1971നു ശേഷം ആദ്യമായി കോൺഗ്രസ് അധ്യക്ഷസ്ഥാനത്തേക്ക് പ്രവർത്തകസമിതിയിലേക്കും നടക്കുന്ന തെരഞ്ഞെടുപ്പാണിത്. 10 പേർ വർക്കിംഗ് കമ്മിറ്റിയിലേക്ക് വേണം. അത് പാർട്ടി പ്രസിഡന്റ് നാമനിർദ്ദേശം ചെയ്യും. അധ്യക്ഷസ്ഥാനത്തേക്ക് നരസിംഹറാവുവിന് എതിരാളി ഉണ്ടായില്ല. എന്നാൽ പ്രവർത്തകസമിതി തിരഞ്ഞെടുപ്പ് കഠിനമായിരിക്കും.
സപ്തഗിരികളുടെ പുണ്യഭൂമിയായ തിരുപ്പതി. അവിടെ അതിമനോഹരമായി തയ്യാറാക്കിയ രാജീവ് നഗറിൽ ആണ് കോൺഗ്രസിന്റെ 79-ാം സമ്മേളനം. ഗാന്ധി കുടുംബത്തിൽ നിന്ന് ആരും നേതൃനിരയിൽ ഇല്ലാത്ത കോൺഗ്രസ് സമ്മേളനം ആയിരുന്നു അത്. അതികഠിനമായ ചൂടാണ് തിരുപ്പതി. ഏപ്രിൽ 14,15,16 തിയതികളിൽ ആണ് സമ്മേളനം.
മുൻ മുഖ്യമന്ത്രിമാർക്കെല്ലാം അവിടെ പ്രത്യേക താമസ സൗകര്യം ഒരുക്കിയിരുന്നു. അതിലൊന്ന് എ.കെ. ആന്റണിയുടേതായിരുന്നു. ഉമ്മൻചാണ്ടിയും ആ മുറിയിലാണ് താമസിച്ചത്. 1971നു ശേഷം ആദ്യമായി കോൺഗ്രസ് അധ്യക്ഷസ്ഥാനത്തേക്ക് പ്രവർത്തകസമിതിയിലേക്കും നടക്കുന്ന തെരഞ്ഞെടുപ്പാണിത്. 10 പേർ വർക്കിംഗ് കമ്മിറ്റിയിലേക്ക് വേണം. അത് പാർട്ടി പ്രസിഡന്റ് നാമനിർദ്ദേശം ചെയ്യും.
അധ്യക്ഷസ്ഥാനത്തേക്ക് നരസിംഹറാവുവിന് എതിരാളി ഉണ്ടായില്ല. എന്നാൽ പ്രവർത്തകസമിതി തിരഞ്ഞെടുപ്പ് കഠിനമായിരിക്കും. ഓരോ സംസ്ഥാനങ്ങളിൽ നിന്നും പ്രതിനിധികൾ കൂട്ടംകൂട്ടമായി എത്തിച്ചേർന്നു. ആന്റണിയുടെ മുറിയിൽ കേരള പ്രതിനിധികൾ ഒത്തുചേർന്നു. അപ്പോഴേക്കും ആന്റണിയുടെ സ്ഥാനാർത്ഥിത്തെ പറ്റി പലതരം ചർച്ചകൾ ക്യാമ്പിൽ ഒരു തിരിഞ്ഞിരുന്നു. ശരത്പവാറും അർജുൻ സിംഗും ചേർന്ന് തയ്യാറാക്കിയ പാനലിൽ എ.കെ. ആന്റണി ഇല്ല. പ്രധാനമന്ത്രി റാവുവിന്റെ രഹസ്യ പിന്തുണയുണ്ടെന്ന് അവകാശപ്പെടുന്ന മറ്റൊരു പാനലും ഉണ്ട്. ആന്റണി അതിലും ഇല്ല.
കേരളത്തിൽനിന്ന് കെ. കരുണാകരനെ വർക്കിംഗ് കമ്മിറ്റിയിലേക്ക് കൊണ്ടുവരണമെന്ന് റാവു ആഗ്രഹിക്കുന്നതായി അടക്കം പറച്ചിലുകൾ ഉണ്ടായി. എന്തായാലും കേരളത്തിൽ നിന്ന് രണ്ടു പേർക്ക് സാധ്യതയില്ല. അതായത് എ.കെ. ആന്റണി ജയിക്കണമെന്ന് ആരും താല്പര്യപ്പെടുന്നില്ല എന്നൊരു പ്രചരണം ചില രോഗികളിൽ നിന്നും ഉണ്ടായി.
ഇത്തരം വാർത്തൾ ഒന്നും ഉമ്മൻചാണ്ടിയെയും കൂട്ടരെയും നിരാശപ്പെടുത്തിയില്ല. ആന്റണിയെ ശരത് പവാറിന്റെ പാനലിൽ പെടുത്താൻ അപ്പോഴേക്കും ധാരണയായി കഴിഞ്ഞിരുന്നു. അതിന് അധികം ശ്രമിക്കേണ്ടി വന്നില്ല കാരണം ആന്റണിയെ പോലെ മികച്ച പ്രതിച്ഛായ ഉള്ള ഒരാളെ തങ്ങളുടെ പക്ഷത്ത് നിർത്തുക എന്ന തന്ത്രം തന്നെയായിരുന്നു അത്. പരമാവധി പിന്തുണ ആന്റണിക്ക് ഉറപ്പിക്കാൻ വേണ്ടി ഉമ്മൻചാണ്ടിയും കൂട്ടരും കഠിന ശ്രമം നടത്തി.
വി.എം. സുധീരൻ, ആര്യാടൻ മുഹമ്മദ്, പി.ജെ. കുര്യൻ, തിരുവഞ്ചൂർ രാധാകൃഷ്ണൻ, കെ.സി. ജോസഫ്, പി.ടി. തോമസ് തുടങ്ങിയവരാണ് ഉമ്മൻചാണ്ടിയോടൊപ്പം കയ്യും മെയ്യും മറന്ന് ആന്റണിക്ക്‌വേണ്ടി ഇറങ്ങിയത്. രമേശ് ചെന്നിത്തല മത്സരിക്കാൻ ഉണ്ടാകും എന്നൊരു വാർത്തയും ഇതിനിടെ വന്നിരുന്നു.
എന്തായാലും പതിനഞ്ചാം തിയതി ബുധനാഴ്ച എ.കെ. ആന്റണിക്ക് വേണ്ടി പത്രിക സമർപ്പിക്കാൻ ഉമ്മൻചാണ്ടിയും കൂട്ടരും എത്തുമ്പോൾ രമേശ് ചെന്നിത്തല പത്രിക സമർപ്പിച്ച് പുറത്തിറങ്ങുന്നതാണ് കണ്ടത്. വലിയൊരു മത്സരം ഉണ്ടാകുന്നത് ഒഴിവാക്കാൻ എല്ലാവരും മുൻകൈയെടുത്തു. അത്തരത്തിൽ ഒരു ചർച്ചയിലാണ് രമേശ് ചെന്നിത്തല പത്രിക പിൻവലിക്കാൻ തീരുമാനമെടുത്തത്. ബുധനാഴ്ച രാത്രി എട്ടു മണിക്കാണ് വോട്ടിംഗ് തുടങ്ങുന്നത്. കേസരിയും കെ. കരുണാകരനും മറ്റുമാണ് സമവാക്യ നീക്കങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത്. എന്നാൽ ശരത് പവാറും അജിത് സിംഗും അതിനു വഴങ്ങിയില്ല. രാത്രി എട്ടുമണിക്ക് തന്നെ നടപടികൾ തുടങ്ങി. അത് അവസാനിച്ചത് അർദ്ധരാത്രിയോടെ.
ആ രാത്രി തിരുപ്പതിയിൽ ആരും തന്നെ ഉറങ്ങില്ലെന്ന് പറയാം. രാവിലെ ഏതാണ്ട് നാലുമണിയോടെ ആദ്യ റൗണ്ട് വോട്ടെണ്ണൽ പൂർത്തിയായി. ശരത് പവാർ, അർജുൻ സിംഗ്, ജിതേന്ദ്രപ്രസാദ് എന്നിവർക്ക് തൊട്ടുപിന്നാലെ നാലാം സ്ഥാനക്കാരനായി ആന്റണി. അതോടെ ഉമ്മൻചാണ്ടിയുടെയും കൂട്ടരുടെയും ആത്മവിശ്വാസം വർദ്ധിച്ചു. എന്നാൽ വിജയിക്കുമെന്ന് ഇനിയും പറയാറായിട്ടില്ല.
48 സ്ഥാനാർത്ഥികളാണ് അടുത്ത റൗണ്ടിൽ എണ്ണുമ്പോൾ, എന്തെങ്കിലും മാറ്റം സംഭവിച്ചാൽ. ഒന്നും പറയാൻ പറ്റാത്ത അവസ്ഥ. എല്ലാവരും ശ്വാസം അടക്കിപ്പിടിച്ചിരിക്കുകയാണ്. അങ്ങനെ വ്യാഴാഴ്ച വൈകിട്ട് ആറുമണിയോടെ വോട്ടെണ്ണൽ പൂർത്തിയായി. ഏറ്റവുമധികം വോട്ട് ലഭിച്ചവരിൽ രണ്ടാമനായിരുന്നു എ.കെ. ആന്റണി.
ഒന്നാം സ്ഥാനം അർജുൻ സിംഗിനായിരുന്നു. ആന്റണിക്ക് ലഭിച്ചത് 426വോട്ട്. എല്ലാ സംസ്ഥാനങ്ങളിലും കാര്യമായ വോട്ട് ലഭിച്ചു എന്ന് ചുരുക്കം. ഈ വിജയം നരസിംഹ റാവുവിനും കരുണാകരനും സഹിക്കാവുന്നതിൽ അപ്പുറം ആയിരുന്നു.
ഈ വിജയം ഒന്നും തനിക്ക് ബാധകമല്ലെന്നും സ്വന്തം നാട്ടിൽ കാര്യമായ സ്വാധീനമില്ലാത്തവർ മറ്റു പ്രദേശങ്ങളിൽ വിജയിക്കാൻ മറ്റുള്ളവരുടെ സഹായം തേടാറുണ്ടെന്നും അദ്ദേഹം കൊള്ളിവാക്ക് പറയാനും മറന്നില്ല. എന്നിട്ട് രഹസ്യമായി വർക്കിംഗ് കമ്മിറ്റി തിരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കാൻ വല്ല വഴിയും ഉണ്ടോ എന്നുകൂടി കരുണാകരൻ ആലോചിച്ചു.
അതിന് ഫലം ഉണ്ടായില്ലെന്ന് പറയാനാവില്ല. നരസിംഹറാവുവിനെ എ.ഐ.സി.സി പ്രസിഡന്റായി വീണ്ടും തെരഞ്ഞെടുത്തിരുന്നു. പ്രവർത്തകസമിതിയിൽ പട്ടികജാതി പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ട ആരുമില്ല എന്ന് റാവു സമാപന പ്രസംഗത്തിൽ ചൂണ്ടിക്കാട്ടി, താൻ വിജയികളിൽ ഒരാളായിരുന്നു എങ്കിൽ ആ വിഭാഗത്തിൽപെട്ട ഒരാൾക്കുവേണ്ടി താൻ രാജിവെച്ചേനെ എന്നു കൂടി അദ്ദേഹം പറഞ്ഞു.
അപ്രതീക്ഷിതമായി ആ സമയത്ത് ജിതേന്ദ്രപ്രസാദ് എഴുന്നേറ്റുനിന്ന് താൻ രാജിവെക്കുന്നു എന്ന് പ്രഖ്യാപിച്ചു. റാവുവിന്റെ അടുത്ത വിശ്വസ്തനും രാഷ്ട്രീയ ഉപദേഷ്ടാവുമായിരുന്നു ജിതേന്ദ്രപ്രസാദ്. അതേത്തുടർന്ന് അഹമ്മദ് പട്ടേൽ, ഗുലാം നബി ആസാദ് തുടങ്ങിയ ചിലരും സമിതിയിൽ നിന്ന് രാജിവച്ചു.
അർജുൻ സിങ്ങ്, ശരത് പവർ, ആന്റണി, ആർ.കെ. ധവാൻ എന്നിവരെ രാജിവെപ്പിക്കാൻ ശക്തമായ സമ്മർദ്ദം ഉണ്ടായി. ആന്റണി രാജിവെക്കേണ്ടതില്ല എന്ന നിലപാടിൽ ഉറച്ചുനിന്നു ഉമ്മൻചാണ്ടി. കൂടെയുള്ളവർ അതിനെ പിന്താങ്ങി.
രാജിവച്ചവർ കോൺഗ്രസിന്റെ ഉന്നത പാരമ്പര്യം ഉയർത്തിപ്പിടിച്ചു എന്ന് വയലാർ രവിയും കരുണാകരനും പ്രസ്താവന ഇറക്കി. പട്ടികജാതി പട്ടികവർഗ്ഗ സമൂഹത്തോട് അല്പം എങ്കിലും താല്പര്യമുണ്ടായിരുന്നെങ്കിൽ സത്യത്തിൽ ഈ രാജി നാടകത്തിന്റെ ഒന്നും ആവശ്യമില്ല. റാവുവിന് അത് നാമനിർദ്ദേശം വഴി എടുക്കാവുന്നതാണ്. സത്യത്തിൽ കോൺഗ്രസ് പാർട്ടിയിൽ ആഭ്യന്തര ജനാധിപത്യത്തിന്റെ ശക്തി തെളിയിക്കുന്ന തെരഞ്ഞെടുപ്പായിരുന്നു നടന്നത്. അത് അട്ടിമറിക്കാൻ ശ്രമിക്കുന്നത് തെറ്റായ സന്ദേശമാണ് നൽകുന്നത്. തിരഞ്ഞെടുക്കപ്പെട്ട അർജുൻ സിംഗ്, ശരത് പവർ എന്നിവരെ പ്രവർത്തകസമിതിയിൽ നിന്ന് ഒഴിവാക്കി നാമനിർദ്ദേശത്തിലൂടെ തിരികെ കൊണ്ടുവരാൻ ഏപ്രിൽ 27 ചേർന്ന് പ്രവർത്തകസമിതി യോഗം തീരുമാനിച്ചു. രാജിവച്ചവരും എ.കെ. ആന്റണി, രാജേഷ് പൈലറ്റ് എന്നിവരും തുടരും. ഇത് സംബന്ധിച്ച് അർജുൻ സിംഗ് എഴുതി ഉണ്ടാക്കിയ പ്രമേയം യോഗം അംഗീകരിച്ചു.
അങ്ങനെ മേയ് 16ന് അർജുൻ സിംഗ്, ശരത് പവർ, കെ. കരുണാകരൻ, പഞ്ചാബ് മുഖ്യമന്ത്രി ബിയാന്ത് സിംഗ്, അരുണാചൽ പ്രദേശിൽ നിന്നുള്ള ഒമാൻ ദിയോറി, കിഷോർ ശർമ, ജനാർദ്ദം പൂജാരി, സുശീൽ കുമാർ എന്നിവരെ പ്രവർത്തകസമിതിയിലേക്ക് നരസിംഹറാവു നോമിനേറ്റ് ചെയ്തു. അങ്ങനെ ജനാധിപത്യരീതിയിൽ നടത്തിയ തെരഞ്ഞെടുപ്പ് തികച്ചും വികലമാക്കി മാറ്റി എന്നു പറയാം.
(തുടരും)
ജോഷി ജോർജ്
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1