നാടിന്റെ ഭരണനേതൃത്വത്തിലേക്ക് തികച്ചും പ്രൊഫഷണലുകളെ കൊണ്ടുവരുമ്പോൾ ഭരണത്തിന്റെ കാര്യക്ഷമത വർദ്ധിക്കുന്നു. അവിടെ ചരിത്രപരമോ സാംസ്‌കാരികമോ പ്രത്യയശാസ്ത്രങ്ങളോ ജാതി മത സമവാക്യങ്ങളോ അല്ല, മറിച്ച് വിവരങ്ങളുടെ അടിസ്ഥാനത്തിലുള്ള നയരൂപീകരണവും നിർവഹണവും ആണ് വേണ്ടത്. അങ്ങിനെ വരുമ്പോൾ ഇക്കണ്ട കാലമത്രയും കണ്ടു ശീലിച്ച പലതും കാണാൻ കഴിഞ്ഞന്നു വരില്ല.
നമ്മുടെ ജനാധിപത്യ ഭരണരീതിയിൽ പലപ്പോഴും സംഭവിക്കുന്നത് പ്രൊഫഷണലിസത്തിന്റെ അഭാവമാണ്. അവിടെ പലപ്പോഴും ജാതി മതി വർണ്ണ വർഗ സമവാക്യങ്ങൾ തലപൊക്കും. എന്നാൽ വിവരങ്ങളുടെ അടിസ്ഥാനത്തിലുള്ള നയരൂപീകരണവും നിർവഹണവും ആകണം സർക്കാർ സ്വീകരിക്കേണ്ടത്. അതിനുള്ള ഏറ്റവും മികച്ച രീതികൾ അവതരിപ്പിച്ചുകൊണ്ട് 1961ൽ ഒരു പഠനം നടത്തിയതിന്റെ റിപ്പോർട്ട് പുറത്തുവന്നിരുന്നു. പിന്നാലെ അതോരു പുസ്തകവുമായി.
ജുർഗെൻ ഹേബർമാസാണ് ആപഠനം നടത്തിയ വ്യക്തി. പൊതുമണ്ഡലത്തിന്റെ ഘടനാപരിണാമം: ബൂർഷ്വാസമൂഹത്തിലെ ഒരു സങ്കൽപ്പത്തെക്കുറിച്ചുള്ള അന്വേഷണമായിരുന്നു അത്. പിന്നെയത് തോമസ് ബെർഗെർ, ഫ്രെഡറിക് ലോറൻസ് എന്നിവർ ചേർന്ന് 1981ൽ ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തി. ആധുനിക സമൂഹത്തേയും ജനാധിപത്യത്തേയും കുറിച്ചുള്ള ശ്രദ്ധേയമായ ഒരു പഠനമാണ് ഇത്.
പൊതുമണ്ഡലത്തിന്റെയും ആലോചനാ രാഷ്ട്രീയത്തിന്റെയും ഒരു പുതിയ ഘടനാപരമായ പരിവർത്തനം ജർഗൻ ഹേബർമാസിന്റെ 'ദി സ്ട്രക്ചറൽ ട്രാൻസ്‌ഫോർമേഷൻ ഓഫ് ദി പബ്ലിക് സ്ഫിയർ' എന്ന പുസ്തകം ഇരുപതാം നൂറ്റാണ്ടിലെ സാമൂഹിക ചിന്തയിലെ ഏറ്റവും പ്രധാനപ്പെട്ട കൃതികളിൽ ഒന്നായി വളരെക്കാലമായി അംഗീകരിക്കപ്പെട്ടിട്ടുണ്ട്.
തത്ത്വചിന്തയും സാമൂഹിക ചരിത്രവും സംയോജിപ്പിച്ചുകൊണ്ട്, പൗരന്മാർക്ക് പൊതുവായ ആശങ്കയുള്ള കാര്യങ്ങൾ ചർച്ച ചെയ്യാനും പൊതുജനാഭിപ്രായ രൂപീകരണത്തിലൂടെ ജനാധിപത്യ തീരുമാനരൂപീകരണത്തിൽ പങ്കെടുക്കാനും കഴിയുന്ന ഒരു മേഖലയായി മാറണമെന്നാണ് അതിൽ പറയുന്നത്. ഈ പുതിയ പുസ്തകത്തിൽ ഹേബർമാസ് ഡിജിറ്റൽ മാധ്യമങ്ങളിൽ, പ്രത്യേകിച്ച് സോഷ്യൽ മീഡിയയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു, അവ പരമ്പരാഗത മാധ്യമങ്ങളെ പശ്ചാത്തലത്തിലേക്ക് കൂടുതൽ കൂടുതൽ തരംതാഴ്ത്തുന്നു.
ഉപയോക്താക്കളെ ശാക്തീകരിക്കുമെന്ന് നവമാധ്യമങ്ങൾ തുടക്കത്തിൽ വാഗ്ദാനം ചെയ്തിരുന്നെങ്കിലും, അൽഗോരിതം നിയന്ത്രിത പ്ലാറ്റ്‌ഫോം ഘടന ഈ വാഗ്ദാനത്തെ ദുർബലപ്പെടുത്തുകയാണ് ചെയ്തുകൊണ്ടിരിക്കുന്ന്. ഉപയോക്താക്കൾ പരസ്പരം അകന്നു നിൽക്കുന്ന നിരവധി കപട പൊതുജനങ്ങളായി വിഭജിക്കുന്ന വ്യവഹാരാത്മക 'എക്കോ ചേമ്പറുകൾ' എന്നിവ ഇത് പ്രോത്സാഹിപ്പിക്കുന്നു.
ഡിജിറ്റൽ മീഡിയയുടെ ഉചിതമായ നിയന്ത്രണമില്ലാതെ, ഈ പുതിയ ഘടനാപരമായ പരിവർത്തനം ജനാധിപത്യങ്ങൾക്ക് സാമൂഹികവും സാമ്പത്തികവുമായ പ്രക്രിയകളെ രൂപപ്പെടുത്താനും വർദ്ധിച്ചുവരുന്ന സാമൂഹിക അസമത്വം മുതൽ കാലാവസ്ഥാ പ്രതിസന്ധി വരെയുള്ള അടിയന്തിര കൂട്ടായ പ്രശ്‌നങ്ങൾ പരിഹരിക്കാനും കഴിയുന്ന സ്ഥാപനങ്ങളെ ശൂന്യമാക്കുമെന്ന് ഹേബർമാസ് വാദിക്കുന്നു.
ഇപ്പോൾ ഇതൊക്കെ എഴുതാൻ കാരണം തമിഴ്‌നാട്ടിൽ ജോസഫ് വിജയ് കാണിച്ച ധീരമായ ചില നിലപാടുകൾ കണ്ടതുകൊണ്ടാണ്. സാങ്കേതിക വിദഗ്ധരെയും ഉദ്യോഗസ്ഥ മേധാവികളെയും മാനേജ്‌മെന്റ് നിപുണരെയും ഉൾക്കൊള്ളിച്ചാണ് ജോസഫ് വിജയ് ടി.വി.കെയുടെ പുതിയ മന്ത്രിസഭ ഉണ്ടാക്കിയത്. എന്നാൽ പരമ്പരാഗത ദ്രാവിഡ പാർട്ടികളുടെ വൈകാരികവും പ്രത്യയശാസ്ത്രപരവുമായ കാര്യമായ ഒരു മാറ്റവും കൊണ്ടുവന്നുമില്ല. പക്ഷേ, സ്ഥിരമായി കാണുന്ന അധികാര ശൈലികളിൽ നിന്ന് മാറി വിഷയവിദഗ്ധർക്ക് മുൻതൂക്കമുള്ള പ്രൊഫഷണൽ അധികാരമാതൃകയിലേക്കുള്ള മാറ്റം.
അതാണ് ജോസഫ് വിജയ് മുന്നോട്ടുവയ്ക്കുന്നത്. തികച്ചും പ്രൊഫഷണലുകളെ ഭരണനേതൃത്വത്തിലേക്ക് ഉയർത്തുമ്പോൾ ഭരണത്തിന്റെ കാര്യക്ഷമത ആണ് വർദ്ധിക്കുന്നത്. അവിടെ ചരിത്രപരമോ സാംസ്‌കാരികമോ ആയ ആഭിമുഖ്യങ്ങളോ പ്രത്യയശാസ്ത്രങ്ങളോ ജാതി മത സമവാക്യങ്ങളോ അല്ല, മറിച്ച് വിവരങ്ങളുടെ അടിസ്ഥാനത്തിലുള്ള നയരൂപീകരണവും നിർവഹണവും ആണ് വേണ്ടത്. അങ്ങിനെ വരുമ്പോൾ ഇക്കണ്ട കാലമത്രയും കണ്ടു ശീലിച്ച പലതും കാണാൻ കഴിഞ്ഞന്നു വരില്ല.
സോഷ്യൽ എൻജിനീയറിങ് എന്ന തത്വത്തിന്റെ ഒരു തമിഴ്പതിപ്പായിരിക്കും കാണാനാകുക. പ്രത്യയശാസ്ത്രപരമായ ശുദ്ധി പരിശോധിച്ച് സമൂഹത്തെ ആകെ മാറ്റിമറിക്കാൻ ശ്രമിക്കുന്ന ശൈലിയിൽ നിന്ന് വ്യത്യസ്തമായി സംസ്ഥാനത്തിന്റെ ഭരണസംവിധാനത്തെ ഉള്ളിൽ നിന്ന് തന്നെ വ്യവസ്ഥാപിതമായി പുനഃനിർമ്മിക്കാനാണ് ജോസഫ് വിജയിയുടെ ടെക്‌നോക്രാറ്റിക് സമീപനം ലക്ഷ്യമിടുന്നത്.
പ്രൊഫഷണൽ വിദഗ്ധരെ ഭരണ നേതൃത്വത്തിൽ കൊണ്ടുവരുന്നത് തമിഴ്‌നാടിന്റെ രാഷ്ട്രീയ സംസ്‌കാരത്തെ ഒരു പരിധിവരെ മാറ്റാൻ ഇടയാക്കാം! വോട്ടിന് പണം, രാഷ്ട്രീയ പ്രീണനം എന്ന സ്ഥിരം ശൈലി ജനാധിപത്യം കാംക്ഷിക്കുന്ന ഒരു നാടിനും ഒരിക്കലും ഭൂഷണമല്ല.
അർഹതയ്ക്കും ഭരണ മികവിനും പ്രാധാന്യം നൽകുന്ന ഒരു സംവിധാനം. ഐഡന്റിറ്റി പൊളിറ്റിക്‌സിനെക്കാൾ ഭരണപരമായ മികവിന് വില കല്പിക്കാൻ വോട്ടർമാരെ പ്രേരിപ്പിക്കുന്ന ബോധപൂർവമായ ഒരു ശ്രമം. അതാണ് ജോസഫ് വിജയിയുടെ മന്ത്രിസഭയിൽ കാണുന്ന നവീനമായ മാറ്റും!
ഇങ്ങനെയാകുമ്പോൾ ഉണ്ടാകാവുന്ന ഒരു പ്രധാന പരാതി. ഇത്തരം പ്രൊഫഷനുകൾക്ക് സാധാരണക്കാരന്റെ വേദനയും പ്രയാസവും അറിയാനാകുമോ എന്നതാണ്. അവയ്‌ക്കെല്ലാം രാഷ്ട്രീയമായ നിലപാടുകൾ പറയാനും ഇവർക്കാകുമോ..? ചുരുക്കിപ്പറഞ്ഞാൽ രാഷ്ട്രീയബുദ്ധിക്കു പകരമാകുമോ പ്രൊഫഷനുകളുടെ സാങ്കേതികവിജ്ഞാനം? ഇതാണ് പ്രധാന ചോദ്യം..!
ജനാധിപത്യ പൊതുമണ്ഡലത്തെക്കുറിച്ച് ഏറ്റവും കൂടുതൽ പഠനം നടത്തിയ സൈദ്ധാന്തികരിൽ ഒരാളാണ് ജർമ്മൻ തത്വചിന്തകനായ യൂർഗൻ ഹാബർമാസ്. യുക്തിപരമായ സംവാദങ്ങളിലൂടെ ഭരണകൂടത്തെ ഉത്തരവാദിത്വമുള്ളവരാക്കി മാറ്റാൻ വിമർശനാത്മകമായ ഒരു പൊതുസമൂഹം ഉണ്ടാകണം. അത് സ്വതന്ത്രവും മനുഷത്വപരമായ കാഴ്ചപ്പാടുള്ളതും സംഘർഷഭരിതവും ആയിരിക്കുമ്പോഴാണ് ജനാധിപത്യം ഏറ്റവും മികച്ച രീതിയിൽ പ്രവർത്തിക്കുന്നതത്രെ..!
പ്രൊഫഷണലുകളെ ഭരണനേതൃനിരയിൽ എത്തിക്കുമ്പോൾ ഭരണത്തിന്റെ കാര്യക്ഷമതയ്ക്ക് ആണ് മുൻതൂക്കം.
പുതിയ രാഷ്ട്രീയ ആവശ്യങ്ങൾ, ജനകീയ വികാരങ്ങൾ, ആശയ രൂപീകരണങ്ങൾ എന്നിവയെ തിരിച്ചറിയാനുള്ള പൊതുമണ്ഡലത്തിന്റെ കഴിവിനെ പരിമിതപ്പെടുത്തുന്നതിലേക്ക്, അത്തരം അറിവുകളെ വെറും സ്ഥിതിവിവരകണക്കുകളായി മാത്രം നേരിടാൻ ശ്രമിക്കുന്നതിലേക്ക് മാനേജ്‌മെന്റ് ടെക്‌നോക്രാറ്റ് അധികാര ശൈലികൾ നാടിനെ നയിച്ചേക്കാം. അത് ധാർമ്മികവും രാഷ്ട്രീയവുമായ ചോദ്യങ്ങളെ ഉൾക്കൊള്ളാൻ മടിക്കുന്ന ശൈലി രൂപപ്പെടുത്തിയേക്കാം. എന്നാൽ, ജോസഫ് വിജയിയുടെ മന്ത്രിസഭയിലെത്തിയിട്ടുള്ള വിദഗ്ധർ പലരും അടിസ്ഥാന ജനവിഭാഗങ്ങളിൽ നിന്നുയർന്നുവന്നവരാണ് എന്നത് ഈ വെല്ലുവിളിയെ നേരിടാൻ സാധ്യത നൽകുന്നതാണ്.
എന്നാൽ അനേക വർഷം പഴക്കമുള്ള ഭാഷാ, സംസ്‌കാര പശ്ചാത്തലത്തിൽ, ഫലപ്രദമായി ആശയവിനിമയം നടത്താൻ ജോസഫ് വിജയിക്ക് നന്നായി പാടുപെടേണ്ടിവരും. സജീവ രാഷ്ട്രീയത്തിന്റെ ജൈവ പ്രക്രിയയിലേക്ക് പരിവർത്തനം ചെയ്യാൻ ഗൃഹപാഠങ്ങൾ ഒരുപാട് ചെയ്യേണ്ടിവരും. അതിനു മന്ത്രിസഭയിലെ മാനേജ്‌മെന്റ് വിദഗ്ധരുടെയും സ്ട്രാറ്റജിസ്റ്റുകളുടെയും നയകർമ്മ പരിപാടികൾക്ക് സാധിക്കുമോ എന്നാണ് ഇനി അറിയേണ്ടത്.
എമ എൽസ എൽവിൻ
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1
