വെടിക്കെട്ടപകടവും പവർകട്ട് ദുരിതങ്ങളും: പൊതുജനം 'സങ്കടപ്പുക മുറിയിൽ'

APRIL 22, 2026, 12:14 PM

തൃശ്ശൂരിൽ വെട്ടിക്കെട്ടപകടം. ബാലറ്റ് പെട്ടികൾ സൂക്ഷിച്ച സ്‌ട്രോങ്ങ് റൂമിൽ ഒളിഞ്ഞനോക്കാൻ  യു.ഡി.എഫിന്റെ മുഖ്യമന്ത്രി തെയ്യങ്ങൾ. വോട്ട് പെട്ടിയിലായതോടെ ഇലക്ട്രിസിറ്റി ബോർഡിന്റെ 'പൊകപ്പെട്ടി' തുറന്നുള്ള വകുപ്പുമന്ത്രിയുടെ ഡയലോഗുകൾ ഒരു 'കടലിടുക്ക് പ്രശ്‌നം' മൂലം, വീട്ടിലേക്ക്  വിഷുക്കൈനീട്ടം പോലും അയയ്ക്കാൻ കഴിയാതെ വിങ്ങിപ്പൊട്ടുന്ന ഗർഫ് മലയാളിയും അവന്റെ കുടുംബവും.

ഒഴിഞ്ഞ വയറുമായി ഭക്ഷണം തേടിവരുന്നവർക്ക് ജ്യൂസും ബേക്കറി ഐറ്റംസും നൽകി പിടിച്ചു നിൽക്കുവാൻ പാടുപെടുന്ന ഹോട്ടലുടമകൾ. വീടുകളിൽ പോലും ഗ്യാസ് ക്ഷാമം മൂലം ഒരു നേരമെങ്കിലും ഉപവസിച്ചാലോ എന്ന് ചിന്തിക്കുന്ന വീട്ടമ്മമാർ. അങ്ങനെയങ്ങനെ വിഷു കഴിഞ്ഞുള്ള  കേരളത്തിന്റെ ദിനങ്ങൾ സംഭവബഹുലമാണിപ്പോൾ.

മറന്നവോ പുറ്റിങ്ങൽ അപകടം?

vachakam
vachakam
vachakam

കൊല്ലം ജില്ലയിലെ പുറ്റിങ്ങൽ ക്ഷേത്രത്തിൽ 2016 ഏപ്രിൽ 10നുണ്ടായ വെടിക്കെട്ടപകടത്തിൽ മരിച്ചത് 110 പേരാണ്. പരിക്കേറ്റത് 656 പേർക്ക്. 350 വീടുകൾ പൂർണ്ണമായോ ഭാഗികമായോ അന്ന്  തകരുകയുണ്ടായി. 15 കിലോഗ്രാം വെടിമരുന്ന് ഉപയോഗിക്കാനുള്ള ലൈസൻസിന്റെ മറവിൽ 2500 കിലോഗ്രാം സ്‌ഫോടക വസ്തുക്കളാണ് വെടിമരുന്ന് ശാലയിൽ അവിടെ സൂക്ഷിച്ചിരുന്നത്. ജില്ലാ  ഭരണകൂടവും പോലീസും അന്ന് പ്രതിക്കൂട്ടിലായി. അപകടം അന്വേഷിക്കാൻ നിയോഗിച്ച കമ്മീഷന്റെ റിപ്പോർട്ട് പോലും മന്ത്രിസഭ ചർച്ചയ്‌ക്കെടുത്തത് വളരെ വൈകിയായിരുന്നു. പക്ഷെ 41 പേർ പ്രതിപ്പട്ടികയിലുള്ള ഈ കേസ് സംബന്ധിച്ച വിചാരണ നടപടികൾ പോലും ഇനിയും തുടങ്ങിയിട്ടില്ലെന്നത് ഈ സംഭവം ഔദ്യോഗിക തലത്തിൽ എത്ര ആലസ്യത്തോടെയാണ് കൈകാര്യം ചെയ്യുന്നുവെന്നതിന് തെളിവല്ലേ?

പൂരത്തിനു പിന്നിലെ ബിസിനസ് സങ്കടങ്ങൾ

2006 മേയ് മാസത്തിൽ തൃശ്ശൂർപൂരത്തോടനുബന്ധിച്ച് പാറമേക്കാവ് ദേവസ്വത്തിന്റെ വെടിക്കെട്ടു പുരയിലുണ്ടായ അപകടത്തിലും 7 പേർ മരിച്ചിരുന്നു. അന്നും ഇതു സംബന്ധിച്ച അന്വേഷണവും മാർഗരേഖ തയ്യാറാക്കലുമെല്ലാം 'ആമവേഗത്തിൽ' നടന്നുവെങ്കിലും, ആ തീരുമാനങ്ങൾ നടപ്പാക്കാൻ അധികൃതർ മടിച്ചതാണ് പിന്നീട് 4 വർഷം കഴിഞ്ഞ് പുറ്റിങ്ങൽ വെടിക്കെട്ടപകടത്തിന് കാരണമായതെന്ന് അന്നേ ആരോപണമുയർന്നിരുന്നു.

vachakam
vachakam
vachakam

മുണ്ടത്തിക്കോട് അപകടത്തിൽ മരിച്ചവരുടെ ആശ്രിതർക്ക് 14 ലക്ഷം രൂപ വീതം ലഭിക്കും വിധം ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. പരക്കേറ്റവർക്ക് മൊത്തം രണ്ടു ലക്ഷം രൂപ വീതം മാത്രമേ പ്രഖ്യാപിച്ചിട്ടുള്ളൂ. കെട്ടിടങ്ങൾക്കുണ്ടായ നാശനഷ്ടങ്ങളുടെ കണക്കെടുത്ത് നഷ്ടം നൽകുന്നതപോലെയുള്ള ഒരു സമീപനം പരിക്കേറ്റ മനുഷ്യരുടെ കാര്യത്തിൽ ഇല്ലാതെ പോകുന്ന നീതികേടല്ലേ?

തൃശ്ശൂർ പൂരത്തിനു പിന്നിൽ ഒരു ജനപദത്തിന്റെ വികാരമുണ്ട്. തൃശ്ശൂർ എന്ന സാംസ്‌കാരിക നഗരത്തിന്റെ ഒരു വർഷത്തേയ്ക്കുള്ള സാമ്പത്തിക സാധ്യതകളും ഇതോട് ബന്ധപ്പെട്ടതാണ്. പൂരം ലക്ഷ്യമിട്ട് ബിസിനസ് മേഖലയിലും മുന്നൊരുക്കളുണ്ടാകാറുണ്ട്. ദുഃഖമാചരിച്ചുകൊണ്ട് ആർഭാടരഹിതമായ പൂരാഘോഷമെന്നത് 'സ്വരാജ് റൗണ്ടിലെ' കച്ചവടക്കാരെ മാത്രമല്ല വട്ടത്തിലാക്കുക. നൂറ്റുക്ക് പത്തും പതിനഞ്ചും രൂപ വീതം വട്ടിപ്പലിശയ്ക്ക് കടം വാങ്ങി സാധനങ്ങൾ പൂരത്തിനായി സ്റ്റോക്ക് ചെയ്തവരെക്കുറിച്ച് വ്യാപാരികളുടെ സംഘടനകളെങ്കിലും അധികൃതരെ വസ്തുതകളറിയിക്കണം പരിഹാരമുണ്ടാക്കണം.

ഹൈക്കമാൻഡും 'കൈ'ക്കമാൻഡും

vachakam
vachakam
vachakam

യു.ഡി.എഫിന്റെ മുഖ്യമന്ത്രിയാരായിരിക്കണമെന്നു തീരുമാനിക്കേണ്ടത് തെരഞ്ഞെടുക്കപ്പെടുന്ന എം.എൽ.ഏ.മാരും ഹൈക്കമാൻഡുമാണ്. ജനാധിപത്യരീതിയിലും കോൺഗ്രസ് രീതിയിലും അതാണ് മര്യാദ. എന്നാൽ പെട്ടി പൊട്ടിക്കുന്നതിനുമുമ്പ്, 'പഴയ പക' യുടെ കണക്കു തീർക്കാൻ ഇറങ്ങിയിട്ടുള്ള തല നരച്ച (തെറിച്ച ?) നേതാക്കന്മാർ ജനങ്ങളുടെ മുമ്പിൽ നവമാധ്യമങ്ങളിലൂടെ നടത്തുന്ന 'ചൊറിയലുകൾ' ജനം അതേ രീതിയിലേ സ്വീകരിക്കൂ.

ആയുസ്സ് തീരുന്നതിനുമുമ്പ് സംസ്ഥാന മന്ത്രിപദം 'മോഹിക്കുന്നവരും' അങ്ങനെ അവനങ്ങ് മുഖ്യമന്ത്രിയായി ഞെളിയേണ്ട' എന്ന മട്ടിൽ കണക്ക് തീർക്കാൻ ഒരുമ്പെട്ടു നിൽക്കുന്ന പഴയ റിട്ടയേഡ് സിംഹവാലന്മാരും കൂടി നടത്തിക്കൊണ്ടിരിക്കുന്ന 'വിവാദ ഓട്ടൻതുള്ളലു' കൾക്കു പിന്നിൽ ഒറ്റ കാര്യമേയുള്ളൂ. ഇപ്പോഴത്തെ കോൺഗ്രസ് എം.പി.മാരിൽ ചിലരുടെ സി.എം മോഹവും മന്ത്രി മോഹവും മാത്രം.

ഇത്തരമൊരു 'വിഴുപ്പലക്കൽ' നിയന്ത്രിക്കാൻ ഹൈക്കമാൻഡിന് കഴിയുമായിരുന്നു. അവർ അതിനു മുതിരാത്തതിനു പിന്നിലും കള്ളക്കളിയണ്ടോയെന്ന് ചിലർ സംശയിക്കുന്നു. പഞ്ചാബിൽ അമരീന്ദർ സിംഗിനെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് മാറ്റിയ രാഷ്ട്രീയ കോമഡിക്ക് കോൺഗ്രസ് വിലയായി നൽകേണ്ടിവന്നത് ആ പാർട്ടിയുടെ സംസ്ഥാന ഭരണം തന്നെയായിരുന്നുവെന്നത് മറക്കേണ്ട.

പവർകട്ടില്ലാത്ത ആ 10 വർഷങ്ങൾ

വോട്ട് പെട്ടിയിലാകുന്നതിനുമുമ്പ് പവർകട്ടും ലോഡ്‌ഷെഡ്ഡിംഗുമില്ലാത്ത 10 വർഷത്തെ 'മേനിപറച്ചിൽ' ആനവണ്ടികളുടെ പള്ളയ്ക്കും പൃഷ്ഠത്തിലുമെല്ലാം പരസ്യമായി ബോർഡായി പതിപ്പിച്ച് പുളകിതനായി മാറിയ മന്ത്രി കൃഷ്ണൻകുട്ടിച്ചേട്ടൻ ഇപ്പോൾ പറയുന്നത് വൈദ്യുതി നിയന്ത്രണം ഏർപ്പെടത്തേണ്ടിവരുമെന്നാണ്.  ഒരു ചെറിയ പ്രസ് പ്രവർത്തിപ്പിക്കാനും, ഒരു ചെറിയ ഫ്‌ളോർ മിൽ പ്രവർത്തിപ്പിക്കാനും, ഒരു തയ്യൽ യൂണിറ്റ് പ്രവർത്തിപ്പിക്കാനും കഴിയാത്തവിധം വൈദ്യുതി നിയന്ത്രണം ഇപ്പോൾ നാടുനീളെ ഒരറിയിപ്പുമില്ലാതെ നടപ്പാക്കിക്കഴിഞ്ഞിട്ടുണ്ട്. വോട്ട് പെട്ടിയിലായതോടെ, ജനം അങ്ങനങ്ങ് കാറ്റും കൊണ്ട് സുഖിച്ചിരിക്കേണ്ട എന്ന മട്ടിലാണ് കാവൽ മന്ത്രിയുടെ മനസ്സിലിരിപ്പ് എന്നു തോന്നുന്നു.

വേനൽക്കാലം കടുക്കുമെന്ന മുന്നറിയിപ്പുണ്ടായിട്ടും ഇപ്പോൾ കേരളത്തിലെ ഡാമുകളിൽ 34% വെള്ളമേയുള്ളൂ. ദീർഘകാല കരാറുകളുടെയെല്ലാം കാലാവധി തീർന്നുകഴിഞ്ഞു. ഇതിന്റെ കമ്മീഷനെല്ലാം കിട്ടി ബോധിച്ചു. ഇനി ഭരണം പിടിക്കുന്നവർ കറന്റിന്റെ കാര്യത്തിൽ വടി പിടിക്കട്ടെ എന്ന മട്ടിലാണ് വകുപ്പുമന്ത്രിയുടെ നിലപാട്. ഭരണവിരുദ്ധവികാരമുണ്ടെന്നും, ഈ തെരഞ്ഞെടുപ്പിൽ കസേര തെറിക്കുമെന്നും ആദ്യം മനസ്സിലാക്കിയത് സി.പി.എം. സംസ്ഥാന സെക്രട്ടറിയേറ്റാണ്. ഉള്ളിൽ ബോധമുണ്ട്, പുറത്ത് മിണ്ടാനാവില്ലെന്ന മട്ടിൽ പിണറായിയുടെ 'കട്ട പ്രതീക്ഷ' യുടെ പിന്നാലെയായിരുന്നു പല നേതാക്കളും. എന്നാൽ പാർട്ടിയുടെ കണ്ണൂരിലെയും ആലപ്പുഴയിലെയും കൊല്ലത്തെയും തിരുവനന്തപുരത്തെയും പാലക്കാട്ടെയും 'രാഷ്ട്രീയ കരിമരുന്ന് ശാല' കളിൽ ഉണ്ടായ പൊട്ടിത്തെറികളിലൂടെ പിണറായി മനസ്സിൽ കണ്ട 'തുടർ ഭരണപൂരം' കലങ്ങാൻ പോകുകയാണ്.

പെട്ടി പൊട്ടിക്കും മുമ്പുള്ള കോമഡികൾ

ബാലറ്റ് പെട്ടികൾ സൂക്ഷിച്ചിരിക്കുന്ന മുറിയിൽ മറന്നുവച്ചപോയ ഡയറി, കണ്ണട, വള്ളിനിക്കർ, തുടങ്ങിയ ഉദ്യോഗസ്ഥരുടെ പലതും 'സ്‌ട്രോങ്ങ് റൂം' തുറന്നെടുക്കാനുള്ള ഇലക്ഷൻ കമ്മീഷനിലെ ചില ഉദ്യോഗസ്ഥരുടെ തന്ത്രങ്ങൾ 'വോട്ട്' യന്തിരന്മാരുടെ നിറം മാറ്റിക്കളയമോയെന്ന സംശയം ഇതേ പംക്തിയിൽ ആഴ്ചകൾക്കു മമ്പേ എഴുതിയിരുന്നു. ഇലക്ഷൻ കമ്മീഷന്റെ എല്ലാ ചട്ടങ്ങളും കാറ്റിൽ പറത്തി സ്‌ട്രോങ്ങ് റൂമുകളും അവയോടനുബന്ധിച്ച് അനുബന്ധ മുറികളും തയ്യാറാക്കിയത് സംസ്ഥാന സർക്കാരിന്റെ കീഴിലുള്ള ഉദ്യോഗസ്ഥരാണെന്നു പരാതികളുണ്ട്.

പാലക്കാട്ട് നെന്മാറ, കോഴിക്കോട്ടെ കൊയിലാണ്ടി തുടങ്ങിയ സ്ഥലങ്ങളിൽ നിന്നുള്ള ബാലറ്റ് പെട്ടികളിൽ കൃത്രിമം നടത്താൻ ശ്രമമുണ്ടായതായി പരാതികളുണ്ട്. സ്‌ട്രോങ്ങ് റൂമുകളോ അനുബന്ധ റൂമുകളോ യാതൊരു കാരണവശാലും തുറക്കരുതെന്ന് സംസ്ഥാന ചീഫ് ഇലക്ഷൻ കമ്മീഷണർ ഇന്ന് ഉത്തരവിറക്കിയിട്ടുണ്ട്. ഇടതുപക്ഷ ചായ്‌വുള്ള ഇലക്ഷൻ ഉദ്യോഗസ്ഥന്മാർ ഇനിയും ബാലറ്റ്  പെട്ടികളിൽ കൈവയ്ക്കില്ലെന്ന് പ്രതീക്ഷിക്കാം.

ഇപ്പോൾ ഹോട്ടലുകളല്ല, 'ഓട്ട'ലുകൾ...

കേരളത്തിലേക്ക് പ്രവാസികളായി വരുന്നവർ സൂക്ഷിക്കണം. പല നഗരങ്ങളിലും ഹോട്ടൽ ഭക്ഷണം ഇപ്പോൾ കിട്ടാക്കനിയാണ്. ചില ഹോട്ടലുകൾ ഉച്ചഭക്ഷണത്തിനായും ചിലത് രാത്രി ഭക്ഷണത്തിനായും തുറന്നിരിപ്പുണ്ട്. ഗ്യാസ് ക്ഷാമം മൂലം ചെറിയ സ്‌പേസിൽ പ്രവർത്തിക്കുന്ന ഫാസ്റ്റ് ഫുഡ് കടകളെല്ലാം അടഞ്ഞു കിടക്കുകയാണ്. ഇത്തിരി ഭക്ഷണം, അല്ലെങ്കിൽ സ്‌നാക്‌സ് കൈയിൽ കരുതുക. വെള്ളമോ ജ്യൂസോ ബോട്ടിലിലാക്കി ബാഗിൽ വയ്ക്കുക. വഴിവക്കിൽ നിന്ന് ഭക്ഷണ പാനീയങ്ങൾ കഴിക്കമ്പോൾ ശ്രദ്ധിക്കുക. ചോറിനൊപ്പമുള്ള കറികളിലെല്ലാം വില കൂടിയ പച്ചക്കറികൾ ഹോട്ടലുകാർ ഒഴിവാക്കിയിട്ടുണ്ട്. ബീറ്റ്‌റൂട്ട്, ചീര തുടങ്ങിയവ മാറി മാറി കഥാപാത്രങ്ങളായി വരുന്ന കറികളേ ഇപ്പോൾ ഹോട്ടലുകളിൽ കിട്ടൂ എന്ന ഓർമ്മ യാത്രയ്ക്കു പോകുന്നവർക്ക് ഉണ്ടാകണം.

ചൂട് കലശലായതുകൊണ്ട് കാറിൽ സഞ്ചരിക്കുന്നവർ 'നട്ടപ്ര വെയിലിൽ' സഞ്ചരിക്കുന്ന ടൂ വീലർമാരോട് തർക്കിക്കാതിരിക്കുന്നതാണ് ആരോഗ്യത്തിന് നല്ലതെന്ന് ചിന്തിക്കണേ. കേരളത്തിലെ പൊതുവിടങ്ങൾ, എന്തിന് ഉൽസവപ്പറമ്പുകൾ പോലും കടുത്ത ചൂട് മൂലം കിളിപോയ അവസ്ഥയിലാണ്. തപാൽ ആപ്പീസുകൾ കേന്ദ്രവും റേഷൻഷാപ്പുകൾ സംസ്ഥാന സർക്കാരും അടച്ചുപൂട്ടിക്കൊണ്ടിരിക്കുകയാണെങ്കിലും കേരളത്തിലെ ഏത് മുക്കിലും മൂലയിലും മലയാളിക്ക് അടിച്ച് പാമ്പാകാൻ പറ്റിയ മദ്യക്കടകളും ബാറുകളുമെല്ലാം സുലഭമാണ് കേട്ടോ.

വാഴ രണ്ടും മോഹിനിയാട്ടവും

മലയാള സിനിമയിൽ ഇപ്പോൾ കൊച്ചു സിനിമകൾ തുരു തുരാ വിജയിക്കുകയാണ്. വാഴ2 സൂപ്പർ ഹിറ്റാണ്. പൊട്ടിപ്പൊളിഞ്ഞു പോയ ഭരതനാട്യത്തിന്റെ 'തുടർ സിനിമ' മോഹിനിയാട്ടവും പൊളിച്ചു. വാഴ 2ലെ അഭിനേതാക്കളൊന്നും തന്നെ സാധാരണ സിനിമാ പ്രേക്ഷകർക്ക് പരിചിതരല്ല. എന്നിട്ടും അവരുടെ ഓരോ ഡയലോഗും കേട്ട് ജനം കൈയടിക്കുന്നു. മമ്മൂട്ടിയുടെ 'പോത്തൻവാവ' എന്ന ചിത്രത്തിൽ 'മാറാമ്പൽ' എന്ന വിളിപ്പേരുള്ള ബിജുക്കുട്ടൻ വാഴ രണ്ടിൽ അടിപൊളിയാണ്.

സൈജു കുറുപ്പ് കൂടി സഹനിർമ്മാതാവായിട്ടുള്ള 'മോഹിനിയാട്ട' ത്തിന്റെ വിജയം അപ്രതീക്ഷിതമാണ്. താരപ്രകടനങ്ങളേക്കാൾ 'കഥ പറച്ചിലും' 'മേക്കിംഗ്‌സും' പ്രേക്ഷകരെ വല്ലാതെ ഹരം കൊള്ളിക്കുന്ന നാളുകളാണിത്. താരനിബിഡമായ 'പേട്രിയറ്റ് ' തിയറ്ററിലെത്തുന്നതിനുമമ്പേ അവധിക്കാല പ്രേക്ഷകരെ വാഴ2 ഉം 'മോഹിനിയാട്ടവും' അടിച്ചു മാറ്റുമെന്നു തോന്നുന്നു. സിനിമാലോകത്തെ ഈ 'കൊച്ചു കൊച്ചു ചിത്ര' ങ്ങൾ വൻ ഹിറ്റുകളാകുന്നത് മലയാള സിനിമയെ സംബന്ധിച്ചിടത്തോളം നല്ല ലക്ഷണമാണ്.

ആന്റണി ചടയമുറി


ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam