''ഹൃദയം മറന്നൂ നാണയത്തുട്ടിന്റെ കിലുകിലാ ശബ്ദത്തിൽ...'' ചന്ദനച്ചോലയെന്ന സിനിമയ്ക്കു വേണ്ടി നാലു പതിറ്റാണ്ടു മുമ്പ് യേശുദാസ് പാടിയ വരികൾ ആകാശവാണിയിൽ ദീർഘകാലം ഹിറ്റായിരുന്നു. മുപ്പത്ത് രാമചന്ദ്രൻ രചിച്ച് കെ.ജെ. ജോയ് ഈണമേകിയ ഈ ഗാനം ഇപ്പോൾ ഓർമ്മയിലേക്കു വീണ്ടുമെത്തിച്ചിരിക്കുന്നു ആൻജിയോപ്‌ളാസ്റ്റി ചികിത്സയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വി.ഡി.സതീശൻ അടുത്തിടെ നടത്തിയ പരാമർശം.
ആവശ്യമില്ലാത്തവർക്കുപോലും ആൻജിയോപ്ലാസ്റ്റി ചെയ്യുന്നത് ഒഴിവാക്കണമെന്ന് കേരള ഹാർട്ട് കെയർ സൊസൈറ്റിയുടെ രജത ജൂബിലി ആഘോഷം കോഴിക്കോട്ട് ഉദ്ഘാടനം ചെയ്യവേ ഹൃദ്രോഗ വിദഗ്ധരോട് മുഖ്യമന്ത്രി നടത്തിയ അഭ്യർത്ഥന പൊതുസമൂഹത്തിലും മെഡിക്കൽ രംഗത്തും സ്വാഭാവികമായും വലിയ ചർച്ചകളിലേക്കു പരിണമിച്ചു. മുഖ്യമന്ത്രിയുടെ പരാമർശം സാധാരണ മനുഷ്യരുടെ മനസിലുള്ള വികാരത്തിന്റെ നേർ പ്രതിഫലനമായാണ് സമൂഹത്തിന് ബോദ്ധ്യപ്പെട്ടത്.
ആ പറഞ്ഞത് കയ്‌പേറിയ സത്യമാണെന്ന് സമ്മതിച്ചുകൊണ്ട് കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് ഹൃദ്രോഗ വിഭാഗം മേധാവി തന്നെ രംഗത്ത് വന്നു. എന്നാൽ ഐ.എം.എ ഇതിൽ എതിർപ്പ് പരസ്യമാക്കി. ഇന്റർവെൻഷണൽ കാർഡിയോളജി കൗൺസിൽ ഓഫ് കേരളയാകട്ടെ ഐ.എം.എ യെ സാധൂകരിച്ചു.
കേരളത്തിലെ സ്വകാര്യ ആശുപത്രികളുടെ കച്ചവട താത്പര്യങ്ങൾക്കെതിരെ സമൂഹത്തിൽ പൊതുവേ ശക്തമായ പ്രതിഷേധവും രോഷവും ഒരു സുപ്രഭാതത്തിൽ പൊടുന്നനെ ഉണ്ടായതല്ല. 40 രൂപയുടെ ഗുളികയ്ക്ക് 400 രൂപ വരെ ഈടാക്കിയ ആശുപത്രികൾ സംസ്ഥാനത്തു തന്നെ ഉണ്ടെന്നതും ഇപ്പോഴും നല്ലതുപോലെ പ്രവർത്തിച്ചുവരുന്നുണ്ട് എന്നതും എല്ലാവർക്കും അറിയാവുന്നതാണ്. ഐ.സി.യുവിന്റെയും വെന്റിലേറ്ററിന്റെയും മറ്റും പേരും പറഞ്ഞ് മണിക്കൂറുകൾക്ക് ലക്ഷങ്ങൾ ഈടാക്കുന്ന രീതിയിലേക്ക് പല ആശുപത്രികളും മാറി.
അതിന്റെ പൊള്ളൽ ഏൽക്കേണ്ടിവന്നവരുടെ പ്രതിഷേധവും ആശുപത്രികൾക്കെതിരെയുള്ള ആക്രമണങ്ങളും മറ്റും സാമൂഹിക മാധ്യമങ്ങളിലൂടെയും അല്ലാതെയുമൊക്കെ സമൂഹത്തിൽ ചർച്ചയായി നിലനിൽക്കുന്നു. സ്വകാര്യ ആശുപത്രികളിൽ നടക്കുന്ന ആൻജിയോപ്‌ളാസ്റ്റികൾ സംബന്ധിച്ച കൃത്യമായ കണക്കുകൾ എവിടെയും ലഭ്യമല്ല. സ്വകാര്യ ആശുപത്രികളിലെ ആൻജിയോപ്‌ളാസ്റ്റിക്ക് മൂന്നു ലക്ഷം മുതൽ അഞ്ചു ലക്ഷം വരെയാണ് ഈടാക്കാറുള്ളത്.
ചികിത്സയെ വെറുമൊരു ബിസിനസായി കാണുന്ന ചില കോർപ്പറേറ്റ് ആശുപത്രികൾ യഥാർത്ഥത്തിൽ സ്വകാര്യ മേഖല എന്ന സങ്കൽപ്പത്തിന് തന്നെ കളങ്കമായി മാറിയിരിക്കുന്നു. മുഖ്യമന്ത്രി വി.ഡി.സതീശൻ നടത്തിയ പരാമർശം സംബന്ധിച്ച ഒരു സംവാദം നടക്കുന്നത് നല്ലതാണ്. കയ്‌പേറിയ ഒട്ടേറെ യാഥാർത്ഥ്യങ്ങൾ പുറത്തുവരാൻ അത് വഴിതെളിക്കും.
ആൻജിയോപ്ലാസ്റ്റി ആവശ്യമില്ലാത്തവയ്ക്കുപോലും അതു ചെയ്യുന്ന അവസ്ഥയ്‌ക്കെതിരെ ക്യാംപെയിൻ നടത്തണമെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. ' 10 ആൻജിയോപ്ലാസ്റ്റി ചെയ്താൽ 2 എണ്ണത്തിന്റെ പണം ഡോക്ടർക്കു കിട്ടും. ആളു വന്ന് ഇരിക്കുമ്പോഴേക്കും ആൻജിയോപ്ലാസ്റ്റി പറയും. വീട്ടിൽ പോയി സംസാരിക്കട്ടെ എന്നു പറഞ്ഞാൽ അത് നിങ്ങളുടെ റിസ്‌ക്കിൽ ആയിരിക്കുമെന്ന് പറയും. വീട്ടിൽപോയി തിരിച്ചുവന്നാൽ ഒരു ചുക്കും സംഭവിക്കില്ല. പക്ഷേ, വീടിന്റെ ആധാരമൊക്കെ പണയംവച്ച് ആൻജിയോപ്ലാസ്റ്റി ചെയ്യും. ചെയ്യേണ്ട കേസാണോ, ചെയ്യേണ്ടാത്തതാണോ, മരുന്ന് കഴിച്ചാൽ തീരുന്നതാണോ എന്നൊന്നും നമ്മുക്ക് അറിവില്ല. രണ്ടാമതൊരു അഭിപ്രായം പലരും എടുക്കാറുമില്ല.'
രോഗികളുടെയും ബന്ധുക്കളുടെയും അജ്ഞതയും ഭീതിയും മുതലെടുക്കുന്ന ഒരു രംഗമായി ആരോഗ്യമേഖല അധഃപതിച്ചിരിക്കുകയാണ്. ഇതിനു പിന്നിൽ സ്വകാര്യ ആശുപത്രികളുടെയും മറ്റും കച്ചവടതാത്പര്യമല്ലാതെ മറ്റൊന്നുമല്ല. സ്‌റ്റെന്റ് ലോബിയും ഇതിന് പിന്നിൽ സജീവമാണ്. സ്റ്റെന്റ് നിർമ്മാണ കമ്പനികൾ വലിയ ഓഫറുകൾ നൽകി ഡോക്ടർമാരെ പ്രേരിപ്പിക്കാറുണ്ടെന്നും ആരോപണമുണ്ട്. ചെറിയ നെഞ്ചുവേദനയുമായി ആശുപത്രിയിലെത്തിയാൽ പോലും വിശദ പരിശോധനയുടെ ഒടുവിൽ ആൻജിയോപ്‌ളാസ്റ്റി വേണമെന്ന് നിർദ്ദേശിക്കുന്നത് ഒരു പതിവായി മാറിയിരിക്കുകയാണെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.
ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും ഡോക്ടർമാർ തന്നെ രംഗത്ത് വരികയും ചെയ്തു. ചികിത്സയ്ക്ക് അമിത ഫീസ് ഈടാക്കുന്ന സ്വകാര്യ ആശുപത്രികളുടെ പ്രവണത തടയാൻ നിയമ നിർമ്മാണം ഉൾപ്പെടെയുള്ള നടപടികൾ ഉണ്ടാകുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെ.മുരളീധരൻ വ്യക്തമാക്കി.
സ്‌റ്റെന്റ് ഉപയോഗത്തിൽ കേരളം രാജ്യത്ത് മൂന്നാം സ്ഥാനത്താണെന്ന് അറ്റോമിക് എനർജി റഗുലേറ്ററി ബോർഡിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. കേരളത്തിൽ പ്രതിമാസം പതിനായിരത്തോളം സ്‌റ്റെന്റുകൾ ഉപയോഗിക്കപ്പെടുന്നു. പല വിലയ്ക്കുള്ള സ്‌റ്റെന്റുകൾ ലഭ്യമാണ്. ഇതിനായി ലക്ഷങ്ങൾ ഒരോ രോഗിക്കു വേണ്ടിയും ചെലവിടേണ്ടി വരും.
ആവശ്യമില്ലാത്ത കേസുകളിൽ പോലും അടിച്ചേൽപ്പിക്കുന്ന ഒന്നായി കേരളത്തിൽ ആൻജിയോപ്‌ളാസ്റ്റി ചികിത്സ മാറിയിരിക്കുന്നു എന്നത് വസ്തുതയാണ്. ചില സ്വകാര്യ ആശുപത്രികൾ ഡോക്ടർമാർക്ക് ആൻജിയോപ്‌ളാസ്റ്റി ടാർഗറ്റും നൽകുന്നു. ഇതിന്റെ ഭാഗമായാണ് ഗുരുതരമായ പ്രശ്‌നങ്ങളില്ലാത്തവർക്കും
സ്‌റ്റെന്റ് ഇടുന്നത്. കേരളത്തിൽ 2025ൽ മാത്രം നടന്നത് 52,621 ആൻജിയോപ്ലാസ്റ്റിയാണ്. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ മാത്രം പ്രതിമാസം 350 വരെ ആൻജിയോപ്‌ളാസ്റ്റി ചെയ്യുന്നുണ്ട്. അനിവാര്യമായവർക്ക് മാത്രമാണ് ഇവിടെ ഇത് ചെയ്യുന്നതെന്നാണ് കാർഡിയോളജി വിഭാഗം പറയുന്നത്.
ആശങ്ക ഏറിയാൽ...
അനാവശ്യ ചികിത്സകളെക്കുറിച്ചുള്ള ആശങ്ക ഹൃദയാഘാതം പോലുള്ള അടിയന്തര സാഹചര്യങ്ങളിൽ ചികിത്സ വൈകാൻ കാരണമാകരുതെന്ന് ഇന്റർവെൻഷണൽ കാർഡിയോളജി കൗൺസിൽ ഓഫ് കേരള (ഐ.സി.സി.കെ.) ഇതിനിടെ ഓർമ്മിപ്പിക്കുന്നു. ഓരോ ചികിത്സയ്ക്കും വ്യക്തമായ വൈദ്യശാസ്ത്രപരമായ ആവശ്യകത ഉണ്ടായിരിക്കണമെന്ന നിലപാടിനോട് പൂർണമായി യോജിക്കുന്നതായും ഐ.സി.സി.കെ. അറിയിച്ചു. ഹൃദയചികിത്സകളെക്കുറിച്ചുള്ള പൊതുവായ അവിശ്വാസം ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കാം. കടുത്ത നെഞ്ചുവേദനയോ ഹൃദയാഘാത സൂചനകളോ ഉണ്ടായാൽ പരിശോധനയെയോ ആൻജിയോപ്ലാസ്റ്റിയെയോ കുറിച്ചുള്ള ഭയം മൂലം ആശുപത്രിയിലെത്തുന്നത് വൈകിക്കരുത്.
'ഹൃദയാഘാത സമയത്ത് നടത്തുന്ന അടിയന്തര ആൻജിയോപ്ലാസ്റ്റിയെ മുൻകൂട്ടി നിശ്ചയിച്ച ചികിത്സയുമായി താരതമ്യം ചെയ്യാനാകില്ല. ഹൃദയത്തിലേക്കുള്ള രക്തക്കുഴൽ പെട്ടെന്ന് അടയുമ്പോൾ എത്രയും വേഗം രക്തപ്രവാഹം പുനഃസ്ഥാപിക്കുന്നത് ഹൃദയപേശി സംരക്ഷിക്കാനും പലപ്പോഴും ജീവൻ രക്ഷിക്കാനും അടിയന്തര ആൻജിയോപ്ലാസ്റ്റി നിർണായകമാണ്.'
ഐ.സി.സി.കെ. പ്രസിഡന്റ് ഡോ. രാജേഷ് ടി. പറഞ്ഞു. സംഘടനയുടെ സംസ്ഥാനതല രജിസ്ട്രി കണക്കുകൾ പ്രകാരം കേരളത്തിൽ നടക്കുന്ന ആൻജിയോപ്ലാസ്റ്റികളിൽ 70 ശതമാനത്തിലേറെയും അടിയന്തരവും ഗുരുതരവുമായ ഹൃദയാവസ്ഥകളുമായി ബന്ധപ്പെട്ടവയാണത്രേ. ആൻജിയോപ്ലാസ്റ്റികളുടെ എണ്ണം മാത്രം അടിസ്ഥാനമാക്കി വിലയിരുത്തുന്നതിനു പകരം, ഓരോ നടപടിക്കും വ്യക്തമായ ചികിത്സാ ആവശ്യകത ഉണ്ടോ, അടിയന്തര ചികിത്സ ആവശ്യമായവർക്ക് അത് സമയത്ത് ലഭിച്ചോ എന്നിവയാണ് പരിഗണിക്കപ്പെടേണ്ടതെന്ന് ഐ.സി.സി.കെ. ചൂണ്ടിക്കാട്ടി.
ആധുനിക ഹൃദ്രോഗചികിത്സയിൽ രോഗനിർണയവും ചികിത്സാ തീരുമാനങ്ങളും കൂടുതൽ കൃത്യവും വസ്തുനിഷ്ഠവുമായി മാറിയിട്ടുണ്ട്. ഇ.സി.ജി., കാർഡിയാക് മാർക്കറുകൾ, കൊറോണറി ഇമേജിങ്, ആവശ്യമായിടത്ത് കൂടുതൽ സൂക്ഷ്മമായ പരിശോധനകൾ എന്നിവയിലൂടെ ആൻജിയോപ്ലാസ്റ്റി ആവശ്യമായ രോഗികളെ കൂടുതൽ കൃത്യമായി തിരിച്ചറിയാൻ ഇന്ന് സാധ്യമാണെന്നും ഡോ. രാജേഷ് ടി. പറയുന്നു.
ഇതിനിടെ, അനാവശ്യ ആൻജിയോപ്ലാസ്റ്റി സംബന്ധിച്ച മുഖ്യമന്ത്രി വി.ഡി.സതീശന്റെ പരാമർശത്തെ കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് ഹൃദ്രോഗ വിഭാഗം മേധാവി ഡോ. ജി.രാജേഷ് ശക്തമായി പിന്തുണച്ചത് സ്വന്തം വീക്ഷണങ്ങളുടെ കൂടി പിൻബലത്തോടെയാണ്. ഒരുനാൾ ആരെങ്കിലും സത്യം വിളിച്ചുകൂവുമെന്നും അതിനു ധൈര്യവും ഭവിഷ്യത്തുകൾ താങ്ങാനുള്ള കരുത്തും ഉള്ള ഒരാൾ ഇതു തുറന്നു പറഞ്ഞത് നന്നായെന്നും ഇതു 100% സത്യമാണെന്നും ഡോ. ജി. രാജേഷ് ഫെയ്‌സ്ബുക്കിൽ കുറിച്ചു.
'പ്രതിദിനം 500 മുതൽ 600 വരെ രോഗികൾ മെഡിക്കൽ കോളേജ് കാർഡിയോളജി ഒപിയിൽ എത്തുന്നുണ്ട്. പക്ഷേ, ഇവിടെ പല ദിവസവും നടക്കുന്നത് പതിനഞ്ചിൽ താഴെ ആൻജിയോപ്ലാസ്റ്റി കേസുകൾ മാത്രം. മുഖ്യമന്ത്രി പറഞ്ഞതു സത്യമാണ്. ഏതെങ്കിലും മെഡിക്കൽ സ്‌പെഷ്യൽറ്റി വല്ലാതെ തരം താഴ്ന്നിട്ടുണ്ടെങ്കിൽ അതു കാർഡിയോളജി ആണ്. അതിന്റെ ഒരു കാരണം ഡിഎം സീറ്റുകൾ കുത്തനെ കൂട്ടിയതാണ്.
ഞാൻ പഠിക്കുമ്പോൾ കേരളത്തിൽ ആകെ ഉണ്ടായിരുന്നത് 3 സീറ്റുകൾ, ഒരെണ്ണം ലക്ചറർ കോട്ട ആയിരുന്നു. ഇപ്പോൾ കേരളത്തിൽ മാത്രം മുപ്പതിൽ കൂടുതൽ. ഇത്രയും കൂട്ടരുത് എന്നു പറഞ്ഞ ഒരു പ്രഫസറെ, യോഗത്തിൽ പരസ്യമായി വഴക്കു പറഞ്ഞ അന്നത്തെ ഹെൽത്ത് സെക്രട്ടറിയെ ഓർമ വരുന്നു. മുഖ്യമന്ത്രിയെ അഭിനന്ദിക്കുന്നു, ഇതു വിളിച്ചു പറഞ്ഞതിന്...' ഡോ. ജി. രാജേഷിന്റെ വാക്കുകൾ.
ബാബു കദളിക്കാട്
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1
