവരുടെ ജീവിതപ്രശ്‌നങ്ങൾക്കു പരിഹാരം കണ്ടെത്താനും ഒരേസമയം സാധിക്കുന്ന ഒരൊറ്റ നേതാവിനെയേ കേരളം കണ്ടിട്ടുള്ളൂ. അത് ഉമ്മൻ ചാണ്ടിയാണ്. എൺപതാം വയസ്സിലേക്കു കാലൂന്നുമ്പോൾ, ആ ജനക്കൂട്ടത്തെ മുൻപത്തെപ്പോലെ ചേർത്തുനിർത്താൻ കഴിയുന്നില്ലല്ലോ എന്നതാവും ജന്മദിന മധുരത്തിനിടയിലെ ഉമ്മൻ ചാണ്ടിയുടെ വേദന. താൻ ആരോഗ്യം വീണ്ടെടുക്കാനും സുഖപ്പെടാനും അവർ എത്രമാത്രം ആഗ്രഹിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്നുവെന്നും ഉമ്മൻ ചാണ്ടിക്കറിയാം. ആ സ്‌നേഹത്തെക്കുറിച്ചുള്ള വിചാരം, ക്ഷീണം കലർന്ന മുഖത്ത് ആ പതിവുചിരി പാതിയായെങ്കിലും വിരിയിക്കും.
സങ്കടവും സന്താപവും കോപവും താപവും കയറ്റവും ഇറക്കവും ഇടർച്ചയും തുടർച്ചയും എല്ലാം നിറയുന്ന ശരാശരി മലയാളിയുടെ ജീവിതവുമായി ഇത്രമാത്രം നേർരേഖാബന്ധം പുലർത്തിയ നേതാവ് ഉണ്ടാവില്ല. ആ ഇഴയടുപ്പത്തിനു ജാതിയുടെയോ മതത്തിന്റെയോ രാഷ്ട്രീയത്തിന്റെയോ വേർതിരിവില്ല. 2015ലാണ് ഉമ്മൻ ചാണ്ടിക്ക് ചില അസുഖങ്ങളുണ്ടെന്നുള്ള വാർത്ത ആദ്യമായി കേൾക്കുന്നത്. 2022 നവംബർ ആറിനായിരുന്നു വിദഗ്ധ ചികിത്സയ്ക്കായി ഉമ്മൻ ചാണ്ടി ജർമനിയിലേക്ക് തിരിച്ചത്. 2022 ഒക്ടോബർ 29ന് ഉമ്മൻ ചാണ്ടിക്ക് ചില ശാരീരിക ബുദ്ധിമുട്ടുകളെ തുടർന്ന് എറണാകുളം രാജഗിരി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
യൂറോപ്പിലെ ഏറ്റവും വലിയ മെഡിക്കൽ സർവകലാശാലകളിൽ ഒന്നായ ബർലിനിലെ ചാരിറ്റി ആശുപത്രിയിലായിരുന്നു ചികിത്സ. 312 വർഷത്തെ പ്രവർത്തന പാരമ്പര്യമുള്ളതാണ് ചാരിറ്റി ആശുപത്രി. 11 നോബൽ സമ്മാന ജേതാക്കൾ അവിടെ ഗവേഷകരായി പ്രവർത്തിക്കുന്നുണ്ട് അക്കാലത്ത്. ലേസർ ശസ്ത്രക്രിയയ്ക്കാണ് ഉമ്മൻ ചാണ്ടിയെ വിധേയനാക്കിയത്. മക്കളായ മറിയാമ്മയ്ക്കും ചാണ്ടി ഉമ്മനും ഒപ്പം ബെന്നി ബഹനാനും ജർമൻ ഭാഷ അറിയാവുന്ന കോൺഗ്രസ് പ്രവർത്തകൻ ജിൻസൺ എന്നിവരും ഉണ്ടായിരുന്നു.
ഡോക്ടർമാരുടെ സംഘം നവംമ്പർ ഒമ്പതിന് പരിശോധന ആരംഭിച്ചു. പിറ്റേദിവസം തന്നെ ഉമ്മൻ ചാണ്ടിയെ ലേസർ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. ലേസർ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയായതായി മകൻ ചാണ്ടി ഉമ്മൻ അപ്പോൾ തന്നെ അറിയിച്ചിരുന്നു. ഒരാഴ്ചത്തെ വിശ്രമം കൂടി പൂർത്തിയാക്കിയ ശേഷമാണ് ഉമ്മൻ ചാണ്ടി നാട്ടിലേക്ക് തിരിച്ചത്. പാർട്ടിയുടെ മുതിർന്ന നേതാവായ ഉമ്മൻ ചാണ്ടിയുടെ ചികിത്സാ ചെലവ് കോൺഗ്രസ് പാർട്ടി തന്നെയാണ് വഹിച്ചത്. ഒക്ടോബർ മാസം 31 -ാം തിയതിയായിരുന്നു ഉമ്മൻ ചാണ്ടിയുടെ 79 -ാം പിറന്നാൾ. മുഖ്യമന്ത്രി പിണറായി വിജയനടക്കം നേരിട്ടെത്തി ഉമ്മൻ ചാണ്ടിക്ക് ആശംസ അറിയിച്ചിരുന്നു.
നേരത്തെ ഉമ്മൻ ചാണ്ടിയുടെ ആരോഗ്യ സ്ഥിതിയെ സംബന്ധിച്ച് സമൂഹ മാധ്യമങ്ങളിലടക്കം വ്യാജ പ്രചാരണങ്ങളുണ്ടായിരുന്നു. ഉമ്മൻചാണ്ടിക്ക് ചികിത്സ നിഷേധിക്കുകയാണെന്ന തരത്തിലുള്ള പ്രചരണങ്ങൾക്കെതിരെ കുടുംബം രംഗത്തെത്തിയിരുന്നു. തെറ്റായ പ്രചരണമാണ് നടക്കുന്നതെന്നും പിന്നിൽ രാഷ്ട്രീയ ലക്ഷ്യങ്ങൾ ഉണ്ടെന്നും ഉമ്മൻ ചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മൻ പ്രതികരിക്കുകയും ചെയ്തിരുന്നു. 'ഇതുപോലെ വിഷമം ഉണ്ടായ ഒരു അവസ്ഥയില്ല. ചികിത്സ നിഷേധിച്ചത് കൊണ്ട് എന്താണ് ഞങ്ങൾക്ക് നേടാനുള്ളത്. ഞങ്ങളുടെ പിതാവിന് ഏറ്റവും മികച്ച ചികിത്സ ലഭ്യമാക്കുകയെന്നതാണ് ആഗ്രഹം.
ചിലർ രാഷ്ട്രീയ ലക്ഷ്യം വെച്ചായിരിക്കാം നീചമായ പ്രചരണമാണ് അഴിച്ചുവിടുന്നത്. കോൺഗ്രസ് നേതൃത്വത്തോട് തന്നെ വേണമെങ്കിൽ ചോദിച്ചോളൂ, നല്ല ചികിത്സ അദ്ദേഹത്തിന് ലഭ്യമാക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്. അദ്ദേഹത്തിന്റെ ആരോഗ്യ അവസ്ഥയ്ക്കിടെ ആളുകൾക്കിടയിൽ തെറ്റിധാരണ പരത്താനും ശ്രമിക്കുകയാണ്. ഇത് ഞങ്ങളെ ബുദ്ധിമുട്ടിക്കുന്നുണ്ട്'. ദയവ് ചെയ്ത് ഇത്തരം പ്രചരണങ്ങളിൽ നിന്ന് പിൻമാറണമെന്നും തെറ്റായ വാർത്ത പ്രചരിപ്പിക്കുന്നവർ മനുഷ്യത്വപരമായ സമീപനം സ്വീകരിക്കണമെന്നുമാണ് തങ്ങളുടെ അഭ്യർത്ഥനയെന്നും ചാണ്ടി ഉമ്മൻ പ്രതികരിച്ചു. രാജീവ് ഗാന്ധിയുടെ ജോഡോ യാത്രയിൽ തുടരുമ്പോഴാണ് അപ്പയ്ക്ക് അസുഖമായതെന്നും അവസാനിപ്പിച്ച് വീട്ടിലേക്ക് പോകാൻ നിർദ്ദേശിക്കുകയായിരുന്നുവെന്നും ചാണ്ടി ഉമ്മൻ അറിയിച്ചിരുന്നു.
മികച്ച ചികിത്സ എവിടെ ലഭ്യമാകും എന്ന് അദ്ദേഹം തന്നോട് ചോദിച്ചിരുന്നെന്നും അതിനു മറുപടിയായി ജർമ്മനിയിലാണ് നിലവിൽ ഏറ്റവും നല്ല അലോപ്പതി ചികിത്സ ഉള്ളതെന്നും രാഹുലിനെ അറിയിക്കുകയും ചെയ്തിരുന്നു. മികച്ച അലോപതി ചികിത്സ ജർമ്മിനിയിൽ ലഭ്യമാണ്. അത് അപ്പയ്ക്ക് ഉറപ്പാക്കും', ചാണ്ടി ഉമ്മൻ പറയുകയും ചെയ്തു. രാജഗിരിയിൽ നടത്തിയ പരിശോധനകളുടെ ഫലം തൃപ്തിയുള്ളതാണ്. സമീപ കാല തെരഞ്ഞെടുപ്പുകളിൽ അപ്പ സജീവമായിരുന്നു.
അപ്പോഴുണ്ടായിരുന്ന അതേ ആരോഗ്യാവസ്ഥയാണ് ഇപ്പോഴുമുള്ളതെന്നും ചാണ്ടി ഉമ്മൻ വ്യക്തമാക്കി. നേത്തേ 2019ൽ ഉമ്മൻചാണ്ടി അമേരിക്കയിൽ ചികിത്സ തേടിയിരുന്നു. തൊണ്ടയിൽ ചെറിയ വളർച്ച ഉണ്ടെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലായിരുന്നു ചികിത്സയെന്നായിരുന്നു ഉമ്മൻചാണ്ടി വ്യക്തമാക്കിയത്. 2015ൽ ശബ്ദത്തിലെ മാറ്റത്തിനെ തുടർന്ന് പരിശോധിച്ചപ്പോഴാണ് തൊണ്ടയിൽ വളർച്ച കണ്ടെത്തിയതെന്നും അതിന്റെ ലക്ഷണങ്ങൾ വീണ്ടും വന്നപ്പോഴായിരുന്നു വീണ്ടും ചികിത്സ തേടിയതെന്നും അദ്ദേഹം പറഞ്ഞിരുന്നു.
(തുടരും)
ജോഷി ജോർജ്
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1