അതേ, രാഹുൽ ഗാന്ധിയുടെ തണലിൽനിന്ന് മാറുകയാണോ പ്രിയങ്ക ഗാന്ധി..? കോൺഗ്രസിൽ രാഹുൽ പക്ഷവും പ്രിയങ്ക പക്ഷവും ഉണ്ടോ?... ഇങ്ങനെ സംശയം പ്രകടിപ്പിക്കുന്നതും ബി.ജെ.പിക്കാർ തന്നെ. ഏറെ നാൾ പറഞ്ഞ് പറഞ്ഞ് ഇവരെ രണ്ടാക്കാമെന്നായിരിക്കാം ബി.ജെ.പി പ്രതീക്ഷിക്കുന്നത്..!
മറ്റൊരു തന്ത്രം മെനയാനുള്ള തത്രപ്പാടിലാണ് ബി.ജെ.പിയിപ്പോൾ. കോൺഗ്രസിന്റെ തലപ്പത്തുനിന്ന് രാഹുൽ ഗാന്ധി ഒന്നു മാറികിട്ടണം. ഇക്കാലത്തെ ബി.ജെ.പിയെ നേരിടാൻ പഴയ കോൺഗ്രസ് പോരെന്ന് തിരിച്ചറിഞ്ഞ് മാറ്റമുണ്ടാക്കാനാണ് രാഹുൽ ഗാന്ധി ഇപ്പോൾ കൊണ്ടുപിടിച്ച് ശ്രമിക്കുന്നത്.
തിരഞ്ഞെടുപ്പു ജയം മാത്രം ലക്ഷ്യമിടാതെ കോൺഗ്രസിൽ മികച്ചൊരു സംഘടനാ സംവിധാനമുണ്ടാക്കാനാണ് നീക്കം. പക്ഷേ, പഴയപടി മതിയെന്ന ചിന്തയുള്ളവരും കോൺഗ്രസ്സിൽ ഇല്ലെന്നു പറയാൻ കഴിയില്ല. അവരുടെ മനസ്സിൽ രാഹുൽ ഗാന്ധിക്കു പകരം പ്രിയങ്കഗാന്ധിയാണ്. എന്തുകൊണ്ടാണ് അവർ അത്തരമൊരു വാദം ഉയർത്തുന്നത്?
പ്രിയങ്ക ഗാന്ധി വേണം എന്നു വാദിക്കുന്ന കോൺഗ്രസുകാർ മറ്റാരുടേയോ പ്രേരണ കൊണ്ടാകാം അങ്ങനെ പറയുന്നത്. പാർലമെന്റിലെ പ്രസംഗങ്ങൾ, സൗമ്യമായ പെരുമാറ്റം തുടങ്ങിയവയാണ് പ്രിയങ്കയിൽ ചിലർ കാണുന്ന നല്ല ഗുണങ്ങൾ. ബി.ജെ.പിക്കും ഇതേ അഭിപ്രായമാണെന്നതാണ് ഇതിലെ രസകരമായ സംഗതി.
രാഹുൽ ഗാന്ധിയുടെ തണലിൽനിന്ന് മാറുന്നോ പ്രിയങ്ക ഗാന്ധി..? കോൺഗ്രസിൽ രാഹുൽ പക്ഷവും പ്രിയങ്ക പക്ഷവും ഉണ്ടോ?... ഇങ്ങനെ സംശയം പ്രകടിപ്പിക്കുന്നതും ബി.ജെ.പിക്കാർ തന്നെ. ഏറെ നാൾ പറഞ്ഞ് പറഞ്ഞ് ഇവരെ രണ്ടാക്കാമെന്നാണ് ബിജെപിയുടെ പ്രതീക്ഷ..!
മഹാരാഷ്ട്ര, ഹരിയാന, ഡൽഹി എന്നിവിടങ്ങളിലെ കോൺഗ്രസ് പരാജയങ്ങൾക്ക് ശേഷം, രാഹുൽ ഗാന്ധിയെക്കുറിച്ച് കോൺഗ്രസ് പാർട്ടിക്കുള്ളിൽ ആശങ്കകൾ ഉയരുന്നുണ്ട് എന്നൊരു വാർത്തയും ബി.ജെ.പി പ്രചരിപ്പിക്കുന്നുണ്ട്.
ഇതിന്റെ വെളിച്ചത്തിലാണോ എന്നറിയില്ല, പ്രിയങ്ക ഗാന്ധി നിർണായക പങ്ക് വഹിക്കണമെന്ന് പാർട്ടി നേതാക്കളിൽ ചിലർ പരസ്യമായി പറഞ്ഞു തുടങ്ങിയിരിക്കുന്നു. ഈ സാഹചര്യത്തിൽ കോൺഗ്രസ് എന്താണ് ചിന്തിക്കുന്നത് എന്നതാണ് ചോദ്യം. പണ്ടുമുതലേയുള്ള ചോദ്യമാണിത്. അതേ, രാഹുലോ പ്രിയങ്കയോ എന്ന ചോദ്യത്തിന് സോണിയ ഗാന്ധിയുടെ ഉത്തരം വ്യക്തമായിരുന്നു.
രണ്ടു പേരും. പക്ഷെ, ആദ്യ ഊഴം രാഹുലിനു തന്നെയായിരിക്കുമെന്നും സോണിയയ്ക്കുറപ്പായിരുന്നു. അക്കാലത്ത് രാഹുൽ പോരെന്നും കോൺഗ്രസ്സിനെ രക്ഷിക്കാൻ പ്രിയങ്കയെ വിളിക്കണമെന്നും മുറവിളി ഉയർന്നപ്പോൾ സോണിയ അത് ഗൗനിച്ചതേയില്ല.
കോൺഗ്രസിൽ രാഹുലിന് ഒരു വെല്ലുവിളി സോണിയ ഗാന്ധി ഒരിക്കലും ആഗ്രഹിച്ചിരുന്നില്ല. രാഹുലിനൊപ്പം നിൽക്കുന്ന പ്രിയങ്ക തന്നെയായിരുന്നു സോണിയയുടെ പദ്ധതിയിലെന്നത് പത്താം നമ്പർ ജൻപഥിനോടടുത്ത് നിൽക്കുന്നവർക്ക് അജ്ഞാതവുമായിരുന്നില്ല. പ്രിയങ്കയുടെ രാഷ്ട്രീയ പ്രവേശം എന്ന മട്ടിൽ ഈ പ്രഖ്യാപനത്തെ കാണുന്നത് അബദ്ധമായിരിക്കും. കാരണം എത്രയോ കാലമായി പ്രിയങ്ക ഇന്ത്യൻ രാഷ്ട്രീയത്തിലുണ്ട്.
യു.പിയിലെ തിരഞ്ഞെടുപ്പ് ഗോദയിൽ കോൺസ്സ്രുകാർക്ക് പ്രിയങ്ക ആവേശ സാന്നിദ്ധ്യമാവാൻ തുടങ്ങിയിട്ട് നാളേറെയായി. നിർണ്ണായക തീരുമാനങ്ങൾ എടുക്കുന്നതിനുള്ള കോൺഗ്രസ് കോർ കമ്മിറ്റിയിലും പ്രിയങ്ക അനിവാര്യഘടകമായിരുന്നു. ഇതിപ്പോൾ സോണിയ അണിയറയിലേക്ക് പിൻവാങ്ങുമ്പോൾ പ്രിയങ്കയുടെ നീക്കങ്ങൾക്ക് ഔദ്യോഗിക മുദ്ര ചാർത്തിക്കിട്ടുന്നുവെന്ന പുതുമ മാത്രമേയുള്ളൂ. കോൺഗ്രസിലെ ചിലർ പ്രിയങ്കയെ കോൺഗ്രസ് നയിക്കാൻ ആഗ്രഹിക്കുന്നതിന്റെ ഒരേയൊരു കാരണം ഇന്ദിരാഗാന്ധിയുടെ രൂപഭംഗി മാത്രമാണ്.
ഡി.രാജ സി.പി.ഐയുടെ തലപ്പത്തു വീണ്ടും വന്ന സമയത്ത് രാഹുൽ ഗാന്ധി രാഷ്ട്രീയ പക്വത കാണിക്കുന്നു, ബി.ജെ.പിയെയും പ്രധാനമന്ത്രിയെയും നേരിട്ട് വെല്ലുവിളിക്കുന്നു:
പ്രതിപക്ഷ നേതാവ് എന്ന നിലയിൽ രാഹുൽ ഗാന്ധിയെ താങ്കൾ എങ്ങനെ വിലയിരുത്തുന്നുവെന്ന ചോദ്യത്തിന് രാജയുടെ മറുപടി ഇതായിരുന്നു. ''രാഹുൽ ഗാന്ധി നല്ലൊരു രാഷ്ട്രീയക്കാരനായി വളർന്നുവരികയാണ്. അടുത്തിടെ അദ്ദേഹം ഒരു സർവകക്ഷി യോഗം വിളിച്ചുചേർത്തു, അവിടെ ഞങ്ങൾ വോട്ടർ പട്ടികയിലെ ക്രമക്കേടിനെക്കുറിച്ച് ചർച്ച ചെയ്തു. മഹാരാഷ്ട്രയിൽ നിന്നും മറ്റ് നിരവധി സംസ്ഥാനങ്ങളിൽ നിന്നുമുള്ള നിരവധി സംഭവങ്ങൾ രാഹുൽ ഉദാഹരണമായി ചൂണ്ടിക്കാട്ടി.
രാഹുൽ ഇപ്പോൾ രാഷ്ട്രീയ പക്വത പ്രകടിപ്പിക്കുന്നു, സെൻസിറ്റീവ് വിഷയങ്ങൾ ഏറ്റെടുക്കുകയും ബി.ജെ.പിയെയും പ്രധാനമന്ത്രിയെയും നേരിട്ട് വെല്ലുവിളിക്കുകയും ചെയ്യുന്നു.''
ബി.ജെ.പി നേതൃത്വത്തിലുള്ള സർക്കാർ രാജ്യത്തിന് വിനാശകരമാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. അതുകൊണ്ടാണ് ഞങ്ങൾ പറയുന്നത്: ഭരണഘടന സംരക്ഷിക്കണമെങ്കിൽ, ജനാധിപത്യം സംരക്ഷിക്കപ്പെടണം, സാമൂഹിക നീതിയുടെയും ഫെഡറലിസത്തിന്റെയും ആശയങ്ങൾ സംരക്ഷിക്കപ്പെടണം അപ്പോൾ ബി.ജെ.പിയെ അധികാരത്തിൽ നിന്ന് പുറത്താക്കണം. അല്ലെങ്കിൽ, എല്ലാവരും ഭയപ്പെടുന്നതുപോലെ, ഇന്ത്യ ഒരു ഫാസിസ്റ്റ് ഭരണകൂടത്തിലേക്ക് വഴുതിവീഴാം. അത് സംഭവിക്കരുതെന്നും കൂടി അന്നദ്ദേഹം പറഞ്ഞിരുന്നു.
സോഷ്യൽ മീഡിയയിൽ പ്രചാരം നേടുന്ന, രാഹുൽ ഗാന്ധിയുടെ 'കടലിൽ പോക്കും' വില്ലേജ് ഫുഡ് ചാനലിൽ അഭിനയിക്കലും കോളേജിലെ പുഷ് അപ്പുമെല്ലാം കാണുമ്പോൾ പലരും ചോദിക്കുന്നതു കേട്ടിട്ടുണ്ട് എന്താണ് ഇയാൾ ചെയ്യുന്നത്. ഇതൊക്കെയാണോ രാഷ്ട്രീയം എന്ന്. എന്നാൽ മറുവശത്ത് നടക്കുന്ന ഗൗരവവും സത്യസന്ധമായ തുറന്നു പറച്ചിലുകൾ നിറഞ്ഞതുമായ അക്കാദമിക്‌സ് കാണുന്നുമില്ല എന്നതല്ലേ സത്യം!
കുറച്ചു നാൾ മുമ്പ് ഉണ്ടായ രണ്ടു പ്രധാന സംവാദങ്ങൾ രാഹുൽ മുന്നോട്ടുവെക്കുന്ന, രൂപപ്പെടുത്തിയെടുക്കാൻ ശ്രമിക്കുന്ന രാഷ്ട്രീയത്തെ കുറിച്ച് കൂടുതൽ ഉൾക്കാഴ്ചകൾ നൽകുന്നതാണ്. ആഗോള രാഷ്ട്രീയത്തിൽ രാഹുൽ ഗാന്ധിയുടെ നിലപാടുകൾ എന്താണ് എന്ന് വിദ്യാർത്ഥികളും അധ്യാപകരും ചോദിച്ചുമനസിലാക്കുന്നു.
ഇന്ത്യയിൽ തുടരുന്ന അക്രമാസക്ത രാഷ്ട്രീയത്തിന്റെ തുടർച്ചയേ അല്ല. നേരത്തെ, ഷിക്കാഗോ യൂണിവേഴ്‌സിറ്റിയിലെ അധ്യാപകനും അധിനിവേശാനന്തര ചിന്തയിലെ പ്രഗത്ഭനുമായ ദീപേഷ് ചക്രബർത്തിയുമായുള്ള അഭിമുഖത്തിൽ ഇന്ത്യയിൽ ഉരുത്തിരിഞ്ഞുവരുന്ന രാഷ്ട്രീയത്തിന്റെ സ്വഭാവത്തെ കുറിച്ചുള്ള ചില കാര്യങ്ങൾ രാഹുൽ പങ്കുവെച്ചിരുന്നു. അദ്ദേഹം വിദ്യാർത്ഥികളോട് പറഞ്ഞത് ഇങ്ങനെയാണ്.
'ഞാൻ ശുഭാപ്തി വിശ്വാസിയാണ്. ഇന്ത്യയിൽ ഒരു പുതിയ രാഷ്ട്രീയം ഉയർന്നുവരും. നേരത്തെ രണ്ട് യു.പി.എ കാലഘട്ടത്തിൽ കോൺഗ്രസ് മുന്നോട്ടുവെച്ച രാഷ്ട്രീയം ഉണ്ടായിരുന്നു. അതിന്റെ പ്രസക്തി അവസാനിച്ചു. ഇനി പുതിയകാലത്തിനനുസരിച്ചുള്ള രാഷ്ട്രീയം ഉണ്ടായിവരണം. അത് വളർന്നുവരാൻ ചിലപ്പോൾ ആറോ ഏഴോ വർഷമെടുത്തേക്കും. എങ്കിലും അത് വരും.'
പലരും ചോദിക്കുന്നതു കേട്ടിട്ടുണ്ട് എന്താണ് ഇയാൾ ചെയ്യുന്നത്. ഇതൊക്കെയാണോ രാഷ്ട്രീയം എന്ന്..?
അടുത്തിടെ കോർണൽ യൂണിവേഴ്‌സിറ്റിയിൽ, അവിടത്തെ അധ്യാപകനും ഇന്ത്യയുടെ മുൻ സാമ്പത്തിക ഉപദേഷ്ടാവുമായിരുന്ന കൗശിക് ബസുവുമായുള്ള സംവാദം രാഷ്ട്രീയമായി ഏറെ പ്രാധാന്യമുള്ളതായിരുന്നു. അത് അവസാനിപ്പിച്ചത് ഇങ്ങനെയായിരുന്നു. അധികാരത്തിലെത്തുക എന്നതല്ല, ഇന്ത്യയിലെ പ്രതിപക്ഷത്തുനിൽക്കുന്ന രാഷ്ട്രീയപാർട്ടികളുടെ ലക്ഷ്യം. ഇന്ത്യയെ തന്നെ തിരിച്ചുപിടിക്കുക എന്നതാണ്. അധികാരം നേടുക എന്നതിൽ നിന്നൊക്കെ ഇന്ത്യൻ സാഹചര്യം മാറിപ്പോയി. മത്സരത്തിന്റെ നിയമങ്ങളും കളിക്കളവും എല്ലാം മാറി. അവയൊന്നും ഇനി പ്രസക്തമല്ല. ഇന്ത്യയുടെ സത്ത തന്നെ നിലനിർത്താനുള്ള പോരാട്ടം ആണ് ഇനി വേണ്ടത്.
രണ്ടുകാര്യങ്ങൾ കൊണ്ടാണ് കോർണൽ യൂണിവേഴ്‌സിറ്റി സംവാദം മാധ്യമങ്ങളിൽ ഇടംപിടിച്ചത്. ഒന്ന് അടിയന്തരാവസ്ഥയെക്കുറിച്ച് ഇപ്പോഴത്തെ കോൺഗ്രസ് നേതാവ് എന്ന നിലയിലുള്ള പ്രതികരണം. രണ്ട് പിതാവ് രാജീവ് ഗാന്ധിയുടെ മരണവുമായി ബന്ധപ്പെട്ട വിലയിരുത്തലുകൾ.
അടിയന്തരാവസ്ഥയെ കുറിച്ചുള്ള കൗശിക് ബസുവിന്റെ വിമർശനാത്മകമായ ചോദ്യത്തിന് ആലോചനയ്ക്ക് സമയമെടുക്കാതെ തന്നെ രാഹുൽ ഉത്തരം പറഞ്ഞു അത് തെറ്റായിരുന്നു. പൂർണമായും തെറ്റായകാര്യമായിരുന്നു. മുത്തശ്ശി (ഇന്ദിരാഗാന്ധി) തന്നെ ഇത് (എന്നോട്) പറഞ്ഞിരുന്നു.
ഇതിനോട് കൗശിക് ബസു കൂട്ടിച്ചേർക്കുന്നു. പ്രണാബ് മുഖർജി മരിക്കുന്നതിന് മുമ്പ് ഇതേക്കുറിച്ച് ഞാനും അദ്ദേഹത്തോട് ഇതെക്കുറിച്ച് ചോദിച്ചിരുന്നു. ഇന്ദിരാഗാന്ധിക്കുതന്നെ തന്റെ തീരുമാനത്തെ കുറിച്ച് സംശയം തോന്നിയിരുന്നു. തോൽക്കുമെന്ന് അവർക്കുതന്നെ ഭയമുണ്ടായിരുന്നു. അത് തിരഞ്ഞെടുപ്പിലൂടെ അറിയണമെന്ന് അവർക്കുണ്ടായിരുന്നു. അതുകൊണ്ടാണ് അവർ തിരഞ്ഞെടുപ്പിലേക്ക് പോയത്. വ്യക്തിപരമായി ഒരു കാര്യം കൂടി ചോദിക്കട്ടെ. വേദനിക്കിക്കുന്ന കാര്യമാണെന്നറിയാം. നിങ്ങളുടെ അച്ഛന്റെ മരണത്തെ കുറിച്ച്? അന്ന് നിങ്ങൾക്ക് ഇരുപതോ ഇരുപത്തൊന്നോ വയസായിരിക്കും.
അതിന്റെ ഉത്തരം ഇങ്ങനെയായിരുന്നു: ഇരുപത്. ഒരുതലത്തിൽ അതൊരു വേദനാജനകമായ കാര്യമായിരുന്നു. അതിൽ അക്രമം ഉണ്ട്. പക്ഷേ മറ്റൊരുതലത്തിൽ അത് മാതാപിതാക്കളെ നഷ്ടപ്പെടലാണ്. ഒരുപാടുപേർക്ക് അച്ഛനമ്മമാരെ നഷ്ടപ്പെടുന്നുണ്ട്. എന്നെ സംബന്ധിച്ചിടത്തോളം, അച്ഛൻ ഏർപ്പെട്ടിരിക്കുന്ന ഏറ്റുമുട്ടൽ വലിയതരത്തിലുള്ളതായിരുന്നുവെന്ന് മനസിലായിരുന്നു. ഇത് നല്ല രീതിയിൽ അവസാനിക്കാനുള്ളതല്ല എന്ന് അദ്ദേഹം മരിക്കുന്നതിന് മുമ്പേ തന്നെ എനിക്ക് തോന്നിയിരുന്നു. അദ്ദേഹം മരണത്തിലേക്ക് നടന്നടുക്കുന്നത് ഞാൻ കാണുന്നുണ്ടായിരുന്നു. മരണത്തെക്കാൾ ഭീകരമായിരുന്നത് ഇതായിരുന്നു.
യഥാർത്ഥത്തിൽ, ആ വാർത്ത ഫോണിൽ വിളിച്ചുപറഞ്ഞപ്പോൾ എനിക്കുതോന്നിയത്, ഓ..അത് സംഭവിച്ചു എന്നാണ്. ഇത് സംഭവിക്കാനുള്ളതായിരുന്നു. ഇപ്പോൾ സംഭവിച്ചു എന്ന്. ഈ (സൈനിക) ഇടപെടലുകൾ കാണുന്ന ഒരാൾ എന്ന നിലയിൽ മകൻ എന്ന നിലയിൽ എന്നെ വ്യാകുലപ്പെടുത്തിയിരുന്ന കാര്യം, ഇദ്ദേഹം ഇതിൽ നിന്ന് പുറത്തുകടക്കില്ലെന്ന തിരിച്ചറിവായിരുന്നു. ഈ സംഭവമാണ് എന്നെ രൂപപ്പെടുത്തിയത്. ചെയ്യുന്ന കാര്യങ്ങളെക്കുറിച്ച് ഒരുപാട് ആലോചിക്കണമെന്ന് അദ്ദേഹം പറഞ്ഞതാണ് എന്റെ മനസിൽ ഉറച്ചത്. അതായിരുന്നു ഒരുകാര്യം.
മറ്റൊരുകാര്യം അമേരിക്കയിലേക്ക് പോയപ്പോൾ ഉണ്ടായ സുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങളായിരുന്നു. ഏറെക്കാലം പ്രത്യേക സുരക്ഷാ സംവിധാനത്തിനിടയിൽ ജീവിക്കേണ്ടിവന്നു എന്നതാണ്. ദീർഘകാലം അവനവനിലേക്ക് തന്നെ ചുരുങ്ങിക്കഴിയേണ്ടിവന്നു. പല കാര്യങ്ങളേക്കുറിച്ചും സ്വയം ആലോചിച്ചുകൊണ്ടിരിക്കാനുള്ള സമയം ഉണ്ടാക്കി എന്നത് അതിലെ ഒരു പോസിറ്റീവ് ആയകാര്യമാണ്. ഇതെല്ലാം ഇരുത്തം വന്ന ഒരു മനുഷ്യന്റെ ചിന്തകളായിട്ടാണ് സാമാന്യ ബോദമുള്ളവർക്ക് മനസിലാകുക.
എന്നാൽ രാഹുലിനെ എതിർക്കുന്നവർക്കും ഗാന്ധി കുടുംബത്തിനു പുറത്തു നിന്നൊരു നേതാവിനെ ചൂണ്ടിക്കാണിക്കാൻ ഇപ്പോഴും കഴിയുന്നുമില്ല. അധികാരകേന്ദ്രീകരണത്തിനപ്പുറം, മതദേശീയതയോടുള്ള ആശയപരമായ എതിർപ്പിന്റെ കൂടി അടയാളമായി ഗാന്ധികുടുംബം തുടരുന്നത് ബി.ജെ.പിയെ തെല്ലൊന്നുമല്ല അലോസരപ്പെടുത്തുന്നത് എന്നു ചുരുക്കം.
എമ എൽസ എൽവിൻ
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1
