കനക സിംഹാസനത്തിൽ കയറിയിരിക്കുന്നവൻ 'ശുംഭൻ' ആയി മാറുന്നതിലെ അസ്വസ്ഥത പ്രകടമാക്കുന്ന പഴയ സിനിമാ ഗാനം ഇടയ്ക്കിടെ മലയാളികളെക്കൊണ്ട് പാടിച്ചു രസിക്കുന്നു കേരള ഗവർണർ രാജേന്ദ്ര അർലേർക്കർ. ആരിഫ് മുഹമ്മദ് ഖാൻ തുടങ്ങിവച്ച ഇടങ്കോലിടൽ പ്രക്രിയ പിൻഗാമിയായ അർലേർക്കർ അഭംഗുരം തുടരുന്നതിനു പരിഹാരം തേടി സുപ്രീംകോടതി വരെ പോയിട്ടും ഫലം കാണാനാകുന്നില്ല പിണറായി സർക്കാരിന്. നിയമസഭ പാസാക്കിയ ബില്ലുകളുടെ ഭാവി അനിശ്ചിതത്വത്തിലാക്കുന്നതിനു പുറമേ സർക്കാരിന്റെ ഇംഗിതം നോക്കാതെ വി.സി. നിയമനങ്ങൾ താൻ നടത്തുമെന്ന പിടിവാശി തുടരുന്നു ഗവർണർ.
കെ.ടി.യു, ഡിജിറ്റൽ സർവകലാശാല വി.സി നിയമനവുമായി ബന്ധപ്പെട്ട വിഷയത്തിൽ ചർച്ചകൾ തുടരുകയാണെന്നാണ്, ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദുവിനൊപ്പം ഗവർണർ രാജേന്ദ്ര അർലേക്കറെ കണ്ട ശേഷം നിയമമന്ത്രി പി. രാജീവ് പറഞ്ഞത്. വി.സി നിയമനത്തിൽ വിട്ടുവീഴ്ചയ്ക്കില്ലെന്ന് ഗവർണറും സംസ്ഥാന സർക്കാരും വ്യക്തമാക്കിയതോടെ അനുനയ നീക്കങ്ങൾ പൊളിഞ്ഞെന്ന് ഇതോടെ വ്യക്തമായി. വി.സി നിയമനത്തിനായി സർക്കാരും ഗവർണറും മുന്നോട്ട് വെച്ചത് വ്യത്യസ്ത പേരുകളായിരുന്നു. താൻ നിശ്ചയിച്ച വൈസ് ചാൻസലർമാർ യോഗ്യരാണെന്ന് പറഞ്ഞ ഗവർണർ, 'മുഖ്യമന്ത്രി എവിടെ'യെന്ന് മന്ത്രിമാരോട് ചോദിച്ചു. വി.സിമാരുടെ മുൻഗണനാ ക്രമം മുഖ്യമന്ത്രി തീരുമാനിച്ചത് എങ്ങനെ എന്ന ചോദ്യത്തിന് തനിക്ക് ഉത്തരം കിട്ടിയിട്ടില്ലെന്നും ഗവർണർ പറഞ്ഞു.
വി.സി നിയമന തർക്കത്തിൽ സുപ്രീംകോടതി കടുത്ത നിലപാടെടുത്ത പശ്ചാത്തലത്തിലാണ് സർക്കാർ അനുനയ നീക്കത്തിന് ശ്രമിച്ചത്. തർക്കം അവസാനിക്കാത്തതിൽ കേസ് പരിഗണിച്ച ജസ്റ്റിസ് ജെബി പർദിവാലയുടെ നേതൃത്വത്തിലുള്ള ബഞ്ച് കടുത്ത അതൃപ്തി പ്രകടിപ്പിച്ചിരുന്നു. ജസ്റ്റിസ് ധൂലിയ സമിതി നൽകിയ പട്ടികയുടെ അടിസ്ഥാനത്തിൽ സമവായം ഉണ്ടായില്ലെങ്കിൽ വി.സി നിയമനം നേരിട്ട് ഏറ്റെടുക്കുമെന്നും സുപ്രീംകോടതി വ്യക്തമാക്കി.
വി.സി നിയമനത്തിന് സുപ്രീംകോടതി ജസ്റ്റിസ് സുധാൻഷു ധൂലിയ അധ്യക്ഷനായ രണ്ട് സെർച്ച് കമ്മിറ്റികളാണ് രൂപവത്കരിച്ചിരുന്നത്. രണ്ട് സമിതികളും നൽകിയ പട്ടികയുടെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രിയുടെ ശിപാർശ ഗവർണർക്ക് നൽകിയെങ്കിലും നിയമനം നടന്നിരുന്നില്ല. മുഖ്യമന്ത്രിയുടെ ശിപാർശക്കെതിരെ ഗവർണർ കഴിഞ്ഞ ദിവസം സുപ്രീംകോടതിയിൽ പുതിയ സത്യവാങ്മൂലം നൽകി. സാങ്കേതിക സർവകലാശാല വി.സിയായി സിസ തോമസിനെയും ഡിജിറ്റൽ സർവകലാശാല വി.സിയായി ഡോ. പ്രിയ ചന്ദ്രനെയും നിയമിക്കണമെന്നാണ് ഗവർണറുടെ ആവശ്യം. അതേസമയം, യഥാക്രമം സി. നിതീഷ് കുമാർ, സജി ഗോപിനാഥ് എന്നിവരുടെ പേരുകളാണ് മുഖ്യമന്ത്രി മുന്നോട്ട് വച്ചിട്ടുള്ളത്.
ഇടങ്കോലിടൽ
തിരഞ്ഞെടുക്കപ്പെട്ട സർക്കാരിന്റെ തീരുമാനത്തെ തടയാൻ നോമനേറ്റ് ചെയ്യപ്പെട്ട ഗവർണർക്ക് എന്ത് അധികാരം എന്ന ലളിതമായ ചോദ്യമാണ് നിയതമായ ഉത്തരമില്ലാതെ ഇതിനിടെ അവശേഷിക്കുന്നത്.'പരമാധികാരമുള്ള ജനത പരമമായ ജനേച്ഛയിൽ പ്രവർത്തിക്കുന്നത് തടയാൻ എന്തിനാണ് ഗവർണർ എന്ന കെട്ടുകാഴ്ചയെ സഭയുടെ പൂമുഖത്ത് പ്രതിഷ്ഠിച്ചിരിക്കുന്നത്?' ഡോ. സെബാസ്റ്റ്യൻ പോൾ ഈയിടെ ഒരു ലേഖനത്തിലെഴുതി. നയപ്രഖ്യാപനത്തിന്റെ അടിസ്ഥാനത്തിൽ ഭൂരിപക്ഷകക്ഷിക്ക് സുഗമമായി ഭരണം നടത്താൻ കഴിയാത്ത വിധം ഭരണഘടന തന്നെ ഇട്ടിരിക്കുന്ന ഇടങ്കോലാണ് അനുഛേദം 200 എന്നും ചൂണ്ടിക്കാട്ടി അദ്ദേഹം.
അനുഛേദം 143 പ്രകാരമുള്ള രാഷ്ട്രപതിയുടെ റഫറൻസും സുപ്രീംകോടതിയുടെ അഭിപ്രായവും സങ്കീർണമായ ഒരു നിയമപ്രശ്‌നത്തിന് കാരണമായിരിക്കുന്നു. ഭരണഘടനാ ധാർമികതയെ മുറുകെപ്പിടിച്ചുകൊണ്ടല്ലാതെ, ഇന്ത്യൻ ഫെഡറലിസത്തിന്റെ അതിജീവനം അസാധ്യമാണെന്ന് ഷംഷേർ സിംഗ് കേസിൽ ജസ്റ്റിസ് വി.ആർ.കൃഷ്ണയ്യരുടെ നേതൃത്വത്തിലുള്ള സുപ്രീം കോടതി ബഞ്ചിന്റെ വിധി പ്രസ്താവത്തിലുണ്ടായിരുന്നു. കേന്ദ്ര സംസ്ഥാന ബന്ധത്തെപ്പറ്റിയുള്ള ഏത് സംവാദത്തിന്റെയും ആമുഖമായി ഇത് ചേർക്കാം. യഥാർഥ അധികാരം ജനപ്രതിനിധികളിൽ നിക്ഷിപ്തമാണെന്ന് പല തവണ സുപ്രീം കോടതി വ്യക്തമാക്കിയിട്ടുമുണ്ട്.
ഗവർണറുടെ അധികാരങ്ങളും ഒപ്പം പരിമിതികളും എന്താണെന്ന് ഭരണഘടനയിൽ വ്യക്തമാണ്. എന്നാലപ്പോഴാകട്ടെ, ചില ഗവർണർമാർ അധികാരപരിധി കടക്കുകയും സഭ പാസ്സാക്കുന്ന ബില്ലുകൾ തടഞ്ഞുവെച്ച് നിയമനിർമാണത്തെ അട്ടിമറിക്കുകയും ചെയ്യുന്നുവെന്ന് പല നിയമജ്ഞരും ചൂണ്ടിക്കാട്ടുന്നു. പഞ്ചാബ്, തമിഴ്‌നാട്, കേരളം, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങൾ സുപ്രീം കോടതിയെ സമീപിക്കുകയുണ്ടായി. പഞ്ചാബ് കേസിൽ ഗവർണർക്കെതിരായി വിധി വന്നു. തമിഴ്‌നാട് കേസിൽ ഗവർണറെ രൂക്ഷമായി വിമർശിച്ച സുപ്രീം കോടതി, ഒരു പടികൂടി കടന്ന് ഗവർണർ തടഞ്ഞുവെച്ച ബില്ലുകൾ സുപ്രീം കോടതിയുടെ അധികാരമുപയോഗിച്ച് നിയമമായി പ്രഖ്യാപിക്കുകയും ചെയ്തു. ബില്ലുകളിൽ തീരുമാനം കൈക്കൊള്ളാൻ ഗവർണർ, രാഷ്ട്രപതി എന്നിവർക്ക് സമയപരിധിയും നിശ്ചയിച്ചു. തമിഴ്‌നാടിന്റെ വിധി തങ്ങൾക്കും ബാധകമാക്കണമെന്ന് കേരളം നിലപാടെടുത്തു.
സംസ്ഥാനങ്ങളുടെ നിയമനിർമാണാധികാരത്തെ സംബന്ധിച്ച് അതീവ പ്രാധാന്യമുള്ള ഈ വിധി തങ്ങളുടെ താത്പര്യങ്ങൾക്ക് വിഘാതമാകും എന്ന് കരുതുന്ന മോദി സർക്കാർ, രാഷ്ട്രപതിയുടെ റഫറൻസ് എന്ന മാർഗം സ്വീകരിച്ചു. സുപ്രീം കോടതിയാകട്ടെ ആ മാർഗത്തിന് വഴങ്ങുകയും ചെയ്തു. ഗവർണർമാരുടെ അമിതാധികാരവാഴ്ചയെ തടഞ്ഞു കൊണ്ടുള്ള സുപ്രീം കോടതി രണ്ടംഗ ബഞ്ചിന്റെ വിധി ഇതോടെ ദുർബലാവസ്ഥയിലായി. നിയമനിർമാണവുമായി ബന്ധപ്പെട്ട് നിയമസഭയ്ക്കുള്ള പരമാധികാരം, അനുഛേദം 200 വ്യക്തമാക്കുന്നു. സഭ പാസ്സാക്കുന്ന ബില്ല് ഗവർണർ അംഗീകരിക്കുകയോ വയോജനക്കുറപ്പോടെ തിരിച്ചയക്കുകയോ രാഷ്ട്രപതിയുടെ പരിഗണനക്കയക്കുകയോ ചെയ്യണം. മടക്കിയയച്ച ബില്ല് സഭ വീണ്ടും പാസ്സാക്കി അയച്ചാൽ, ഗവർണർ അത് ഒപ്പുവെക്കണം എന്നതാണ് വ്യവസ്ഥ.
തമിഴ്‌നാട് നിയമസഭ പാസ്സാക്കിയ പത്ത് ബില്ലുകൾ ഗവർണർ തടഞ്ഞുവെച്ചത് നിയമ പോരാട്ടത്തിന് കാരണമാകുകയും സുപ്രീം കോടതി ശക്തമായ നിലപാട് സ്വീകരിക്കുകയും ചെയ്തു. 2020-2023 കാലയളവിൽ നിരവധി ബില്ലുകൾ തടഞ്ഞുവെച്ച ഗവർണറുടെ നടപടി ഭരണഘടനാവിരുദ്ധമെന്ന് 2025 ഏപ്രിലിൽ വിധിച്ചു. അനുഛേദം 142 പ്രകാരം സുപ്രീം കോടതിയുടെ പ്രത്യേകാധികാരം വിനയോഗിച്ച് ആ ബില്ലുകൾ അംഗീകരിക്കപ്പെട്ടതായി പ്രഖ്യാപിച്ചു.
'പരമാവധി വേഗം'
ഭരണഘടനാ രൂപവത്കരണ സംവാദത്തിൽ ഇടപെട്ടുകൊണ്ട് ഡോ. ബി.ആർ അംബേദ്കർ 'ഗവർണർ' ഒരു ആലങ്കാരിക പദവി മാത്രമാണെന്നും ഗവർണർക്ക് പ്രത്യേകമായോ സ്വന്തം തീരുമാനത്തിന്റെ അടിസ്ഥാനത്തിലോ വിവേചനാധികാരത്തോടെയോ നിർവഹക്കേണ്ട ഒരു ചുമതലയും ഇല്ല എന്നും ഓർമിപ്പിച്ചു. ഗവർണറുടെയും രാഷ്ട്രപതിയുടെയും തീരുമാനങ്ങളെ ജുഡീഷ്യൽ റിവ്യൂ നടത്തിയ ധാരാളം വിധിന്യായങ്ങൾ നിയമത്തിന്റെ ഭാഗമായിട്ടുണ്ട്. അനുഛേദം 356 പ്രകാരമുള്ള രാഷ്ട്രപതിയുടെ അധികാരം പോലും അനിയന്ത്രിതമോ ജുഡീഷ്യൽ റിവ്യൂവിന് പുറത്തോ അല്ലെന്ന് എസ്.ആർ. ബൊമ്മൈ കേസിൽ സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ട്. ഗവർണർ ഏകപക്ഷീയമായി പ്രവർത്തിക്കുകയും തിരഞ്ഞെടുക്കപ്പെട്ട സർക്കാരുകൾക്കെതിരെ റിപ്പോർട്ട് നൽകുകയും രാഷ്ട്രപതി സർക്കാരിനെ പിരിച്ചുവിടുകയും ചെയ്യരുതെന്ന് കോടതി വിധിച്ചു. സഭയിലെ ഭൂരിപക്ഷമാണ് സർക്കാരിനെ നിർണയിക്കുന്ന ഘടകം. ഗവർണറുടെയോ രാഷ്ട്രപതിയുടെയോ ആത്മനിഷ്ഠാപരമായ തീരുമാനങ്ങൾ ഇവിടെ പ്രസക്തമല്ലെന്നർത്ഥം.
പല സംസ്ഥാനങ്ങളിലും നിയമനിർമാണ പ്രക്രിയയിൽ ഗവർണറുടെ തെറ്റായ ഇടപെടൽ സംഭവിച്ചത് മുമ്പുതന്നെ വിവാദമായിട്ടുണ്ട്. ഒരു ബില്ല് ഗവർണറുടെ മുന്നിലെത്തിയാൽ പരമാവധി വേഗത്തിൽ തീരുമാനമെടുക്കണമെന്നാണ് ഭരണഘടന നിഷ്‌കർഷിക്കുന്നത്. എന്നാൽ തമിഴ്‌നാട് കേസിലൂടെ ബില്ലുകൾക്ക് മേൽ തീരുമാനമെടുക്കുന്ന 'പരമാവധി വേഗം' എന്നതിനെ കോടതി കൃത്യമായി നിർവചിച്ചു. ഗവർണർ മൂന്ന് മാസത്തിനുള്ളിൽ തീരുമാനമെടുത്തില്ലെങ്കിൽ, ആ ബില്ല് അംഗീകരിക്കപ്പെട്ടതായി കണക്കാക്കും. ബില്ല് തിരിച്ചയച്ചാൽ, നിയമസഭ വീണ്ടും പാസ്സാക്കി അയക്കുമ്പോൾ ഗവർണർ അതിന് ഒരു മാസത്തിനകം അംഗീകാരം നൽകണം. രാഷ്ട്രപതിക്ക് വിടുകയാണെങ്കിൽ രാഷ്ട്രപതി മൂന്ന് മാസത്തിനകം തീരുമാനമെടുക്കണം. ഒരു ബില്ല് തന്നെ രണ്ട് തവണ രാഷ്ട്രപതിക്ക് വിടാൻ പാടില്ല. പിന്നീട് സഭ പാസ്സാക്കിയ ബില്ലിൽ വ്യത്യാസമുണ്ടെങ്കിൽ മാത്രമേ രാഷ്ട്രപതിക്ക് അയക്കാനാകൂ. ബില്ലുകളിൽ തീരുമാനമെടുക്കാതെ അനന്തമായി നീട്ടിവെച്ചാൽ ഗവർണറുടെ നടപടി ജുഡീഷ്യൽ റിവ്യൂവിനു വിധേയമാക്കും.
പഞ്ചാബ് കേസിന്റെ വിധിയിൽ ഗവർണറുടെ അധികാരത്തിന്റെ പരിമിതി വ്യക്തമാക്കിയിട്ടും അതൊന്നും പരിഗണിക്കാതിരുന്ന തമിഴ്‌നാട് ഗവർണറുടെ നടപടിയും കോടതിയെ ചൊടിപ്പിച്ചു. ബിൽ പാസ്സാക്കുന്ന വിഷയത്തിൽ കാലതാമസം വരുത്തി, നിയമസഭയെ മറികടക്കാനാകില്ല. ഭരണഘടനാപരമായ അധികാരം എന്നത് സംസ്ഥാനത്തിന്റെ നിയമനിർമാണത്തെ തടസ്സപ്പെടുത്തുന്നതിന് വിനിയോഗിക്കാൻ പാടില്ലെന്നും ഗവർണറെ ഓർമിപ്പിച്ചു. സംസ്ഥാനത്തിന്റെ പ്രതീകാത്മക തലവനായ ഗവർണർ നിയമനിർമാണത്തിന്റെ നടപടിക്രമങ്ങളെ മറികടക്കരുത്. യഥാർഥ അധികാരം ജനപ്രതിനിധികളിൽ നിക്ഷിപ്തമാണെന്നും വിധി ഓർമിപ്പിച്ചു.
റഫറൻസ്
തമിഴ്‌നാട്ടിലെ കേസിന്റെ വിധിയുടെ പശ്ചാത്തലത്തിൽ മറ്റു സംസ്ഥാനങ്ങളും സുപ്രീം കോടതിയിൽ വിഷയം ഉന്നയിച്ചു. വിധി രാജ്യവ്യാപകമായി നടപ്പാക്കേണ്ടി വരും എന്ന് കണ്ടപ്പോഴാണ് കേന്ദ്ര സർക്കാർ രാഷ്ട്രപതിയെ ഇടപെടുവിച്ചത്. അനുഛേദം 143(1) പ്രകാരം ഏതൊരു നിയമ പ്രശ്‌നമോ ഏതൊരു വസ്തുത സംബന്ധിച്ച പൊതുപ്രാധാന്യമുള്ള പ്രശ്‌നമോ ഉയരുമ്പോൾ രാഷ്ട്രപതിക്ക് സുപ്രീം കോടതിയുടെ അഭിപ്രായം തേടാം. അങ്ങനെയെത്തുന്ന വിഷയങ്ങൾ കോടതി കേൾക്കുകയും അതിനെക്കുറിച്ചുള്ള അഭിപ്രായം നൽകുകയും ചെയ്യുന്നു. അത് ഉപദേശം മാത്രമാണ്, സുപ്രീം കോടതി വിധിയുടെ സ്വഭാവമുണ്ടാകില്ല.
അനുഛേദം 200 അനുസരിച്ച് ബില്ല് പരിഗണനയ്ക്ക് വന്നാൽ ഗവർണറുടെ ഭരണഘടനാപരമായ
വഴികൾ എന്തൊക്കെയെന്ന് രാഷ്ട്രപതി ആരാഞ്ഞു. ഇതിൽ സംസ്ഥാന മന്ത്രിസഭയുടെ ഉപദേശത്തിന് ഗവർണർ ബാധ്യസ്ഥനാണോ, ബില്ലുകളിൽ വിവേചനാധികാരം പ്രയോഗിക്കുമ്പോൾ കോടതിക്ക് ഇടപെടാനാകുമോ, ഗവർണർ ബില്ലുകളിൽ സ്വീകരിക്കുന്ന നടപടികളിൽ ജുഡീഷ്യൽ റിവ്യൂ സാധ്യമാണോ, നിയമപരമായ നടപടിക്രമങ്ങൾ സ്വീകരിക്കുന്നതിന് ഗവർണർക്കും രാഷ്ട്രപതിക്കും സമയപരിധി നിശ്ചയിക്കാൻ സാധിക്കുമോ, വിവേചനാധികാരം പ്രയോഗിച്ച് രാഷ്ട്രപതിയും ഗവർണറും എടുക്കുന്ന തീരുമാനത്തിൽ അനുഛേദം 142 പ്രകാരം സുപ്രീം കോടതിക്ക് മാറ്റം വരുത്താനാകുമോ തുടങ്ങിയ കാര്യങ്ങളാണ് വന്നത്.
കേന്ദ്ര സർക്കാർ ആഗ്രഹിച്ച മറുപടിയാണ് സുപ്രീം കോടതിയുടേതെന്ന് വിമർശനമുണ്ടായി. ഗവർണറുടെ പ്രവർത്തനങ്ങൾ കോടതിയിൽ ചോദ്യം ചെയ്യാനാകില്ല, എന്നാൽ ബില്ലിൽ തീരുമാനമെടുക്കുന്നത് വൈകിയാൽ കോടതിക്ക് ഇടപെടാം, ബില്ലുകളുടെ കാര്യത്തിൽ ഗവർണർ സ്വീകരിക്കുന്ന നടപടികൾക്ക് മേൽ അനുഛേദം 361 പ്രകാരം പരിരക്ഷ ഉണ്ട്, ജുഡീഷ്യൽ റിവ്യു സാധ്യമല്ല എന്നിങ്ങനെ മറുപടി വന്നു. ഭരണഘടനാ പദവി വഹിക്കുന്നവരുടെ തീരുമാനങ്ങളിൽ സമയപരിധി ഏർപ്പെടുത്താനാകില്ല. വിവേചനാധികാരം പ്രയോഗിച്ച് രാഷ്ട്രപതിയും ഗവർണറും എടുക്കുന്ന തീരുമാനത്തിൽ അനുഛേദം 142 പ്രകാരം സുപ്രീം കോടതിക്ക് മാറ്റം വരുത്താനാകില്ല. ഗവർണറുടെ അനുമതിയില്ലാതെ നിയമസഭ പാസ്സാക്കുന്ന നിയമം പ്രാബല്യത്തിൽ വരുത്താൻ കഴിയില്ലെന്നും കോടതി അഭിപ്രായപ്പെട്ടു.
ജനാധിപത്യവാദികളെ മുഴുവൻ നിരാശപ്പെടുത്തുന്നതാണ് ഈ മറുപടി. ബി.ജെ.പി ഇതര സംസ്ഥാന സർക്കാരുകളുടെ അവകാശങ്ങളെ കടന്നാക്രമിക്കുന്നതിനും ഗവർണർമാരുടെ ധാർഷ്ട്യത്തിനും ഭരണഘടനാവിരുദ്ധമായ അധികാരപ്രയോഗങ്ങൾക്കും ശക്തിപകരുമിത്. ബില്ലുകൾ തടഞ്ഞുവെക്കുകയും നീണ്ടകാലം ലോക്ഭവനിലോ രാഷ്ട്രപതി ഭവനിലോ ബില്ലുകൾ അമർന്നുപോകുകയും ചെയ്യും. ബില്ലുകൾക്ക് മേൽ നീണ്ടകാലം തീരുമാനം കൈക്കൊണ്ടില്ലെങ്കിൽ കോടതിക്ക് ഇടപെടാം എന്ന് സുപ്രീം കോടതി പറഞ്ഞത് പ്രതീക്ഷയ്ക്ക് വകനൽകുന്നുണ്ട്. പക്ഷേ 'നീണ്ട കാലം' എന്നതിന്റെ നിർവചനം പറഞ്ഞിട്ടില്ലെന്നിരക്കേ അതേച്ചൊല്ലിയും ആശയക്കുഴപ്പം ബാക്കിയാണ്.
ബാബുകദളിക്കാട്
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1
