ദേവരാജൻ മാഷ് ഈണമിടാനായി ശ്രീകുമാരൻ തമ്പി ആദ്യമെഴുതിയ ഗാനത്തിന്റെ തുടക്കം 'അപസ്വരങ്ങൾ, അപസ്വരങ്ങൾ' എന്നായിരുന്നു. വരികൾ വായിച്ചതും ദേവരാജൻ മാഷിന്റെ മുഖം ചുവന്നു. ആദ്യത്തെ ഗാനത്തിന് ഇങ്ങനെയൊരു തുടക്കമോ? എന്താടോ ഇത് എന്നു പറഞ്ഞ് ഗാനമെഴുതിയ കടലാസ് മാഷ് തമ്പിയുടെ മുഖത്തേയ്ക്ക് വലിച്ചെറിഞ്ഞു.
അന്നത്തെ തമ്പി കറുത്തു മെലിഞ്ഞ കൗമാരം വിട്ട പ്രായത്തിലുള്ള ഒരു യുവാവായിരുന്നു. മീശ മുളയ്ക്കാത്ത പയ്യന്റെ അഹങ്കാരമാണ് ആ വരികൾ എന്ന് ദേവരാജൻ മാഷ് തെറ്റിദ്ധരിച്ചത് സ്വാഭാവികം. സ്വന്തമായി തിരക്കഥയും സംഭാഷണവും രചിച്ച 'ചിത്രമേള' എന്ന സിനിമയിൽ ആ ഗാനത്തിന്റെ പ്രസക്തി നിർമ്മതാവായ കെ.പി. കൊട്ടാരക്കര വിവരിച്ചു പറഞ്ഞതിനെ തുർന്നാണ് ദേവരാജൻ മാഷ് അടങ്ങിയത്.
കേരളം തകരില്ല,കേരളം തളരില്ല... പുതിയ ഗാനം
കേരള സാഹിത്യ അക്കാദമി ചെയർമാൻ സച്ചിദാനന്ദനും തമ്പിയും തമ്മിലാണ് ഇപ്പോൾ 'ഗോഗ്വാ വിളി'. സ്ഥിരം കേൾക്കുന്ന വരികളാണ് കേരളത്തിനായി തമ്പി എഴുതിയ ശീർഷക ഗാനത്തിലുള്ളതെന്ന് സച്ചി വാദിക്കുന്നു. ഗാനം തെരഞ്ഞെടുക്കേണ്ട കമ്മിറ്റിയിലെ അംഗങ്ങളിൽ ഒരാളായ ലീലാവതി ടീച്ചറാകട്ടെ ഈ ഗാനം കണ്ടിട്ടുമില്ല. അപ്പോൾ സച്ചി തമ്പിയെ ചെറുതായൊന്ന് 'ആക്കി'യതാണ് ഗാനം അസ്വീകാര്യമാവാൻ കാരണമെന്ന് ആർക്കും ചിന്തിക്കാവുന്നതേയുള്ളൂ. സച്ചിദാനന്ദനെ തമ്പി വിളിക്കുന്നത് 'ഗദ്യമെഴുതുന്ന കവി' എന്നാണ്.
ഇതോടെ സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ വിവാദത്തിൽ ഇടപെട്ട് ശീർഷക ഗാനമേതായിരിക്കണമെന്ന കാര്യത്തിൽ തീരുമാനമായിട്ടില്ലെന്ന് മാധ്യമങ്ങളോട് പറഞ്ഞ് തടിതപ്പി. തമ്പി സംഘിയാണെന്ന് ആരോ കമ്മ്യൂണിസ്റ്റ് ചേരിയെ അറിയിച്ചതിനെ തുടർന്നാണ് അദ്ദേഹമെഴുതിയ ഗാനം തള്ളിക്കളഞ്ഞതെന്ന് നവ മാധ്യമങ്ങളിൽ പ്രചരണമുണ്ട്. ഏതായാലും പുതിയ ബജറ്റിൽ ധനമന്ത്രിയുടെ ഒരു ഗാനശകലമുണ്ട്:
''കേരളം തകരില്ല, കേരളം തളരില്ല'' എന്ന ഈ വരിയോടൊപ്പം കഴിയുമെങ്കിൽ കുറെ ഈരടികൾ എഴുതി സി.പി.എം. ഏരിയാ സെക്രട്ടറിയുടെ ശുപാർശ കത്തോടെ മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് അയച്ചാൽ മതി. ചിലപ്പോൾ നിങ്ങളായിരിക്കും കേരള ഗാനശിൽപ്പിയെന്ന് സ്വപ്‌നം കാണാൻ ഏത് കമ്മ്യൂണിസ്റ്റുകാരനും അവകാശമുണ്ട്. ഒരു കൈനോക്കരുതോ?
ഒറ്റയ്ക്ക് കൂട്ടിയാൽ ആവില്ല അണികളേ...
ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുമ്പ് പാർട്ടിയണികളോടുള്ള കുമ്പസാരത്തിൽ ഒറ്റയ്ക്ക് മൽസരിച്ച് സീറ്റ് നേടാൻ കെൽപ്പില്ലെന്ന് പാർട്ടി മുൻകൂട്ടി പറഞ്ഞു കഴിഞ്ഞു. ഇത്തരമൊരു സാഹചര്യത്തിൽ പ്രാദേശികമായ 'അപസ്വരങ്ങൾ' മുന്നണിയിൽ അരുതെന്ന് പാർട്ടിയുടെ മാർഗ നിർദ്ദേശക രേഖയിലുണ്ട്. ഈ രേഖയിലെ ആദ്യത്തെ ഏറ്റുപറച്ചിൽ കൗതുകമുണർത്തുന്നതാണ്. സി.പി.എം. ഇതുവരെ ബഹുജന പിന്തുണയുള്ള പാർട്ടിയായി മാറിയിട്ടില്ലെന്നാണ് ഈ കുമ്പസാരം. കേരളത്തിൽ നടത്തിയ രാഷ്ട്രീയ ഇടപെടലുകൾ ശരിയായിരുന്നുവെന്ന് ജനങ്ങളിൽ എത്തിക്കുവാൻ പാർട്ടിയണികളെ നേതൃത്വം ഭരണമേൽപ്പിക്കുന്നു.
രേഖയിലെ മൂന്നാമത്തെ നിർദ്ദേശമാണ് പാർട്ടിയിലെ 'അപസ്വരങ്ങൾ' പരിഹരിക്കണമെന്നുള്ളത്. അങ്ങനെ അപസ്വരങ്ങളും ഭിന്നതകളും പറഞ്ഞു തീർക്കണമെന്നത് മുന്നണി സംവിധാനം നിലനിർത്താൻ വേണ്ടി വരുമെന്ന് രേഖ അനുശാസിക്കുന്നു. സാമ്പത്തിക പ്രതിസന്ധികൾക്ക് നടുവിൽ കേരളത്തിലെ 139 ഇടങ്ങളിൽ രാഷ്ട്രീയ പ്രചരണയോഗങ്ങൾ നവകേരള സദസ്സെന്ന നിലയിൽ സംഘടിപ്പിച്ച സി.പി.എം. മുന്നണിക്ക് ലോക് സഭാ തെരഞ്ഞെടുപ്പ് ഇടതു മുന്നണിക്ക് അനുകൂലമാകാതിരിക്കാൻ കാരണങ്ങളുണ്ട്.
ഇലക്ഷനു മുമ്പ് മൈക്രോഫിനാൻസ് കേസിൽ ഒരു സമുദായനേതാവിന് കേരളത്തിലെ വിജിലൻസ് ക്ലീൻ ചിറ്റ് നൽകിയത് വോട്ട് ബാങ്ക് പ്രീണനമാണെന്നു പറയുന്നവരോട് ''പോയി പണിനോക്ക്'' എന്നേ ഗോവിന്ദൻ മാഷ് പറയൂ.
ബിന്ദുവിൽ നിന്നും ബിന്ദുവിലേക്ക് ?
സ്വകാര്യ സർവ്വകലാശാലകൾ ആരംഭിക്കുന്നത് പാർട്ടിയുടെ നയമാണെന്ന് സെക്രട്ടറി എം.വി.ഗോവിന്ദൻ പറഞ്ഞു കഴിഞ്ഞു. ചരിത്രപണ്ഡിതനായ രാജൻ ഗുരുക്കളും കൂട്ടരും ഈ 'നയം മാറ്റം' പഠിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ അറിവോടെ വിദേശ രാജ്യങ്ങൾ സന്ദർശിച്ചത് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ. ബിന്ദു അറിയാതെ പോയതിലുള്ള അതൃപ്തി അവർ മാധ്യമങ്ങളെ അറിയിച്ചു കഴിഞ്ഞിട്ടുണ്ട്. എന്നാൽ, ഗോവിന്ദൻ മാഷ് ഇതിനകം ധനമന്ത്രിക്ക് സംരക്ഷണം നൽകിക്കഴിഞ്ഞു. അതോടെ മന്ത്രി ആർ. ബിന്ദുവിന് പറഞ്ഞതത്രയും വിഴുങ്ങേണ്ടി വരാം. എസ്.എഫ്.ഐ. വിദേശ സർവകലാശാലകളെ എതിർക്കുമെന്ന് പറഞ്ഞിട്ടുണ്ട്.
പാർട്ടിയുടെ കടിഞ്ഞാണിനു കീഴിൽ നിൽക്കാത്ത വിദ്യാർത്ഥിനേതാക്കളൊന്നും ഇപ്പോഴില്ല. അതുകൊണ്ടുതന്നെ ആ അപസ്വരങ്ങൾ വായുവിൽ അലിഞ്ഞുപോകും.
ഇന്ന് (ബുധൻ) പതിവിൽ പടിയുള്ള മന്ത്രിസഭായോഗമില്ല. മുഖ്യമന്ത്രിയും മന്ത്രിമാരും കേന്ദ്ര വിരുദ്ധ സമരത്തിനായി ഡെൽഹിയിലേക്ക് പോയിക്കഴിഞ്ഞു. ബജറ്റിനെപ്പറ്റി സി.പി.ഐ. മന്ത്രിമാർക്കുള്ള പ്രതിഷേധം മന്ത്രിസഭയിൽ ഉന്നയിക്കാൻ അടുത്ത ബുധനാഴ്ച വരെ അവർ കാത്തിരിക്കേണ്ടിവരും.
മാണിസാറിന്റെ മരുമകനെ തഴയേണ്ടിയിരുന്നോ?
ലോക് സഭാ സീറ്റിലേക്കുള്ള യു.ഡി.എഫ്. സ്ഥാനാർത്ഥികളെ അപസ്വരങ്ങളില്ലാതെ അടുത്ത ബുധനാഴ്ച (ഫെബ്രുവരി 14) പ്രഖ്യാപിക്കുമെന്ന് കെ.സുധാകരനും വി.ഡി. സതീശനും അറിയിച്ചിട്ടുണ്ട്. കേരളത്തിലെ ലോക്‌സഭാ സീറ്റുകളിൽ സുധാകരൻ മൽസരിക്കാത്തതുകൊണ്ട് ഒഴിവ് വന്നിട്ടുള്ള കണ്ണുരൂം കഴിഞ്ഞ തവണ എൽ.ഡി.എഫിന്റെ ആരിഫ് ജയിച്ച ആലപ്പുഴയിലും മാത്രമാണ് സസ്‌പെൻസ് തുടരുന്നത്. ആലപ്പുഴയിൽ 'എല്ലാം ശാന്ത' മാണെന്ന് സി.പി.എം. കരുതുന്നില്ല. ജി. സുധാകര വിഭാഗവും, കുട്ടനാട്ടിലെ പാർട്ടി വിമതരും ചേർന്നാൽ പാർട്ടി സ്ഥാനാർത്ഥി പരാജയപ്പെടുമെന്ന ഭയം എ.കെ.ജി. സെന്ററിൽ ഇരിക്കുന്നവർക്കുമുണ്ട്.
ആലപ്പുഴ, കൊല്ലം സീറ്റുകൾ കരിമണൽ കർത്തായുടെ പണക്കൊഴുപ്പിൽ വിജയിച്ചിരുന്ന നാളുകളല്ല ഇത്. കെ.സി.വേണുഗോപാലിനെ ആലപ്പുഴയിൽ മൽസരിപ്പിക്കണമെങ്കിൽ എ.ഐ.സി.സി. സെക്രട്ടറി സ്ഥാനവും രാജ്യസഭാംഗത്വവും തടസ്സമാകും. അങ്ങനെയെങ്കിൽ, അപ്രതീക്ഷിത സ്ഥാനാർത്ഥിയായി നടൻ സിദ്ധിഖിന്റെ പേര് പത്രങ്ങൾ പറഞ്ഞു പരത്തിയിട്ടുണ്ട്. കേരളാ കോൺഗ്രസ്, ജോസഫ് ഗ്രൂപ്പും മാണി ഗ്രൂപ്പും നേരിട്ട് ഏറ്റുമുട്ടാനിടയുള്ള കോട്ടയം സീറ്റ് ഇത്തവണ യു.ഡി.എഫിന്റെ സേഫ് സീറ്റാണ്. റബ്ബറിന്റെ സബ്‌സിഡി തുക ലഭിക്കാത്തതും, വില 10 രൂപ മാത്രം ഉയർത്തിയതും മാണി ഗ്രൂപ്പിനെ ജനസമക്ഷം കോമാളിയാക്കിക്കഴിഞ്ഞിട്ടുണ്ട്.
ഫ്രാൻസിസ് ജോർജിന് ഈ സീറ്റ് നിഷ്പ്രയാസം മാണി ഗ്രൂപ്പിൽ നിന്ന് പിടിച്ചെടുക്കാവുന്ന രാഷ്ട്രീയ കാലാവസ്ഥയാണ് ഇപ്പോഴുള്ളത്. മാണി സാറിന്റെ മരുമകൻ എം.പി.ജോസഫ് ഐ.എ.എസിന്റെ പേരും പരിഗണനയിലുണ്ടായിരുന്നു. ഹിന്ദിയടക്കം അഞ്ചോ ആറോ ഭാഷകൾ അറിയാവുന്ന എം.പി.ജോസഫ് കളക്ടർ എന്ന നിലയിലും ലേബർ കമ്മീഷണർ എന്ന നിലയിലും കാഴ്ചവച്ച 'സേവനത്തിളക്കം'ജോസഫ് ഗ്രൂപ്പ് കാണാതെപോയോ എന്ന സന്ദേഹം പൊതുസമൂഹത്തിനുണ്ട്.
അപസ്വരങ്ങൾ ഉയരുന്ന രാഷ്ട്രീയവേദികൾ
അപസ്വരങ്ങളിൽ ആയിരുന്നല്ലോ ഈ ആഴ്ചക്കുറിപ്പിന്റെ തുടക്കം. ഇരുമുന്നണികളിലും, എന്തിന് എൻ.ഡി.എ.യിൽപോലും ഇപ്പോൾ രാഷ്ട്രീയ അപസ്വരങ്ങളുണ്ട്. പിണറായി വിജയനെയും കുടുംബത്തെയും ഈ തെരഞ്ഞെടുപ്പ്‌വേളയിൽ മോദി സർക്കാർ പ്രതികൂട്ടിലാക്കിയാൽ, കേരളത്തിൽ അത്തരമൊരു നീക്കം യു.ഡി.എഫിന് തുണയാകുമെന്ന് ബി.ജെ.പി.ക്ക് അറിയാം, പിണറായിയെ ബി.ജെ.പി.യിൽ നിന്ന് തൽക്കാലം രക്ഷിച്ചു നിർത്തുന്ന കെ.വി.തോമസിന് കഴിഞ്ഞ മന്ത്രിസഭായോഗത്തിൽ ഓണറേറിയമായി അനുവദിച്ചത് 24 ലക്ഷം രൂപയാണ്.
വരാൻപോകുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സി.പി.എം.നെ ബി.ജെ.പി.യിൽ നിന്ന് രക്ഷിക്കാനുള്ള 'ജാമ്യപ്പണ' മായി അത് മാറുമോ? അതല്ലെങ്കിൽ, 'വൈകിവരുന്ന വസന്തം'പോലെ തോമസ് മാഷ് എറണാകുളത്തോ ആലപ്പുഴയിലോ ഇടതു സ്ഥാനാർത്ഥിയായി അവതരിക്കുമോ? രാഷ്ട്രീയത്തിൽ എന്തും സംഭവിക്കാം. പാർട്ടികളിലെയും മുന്നണികളിലെയും അപസ്വരങ്ങൾക്ക് ജാഗ്രതയോടെ ചെവിയോർത്താൽ, രാഷ്ട്രീയക്കാരുടെ മലക്കം മറിച്ചിലുകൾ നമുക്ക് കാണാനാകും.
അതിർത്തി ഗ്രാമങ്ങളിൽ അട്ടിമറി സാധ്യത?
ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തമിഴന്മാർക്ക് എന്തു കാര്യമെന്നു ചോദിക്കരുത്. കാരണം, പാലക്കാട്ടും തിരുവനന്തപുരത്തും ഇടുക്കിയിലുമെല്ലാം തമിഴ്‌വോട്ടർമാരുടെ സ്വാധീനം ഇതിനു മുമ്പുണ്ടായിട്ടുണ്ട്. തമിഴിലെ 'ഇളയ ദളപതി' തമിഴന്റെ മനസ്സിൽ 'ദളപതി' യാണിപ്പോൾ. ഫെബ്രുവരി 9ന് തമിഴകത്തിന്റെ പ്രിയ നടൻ രജനീകാന്തിന്റെ ലാൽസലാം റിലീസാണ്. വിജയിന്റെ പാർട്ടിയണികളും രജനിയുടെയും കമലിന്റെയും അണികളും കൂടി അതിർത്തി ഗ്രാമങ്ങളിൽ രാഷ്ട്രീയ വിജയങ്ങൾക്കോ പരാജയങ്ങൾക്കോ വഴിയൊരുക്കാം.
ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സി.പി.എം. മുന്നണി തോൽക്കുന്നത് വാർത്തയാവില്ല. തരംഗവുമാവില്ല. യു.ഡി.എഫ്. ജയിച്ചാലോ? അത് ഒന്നൊന്നര തരംഗമാകും. പക്ഷെ, 'ഇരിക്കുന്ന കൊമ്പ് മുറിക്കുന്ന'കോൺഗ്രസുകാരുടെ സ്ഥിരം അപശ്രുതികൾ ഒഴിവാക്കേണ്ടതുണ്ട്. അതിനു കഴിഞ്ഞാൽ കോൺഗ്രസിനും, ജനാധിപത്യത്തിനും നല്ല കാലം വരുന്നുവെന്ന് ആശ്വസിക്കാനാകും.
ആന്റണി ചടയംമുറി
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1