'എന്റെ കേരളം' എന്ന വിഷയത്തിൽ പ്രദർശനമേളകൾ നടത്തിവരികയാണ് ഇടതുസർക്കാർ. പ്രദർശനമായാലും ആഘോഷമായാലും ക്യാഷ് തടയും. നഷ്ടത്തിലോടുന്ന പൊതുമേഖലാ സ്ഥാപനങ്ങൾക്കുപോലും 'എന്റെ കേരള'ത്തിൽ കൗപീനമഴിച്ച് തോരണംകെട്ടാൻ സർക്കാർ അനുമതി നൽകിയിട്ടുണ്ട്.
കോണകത്തിന്റെ കളർ മാത്രം ഒന്ന് ശ്രദ്ധിച്ചാൽ മതിയെന്ന നിർദേശമാണ് ഇണ്ടാസിലുള്ളത്. കമ്മീഷണർ ഭരത്ചന്ദ്രനെ' വിജയിപ്പിച്ച് ലോക്‌സഭയിലേക്ക് അയച്ച തൃശൂരിൽ ബി.ജെ.പി.' 'വികസിത കേരള'മെന്ന പേരിൽ പുലികളി തുടങ്ങിക്കഴിഞ്ഞു.
ഇങ്ങനെ നവകേരളത്തിന്റെ പുതുവഴികൾ വിവിധ പരിപാടികളാൽ അലംകൃതമാണിപ്പോൾ. ഇതിനിടെ ആശാവർക്കർമാരുടെ വാഹനയാത്രയും നവകേരള വീഥിയിൽ നടക്കുന്നുണ്ട്.
എല്ലാവർക്കും വാക്‌സിൻ, ഹഹഹ!
കേരളത്തിലെ, സോറി, നവകേരളത്തിലെ പേപ്പട്ടി ശല്യം ഗുരുതരമായി മാധ്യമങ്ങൾ കാണണമെന്ന് കഴിഞ്ഞ ആഴ്ചക്കുറിപ്പിൽ പറഞ്ഞിരുന്നു. വേടന്റെ പുലിപ്പല്ലിനു പിന്നാലെ പാഞ്ഞ വിഷ്വൽ പ്രേമികളായ ചാനലുകളും മറ്റും ഇപ്പോൾ വാക്‌സിനെടുത്തിട്ടും മരണപ്പെട്ട കുരുന്നുകൾക്കുവേണ്ടി വലിയ വായിൽ 'വയലിൻ' വായിക്കാൻ തുടങ്ങിയിട്ടുണ്ട്. ഇതിനിടയിൽ കെ.ജി.എം.ഒ.എ. (സർക്കാർ ഡോക്ടർമാരുടെ സംഘടന) യുടെ ഒരു പ്രസ്താവന കണ്ടു. ഇനി പേപ്പട്ടികളിൽനിന്ന് കേരളത്തെ രക്ഷിക്കാൻ ഒറ്റ വഴിയേയുള്ളൂ.
എല്ലാ ജനങ്ങൾക്കും കൊച്ചും പിച്ചും വൃദ്ധരുമായ എല്ലാവർക്കും വാക്‌സിൻ നൽകുന്നതാണ് ഈ പ്രതിസന്ധിക്കുള്ള ഏക പരിഹാരമെന്ന് 'പെരിയ' ഡോക്ടർമാരുടെ ആ സംഘടന സർക്കാരിനെ അറിയിച്ചുകഴിഞ്ഞിട്ടുണ്ട്. തെരുവുനായ്ക്കളെ നിയന്ത്രിക്കാനോ, നായ്ക്കളെ വന്ധ്യംകരിക്കാനുള്ള എ.ബി.സി. കേന്ദ്രങ്ങൾ തുടങ്ങാനോ ശ്രമിക്കാതെ, എല്ലാ മാന്യ മഹാജനങ്ങളുടെ പൊക്കിളിനു ചുറ്റും സൂചി കയറ്റിക്കളിക്കുന്ന നിർദേശത്തിനു പിന്നിലെ കച്ചവടത്തിന്റെ പൂച്ചക്കണ്ണ് അരിയാഹാരം കഴിക്കുന്നവർക്കുമാത്രമല്ല, കുഴിമന്തിയോ ഷവർമയോ കഴിക്കുന്നവർക്കും മനസ്സിലാകുമെന്ന് എന്തേ അവർ ചിന്തിക്കുന്നില്ല?
കാശടിച്ചുമാറ്റാൻ ഇങ്ങനെ ഏത് 'പൊളപ്പൻ' നിർദേശവും മുന്നോട്ടുവയ്ക്കുന്ന ഈ 'സംഘടനാപുംഗവ'ന്മാരെ കണ്ടെത്തി അവരെ കേരളത്തിന്റെ ഖജനാവ് കാര്യസ്ഥന്മാരാക്കുന്നതാണ് നല്ലത്. കാരണം, രോഗിയെ കണ്ടാലും നെഞ്ചിടിപ്പ് കേട്ടാലും നാഡിമിടിപ്പ് നോക്കിയാലും രോഗത്തിന്റെ 'ജാതകം' നിശ്ചയിക്കാൻ നിരവധി ടെസ്റ്റുകൾ എഴുതുന്ന ചില 'ഡോക്ടർ ഏമാന്മാർക്ക്' പണ്ടൊരു മമ്മൂട്ടി സിനിമയിൽ (താപ്പാന) കൊടുത്ത കരണംപൊട്ടുന്ന ഒരടികൊടുക്കാൻ സമയമായിട്ടുണ്ട്.
അത്രയ്ക്ക് ഭീകരമാണ് ചില ഡോക്ടർമാരുടെ കാശിനോടുള്ള ആർത്തി. എല്ലാ ഡോക്ടർമാരും അങ്ങനെയല്ല. ഒരു ബംഗാളി നോവലിലെ പ്രശസ്തിയാർജിച്ച 'ജീവൻ മശായി'യെപ്പോലെയുള്ള നല്ല കിണ്ണംകാച്ചിയ ഡോക്ടർമാരും നമുക്കുണ്ടെന്നത് മറക്കുന്നില്ല.
കോഴിക്കോട്ടെ പുകപ്പുകിലുകൾ .....
കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി (6 ജില്ലകൾക്കായുള്ള) സർക്കാരിന്റെ ഏക സൂപ്പർ സ്‌പെഷ്യാലിറ്റി ആശുപത്രിയാണ്. ഏകദേശം ഒരുകോടി ജനങ്ങൾ നിവസിക്കുന്ന ഈ ജില്ലകളിലെ ഇടത്തരക്കാർക്കും പാവങ്ങൾക്കും എന്തിനും ഏതിനും ഓടിച്ചെല്ലാവുന്ന ആശുപത്രി. എന്നാൽ ഈ ആശുപത്രി ഇപ്പോൾ ഒരു അധോലോക നിയന്ത്രണ സംവിധാനത്തിലാണ്. ഐ.സി.യു.വി.ൽ കിടന്നിരുന്ന രോഗിയായ യുവതിയെ ഭരണപക്ഷ സംഘടനയിൽപെട്ട ഒരു അറ്റൻഡർ മാനഭംഗപ്പെടുത്തിയത് ഈ ആശുപത്രിയിൽവച്ചായിരുന്നു.
അവയവങ്ങൾ മാറി നടത്തുന്ന ശസ്ത്രക്രിയകളും ശസ്ത്രക്രിയാ ഉപകരണങ്ങൾ (ഒരു കേസിൽ കത്രിക) രോഗിയുടെ ശരീരത്തിനുള്ളിൽവച്ച് തുന്നിക്കെട്ടിയ വിവാദവുമെല്ലാം ഈ ആശുപത്രിയെ തീരാക്കങ്കളത്തിലാക്കിയിട്ടുണ്ട്. രോഗികൾക്ക് കൂടുതൽ സൗകര്യങ്ങൾ നൽകാനായി മെഡിക്കൽ കോളേജിന് പുതിയ കെട്ടിടം നിർമിക്കാൻ അനുതി നൽകിയത് കേന്ദ്രം ഭരിച്ചിരുന്ന യു.പി.എ. സഖ്യമായിരുന്നു. അന്നത്തെ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗിന്റെ പ്രത്യേക പി.എം.എസ്.വൈ. പദ്ധതിയിൽ ഉൾപ്പെടുത്തി ഗ്രൗണ്ട് ഫ്‌ളോർ അടക്കം 7 നിലയിലുള്ള കെട്ടിടം നിർമിക്കാൻ കേന്ദ്രം അനുമതി നൽകി. ''കോട്ടയത്തെ എച്ച്.എൻ.എൽ. കമ്പനിയായിരുന്നു 200 കോടി രൂപ ചെലവ് വരുന്ന കെട്ടിട നിർമാണത്തിന്റെ കരാർ ഏറ്റെടുത്തത്.
ഇതേ കമ്പനി കൊച്ചിയിലുള്ള ഒരുനിർമാണ കമ്പനിക്ക് ഉപ കരാർ കൊടുത്തു. 2015ൽ കെട്ടിടം പണി പൂർത്തിയായെങ്കിലും ഇതിനനുസരിച്ച് സ്റ്റാഫിനെ നിയമിക്കുന്നതിൽ സർക്കാർ ഉഴപ്പി. 1960ലെ സ്റ്റാഫ് പാറ്റേണിലാണ് ഇപ്പോഴും ഈ ആശുപത്രി പ്രവർത്തിക്കുന്നത്. പുതിയ കെട്ടിടത്തിന്റെ ഗേറ്റിൽ രണ്ടു വർഷമായി ഒരു സെക്യൂരിറ്റി പോലുമില്ല. അടിസ്ഥാനപരമായി ഈ പ്രശ്‌നങ്ങൾ പരിഹരിക്കാൻ ആരോഗ്യ വകുപ്പിന്റെ ഭാഗത്തുനിന്ന് ഒരു ശ്രമവും ഉണ്ടായിട്ടില്ല. എന്തിനും ഏതിനും 'മലബാർ പ്രേമം' നുരഞ്ഞൊഴുകുന്ന ഇടതുകക്ഷികളും ഇക്കാര്യത്തിൽ ശബ്ദമുയർത്തിയിട്ടില്ല, ഇതേവരെ.
ആദ്യം പുക, പിന്നെ തീ എന്ന മട്ടിലാണ് മെഡിക്കൽ കോളേജാശുപത്രിയിലെ അപകടങ്ങൾ ഉണ്ടായത്. വെള്ളിയാഴ്ചയുണ്ടായ പുക വിവാദങ്ങളെത്തുടർന്ന് മന്ത്രി വീണാ ജോർജ് ശനിയാഴ്ച സ്ഥലത്തെത്തി. ഇതിനിടെ സംഭവസ്ഥലത്തുവച്ച് മരിച്ചവരുടെ പോസ്റ്റ്‌മോർട്ടം തിരക്കിട്ട് നടത്തി. പുക ശ്വസിച്ചതുകൊണ്ടല്ല രോഗികൾ മരിച്ചതെന്ന വിചിത്ര റിപ്പോർട്ട് പുറത്തുവിട്ടതോടെ, സർക്കാർ കൈ കഴുകി. ആർക്കും നഷ്ടപരിഹാരം നൽകേണ്ട കാര്യമില്ലെന്ന രീതിയിൽ ക്ലീനായി വിവാദം കുഴിച്ചുമൂടുകയായിരുന്നു ബന്ധപ്പെട്ടവർ ചെയ്തത്. ഒരർഥത്തിൽ കെട്ടിടം നിർമിച്ചവരും മെഡിക്കൽ കോളജ് അധികൃതരുമെല്ലാം തന്ത്രപൂർവം തലയൂരാൻ ഈ പോസ്റ്റ്‌മോർട്ടംവഴി ബന്ധപ്പെട്ടവർ ശ്രമിച്ചുവോ? എന്നാൽ കെട്ടിടത്തിന്റെ പരിശോധനകൾ പൂർത്തിയാക്കാതെ 35 രോഗികളെ വീണ്ടും അതേ കെട്ടിടത്തിലേക്ക് എന്തിന് മാറ്റിയെന്നതിന് ആശുപത്രി അധികൃതർ മറുപടി നൽകിയിരുന്നുമില്ല.
മന്ദഹാസ മുത്തായ മേയറും കരാറുകാരും
എന്തിനും ഏതിനും ഇടതുപക്ഷ ഭരണ സംവിധാനങ്ങളെ പ്രതിക്കൂട്ടിൽ നിർത്തുകയാണോ ഈ ആഴ്ചക്കുറിപ്പിലൂടെ ചെയ്യുന്നതെന്ന ചോദ്യം സ്വാഭാവികമാണ്. പക്ഷെ, ഒരു ചെറിയ വാർത്തയിൽ കൊച്ചി മേയർ എം. അനിൽകുമാറിനെ കോർപറേഷനിലെ കരാറുകാർ അഭിനന്ദിക്കുന്നതു കണ്ടു. 44 മാസമായുള്ള കരാറുകാരുടെ കുടിശ്ശിക 17 മാസമായി കുറച്ചുകൊണ്ടുവരാൻ മേയർ കാണിച്ച ഇച്ഛാശക്തിയെയാണ് കരാറുകാർ അഭിനന്ദിച്ചത്. 'കയ്യടിക്കടാ' എന്നൊരു 'കമ്മട്ടിപ്പാടം' ഡയലോഗാണ് ഇവിടെ എഴുതാൻ തോന്നുന്നത്.
കോർപറേഷൻ ഭരണം വീണ്ടും പിടിക്കാൻ ഇടതുമുന്നണിക്ക് കഴിഞ്ഞേക്കുമെന്ന തോന്നൽ എന്തായാലും നഗരത്തിലെ ഇടതുപക്ഷ അണികൾക്കുണ്ട്. കാരണം കേരളത്തിന്റെ ഖജനാവ് നിറയ്ക്കുന്നതിൽ എപ്പോഴും നമ്പർ വൺ ആണ് എറണാകുളം ജില്ല. ആ ജില്ലയുടെ 'തല'യെന്നു പറയുന്നത് കൊച്ചി കോർപറേഷനാണ്. മറൈൻഡ്രൈവിൽ 2005ലാണ് കോർപറേഷന്റെ ആസ്ഥാനമന്ദിരത്തിന് ശിലയിട്ടത്. ഇപ്പോൾ രണ്ട് ദശകം കഴിഞ്ഞ് ഇതിനകം 40 കോടി രൂപ മുടക്കിക്കഴിഞ്ഞ കോർപറേഷൻ ഓഫീസ് മന്ദിരം ഏതാനും മാസങ്ങൾക്കുള്ളിൽ ഉദ്ഘാടനം ചെയ്യാൻ ഇടതുഭരണത്തിന് കഴിയുമെന്ന കാര്യം തീർച്ചയാണ്.
ജെയിംസ് 'ബോണ്ട്' പോലെ എന്തോ ഒന്ന്!
ഇതോടൊപ്പം ജനങ്ങൾക്കായി ഒരു മുന്നറിയിപ്പ് കൂടിയുണ്ട്. കോർപറേഷനിലെ വികസന പദ്ധതികൾക്കായി മുനിസിപ്പൽ ബോണ്ടിറക്കാൻ സർക്കാർ നടപടി സ്വീകരിച്ചുകഴിഞ്ഞു. ഇന്ത്യയിൽ ഇതാദ്യമായാണ് ഒരു നഗരസഭ ഇത്തരം ബോണ്ടുകളിറക്കാൻ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ അനുമതി തേടുന്നത്.
എന്നാൽ കൊച്ചിൻ കോർപറേഷൻ പിരിച്ചെടുക്കാനുള്ള കെട്ടിട നികുതി 184.79 കോടി രൂപയാണ്. കെ സ്മാർട്ട് സോഫ്റ്റ്‌വെയറിലെ ഈ കണക്ക് കോർപറേഷന്റെ വാർഷിക ധനകാര്യ സ്‌റ്റേറ്റ്‌മെന്റുമായി ഒത്തുപോകുന്നില്ല. ഈ സ്‌റ്റേറ്റ്‌മെന്റ്അനുസരിച്ച് 77.40 കോടി രൂപ മാത്രമേ കെട്ടിടനികുതിയിനത്തിൽ കുടിശ്ശികയുള്ളൂവെന്ന് കോർപറേഷൻ വിശദീകരിക്കുന്നു.
ഇനി മറ്റൊരു കണക്കുകൂടി കേട്ടോളൂ: നഗരസഭാ ജീവനക്കാരുടെ പെൻഷൻ ഫണ്ട്, ജി.എസ്.ടി., നഷ്ടപരിഹാരം എന്നീ ഇനങ്ങൽ സംസ്ഥാന സർക്കാർ കോർപറേഷന് നൽകാനുള്ളത് 247 കോടി രൂപയാണ്! കൊച്ചിൻ കോർപറേഷൻ സർക്കാരിൽ അടയ്ക്കാനുള്ള 32.04 കോടി രൂപ തട്ടിക്കിഴിച്ചാലും കിട്ടാനുള്ളത് 135 കോടി രൂപയാണ്. തൊഴിൽ നികുതി കൃത്യമായി പിരിക്കാതെയും മറ്റും കോർപറേഷന്റെ വരുമാനത്തിലുണ്ടാകുന്ന ചോർച്ചയും കണക്കിലെടുക്കണം.
കോർപറേഷന് സർക്കാരിൽനിന്നും മറ്റ് സ്രോതസുകളിൽനിന്നും ലഭിക്കേണ്ട തുക എന്തെങ്കിലും 'പരിഗണന'യുടെ പേരിൽ കിട്ടാതെ പോകുന്ന അവസ്ഥയ്ക്ക് അറുതിവരുത്തണം. ബോണ്ടിലൂടെ പണം കണ്ടെത്തുമ്പോഴും അതിന്റെ നൂലാമാലകൾ ജനത്തിന് പിൽക്കാലത്ത് കുരുക്കായി മാറരുത്.
ജോർജ് സാർ പൊളിച്ചു...
കഴിഞ്ഞ ആഴ്ചക്കുറിപ്പിൽ 'തുടരും' സിനിമയെക്കുറിച്ചും തരുൺമൂർത്തിയെക്കുറിച്ചും എഴുതിയെങ്കിലും വില്ലന്റെ കാര്യം വിട്ടുപോയി. സോറി. സിനിമയിലെ വില്ലൻവേഷം അവതരിപ്പിച്ച പ്രകാശ്‌വർമ 'നിർവാണ' എന്ന പരസ്യക്കമ്പനിയുടമയാണ്. 'ചിരിച്ചുകൊണ്ട് മുട്ടൻപണി'തരുന്ന ജോർജ് സാർ എന്ന വില്ലൻ കഥാപാത്രത്തെക്കുറിച്ച് സോഷ്യൽമീഡിയ വാതോരാതെ പറഞ്ഞുകൊണ്ടിരിക്കുന്നു. മോഹൻലാലിന് 18 കോടി, ശോഭനയ്ക്ക് 4 കോടി എന്ന പ്രതിഫലക്കണക്കും യൂട്യൂബിൽ കണ്ടു.
മലയാള സിനിമയ്ക്ക് നഷ്ടമായ സച്ചിയെപ്പോലെ 'പടമെടുപ്പ് പണി' കൃത്യമായി അറിയാവുന്ന തരുൺമൂർത്തിയും കഥാകൃത്തും തിരക്കഥയെഴുത്തിൽ മൂർത്തിയോടൊപ്പം പങ്കാളിയുമായ കെ.ആർ.സുനിലും, സുനിൽ കണ്ടെത്തിയ സുന്ദര വില്ലൻ പ്രകാശ് വർമയും മലയാള സിനിമയ്ക്ക് കിട്ടിയ സൗഭാഗ്യങ്ങളാണ്.
സിനിമയ്ക്കുശേഷം പ്രൊമോ സോംഗ് തയ്യാറാക്കി യൂട്യൂബിലിട്ട പുതിയ വിപണന തന്ത്രത്തിനും 'കൊടുകൈ'! ഇപ്പോൾത്തന്നെ 'കൊണ്ടാട്ടം' എന്ന പ്രൊമോ സോംഗ് കണ്ടവർ 60 ലക്ഷം കടന്നിരിക്കുന്നു. 12 വർഷമായി ഈ സിനിമയുടെ 'കഥാതന്തു' ഒരു കുഞ്ഞിനെപ്പോലെ ലാളിച്ച് നെഞ്ചോട് ചേർത്തുനടന്ന നിർമാതാവ് എം. രഞ്ജിത്തിനും ഒരു 'കിടുക്കാച്ചി സല്യൂട്ട്'!
ആന്റണി ചടയംമുറി
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1