ഞാറക്കൽ ഉപതെരഞ്ഞെടുപ്പ് പ്രചരണം കഴിഞ്ഞ് രാത്രി ആലുവയിൽ നിന്ന് മുഖ്യമന്ത്രി കരുണാകരൻ തിരുവനന്തപുത്തേക്ക് യാത്ര തിരിച്ചു. ആ കാർ പള്ളിപ്പുറം സി.ആർ.പി.എഫ് ക്യാബിനടുത്ത് അപകടത്തിൽപ്പെട്ടു. മുഖ്യമന്ത്രി ഇരുന്നത് പിൻസീറ്റിൽ ആയിരുന്നു. കാറിന്റെ ഡോർ തുറക്കാൻ പറ്റുന്നില്ല. ഡിക്കി ഉയർത്തി പിൻസീറ്റ് അഴിച്ചു മാറ്റിയ ശേഷമാണ് മുഖ്യമന്ത്രിയെ പുറത്തെടുത്തത്.
ഉപതിരഞ്ഞെടുപ്പ് കൊടുമ്പിരി കൊണ്ടു നിൽക്കുന്ന സമയം. ഞാറക്കൽ തെരഞ്ഞെടുപ്പ് പ്രചരണം കഴിഞ്ഞ് രാത്രി ആലുവയിൽ നിന്ന് മുഖ്യമന്ത്രി കരുണാകരൻ തിരുവനന്തപുത്തേക്ക് യാത്ര തിരിച്ചു. ഡ്രൈവർ ഭാസ്‌ക്കരനെ കൂടാതെ ഗൺമാൻ രാമചന്ദ്രൻ നായരും കാറിലുണ്ട്. അന്നൊരു ബുധനാഴ്ചയായിരുന്നു. രാത്രി ഏറെ വൈകി കരുണാകരൻ സഞ്ചരിച്ച കാർ പള്ളിപ്പുറം സി.ആർ.പി.എഫ് ക്യാബിനടുത്ത് അപകടത്തിൽപ്പെട്ടു. കരുണാകരന് കാര്യമായ പരുക്കുണ്ട്. മുഖ്യമന്ത്രിയുടെ കാർ വെളുപ്പിന് രണ്ടേ അഞ്ചിന് കടന്നുപോയതായി മംഗലാപുരം പോലീസ് സ്റ്റേഷൻ റിപ്പോർട്ടിൽ രേഖപ്പെടുത്തിയിരുന്നു.
തുടർന്ന് കഷ്ടിച്ച് ഏഴു മിനിറ്റ് കഴിഞ്ഞപ്പോഴാണ് അപകടം. മുഖ്യമന്ത്രി ഇരുന്നത് പിൻസീറ്റിൽ ആയിരുന്നു. കാറിന്റെ ഡോർ തുറക്കാൻ പറ്റുന്നില്ല. ഡിക്കി ഉയർത്തി പിൻസീറ്റ് അഴിച്ചു മാറ്റിയ ശേഷമാണ് മുഖ്യമന്ത്രിയെ പുറത്തെടുത്തത്. ഈ സമയത്ത് എല്ലാം അദ്ദേഹത്തിന് ബോധം ഉണ്ടായിരുന്നു. സ്വതസിദ്ധമായ ആത്മധൈര്യം അപ്പോഴും പ്രകടിപ്പിച്ചു. സ്വന്തം കാര്യത്തെക്കുറിച്ച് ആയിരുന്നില്ല സംസാരിച്ചത്..! രാമചന്ദ്രൻ നായർക്കും ഡ്രൈവർക്കും എന്തെങ്കിലും സംഭവിച്ചോ എന്നായിരുന്നു ചോദിച്ചുകൊണ്ടിരുന്നത്.
സഞ്ചരിച്ചിരുന്ന കാറിൽ നിന്ന് പുറത്തെടുത്ത മുഖ്യമന്ത്രിയെ ഉടൻതന്നെ മെഡിക്കൽ കോളേജിൽ എത്തിച്ചു. തലയ്ക്ക് പിന്നിലാണ് പരിക്ക്. അപ്പോഴേക്കും വയലാർ രവി, പി.പി. ജോർജ്, പന്തളം സുധാകരൻ, ഉമ്മൻചാണ്ടി എന്നിവരെല്ലാം ഓടി എത്തിയിരുന്നു. മെഡിക്കൽ കോളേജ് സർജൻ ഡോക്ടർ തോമസ് മുറിവ് തുന്നി കെട്ടി. പിന്നെ സ്‌കാനിങ്ങിനായി ശ്രീ ചിത്തിരയിലേക്ക് മാറ്റി. അവിടെ മറ്റാർക്കും പ്രവേശനമില്ല. അപ്പോഴേക്കും കരുണാകരന് നേരിയതോതിൽ ന്യൂമോഡിയ ബാധിച്ചു. ഇത് എല്ലാവരിലും ആശങ്ക ഉളവാക്കി. ശസ്ത്രക്രിയ വഴി നെഞ്ചിലെ കഫക്കെട്ട് നീക്കിയതോടെ കരുണാകരൻ ഉന്മേഷവാനായി.
അദ്ദേഹത്തെ ജൂൺ പത്തിന് മുറിയിലേക്ക് മാറ്റി. രണ്ടാഴ്ചത്തെ വിശ്രമത്തിനുശേഷം കരുണാകരനെ ക്ലിഫ് ഹൗസിലേക്ക് മാറ്റി. അതിനിടെ ഞാറക്കൽ ഫലം വന്നു. 4214 വോട്ടിന്റെ വ്യത്യാസത്തിൽ ആയിരുന്നു അനന്തകുമാറിന്റെ പരാജയം. ഭരണ മുന്നണിക്കും കോൺഗ്രസിനും കനത്ത തിരിച്ചടിയായിരുന്നു ആ തെരഞ്ഞെടുപ്പ് ഫലം. സത്യത്തിൽ സർക്കാർ ഒട്ടേറെ നല്ല കാര്യങ്ങൾ ചെയ്തിരുന്നു. ജനത്തിന് കൊടുത്ത വാഗ്ദാനങ്ങൾ മിക്കവാറും നടപ്പിൽ വരുത്തി. എന്നാൽ കോൺഗ്രസിലെ തമ്മിലടിയും കുതികാൽ വെട്ടും ജനം വെറുത്തു. കടകകക്ഷികൾക്ക് അസ്വസ്ഥതയായി. അക്ഷരാർത്ഥത്തിൽ ഉപതെരഞ്ഞെടുപ്പ് പ്രചരണങ്ങളും അമ്പേ പാളിപ്പോയിരുന്നു. ഞാറക്കൽ തോൽവിയെ കുറിച്ച് ചർച്ച ചെയ്യാൻ കെ.പി.സി.സി പ്രസിഡന്റ് വയലാർ രവി ഓരോരുത്തരെയായി വിളിച്ചു. ഉമ്മൻ ചാണ്ടിയെ വിളിച്ച് സംസാരിച്ചു തുടങ്ങിയപ്പോൾ വിഷയം സാമ്പത്തിക പ്രതിസന്ധിയായി.
എങ്ങിനെയും
ധനസ്ഥിതി മെച്ചപ്പെടുത്തിയെ പറ്റു, അതിനുള്ള ചില നിർദ്ദേശങ്ങൾ വേണം. രവി
ഉമ്മൻചാണ്ടിയോട് അതാണ് ആവശ്യപ്പെട്ടത്. ഒന്നുകൂടി ഓർമിപ്പിച്ചു.
കെ.പി.സി.സി നിർവ്വാഹ സമിതിയിൽ ചർച്ചയ്ക്ക് വെക്കാൻ വേണ്ടിയാണ് എന്നുകൂടി
രവി ഓർമ്മപ്പെടുത്തി. ഉമ്മൻചാണ്ടി അതിന് അനുകൂലമായ ഒരു നിലപാടല്ല എടുത്തത്.
നിയമപരമായ തീരുമാനത്തിലേക്ക് നയിക്കാവുന്ന നിർദ്ദേശങ്ങൾ മുഖ്യമന്ത്രിയുടെ
അനുമതിയും അംഗീകാരവും ഇല്ലാതെ തനിക്ക് എങ്ങിനെ മുന്നോട്ടുവയ്ക്കാനാവും..?
അത് ശരിയാകുമെന്ന് തോന്നുന്നില്ല. മാത്രമല്ല മുഖ്യമന്ത്രിയുടെ
സാന്നിധ്യത്തിൽ അല്ലാതെ നിർവ്വാഹസമിതി അത്തരം ചർച്ച നടത്തിയിട്ട് എന്ത്
പ്രയോജനം..?
നിങ്ങൾക്ക് വേണമെങ്കിൽ പറയാം ധനസ്ഥിതി ചർച്ച ചെയ്യാനുള്ള
യോഗത്തിൽ പോലും ധനമന്ത്രി ഉമ്മൻചാണ്ടി പങ്കെടുത്തില്ല എന്ന് അങ്ങനെ
ആയിക്കോട്ടെ. അല്പം കടുപ്പിച്ചു തന്നെയാണ് ഉമ്മൻചാണ്ടി ഇങ്ങനെ പറഞ്ഞത്.
ഇതിനിടെ മറ്റൊരു ദുരന്തം കൂടി സംഭവിച്ചു. വഞ്ചിയൂർ കോടതി വളപ്പിൽ പത്രപ്രവർത്തകർക്കും അഭിഭാഷകർക്കും നേരെ പോലീസ് അതിക്രമം ഉണ്ടായത് വലിയ ഒച്ചപ്പാടിന് വഴിവെച്ചു. സംസ്‌കൃത കോളേജിലെ രാത്രി കാവൽക്കാരനായിരുന്ന വ്യക്തി കൊല്ലപ്പെട്ടു. ഈ സംഭവത്തിലെ പ്രതികൾ പോലീസുകാരായിരുന്നു. അവരെ കോടതിയിൽ ഹാജരാക്കേണ്ടതുണ്ട്. ആ അവസരത്തിൽ സംഘർഷത്തിന് ഏറെ സാധ്യതയുണ്ടെന്ന് ഇന്റലിജൻസി വിഭാഗം മുൻകൂട്ടി അറിയിച്ചു.
എന്നാൽ സർക്കിൾ ഇൻസ്‌പെക്ടറുടെ മുകളിലുള്ള ആരും തന്നെ സ്ഥലത്തുണ്ടായിരുന്നില്ല. പോലീസ് അസോസിയേഷന്റെ യോഗം നേരത്തെ ചേർന്ന് വ്യക്തമായ ആസൂത്രണത്തോടെയാണ് അവർ വന്നത്. 200ഓളം പോലീസുകാർ എത്തി എന്നും ഡ്യൂട്ടിയിൽ ഇല്ലാതിരുന്ന അവർക്ക് എ.ആർ ക്യാമ്പിൽ നിന്ന് വാഹനം ഏർപ്പാടാക്കിയത് ഉന്നത പോലീസ് ഉദ്യോഗസ്ഥന്മാരാണെന്നും പിന്നീട് ആരോപണം ഉയർന്നു. പ്രസ്സ് ഫോട്ടോഗ്രാഫർമാർ പ്രതികളുടെ ഫോട്ടോ എടുക്കാൻ ശ്രമിച്ചപ്പോൾ ഉണ്ടായ സംഘർഷം അതിരൂക്ഷമായി. പത്രക്കാർക്ക് വക്കീലന്മാരുടെ പിന്തുണയും ലഭിച്ചു.
അതിനു കാരണം റിപ്പോർട്ടേഴ്‌സിനും വക്കീലന്മാർക്കും പൊതുവെ തല്ലുകിട്ടി എന്നുള്ളതാണ്. വിശ്രമത്തിൽ ആയിരുന്ന കരുണാകരൻ എന്തായാലും ജൂൺ 24ന് ബുധനാഴ്ച മന്ത്രിസഭായോഗം വിളിച്ചുകൂട്ടി. ക്ലിഫ് ഹൗസിലെ ഒരു മുറി അതിനായി സജ്ജമാക്കി. വഞ്ചിയൂർ കോടതിയിൽ അങ്ങേറിയ സംഭവത്തിൽ കർശനമായ നടപടിയെടുക്കാൻ തന്നെ തീരുമാനമുണ്ടായി. തുടർന്ന് 25 പോലീസുകാരെ അറസ്റ്റ് ചെയ്തു. 1992 ജൂൺ 30ന് നിയമസഭ ചേരുകയാണ്. മുഖ്യമന്ത്രിയും സഭാനേതാവുമായ കരുണാകരൻ യോഗത്തിൽ പങ്കെടുക്കുന്നില്ല.
ആരോഗ്യം അതിന് അനുവദിക്കുന്നില്ല എന്നതാണ് കാരണം. ഇനിയെന്താണ് വഴി യു.ഡി.എഫ് യോഗം ചേർന്ന് ആലോചന തുടങ്ങി. ഒടുവിൽ കുഞ്ഞാലിക്കുട്ടി കരുണാകരനുമായി സംസാരിച്ചു. ഈ സമയത്ത് ഉമ്മൻചാണ്ടി തിരുവനന്തപുരത്ത് ഇല്ലായിരുന്നു. സഭാനേതാവിന്റെ ചുമതലകൾ ഉമ്മൻചാണ്ടി വഹിക്കട്ടെ എന്നായിരുന്നു തീരുമാനം. കോൺഗ്രസ് പാർലമെന്ററി പാർട്ടിയിലും യു.ഡി.എഫ് പാർലമെന്ററി പാർട്ടിയിലും അധ്യക്ഷത വഹിക്കണം.
എന്നാൽ മുഖ്യമന്ത്രി കൈകാര്യം ചെയ്തിരുന്ന വകുപ്പുകൾ ഉമ്മൻചാണ്ടിക്കും പി.പി. ജോർജിനും പകുത്തു നൽകി. അഖിലേന്ത്യ സർവീസ്, പ്ലാനിങ്, സയൻസ് ആൻഡ് ടെക്‌നോളജി എന്നിവയായിരുന്നു ഉമ്മൻചാണ്ടിക്ക് ലഭിച്ചത്. ആഭ്യന്തരവും പോലീസും ജയിലും പത്മരാജനും പൊതുഭരണം, ടൂറിസം, പബ്ലിക് റിലേഷൻസ് ആൻഡ് ഇൻഫർമേഷൻ, അന്തർ സംസ്ഥാന നദി ജല തർക്കങ്ങൾ എന്നിവ പി.പി. ജോർജ് കൈകാര്യം ചെയ്യട്ടെ എന്നും തീരുമാനമായി.
ഇതിനിടെ ഉമ്മൻ ചാണ്ടിയുടെ കാറും വലിയൊരു അപകടത്തിൽപെട്ടു. തലനാരിഴ വ്യത്യാസത്തിനുമാത്രമാണ് ജീവൻ തിരികെ കിട്ടിയത്. നിയമസഭ കഴിഞ്ഞ് ഒരു വെള്ളിയാഴ്ച ഉമ്മൻ ചാണ്ടി പുതുപ്പള്ളിയിലേക്ക് പോകവെയാണ് ഉച്ചയ്ക്ക് കുളനടയിൽ വച്ച് എതിരെ ചീറിപ്പാഞ്ഞുവന്ന വാൻ ഉമ്മൻ ചാണ്ടിയുടെ 23-ാം നമ്പർ സ്റ്റേറ്റ് കാറിലിടിക്കുന്നത്. പിൻസീറ്റിൽ ഇടത്തേ അറ്റത്തിരുന്ന ഉമ്മൻചാണ്ടിയുടെ ഇടതുകൈക്ക് ഗുരുതരമായ ഒടിവ് പറ്റി.
കാറിന്റെ മുൻ വശം പൂർണ്ണമായും തകർന്നു. പേഴ്‌സണൽ സ്റ്റാഫിലുള്ളവർക്ക് ചെറിയ പരിക്കുകളേ ഉണ്ടായിരുന്നുള്ളു. എന്നാൽ കോട്ടയം മുൻ ഡി.സി.സി മെമ്പർ ഉമ്മൻ മാത്യുവിന്റെ വലതുകൈ ഒടിഞ്ഞിരുന്നു. എല്ലാവരേയും ഉടൻ പന്തളം എൻ.എസ്.എസ് ആശുപത്രിയിലെത്തിച്ചു. കൈ പ്ലാസ്റ്റർ ഇട്ട ശേഷം ഉമ്മൻ ചാണ്ടിയെ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി.
(തുടരും)
ജോഷി ജോർജ്
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1