മോദി-ഷാ ജോഡി ഒരു ദശകമായി തുടർന്നുവരുന്ന സ്വേച്ഛാധിപത്യം ഇനിയും അനുവദിക്കാനാവില്ലെന്ന് ഇന്ത്യയിലെ ജനങ്ങൾ വിശിഷ്യാ പാവപ്പെട്ടവർ തീർത്തു പറഞ്ഞ തിരഞ്ഞെടുപ്പ് ഫലം. ഒരു ഹിന്ദു രാഷ്ട്രം കെട്ടിപ്പടുക്കാനുള്ള മോദിയുടെ ശ്രമങ്ങളോടും വോട്ടർമാർ അതൃപ്തി അറിയിച്ചിരിക്കുന്നു.
ഭാരതീയ ജനത പാർട്ടിക്ക് നിലവിലുണ്ടായിരുന്ന കൊടിയ ഭൂരിപക്ഷം നിലനിർത്താൻ അനുവദിക്കായ്ക വഴി ഇന്ത്യൻ ഭരണഘടനയിൽ രൂഢമൂലമായിക്കിടക്കുന്ന മതേതര മൂല്യങ്ങളെ അട്ടിമറിക്കാനോ പട്ടികജാതി-വർഗങ്ങളുടെ ക്ഷേമം ഉറപ്പുവരുത്താനുള്ള പ്രത്യേക വ്യവസ്ഥകൾ എടുത്തുകളയാനോ ഉള്ള ശ്രമങ്ങൾ ഏതു പാർട്ടി നടത്തിയാലും വെച്ചുപൊറുപ്പിക്കില്ലെന്ന സന്ദേശംകൂടി ജനം നൽകിയിരിക്കുന്നു.
ഹിന്ദുക്കൾ അപകടത്തിലാണെന്നും അവരുടെ താലിമാല ഉൾപ്പെടെ സ്വത്തുക്കൾ പിടിച്ചെടുത്ത് മുസ്ലിംകൾക്ക് നൽകാൻ ഇന്ത്യാ മുന്നണി ശ്രമിക്കവേ അതിൽ നിന്നെല്ലാം ഹിന്ദുക്കളെയും ഹിന്ദുമതത്തെയും സംരക്ഷിക്കാൻ തനിക്കു മാത്രമേ സാധിക്കൂ എന്നും ജനങ്ങളെ ബോധ്യപ്പെടുത്താനാണ് തിരഞ്ഞെടുപ്പ് പ്രചാരണവേളയിലുടനീളം മോദി ശ്രമിച്ചത്.
വോട്ടുകൾ മതാടിസ്ഥാനത്തിൽ ധ്രുവീകരിക്കുക എന്ന ലക്ഷ്യത്തോടെ രാമക്ഷേത്രത്തിലെ പ്രതിഷ്ഠാചടങ്ങിൽ മുഖ്യകാർമികന്റെ വേഷവും കെട്ടിയിരുന്നു പ്രധാനമന്ത്രി. പ്രതിഷ്ഠാചടങ്ങ് ഇത്രമേൽ ആഘോഷമേളത്തിലാക്കിയതിന് പിന്നിലും മോദിക്കും സംഘത്തിനുമുണ്ടായിരുന്നത് തിരഞ്ഞെടുപ്പ് നേട്ടം എന്ന ഒരൊറ്റ ലക്ഷ്യമായിരുന്നു. എന്നിട്ട് സംഭവിച്ചതെന്താണ്? അയോധ്യയിൽപോലും സാധാരണക്കാർ ബി.ജെ.പിയെ തള്ളിക്കളഞ്ഞു.
ക്ഷേത്രം സ്ഥിതി ചെയ്യുന്ന ഫൈസാബാദ് മണ്ഡലത്തിൽ സമാജ്വാദി പാർട്ടി നിർത്തിയ അവ്ദേശ് പ്രസാദ് എന്ന ദലിത് നേതാവ് തിരഞ്ഞെടുക്കപ്പെട്ടു. വാസ്തവത്തിൽ രാമക്ഷേത്ര നിർമാണം അവിടെ വോട്ടായി മാറിയില്ലെന്ന് മാത്രമല്ല, ക്ഷേത്രത്തിലേക്കുള്ള അപ്രോച് റോഡ് വീതി കൂട്ടാനെന്ന പേരിൽ അയോധ്യയിലെ നിരവധി ഹിന്ദു ഭവനങ്ങൾ തകർത്തതും വോട്ടർമാരെ ചൊടിപ്പിച്ചു.
പാവപ്പെട്ട ദളിതരും മറ്റു പിന്നാക്ക ജാതിക്കാരും (ഒ.ബി.സി) മുസ്ലിംകളും കൈകോർത്തതാണ് ഉത്തർപ്രദേശിൽ ബി.ജെ.പിയുടെ തകർച്ചക്ക് വഴിവെച്ചത്. അങ്ങനെ അവികസിത ഉത്തർപ്രദേശിലെ ജനത രണ്ടാംവട്ടവും ഇന്ത്യയെ ഒരു കൊടും ദുരന്തത്തിൽ നിന്ന് രക്ഷിച്ചു. താൻ ജീവശാസ്ത്രപരമായി ജനിച്ചതല്ലെന്നും ദൈവികമായ ഒരു ദൗത്യം നിറവേറ്റാൻ പരമാത്മാവാൽ നിയോഗിക്കപ്പെട്ടയാളാണെന്നും മറ്റും അവകാശപ്പെട്ട പ്രധാനമന്ത്രിയുടെ വ്യാജ വാദങ്ങളെ അവർ വകവെച്ചേയില്ലെന്ന് ചുരുക്കം.
ഇന്ദിര ഗാന്ധിയുടെ സ്വേച്ഛാധിപത്യത്തിനെതിരെയും അവർ ഇങ്ങനെ ഒരുമിച്ചു നിന്നിരുന്നു. അടിയന്തരാവസ്ഥക്ക് ശേഷം 1977ൽ നടന്ന തിരഞ്ഞെടുപ്പിൽ ഇന്ദിര ഗാന്ധി നയിച്ച കോൺഗ്രസിന് യു.പിയിൽ ഒരു സീറ്റ് പോലും ലഭിച്ചിരുന്നില്ല. മോദി വിദ്വേഷം വിളമ്പിയ രാജസ്ഥാനിലെ ബൻസ്വാരയിൽ ബി.ജെ.പി സ്ഥാനാർഥി മൂന്ന് ലക്ഷത്തിലധികം വോട്ടുകൾക്കാണ് തോറ്റത്.
മോദിക്ക് കേവല ഭൂരിപക്ഷം ലഭിച്ചുപോയിരുന്നെങ്കിൽ, ഭരണഘടന തത്ത്വങ്ങൾക്കും ഫെഡറൽ തത്ത്വങ്ങൾക്കും മേലുള്ള കൂടുതൽ കടന്നാക്രമണങ്ങൾക്ക് രാജ്യം സാക്ഷ്യംവഹിക്കേണ്ടി വന്നേനെ. കഴിഞ്ഞ 10 വർഷത്തിനിടെ മോദി നിയോഗിച്ച ഗവർണർമാർ ചക്രവർത്തിമാരെപ്പോലെയാണ് പെരുമാറിയിരുന്നത്.
കഴിഞ്ഞ പത്തു വർഷമായി ഉരുക്കുകൈകളുമായി ഭരിക്കുന്ന പ്രധാനമന്ത്രി മന്ത്രിമാർക്കു പോലും സ്വാതന്ത്ര്യം അനുവദിക്കാതെ സമ്പൂർണ അധികാരം ആസ്വദിക്കുകയായിരുന്നു. ഭരണഘടനയിൽ വലിയ ഭേദഗതികൾ വരുത്താൻ സഹായകമാകും വിധത്തിൽ നാന്നൂറിലധികം സീറ്റ് തരൂ എന്നായിരുന്നു അദ്ദേഹം ജനങ്ങളോട് ആവശ്യപ്പെട്ടത്. പക്ഷേ, മാറ്റത്തിരുത്തലും ഹിന്ദുത്വ അജണ്ടയുമല്ല, ഭരണഘടന അതിന്റെ ശക്തിയോടെ നിലനിൽക്കുകയാണ് വേണ്ടതെന്ന് ജനം തീരുമാനിക്കുകയായിരുന്നു.
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1