കേരളം തിരിച്ചറിയുന്നില്ല: സംരംഭകരെ ആകർഷിക്കാൻ വാഗ്വാദമല്ല ആവശ്യം

JANUARY 11, 2024, 11:27 AM

സംരംഭകത്വത്തിനു നിർണ്ണായക പ്രധാന്യമുള്ള കാലമാണിത്. രാജ്യത്തിന്റെ വികസനത്തിനും ജനങ്ങളുടെ പുരോഗതിക്കും പുതു സംരംഭങ്ങൾ അനിവാര്യം. സർക്കാർ തലത്തിലും സ്വകാര്യ മേഖലയിലും പുതിയ സംരംഭങ്ങൾ തുടങ്ങുന്നതിനുള്ള വിവിധ പദ്ധതികൾ ആസൂത്രണം ചെയ്യുകയും നടപ്പിലാക്കുകയും ചെയ്യുന്നുണ്ട്.

സംരംഭകത്വത്തിന് അഭൂതപൂർവമായ ഉത്തേജനം നൽകുന്ന കേന്ദ്ര സർക്കാർ പദ്ധതികളുടെ പരസ്യം ഇക്കഴിഞ്ഞ ദിവസങ്ങളിൽ അച്ചടി മാധ്യമങ്ങളിലുൾപ്പെടെ കണ്ടു. 'നമ്മുടെ ലക്ഷ്യം വികസിത ഭാരതം' എന്ന കുറിപ്പോടുകൂടി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രവും ഉൾപ്പെടുത്തിയുള്ളതാണ് ഈ പരസ്യം. മുദ്ര യോജന പദ്ധതികളിലൂടെ 44 കോടിയിലധികം ഈട് രഹിത വായ്പകളിലായി 26 ലക്ഷം കോടി രൂപ നൽകിയതായി പരസ്യത്തിൽ കേന്ദ്ര സർക്കാർ അവകാശപ്പെടുന്നു.

സംസ്ഥാന സർക്കാരുകൾക്കുമുണ്ട് ഇത്തരം ചില അവകാശവാദങ്ങൾ. അതും പിആർഡി പരസ്യങ്ങളിലൂടെ പ്രചരിപ്പിക്കപ്പെടുന്നുണ്ട്. ഇതിന്റെയെല്ലാം പിന്നിലെ രാഷ്ട്രീയ താത്പര്യങ്ങൾ സ്പഷ്ടം. ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തു വരുന്നതിന്റെ ആഘോഷങ്ങളും കുറവല്ല. പ്രഖ്യാപനങ്ങളുടെ വായ്ത്താരി വർധിക്കും; കുറേ പദ്ധതികളുടെ ഉദ്ഘാടനവും നടക്കും. പൂർത്തിയായ പദ്ധതികൾ കണ്ടെത്താനാകും വിഷമം. അഥവാ ഏതെങ്കിലുമുണ്ടെങ്കിൽ അതേക്കുറിച്ചള്ള അവകാശവാദങ്ങൾ അസഹനീയമാം വിധം മുഴച്ചുനിൽക്കും.

vachakam
vachakam
vachakam

കഴിഞ്ഞ വാരം സംസ്ഥാനത്തെ ദേശീയപാതാ വികസന പദ്ധതികളുടെ ഉദ്ഘാടനാവേളയിൽ അവകാശവാദങ്ങൾ പരിധി വിട്ടു. കേന്ദ്ര,സംസ്ഥാന മന്ത്രിമാർ പങ്കെടുത്ത ചടങ്ങായിരുന്നു അത്. കേന്ദ്ര മന്ത്രിമാരായ നിതിൻ ഗഡ്കരിയും വി. മുരളീധരനുമൊക്കെ ചടങ്ങിൽ പങ്കെടുക്കാൻ വിമാനം കയറിയെങ്കിലും സാങ്കേതിക തകരാറിനെത്തുടർന്ന് വിമാനം തിരിച്ചിറക്കി. അതുകൊണ്ട് ഉദ്ഘാടനം ഓൺലൈനായി. അതു നന്നായി. നേരിട്ടുള്ള വാക്‌പോര് ഒഴിവായി.

ഉദ്ഘാടനം ഓൺലൈനായിരുന്നുവെങ്കിലും വാക്‌പോര് 'ഓഫാ'യില്ല. അവകാശവാദങ്ങളും പരിഹാസവുമൊക്കെ പൊടിപൊടിച്ചു. കേന്ദ്ര ഫണ്ട് ഉപയോഗിച്ചു നടത്തുന്ന പദ്ധതികളുടെ പ്രചാരണം സംസ്ഥാന പൊതുമരാമത്തു മന്ത്രി സമൂഹമാധ്യമങ്ങളിലൂടെ നടത്തുന്നുണ്ടെന്നായിരുന്നു കേന്ദ്ര മന്ത്രി വി. മുരളീധന്റെ ഒളിയമ്പ്. കേന്ദ്ര ഫണ്ട് ആകാശത്തുനിന്നു വരുന്നതല്ലെന്നും സംസ്ഥാനങ്ങളുടെ അവകാശമാണെന്നും സംസ്ഥാന പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് നിയാസ് തിരിച്ചടിച്ചു. അരിക്കൊമ്പൻ ആനയെ മയക്കുവെടിവച്ചു തേക്കടിയലേക്കു കൊണ്ടുപോയ മൂന്നാർ ബോഡിമെട്ട് റോഡിന്റെ കാര്യമൊക്കെ പറഞ്ഞു മന്ത്രി മുരളീധരൻ പരിഹാസം കൊഴുപ്പിച്ചു.

ഏതായാലും ഇതൊക്കെ കുപ്രചാരണമാണെന്നു പറഞ്ഞ മന്ത്രി റിയാസ് ഭാര്യാപിതാവിനെപ്പോലെ തന്നെ കേന്ദ്രമന്ത്രി നിതിൽ ഗഡ്കരിയെ പ്രശംസിക്കാൻ മടിച്ചില്ല. വികസനകാര്യങ്ങളിൽ രാഷ്ട്രീയമില്ലെന്നും കേരളത്തിലെ റോഡുകൾക്കായി കേന്ദ്ര സർക്കാർ ഒന്നര ലക്ഷം കോടി രൂപയാണു ചെലവഴിക്കുന്നതെന്നും ഉദ്ഘാടനപ്രസംഗത്തിൽ ഗഡ്കരി ചൂണ്ടിക്കാട്ടിയിരുന്നു. സംസ്ഥാനത്തു പൂർത്തിയായ മൂന്നു ദേശീയപാതാ പദ്ധതികളുടെ ഉദ്ഘാടനവും ഒമ്പതു പദ്ധതികളുടെ നിർമാണ ഉദ്ഘാടനവുമാണ് നടന്നത്. പുതുതായി നിർമിച്ച ചെറുതോണി പാലത്തിന്റെ ഉദ്ഘാടനവും മന്ത്രി നിതിൽ ഗഡ്കരി നിർവഹിച്ചു.

vachakam
vachakam
vachakam

ദേശീയ പാതാവികസനത്തിന്റെ പേരിൽ അവകാശത്തർക്കം നടക്കുമ്പോഴും നാട്ടിലെ പാലങ്ങളും റോഡുകളും നന്നാക്കുന്ന കാര്യം എല്ലാവരും മറക്കുന്നു. വർഷങ്ങളുടെ പഴക്കമുള്ള പല പദ്ധതികളും പാതിവഴിയിലുണ്ട്. ഓരോ ജില്ലയിലും അത്തരം നിരവധി നിർമിതികൾ കാണാനാവും. കോട്ടയം അയ്മനത്ത് ഇരുപതു വർഷം മുമ്പു പാതി പണിത പാലത്തിന്റെ മുകളിൽ കയറണമെങ്കിൽ ഗോവണി വയ്ക്കണം.അപ്രോച്ച് റോഡ് അഥവാ സമീപനപാത നിർമിക്കാത്തതാണു കാരണം.

കോട്ടയം നഗരത്തിലൂടെ കടന്നുപോകുന്നവരെല്ലാം കാണുന്നതാണ് നഗരസഭാ ഓഫീസിന് തൊട്ടുമുന്നിൽ ശീമാട്ടി റൗണ്ടാനയ്ക്കു ചുറ്റും പാതി പണിത മറ്റൊരു നിർമിതി. ആകാശപ്പാതയെന്നാണു പേര്. പാത ആകാശത്തുതന്നെ നിൽക്കാൻ തുടങ്ങിയിട്ട് എട്ടു വർഷം പിന്നിട്ടു. കോട്ടയത്തു നിന്ന് എംസി റോഡിൽ ചങ്ങനാശേരി റൂട്ടിൽ കഷ്ടിച്ച് ഒരു കലോമീറ്റർ നീങ്ങുമ്പോൾ കോടിമതയിലും കാണാം രണ്ടറ്റവും കൂട്ടിമുട്ടാത്തൊരു പാലം.
വികസനത്തിന് നവസാമ്പത്തിക ആസൂത്രണം വേണമെന്നു ദേശീയ ആസൂത്രണ കമ്മീഷൻ മുൻ ഉപാധ്യക്ഷനും സാമ്പത്തിക വിദഗ്ധനുമായ മൊണ്ടക്‌സിംഗ് അലുവാലിയ കഴിഞ്ഞദിവസം ചൂണ്ടിക്കാട്ടുകയുണ്ടായി.തൃക്കാക്കര ഭാരതമാതാ കോളജിൽ കർദിനാൾ മാർ ജോസഫ് പാറേക്കാട്ടിൽ സ്മാരകപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

'ഇന്ത്യയുടെ വരുംകാല വെല്ലുവിളികൾ' എന്നതായിരുന്നു പ്രഭാഷണ വിഷയം.
ചങ്ങനാശേരി, പാലാ, കാഞ്ഞിരപ്പള്ളി രൂപതകളുടെ ആഭിമുഖ്യത്തിലുള്ള നസ്രാണിമാർഗം കൂട്ടായ്മ കഴിഞ്ഞ ഒക്ടോബറിൽ സംഘടിപ്പിച്ച സംരംഭകത്വ പരിപാടിയായ നെസ്റ്റ് 23 നല്ലൊരു തുടക്കമായിരുന്നു. ഇതിന്റെ തുടർച്ചയായുള്ള വിംഗ്‌സ് 2.0 ന് ദനഹാ തിരുനാൾ ആഘോഷമധ്യേ ചങ്ങനാശേരി ആർച്ച്ബിഷപ് മാർ ജോസഫ് പെരുന്തോട്ടം ചന്തക്കടവ് കുരിശടിയിൽ ദീപം തെളിച്ച് തുടക്കമിട്ടു. രാജ്യത്തിന്റെ വികസന സ്വപ്‌നങ്ങൾക്കു കൂടുതൽ പ്രതീക്ഷ നൽകുന്ന ചുവടുവയ്പാണിത്. പുതിയ തലമുറ ജോലിക്കും പഠനത്തിനുമായി വലിയ തോതിൽ വിദേശത്തേക്കു കുടിയേറുമ്പോൾ നാട്ടിൽ ചെറുതും വലുതുമായ പുതിയ സംരംഭങ്ങൾ തുടങ്ങാൻ വിവിധ തലങ്ങളിൽ ശ്രമം ഉണ്ടാകേണ്ടിയിരിക്കുന്നു. അതിനു സഹായമായ നിലപാട് സർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകണം.

vachakam
vachakam
vachakam

നിക്ഷേപം തമിഴകത്തേക്ക്

അതേസമയം, രണ്ട് ദിവസങ്ങളിൽ തമിഴ്‌നാട് സർക്കാർ സംഘടിപ്പിച്ച നിക്ഷേപ സംഗമത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. ഹിന്ദയോടുള്ള അന്ധമായ വിരോധം മൂലം തമിഴ്‌നാട്ടലേക്ക് ഗുജറാത്തിലേക്കെന്നതു പോലെ സംരംഭകർ എത്തുന്നില്ലെന്ന പരാതി സംസ്ഥാന ബി.ജെ.പി അധ്യക്ഷനായ അണ്ണാമലൈ പങ്കുവയ്ക്കുന്നുണ്ടെങ്കിലും നിക്ഷേപകരെ ആകർഷിക്കുന്ന കാര്യത്തിൽ കേരളത്തേക്കാൾ ബഹുദൂരം മുന്നിലാണു തമിഴ്‌നാടെന്നതിൽ തർക്കമില്ല. രാജ്യത്തിനകത്തെയും പുറത്തെയും വൻകിട കമ്പനികൾ തമിഴ്‌നാട് സർക്കാരിനെ നിക്ഷേപ സന്നദ്ധത അറിയിച്ചു.

ടാറ്റാ കമ്പനി 12,182 കോടിയുടെ നിക്ഷേപമാണ് ഇറക്കുന്നത്. കൃഷ്ണഗിരിയിൽ 40,500 പേർക്ക് തൊഴിൽ ലഭിക്കുന്ന മൊബൈൽ ഫോൺ നിർമാണ കമ്പനി ടാറ്റാ ഇലക്ട്രോണിക്‌സ് തുടങ്ങും. ഇലക്ട്രിക് വസ്തുക്കളും മൊബൈൽ ഫോൺ ഉപകരണങ്ങളും നിർമിക്കുന്ന പെഗാട്രോണും ജെ.എസ്.ഡബ്ല്യുയും 1,000 കോടി രൂപ വീതവും ടി.വി.എസ് 500 കോടിയും നിക്ഷേപിക്കും. അഞ്ച് ലക്ഷം കോടി രൂപ സമാഹരിക്കുകയാണ് ലക്ഷ്യമെന്നും 2030 ആകുമ്പോഴേക്കും തമിഴ്‌നാടിനെ ട്രില്യൻ ഡോളർ സാമ്പത്തിക ശക്തിയാക്കി മാറ്റുമെന്നും മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ പറയുന്നു.

എന്നാൽ നിക്ഷേപത്തിന്റെ കാര്യത്തിൽ കേരളം വളരെ പിന്നിലാണ്. വ്യവസായികളെ ആകർഷിക്കാൻ സർക്കാർ അടവുകൾ പതിനെട്ടും പയറ്റുന്നുണ്ട്. 2022 ജനുവരിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഹൈദരാബാദിൽ തമ്പടിച്ച് തെലങ്കാനയിലെ വ്യവസായ പ്രമുഖരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. രാജ്യത്ത് ലഭ്യമാകുന്നവയിൽ ഏറ്റവും മികച്ച സൗകര്യങ്ങൾ കേരളത്തിൽ നൽകാമെന്നും നിക്ഷേപകർക്ക് മുഖ്യമന്ത്രി ഉറപ്പ് നൽകി. സാക്ഷരരും വിദ്യാസമ്പന്നരുമായ തൊഴിലാളികളെയും മുഖ്യമന്ത്രി വാഗ്ദാനം ചെയ്തു. പക്ഷേ, വ്യവസായികളിൽ നിന്ന് കാര്യമായ പ്രതികരണമുണ്ടായില്ല. 2020 ജനുവരിയിൽ കൊച്ചിയിൽ ആഗോള നിക്ഷേപ സംഗമം നടത്തി. തണുത്ത പ്രതികരണമാണ് ലഭിച്ചത്.

എന്തുകൊണ്ടാണ് നിക്ഷേപകർ കേരളത്തലേക്ക് വരാൻ മടിക്കുന്നതെന്ന ചോദ്യത്തിനു കൃത്യ മറുപടി കണ്ടെത്തുക എളുപ്പമല്ല. കേരളം വ്യവസായ സൗഹൃദമല്ലെന്ന ധാരണയാണ് ഇതിനൊരു കാരണം. കേരളത്തിൽ സമാധാനപരമായ അന്തരീക്ഷത്തിൽ വ്യവസായങ്ങൾ നടത്തിക്കൊണ്ടുപോകാൻ സാധ്യമല്ലെന്ന ധാരണ വ്യാപകമാണ്. ബി.ജെ.പി ഉൾപ്പെടെ സംഘ്പരിവാർ സംഘടനകൾക്കും കേന്ദ്ര സർക്കാരിനും ഇത്തരമൊരു ധാരണ സൃഷ്ടിക്കുന്നതിൽ വലിയ പങ്കുണ്ട് എന്ന ആക്ഷേപം നിലനിൽക്കുന്നു. കഴിഞ്ഞ ജൂലൈയിൽ തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കവെ ബി.ജെ.പി ദേശീയ നേതാവും മുൻ കേന്ദ്ര മന്ത്രിയുമായ പ്രകാശ് ജാവ്‌ദേക്കറും ആവർത്തിച്ചു ഈ ആരോപണം.

'കേരളം വ്യവസായ സൗഹൃദമല്ല. സ്വകാര്യ വ്യവസായ സ്ഥാപനങ്ങൾ കേരളത്തിൽ നിക്ഷേപം നടത്താൻ വിമുഖത കാണിക്കുന്നു. വിദ്യാസമ്പന്നരായ യുവാക്കൾ കേരളം വിട്ടുപോകുകയാണ്. സംസ്ഥാനം മാറിമാറി ഭരിച്ച സർക്കാരുകൾ കാലത്തിനനുസരിച്ച പരിഷ്‌കാരങ്ങൾ നടപ്പാക്കാത്തതാണ് ഇതിനു കാരണ'മെന്നാണ് പ്രകാശ് ജാവ്‌ദേക്കർ കുറ്റപ്പെടുത്തിയത്. കേവല രാഷ്ട്രീയ താത്പര്യമാണ് അദ്ദേഹത്തിന്റെ ആരോപണത്തിനു പിന്നിൽ എന്ന് സി.പി.എം പറയുന്നു. കേരളത്തിൽ ബി.ജെ.പി അധികാരത്തിൽ വന്നെങ്കിലേ വ്യവസായ മേഖലയിലടക്കം മികച്ച പുരോഗതിയുണ്ടാകുകയുള്ളൂ എന്ന ധാരണ സൃഷ്ടിക്കുകയാണത്രേ അദ്ദേഹത്തിന്റെ ലക്ഷ്യം.

അടിസ്ഥാനരഹിതമാണ് ഈ പ്രചാരണമെന്ന് 2022 നവംബറിൽ കോഴിക്കോട്ട് മലബാർ ചേംബർ ഓഫ് കൊമേഴ്‌സ് സംഘടിപ്പിച്ച മുഖാമുഖത്തിൽ ഫെഡറൽ ബാങ്ക് ചെയർമാൻ ചൂണ്ടിക്കാട്ടിയിരുന്നു. രാജ്യത്തെ മറ്റു സംസ്ഥാനങ്ങളിൽ വ്യവസായികൾ അനുഭവിക്കുന്ന പ്രയാസങ്ങൾ മാത്രമേ കേരളത്തിലും നേരിടുന്നുള്ളൂവെന്നും വ്യവസായ സൗഹൃദപരമല്ലെന്നത് കേരളത്തിന്റെ സാധ്യതകളെക്കുറിച്ച് അറിയാതെ നടത്തുന്ന പ്രചാരണമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കഴിഞ്ഞ വർഷത്തെ ഇന്ത്യാ ടുഡേ സൗത്ത് കോൺക്ലേവിൽ അദാനിയുടെ വിഴിഞ്ഞം പോർട്ട് ലിമിറ്റഡ് സി.ഇ.ഒ രാജേഷ് ഷാ നടത്തിയ അഭിപ്രായ പ്രകടനവും കേരളം വ്യവസായ സൗഹൃദപരമല്ലെന്ന പ്രചാരണത്തിന്റെ മുനയൊടിക്കുന്നതായിരുന്നു. 'ഇന്ത്യയിലെ നിരവധി സംസ്ഥാനങ്ങളിൽ പദ്ധതികൾക്ക് നേതൃത്വം നൽകിയിട്ടുണ്ടെങ്കിലും കേരളത്തിലേതു പോലെ ഇത്രയും പിന്തുണ നൽകുന്ന ഒരു സർക്കാരിനെ മറ്റെവിടെയും കണ്ടിട്ടില്ലെ'ന്നാണ് കോൺക്ലേവിൽ അദ്ദേഹം പറഞ്ഞത്.

അതേസമയം, ട്രേഡ് യൂണിയൻ തീവ്രവാദമാണ് വ്യവസായികൾ കേരളത്തിലേക്ക് വരാൻ മടിക്കുന്നതിന്റെ പ്രധാന കാരണമെന്ന ആരോപണം തള്ളിക്കളയാനുമാകില്ല. അടിക്കടി അരങ്ങേറുന്ന ഹർത്താലുകളും പണിമുടക്കുകളും തൊഴിൽ മേഖലയിലെ 'നോക്കുകൂലി' സംഘർഷങ്ങളും സംസ്ഥാനത്ത് നിക്ഷേപമിറക്കുന്നതിൽ നിന്ന് വ്യവാസായികളെ പിന്തിരിപ്പിക്കുന്നു. വ്യവസായികൾക്ക് സംസ്ഥാനത്ത് എല്ലാ സൗകര്യങ്ങളും ചെയ്തു കൊടുക്കാൻ സർക്കാർ സന്നദ്ധമായതു കൊണ്ടായില്ല, തൊഴിലാളികളുടെ സഹകരണവും ആവശ്യമാണ്.

അതിരു കടന്ന അവകാശവാദങ്ങളുന്നയിക്കുകയും അനാവശ്യ സമരങ്ങൾ നടത്തി വ്യവസായികളെ ബുദ്ധിമുട്ടിക്കുകയും ചെയ്യുന്നു കേരളത്തിലെ തൊഴിലാളി സംഘടനകളെന്ന ധാരണ നിലനിൽക്കുന്നുണ്ട്. ഇതിൽ സത്യവുമുണ്ട്. വർധിത തോതിലുള്ള ഹർത്താലുകളും പണിമുടക്കുകളും സംസ്ഥാനത്ത് നിക്ഷേപമിറക്കുന്നതിൽ നിന്ന് വ്യവസായികളെ പിന്തിരിപ്പിക്കുന്നതായി 2022 ഫെബ്രുവരിയിൽ മരാമൺ കൺവെൻഷനിൽ പ്രസംഗിക്കവേ ശശി തരൂർ എംപി ചൂണ്ടിക്കാട്ടിയിരുന്നു.

ന്യായമായ അവകാശങ്ങൾ തൊഴിലാളികൾക്ക് ലഭ്യമാകണമെന്നതിൽ സന്ദേഹമില്ല. ഇതിനായി ജനാധിപത്യപരമായ രീതിയിൽ സമരവുമാകാം. എന്നാൽ സമരങ്ങൾ ട്രേഡ് യൂണിയൻ ഗുണ്ടായിസത്തിലേക്ക് വഴിമാറുന്ന സംഭവങ്ങൾ ആവർത്തിക്കുന്നു. കേരളത്തിന്റെ മോശമായ ട്രേഡ് യൂണിയൻ പ്രതിച്ഛായയാണ് നിക്ഷേപകർ കേരളത്തിലേക്ക് വരാൻ ഭയപ്പെടുന്നതിന്റെ കാരണമെന്ന് കേരള ഹൈക്കോടതി ചൂണ്ടിക്കാട്ടിയത് ശ്രദ്ധേയം. കൊല്ലത്ത് ഒരു ഹോട്ടൽ നിർമാണവുമായി ബന്ധപ്പെട്ട് സിമന്റ് ഇറക്കുന്നതിന് തൊഴിലാളികൾ നോക്കുകൂലി ആവശ്യപ്പെടുകയും കെട്ടിട ഉടമയെ ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവത്തിൽ 2021 ഒക്ടോബറിലായിരുന്നു കോടതിയുടെ ഈ പ്രതികരണം.

സംസ്ഥാനത്തിന്റെ വികസനത്തിലും വളർച്ചയിലും വ്യാവസായിക മുന്നേറ്റം മുഖ്യഘടകമാണ്. സാമ്പത്തിക വികസനത്തിനു പുറമെ ദാരിദ്ര്യവും തൊഴിലില്ലായ്മയും നിർമാർജനം ചെയ്യുന്നതിലും പ്രതിശീർഷ വരുമാനവും ജനങ്ങളുടെ ജീവിത നിലവാരവും ഉയർത്തുന്നതിലും വ്യവസായ വളർച്ച മുഖ്യഘടകമാണ്. തൊഴിലാളി പ്രസ്ഥാനങ്ങൾ ട്രേഡ് യൂണിയൻ തീവ്രവാദം കൈവെടിഞ്ഞ് സംസ്ഥാനത്തിന്റെ വ്യവസായ മേഖലയിൽ നല്ലൊരു പ്രതിച്ഛായ സൃഷ്ടിക്കുന്നതിൽ പരമാവധി സഹകരിക്കേണ്ടതുണ്ട്. അതുണ്ടാകാത്തിടത്തോളം കാലം കേരളത്തിലെ 'ഈസ് ഓഫ് ഡൂയിംഗ് ബിസിനസ് ' വാദ പ്രതിവാദം അർത്ഥരഹിതമാകുകയേ ഉള്ളൂ.

ബാബു കദളിക്കാട്

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam