വി.ഡി. സതീശൻ തന്റെ കപ്പൽ യാത്ര തുടങ്ങിയിട്ടേയുള്ളൂ..
അത് തീരംവിട്ട് അരനാഴിക പിന്നിട്ടിട്ടില്ല. പ്രതീക്ഷകളുടെ വൻ തിരമാലകൾ ഭേദിച്ച് വേണം അതിന് മുന്നോട്ടു കുതിക്കാൻ. വാഗ്ദാനങ്ങളുടെ ഓളപ്പാത്തികളിലൂടെ നിലതെറ്റാതെ അതിന് സഞ്ചാരപഥം തെളിയണം. എതിർപ്പുകളുടെ അടിയൊഴുക്കുകൾ താണ്ടി വേണം ആദ്യ കര തൊടാൻ !
അപ്പോഴേയ്ക്കും സ്റ്റാർട്ടിങ് ട്രബിൾ ആരോപിച്ച് രംഗത്ത് വരുന്നവരുടെ ശബ്ദം കേരളം കേട്ടുതുടങ്ങി.
കപ്പൽ പുറപ്പെടും മുമ്പ് 'ഈ കപ്പൽ ആടിയൂലയുന്നുവോ സർ' എന്ന് ചോദിക്കുന്നവരെ തൽക്കാലം വിടാം.
പരാജയച്ചുഴിയിൽപ്പെട്ട് അടിത്തട്ടിലേക്ക് ആണ്ടുപോയ ആരെയും ഈ ഘട്ടത്തിൽ കുറ്റപ്പെടുത്താൻ വയ്യ. കാരണം, അവരുടെ എതിർപ്പുകൾ കരുത്താക്കാൻ വി.ഡി. സതീശൻ എന്ന മുഖ്യമന്ത്രിക്ക് കഴിയും എന്ന് കരുതാനായിരിക്കും അധികാരത്തിലെത്താൻ അദ്ദേഹത്തെ പിന്തുണച്ചവർക്ക് ഇഷ്ടം. തെരഞ്ഞെടുപ്പിൽവോട്ട് ചെയ്തവർക്കും, മുഖ്യമന്ത്രിയാവാൻ പാർട്ടിക്കുള്ളിൽ കൂടെ നിന്നവർക്കും അങ്ങനെതന്നെ.
വീണ്ടും വിജയിക്കുന്ന വി.ഡി. സതീശനെ നിലനിർത്തിയാൽ മാത്രമേ അദ്ദേഹം തെരഞ്ഞെടുപ്പാനന്തരം പറഞ്ഞ വിസ്മയങ്ങൾ കേരളത്തിന് യഥാവിധം ലഭിക്കുകയുള്ളൂ.
തെരഞ്ഞെടുപ്പ് പ്രചാരണ കാലത്ത് പ്രവചന സ്വഭാവത്തോടെ വിജയത്തിന്റെ കണക്കുകൾ മാധ്യമങ്ങൾക്ക് മുന്നിൽ പറഞ്ഞ സതീശൻ, പതിറ്റാണ്ടുകൾ നീണ്ട രാഷ്ട്രീയ ജീവിതത്തിൽ ആദ്യമായാണ് അധികാരത്തിന്റെ കുപ്പായം അണിയുന്നത് എന്ന പ്രത്യേകതയുണ്ട്.
അതുകൊണ്ടുതന്നെ അദ്ദേഹത്തിന് ഭരണപരിചയം കുറവാണെന്ന് കരുതുന്നവരും ധാരാളമുണ്ട്.
പരിചയസമ്പന്നനല്ലാത്ത ഒരാൾ.. ഭരിക്കുന്നവരെ അടുത്തുനിന്ന് കണ്ടുമാത്രം അനുഭവമുള്ള ഒരാൾ.. ഭരിച്ചവരെ കുറേക്കാലം നിരന്തരം വിമർശിച്ചുകൊണ്ടിരുന്ന ഒരാൾ ...പക്ഷേ ആദ്യം എത്തിയത് സർവ്വതിനും മേലെ മുഖ്യമന്ത്രിപദത്തിൽ !
35-ാം വയസ്സിൽ നിയമസഭാംഗമായി തുടങ്ങിയ സതീശൻ 61ൽ മുഖ്യമന്ത്രിയാകുമ്പോൾ സംഭവിക്കുന്നതും പ്രതീക്ഷിക്കുന്നതും ഇതുവരെ നടത്തിയ വാക് പോരാട്ടങ്ങളുടെ പൂർത്തീകരണമാണ്.
സിൻഡിക്കേറ്റുകൾ
ഇവിടെ ഒരു മാധ്യമ സിൻഡിക്കേറ്റ് ഉണ്ടെന്ന് പണ്ട് പിണറായി വിജയൻ ആരോപിച്ചപ്പോൾ പൊതുവേ കരുതി അത് സി.പി.എം വിരോധികളായ കുറച്ച് മാധ്യമങ്ങൾ കൈകോർത്ത് നടത്തുന്ന പിണറായി വധമാണെന്ന്. എന്നാൽ, അധികാരത്തിലേറി മണിക്കൂറുകൾക്കകം മാധ്യമ വിചാരണയുടെ കൂർത്ത നഖങ്ങൾ തനിക്ക് നേരെ നീണ്ടു വരുന്നത് സതീശനും അനുഭവിച്ചറിഞ്ഞു.
പ്രത്യേകിച്ച്,നവമാധ്യമങ്ങൾ കരുത്തരായി മാറിയ ഇക്കാലത്ത്. നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണക്കാലത്ത് സതീശൻ വല്ലാതെ നുണ പറയുന്നു എന്നായിരുന്നു ഇടതുപക്ഷത്തിന്റെ ആക്ഷേപം. എന്നാൽ,അതേ നുണകളുടെ ഘോഷയാത്രയാണ് തനിക്ക് നേരെ വരുന്നതെന്ന് സതീശൻ ഇപ്പോൾ തിരിച്ചറിയുന്നു. അത് അദ്ദേഹം തുറന്നു പറയുക കൂടി ചെയ്തു.
സർക്കാരിനെ വിമർശിക്കുകയല്ല, തകർക്കുകയാണ് ലക്ഷ്യം എന്ന മട്ടിൽ മാധ്യമ സിൻഡിക്കേറ്റുകൾ ഒരു മാസത്തിനുള്ളിൽ കരുത്തരായിക്കഴിഞ്ഞുവത്രെ.
പുതിയ സർക്കാർ സഹകരണ സ്ഥാപനങ്ങളിലെ ഫീസ് കൂട്ടിയെന്നായിരുന്നു ആദ്യ വാർത്ത. അത് ഇടത് സർക്കാർ ഫെബ്രുവരിയിൽ കൂട്ടിയതാണെന്ന് സതീശൻ തിരുത്തിയപ്പേഴേക്കും വാർത്ത ലോകംചുറ്റി തിരിച്ചുവന്നു കഴിഞ്ഞു.
ആർ.എസ്.എസിന്റെ പരിപാടിയിൽ വി.സിമാർ പങ്കെടുത്തത് തെറ്റാണെന്ന് താൻ പറഞ്ഞെങ്കിലും അത് പ്രതിപക്ഷം കേട്ടില്ലെന്ന് അദ്ദേഹം പരിതപിക്കുന്നു. ഇടതുകാലത്ത് നാല് വി.സിമാർ ആർ.എസ്.എസ് പരിപാടിയിൽ പങ്കെടുത്തപ്പോൾ അതിനെ അന്നത്തെ മന്ത്രി ബിന്ദു ന്യായീകരിച്ചു.
ഒടുവിൽ കെ.എസ്.ആർ.ടി.സിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര അട്ടിമറിക്കാൻ സർക്കാർ തന്നെ ഓർഡിനറി ബസ്സുകളെ സിറ്റി ബസ്സുകളാക്കി മാറ്റിയെന്ന സിൻഡിക്കേറ്റ് വാർത്തയും പൊളിച്ചടുക്കാൻ മുഖ്യമന്ത്രി തന്നെ കളത്തിലിറങ്ങേണ്ടി വന്നു.
ഈ കപ്പൽ ആടിയുലയുകയില്ല സാർ എന്ന് വീണാ ജോർജിനെ പോലെ വിളിച്ചു കൂവാനും തൽക്കാലം ആരും കൂടെയില്ല.
വിസ്മയം ബജറ്റിലും?
ആഭ്യന്തര വകുപ്പ് രമേശ് ചെന്നിത്തല പിടിച്ചുവാങ്ങിയപ്പോൾ ആഭ്യന്തരം കൈവശമില്ലാത്ത മുഖ്യമന്ത്രിയായി മാറിയ സതീശൻ, തന്റെ ഇഷ്ട മേഖലയായ സാമ്പത്തികം കൈവശം വച്ചപ്പോൾ തന്നെ ഒരു വിസ്മയ ബജറ്റ് പ്രതീക്ഷിക്കപ്പെട്ടതാണ്. ഒന്നര പതിറ്റാണ്ട് മുമ്പ് ലോട്ടറി മാഫിയക്കാലത്ത് ധനമന്ത്രി തോമസ് ഐസക്കുമായി കണക്കു വെച്ച് സംവാദം നടത്തിയ സതീശന്റെ ആദ്യ ബജറ്റ് ഒരു സ്‌നേഹ ബജറ്റ് ആയിരിക്കുമെന്ന് ന്യായമായി ഊഹിക്കാം. ബജറ്റ് അവതരിപ്പിക്കാൻ അവസരം ലഭിച്ച അപൂർവ്വം കോൺഗ്രസ് മുഖ്യമന്ത്രിമാരിൽ ഒരാൾ കൂടിയാണ് സതീശൻ.
വിസ്മയങ്ങൾ ഒളിപ്പിച്ച ആ ബജറ്റിന് വേണ്ടിയായിരിക്കാം മൂന്നുദിവസത്തോളം സന്ദർശകരെ മാറ്റി നിർത്തി അദ്ദേഹം കണക്കുകളുടെ ലോകത്ത് 'വനവാസ' ത്തിന് പോയത്. കണക്ക് പറഞ്ഞു മടുക്കുമെന്ന് ഉറപ്പായപ്പോഴാണ് സതീശൻ ഒരു 'അര'പിണറായി ലൈനിൽ മാധ്യമങ്ങളോട് അല്പം അകൽച്ച പുലർത്തിയത്.
അങ്ങനെയെങ്കിൽ പ്രചരണങ്ങളും കൊഴുക്കട്ടെ എന്നായി എതിർ ചേരി. തുടക്കത്തിലെ അതിനു പറ്റിയ ചേരുവകൾ വീണുകിട്ടുകയും ചെയ്തു. അതിൽ സണ്ണി ജോസഫിന്റെ അളിയൻ നിയമനവും രാജിയും നാട്ടുകാർക്ക് പറഞ്ഞു ചിരിക്കാൻ വകയുണ്ടാക്കി. പിന്നാലെ വന്ന ഗവൺമെന്റ് പ്ലീഡർ നിയമനം രാഷ്ട്രീയ എതിരാളികളിൽ പോലും അമ്പരപ്പ് ഉണ്ടാക്കി. എന്നാൽ ആ തെറ്റായ നിയമനങ്ങൾ കയ്യോടെ തിരുത്തി സർക്കാർ തടിയൂരി.
ഭരണ പരിചയക്കുറവ് ആരോപിച്ചവർക്ക് അതൊരു ആയുധവുമായി. വെട്ടിയും തിരുത്തിയും മുന്നോട്ട് പോകാൻ സതീശന് കൂട്ട് സതീശൻ മാത്രം!
ആഭ്യന്തര ആരോഗ്യ വകുപ്പുകളിൽ നടക്കുന്ന കാര്യങ്ങൾ. ആരോഗ്യവകുപ്പ് ഡയറക്ടറെ മാറ്റിയത് ഉൾപ്പെടെയുള്ള തലവേദനകൾ. ദേവസ്വം ബോർഡിലേത് ഉൾപ്പെടെയുള്ള സ്ഥലംമാറ്റ വിവാദങ്ങൾ. പേഴ്‌സണൽ സ്റ്റാഫിൽ കയറി പറ്റുന്ന അനഭിമതർ ...
എന്നാൽ അതിനിടെ, ചില നല്ല കാര്യങ്ങളും നടക്കുന്നു..
മവേലി സ്റ്റോറിൽ സബ്‌സിഡി സാധനങ്ങൾ സ്റ്റോക്ക് ഇല്ലെന്ന സത്യം രേഖപ്പെടുത്തിയതിന് സപ്ലൈകോയുടെ പ്രതികാര നടപടി നേരിട്ട മനേജരെ തിരിച്ചെടുത്തത് പോലുള്ള കാര്യങ്ങൾ.
ഏതായാലും ബജറ്റ് കഴിഞ്ഞ് കുറെ നല്ല കാര്യങ്ങൾക്ക് തുടക്കമിടാൻ മുഖ്യമന്ത്രി സമയം ചോദിച്ചിട്ടുണ്ട്.
മുല്ലപ്പെരിയാർ വിഷയത്തിൽ തമിഴ്‌നാടുമായും രാത്രികാല യാത്രയിൽ കർണാടകയുമായും കേരളത്തിന്റെ വിഷയങ്ങൾ ചർച്ച ചെയ്യാൻ ഒരുങ്ങുകയാണ് സർക്കാർ.
ബജറ്റിൽ 35000 കോടിയുടെ സ്വപ്‌നം കാണുന്ന തനിക്ക്, 20,500 കോടി മാത്രമേ ഖജനാവിൽ നീക്കിയിരിപ്പ് കാണുന്നുള്ളൂ എന്ന് പറയേണ്ടി വന്നു,സതീശന് !
ഏതായാലും,സുസ്ഥിരമായ ഒരു ഭരണം ഏതൊരു ജനതയുടെയും അവകാശമാണ്. ഭരിക്കാൻ അധികാരത്തിൽ കയറ്റിയവരെ അതിന് അനുവദിക്കുക കൂടി വേണം. മുൻകാല ചെയ്തികളുടെ എല്ലാം പാപഭാരം ഏറ്റു കൊണ്ടുവേണം ആർക്കും ഭരണയന്ത്രം തിരിക്കാൻ.
ചെയ്തുപോയ തെറ്റുകൾ തിരുത്തപ്പെടാനും ആവർത്തിക്കാതിരിക്കാനും ജാഗ്രത പുലർത്തേണ്ട പുതിയ ഭരണാധികാരികളെ നിരന്തരം വേട്ടയാടി പ്രതിപക്ഷത്തേക്കാൾ വലിയ പ്രതിപക്ഷം കളിക്കുന്നത് വിനോദമാക്കുന്നവർ ചെയ്യുന്നത് ഭരണ യന്ത്രത്തെ പിന്നോട്ട് തിരിക്കലാണ്. താൽക്കാലികമായെങ്കിലും അതു സൃഷ്ടിക്കുന്ന പ്രതിസന്ധികൾ നാടിന് ആപത്താണ്;
ജനവിരുദ്ധമാണ്.. അത് ജനാധിപത്യത്തിന്റെ ഏത് അളവുകൾ വച്ചുകൊണ്ടാണെങ്കിലും !
നന്നാക്കാൻ കഴിയാത്ത സ്റ്റാർട്ടിങ് ട്രബിൾ ഉണ്ടോ?
പ്രജിത്ത് രാജ്
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1
