മലയാളിയുടെ മാനസിക വൈകല്യങ്ങൾ ശരിക്കും പഠനവിധേയമാക്കേണ്ടിയിരിക്കുന്നു. പുറമേ മാന്യതയുടെ മേലങ്കി ധരിച്ചു നാം നാടകം കളിക്കുകയാണ്. മലയാളിയുടെ മാന്യതയ്ക്കു മേൽ വീഴുന്ന കറുത്ത മൂടുപടങ്ങൾ സമൂഹത്തെയാകെ അപമാനിതമാക്കുന്നുണ്ട്. ഒറ്റപ്പെട്ട സംഭവങ്ങളെന്നോ മാനസികവൈകല്യമെന്നോ ഒക്കെ പറഞ്ഞ് നമുക്കിതിനെയൊക്കെ നിസാരവത്കരിക്കാനാവുമോ?
അർധരാത്രി അപകടത്തിൽപെട്ട യുവതിയെ രക്ഷിക്കാനായി എത്തിയ ആൾ ആ പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചതും വ്യക്തിപരമായ കടുത്ത അധിക്ഷേപത്തിന്റെ അപമാനഭാരം താങ്ങാനാവാതെ കണ്ണൂർ ഡെന്റൽ കോളജിലെ ഒന്നാം വർഷ ബിഡിഎസ് വിദ്യാർഥി ജീവനൊടുക്കിയതുമൊക്കെ ഈ ദിവസങ്ങളിൽ ഈ നാടിന്റെ ആത്മാഭിമാനത്തിനേറ്റ മുറിവുകളാണ്. പൂക്കോട് വെറ്റിനറി കോളജിൽ റാഗിംഗിനെത്തുടർന്ന് സിദ്ധാർഥൻ എന്ന വിദ്യാർഥി മരിച്ച സംഭവം മറക്കാനാവില്ല.
ഇത്തരം എത്രയോ സംഭവങ്ങൾ ഈ നവോത്ഥാന കേരളത്തിൽ അരങ്ങേറുന്നു. പിഞ്ചുകുട്ടികളും നവവധുക്കളും ക്രൂരമായി കൊല ചെയ്യപ്പെടുന്ന സംഭവങ്ങൾ പോലും അത്ര അസാധാരണമല്ലാതായിരിക്കുന്നു. ഇരകൾ ഇരകളായിത്തന്നെ അവശേഷിക്കുകയും വേട്ടക്കാർ രക്ഷപ്പെടുകയും പലരും വീണ്ടും വേട്ടയ്ക്കിറങ്ങുകയും ചെയ്യുന്ന സംഭവങ്ങളും കുറവല്ല.
രാജ്യത്തിന്റെ ഇതര ഭാഗങ്ങളിലെല്ലാം ഇത്തരം സംഭവങ്ങൾ നടക്കുമ്പോഴും നാം വലിയ അഭിമാനത്തോടെ കേരളത്തിന്റെ സാംസ്‌കാരിക പശ്ചാത്തലത്തെക്കുറിച്ചും സാമൂഹിക പുരോഗതിയെക്കുറിച്ചുമൊക്കെ വീമ്പു പറഞ്ഞിരുന്നു.
അതൊക്കെ വെറും പുറംപൂച്ചു മാത്രമാണെന്നു സമകാലിക സംഭവങ്ങൾ നമ്മെ ബോധ്യപ്പെടുത്തുന്നു. അപരിഷ്‌കൃത സമൂഹങ്ങളെപ്പോലും വെല്ലുന്ന അനാചാരങ്ങളും ദളിത് പീഡനങ്ങളുമൊക്കെ ഇവിടെ തിമിർത്താടുകയല്ലേ. രോഹിത് വെമൂല എന്ന ദളിത് ഗവേഷണ വിദ്യാർഥിയുടെ മരണം കേരളത്തിലും വലിയ കൊടുങ്കാറ്റുയർത്തിയിരുന്നു. ഇന്നിപ്പോൾ അതിലും വലിയ പീഡനകഥകളാണ് ഇവിടെ നിന്നും ഉയരുന്നത്.
കലാ സാഹിത്യ സിനിമാ മേഖലകളിലും രാഷ്ട്രീയത്തിലുമൊക്കെ വ്യക്തിഹത്യകളും ലൈംഗിക ആരോപണങ്ങളും സാധാരണമായിരിക്കുന്നു. വലിയ ആദർശം പറയുന്നവരും താത്വിക അവലോകനങ്ങൾ നടത്തുന്നവരുമൊക്കെ ഇതിനൊക്കെ അറിഞ്ഞും അറിയാതെയും കുട പിടിച്ചു കൊടുക്കുന്നുമുണ്ട്. അപൂർവം ചില സംഭവങ്ങൾ വ്യാജമായി കെട്ടിച്ചമച്ച് വ്യക്തിഹത്യയ്ക്കും പണസമ്പാദനത്തിനുമൊക്കെ ഉപയോഗിക്കാറുണ്ടെങ്കിലും ഒട്ടുമിക്കതും അങ്ങിനെയല്ല. കൃത്യമായ വസ്തുതകളും വിവരങ്ങളും ലഭ്യമായിട്ടും ചില നരാധമന്മാരെ സംരക്ഷിക്കാനും അവരെ സമൂഹമാധ്യമങ്ങളിലൂടെ വെള്ളപൂശാനുമൊക്കെ ചിലർ കച്ചകെട്ടി ഇറങ്ങാറുമുണ്ട്.
കണ്ണൂർ ഡെന്റൽ കോളജിലെ ഒന്നാം വർഷ ബിഡിഎസ് വിദ്യാർഥി തിരുവനന്തപുരം ആനമങ്ങാട് സ്വദേശി ആർ.എൽ. നിതിൻ രാജ് ആശുപത്രി കെട്ടിടത്തിൽനിന്നു ചാടി മരിച്ച സംഭവത്തിന്റെ നാൾവഴികൾ കേരളം ശരിക്കും വിശകലനം ചെയ്യേണ്ടതുണ്ട്. സംഭവത്തിൽ ഡെന്റൽ കോളജിലെ രണ്ട് അധ്യാപകർക്കെതിരേ ആത്മഹത്യാ പ്രേരണക്കുറ്റത്തിന് കേസെടുത്തു. പട്ടികജാതി അതിക്രമ നിരോധന നിയമവും ഇവരിൽ ചുമത്തി. അധ്യാപകരിൽനിന്നുണ്ടായ ജാതി അധിക്ഷേപം, മോശമായ പെരുമാറ്റം, സീനിയർ വിദ്യാർഥികളുടെ റാഗിംഗ് എന്നിവ അന്വേഷണപരിധിയിൽവരും.
പെയിന്റിംഗ് തൊഴിലാളിയായ വൈ.എൽ. രാജന്റെയും തൊഴിലുറപ്പു തൊഴിലാളിയായ സി.ആർ. ലതയുടെയും മകനാണ് മരിച്ച നിതിൻരാജ്. മറ്റു വിദ്യാർഥികളുടെ മുന്നിൽവച്ചു ജാതീയമായും നിറത്തിന്റെ പേരിലും മാതാപിതാക്കളുടെ തൊഴിലിന്റെ പേരിലുമൊക്കെ നിതിൻരാജ് അധിക്ഷേപിക്കപ്പെട്ടിരുന്നതായി വീട്ടുകാർ ആരോപിക്കുന്നു. ഇതൊക്കെ ഈ നൂറ്റാണ്ടിലും സംഭവിക്കുന്നുവെങ്കിൽ നമ്മുടെ നവോത്ഥന കഥകളൊക്കെ എത്രയോ അർഥരഹിതമാണ്.
നിതിൻരാജിന്റെ മരണത്തെത്തുടർന്ന് കോളജിൽ വലിയ പ്രതിഷേധം അരങ്ങേറി. പല വിദ്യാർഥികളും അവർ നേരിട്ട ദുരനുഭവങ്ങൾ സമൂഹത്തിനുമുന്നിൽ നിരത്തി.
ഈ ഡെന്റൽ കോളജിലെ ചില അധ്യാപകരുടെ മാനസികാരോഗ്യത്തിന്റെ അവസ്ഥ ഭീതി പരത്തുന്നതാണ്. എങ്ങിനെയാണ് ഇവർക്കൊക്കെ വിദ്യാർഥികളോട് ഇങ്ങനെയൊക്കെ പെരുമാറുവാൻ കഴിയുന്നത്? പരസ്യമായി ഇത്തരം വാക്കുകൾ എ്ങ്ങിനെയയാണ് പറയാനാവുന്നത്? ബോഡി ഷെയിമിംഗ് നടത്താൻ ഇവർക്കെങ്ങിനെ കഴിയുന്നു? ഏതു യുഗത്തിലാണ് ഇവരൊക്കെ ജീവിക്കുന്നത്? നിറത്തിന്റെയും ജാതിയുടെയും പേരിൽ വിദ്യാർഥികളെ അധിക്ഷേപിക്കാൻ ഒരു അധ്യാപകന് എങ്ങിനെ ധൈര്യമുണ്ടാവുന്നു?
ഒരിക്കൽ പെൺകുട്ടികൾ മാനേജ്‌മെന്റിനു പരാതി നൽകിയപ്പോൾ ആൺകുട്ടികളെ കൊണ്ട് അവരെ അടിപ്പിച്ചു എന്ന പത്രവാർത്ത ശരിയാണെങ്കിൽ അതിനു തയാറായ ആൺകുട്ടികൾ എത്രയോ അത്മാഭിമാനം ഇല്ലാത്തവരാണ്. മനുഷ്യകുലത്തിനുതന്നെ അപമാനമല്ലേ അവരൊക്കെ. വൈവയും പരീക്ഷയുമൊക്കെ വിദ്യാർഥികളെ മാനസികമായി പീഡിപ്പിക്കാനുള്ള അവസരമാക്കുന്ന അധ്യാപകർ ആ മഹനീയ തൊഴിലിനെ എത്രമാത്രം അധപതിപ്പിച്ചുകഴിഞ്ഞു.
തികച്ചും മ്ലേച്ഛമായ മറ്റൊരു വാർത്ത കഴിഞ്ഞദിവസം കായംകുളത്തുനിന്നു വന്നു.
സംഭവം നടന്നത് ഏപ്രിൽ മൂന്നിനാണ്. കൂട്ടുകാരിക്കും കുടുംബത്തിനുമൊപ്പം മലയാറ്റൂരിൽ പോയി മടങ്ങുമ്പോഴാണ് മൂന്നിന് അർധരാത്രി കായംകുളം കെ.പി.എ.സി ജംഗ്ഷനിൽവച്ച് ഇവർ സഞ്ചരിച്ചിരുന്ന ഓട്ടോറിക്ഷ ഡിവൈഡറിൽ ഇടിച്ചുകയറി അപകടമുണ്ടായത്. ഈ സമയത്ത് ബൈക്കിൽ എത്തിയ പ്രതി രക്ഷാപ്രവർത്തനത്തിന്റെ മറവിൽ നടത്തിയ ലൈംഗിക പരാക്രമങ്ങളെക്കുറിച്ച് ഇരയായ ഐടി ജീവനക്കാരി സ്ത്രീ മാധ്യമങ്ങളോടു വിശദീകരിച്ചിരുന്നു.
അപകടത്തെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടപ്പോൾ ദേഹത്തെ പാടുകൾ ശ്രദ്ധിച്ച വനിതാ ഡോക്ടറോട് ഇവർ വിവരങ്ങളൊക്കെ പറഞ്ഞു. ഡോക്ടറാണ് പോലീസിൽ പരാതിപ്പെടാൻ നിർദേശിച്ചത്. പോലീസെത്തി മൊഴിയെടുത്തുപോയി. പിന്നെ നടന്ന സംഭവങ്ങളൊക്കെ ഇര വിശദീകരിക്കുമ്പോഴാണ് ഇത്തരം നരാധമന്മാർക്ക് സമൂഹത്തിൽ ലഭിക്കുന്ന സംരക്ഷണത്തിന്റെ വ്യാപ്തി വ്യക്തമാകുന്നത്. അതുതന്നെയാണ് ഇതുപോലുള്ള സംഭവങ്ങൾ ഈ നാട്ടിൽ ആവർത്തിക്കുന്നതിനു പ്രധാന കാരണവും.
ഒരാഴ്ച കഴിഞ്ഞിട്ടും യുവതിയുടെ മൊഴി രേഖപ്പെടുത്താനോ വൈദ്യപരിശോധന നടത്താനോ പോലീസ് തയാറായില്ല. ഇതിനിടെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു. കേസ് ഒതുക്കിത്തീർക്കാൻ പോലീസ് ശ്രമിച്ചതായും പരാതിയുണ്ട്. വൻതുക ഓഫർ ചെയ്ത് യുവതിയുടെ പരാതി പിൻവലിപ്പിക്കാനും ഇതിനിടെ ശ്രമം നടന്നു. യുവതി പരാതിയുമായി മുന്നോട്ടുപോയതോടെയാണ് സംസ്ഥാന പോലീസ് മേധാവി ഇടപെട്ടതും ആലപ്പുഴ എസ്പിയോട് റിപ്പോർട്ട് തേടിയതും. മാധ്യമങ്ങൾ വിഷയങ്ങൾ ഏറ്റെടുക്കുമ്പോൾ മാത്രം ഇത്തരം കാര്യങ്ങളിൽ പോലീസും ഭരണാധികാരികളും ജാഗ്രത പുലർത്തിയാൽ മതിയോ.
വ്യാപാരി സംഘടനയുടെ നേതാവായ പ്രതിയെ സംഘടനയിൽനിന്നു സസ്‌പെൻഡ് ചെയ്തിട്ടുണ്ട്. സിനിമാ സംഘടനകളിലും മറ്റും ചില പ്രമുഖർക്കെതിരേ ആരോപണം ഉയരുമ്പോൾ ഇത്തരം ചില സസ്‌പെൻഷനുകളാണ് വലിയ ശിക്ഷയായി പറയാറുള്ളത്. ചലച്ചിത്ര അക്കാദമി മുൻ ചെയർമാനും പ്രമുഖ സംവിധായകനുമായ രഞ്ജിത് ഈയിടെ അറസ്റ്റിലായപ്പോഴും ഇത്തരം ചില പ്രതികരണങ്ങളൊക്കെ ഉണ്ടായി.
പല സംഭവങ്ങളിലും പണവും സ്വാധീനവും ഉള്ളവർ നീതിയും നിയമവും കൈയിലെടുക്കുന്നതു കാണാറുണ്ട്. അതേസമയം കർശനമായ നിലപാടുകളിലൂടെ നീതി നടപ്പാക്കുന്നവരുമുണ്ട്. അവർക്കു പലപ്പോഴും ശക്തമായ പിന്തുണ സമൂഹത്തിൽനിന്നുപോലും കിട്ടാറില്ല. ആടിനെ പട്ടിയാക്കുന്ന നവമാധ്യമ സംസ്‌കാരത്തിന്റെ ചുവടുപിടിച്ച് സത്യവും വസ്തുതകളും മായ്ക്കുകയും മറയ്ക്കുകയും ചെയ്യുന്ന കാലത്ത് നീതിയുടെ തുലാസ് പലപ്പോഴും ഇരകളോടു നീതി പുലർത്തുന്നില്ല.
സാഹസികതുടെ പേരിൽ നാം കാണിച്ചുകൂട്ടുന്ന അബദ്ധങ്ങൾ ഏറെയാണ്. ജീവൻ പോലും നഷ്ടമാകുന്ന സാഹസികത നമുക്കും ചുറ്റും അരങ്ങേറുന്നു. സ്‌കൂൾ അവധിക്കാലമാണിത്. കുടുംബസമേതവും കൂട്ടുകാരുമായും വിനോദയാത്രകളും മറ്റും നടക്കുന്ന കാലം. ട്രക്കിംഗ് പോലെ സാഹസികമായ സഞ്ചാരങ്ങളും കുറവല്ല. യാത്രകളും കൂട്ടായ്മകളും മനുഷ്യരുടെ സാമൂഹിക വളർച്ചയ്ക്ക് ഏറെ ഫലപ്രദമാണ്. മുതിർന്ന പൗരന്മാരുടെ കൂട്ടായ്മകളും ഇപ്പോൾ വിനോദയാത്രകളും സൗഹൃദ യാത്രകളുമൊക്കെ സംഘടിപ്പിക്കാറുണ്ട്. ഇതിനുള്ള ക്രമീകരണം നടത്തുന്ന നിരവധി ഏജൻസികളുമുണ്ട്. ഇത്തരം യാത്രകളുടെ സുരക്ഷ വളരെ പ്രധാനപ്പെട്ടതാണ്.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വളരെ മനോഹരമായ കാഴ്ചകളുണ്ട്. അതു കാണുന്നതിനും നമ്മുടെ വൈവിധ്യങ്ങളെക്കുറിച്ചു മനസിലാക്കുന്നതിനുമൊക്കെ യാത്രകൾ സഹായകമാണ്. നമ്മുടെ തൊട്ടടുത്തുതന്നെ ചേതോഹരമായ പല കാഴ്ചകളും ഉണ്ട്. അതൊക്കെ കാണാനും മനസിലാക്കാനും ശ്രമിക്കുന്നതു നല്ലതാണ്. ഔദ്യോഗിക വിനോദസഞ്ചാര കേന്ദ്രങ്ങളിൽ സുരക്ഷയ്ക്കും മറ്റും സംവിധാനങ്ങളുണ്ടാകും. എന്നാൽ അവിടെയും പല പാകപ്പിഴകളും മനുഷ്യജീവന്റെ നഷ്ടത്തിനുപോലും കാരണമായി മാറുന്നു. അധികൃതരുടെ അനാസ്ഥയും സഞ്ചാരികളുടെ അശ്രദ്ധയും പല അപകടങ്ങൾക്കും കാരണമാകുന്നു. വലിയ നഷ്ടമാവും അതൊക്കെ വരുത്തിവയ്ക്കുന്നത്. ചെറിയൊരു പിഴവു മതിയാവും വലിയ അപകടങ്ങൾക്കു വഴിയൊരുക്കാൻ. അത്ഭുതകരമായ പല രക്ഷപ്പെടലുകളും ഇതിനിടെ ഉണ്ടാകാം. പക്ഷേ ഭാഗ്യം എല്ലാവരെയും എല്ലായ്‌പ്പോഴും തുണയ്ക്കണമെന്നില്ലല്ലോ.
സമീപ ദിവസങ്ങളിലുണ്ടായ രണ്ടു സംഭവങ്ങൾ ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ചിക്കമംഗളൂരിൽ വെള്ളച്ചാട്ടത്തിന്റെ വ്യൂപോയിന്റിനു സമീപം കാണാതായ പാലക്കാട് സ്വദേശിനി ശ്രീനന്ദയുടെ മൃതദേഹം നാലു ദിവസത്തിനുശേഷം ഇന്നലെയാണ് കണ്ടെത്തിയത്. പത്താംക്ലാസ് പരീക്ഷയെഴുതി ഫലം കാത്തിരിക്കുകയായിരുന്നു ശ്രീനന്ദ. പാലക്കാട് കൊങ്ങാടു നിന്നാണ് ശ്രീനന്ദയുടെ കുടുംബാംഗങ്ങൾ ഉൾപ്പെടെ 40 അംഗ വിനോദസഞ്ചാരസംഘം ഇവിടെ എത്തിയത്. പശ്ചിമഘട്ട മലനിരകളിലെ ബാബാബുധാൻഗിരിയലെ മാണിക്കധാര വെള്ളച്ചാട്ടത്തിന്റെ വ്യൂപോയിന്റിനു സമീപം ചൊവ്വാഴ്ച വൈകിട്ടാണ് ശ്രീനന്ദയെ കാണാതായത്. പല സംശയങ്ങളും ദുരൂഹതകളും ഇതെത്തുടർന്നു പരന്നിരുന്നു. കുട്ടിയെ തട്ടിക്കൊണ്ടുപോയതായും പ്രചാരണം ഉണ്ടായി. നാലു ദിവസത്തിനുശേഷം 1500 അടി താഴ്ചയിൽനിന്നാണ് ശ്രീനന്ദയുടെ മൃതദേഹം കണ്ടെടുത്തത്. നിരോധിത മേഖലയ്ക്ക് അപ്പുറത്തേക്ക് ശ്രീനന്ദ കടന്നുവെന്നു കൂടെയുണ്ടായിരുന്ന ബന്ധുക്കളിൽ ചിലർ പറയുന്നുണ്ട്.
കർണാടകത്തിലെ കുടകിൽ വനമേഖലയിൽ ട്രക്കിംഗിനു പോയ കോഴിക്കോട് നാദാപുരം സ്വദേശിനിയും ഐടി ജീവനക്കാരിയുമായ ശരണ്യയെ നാലു ദിവസത്തിനു ശേഷമാണ് കൊടുംകാട്ടിൽനിന്നു വീണ്ടെടുക്കാനായത്. ഏപ്രിൽ രണ്ടിനാണ് ശരണ്യ പന്ത്രണ്ടംഗ സംഘത്തോടൊപ്പം ഇവിടെ ട്രക്കിംഗിനായി എത്തിയത്. കുടകിലെ ഉയരമേറിയ തടിയൻഡമോൾ മല കയറി മടക്കയാത്രയ്ക്കിടെയാണ് ശരണ്യ കൂട്ടു വിട്ടത്. കൊടുംവനത്തിൽ പെട്ടുപോയ ശരണ്യ നാലുദിവസത്തോളം ഭക്ഷണമൊന്നും കഴിക്കാതെ കൈയിലുണ്ടായിരുന്ന ഒരു കുപ്പി വെള്ളം കൊണ്ടാണ് പിടിച്ചുനിന്നത്.
വിലയൊരു സംഘം നടത്തിയ നിരന്തരമായ തെരച്ചിലിന് ഒടുവിലാണ ശരണ്യയെ കണ്ടെത്തുന്നത്. എന്നാൽ ശരണ്യയെ കാണാതായ സംഭവത്തിലും അതിജീവനത്തിലും ദുരൂഹതയുണ്ടെന്നാണ് പർവതാരോഹകൻ ഷെയ്ഖ് ഹസൻ ഖാനെപ്പോലെയുള്ളവർ സമൂഹ മാധ്യമങ്ങളിൽ കമന്റ് ചെയ്തത്. ശരണ്യയുടെ കഥ വ്യാജമാണെന്നും അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് ബി.ജെ.പി കുടക് റൂറൽ കമ്മിറ്റിയും രംഗത്തെത്തിയിരുന്നു. കഥകളും വിശദീകരണങ്ങളും ഇനിയും ഏറെ വരും.
ജലയാത്ര കുട്ടനാട്ടിലെ വലിയ കൗതുകങ്ങളിൽ ഒന്നാണ്. എത്രയോ വിനോദസഞ്ചാരികൾ അവിടെ അപകടത്തിൽപെട്ടിട്ടുണ്ട്. കൂറ്റൻ വഞ്ചിവീടുകളും ചെറിയ യമഹ വള്ളങ്ങളും കുട്ടനാടൻ കായലുകളിലും നദികളിലുമൊക്കെ ഇപ്പോഴും സഞ്ചാരികളുമായി പോകുന്നുണ്ട്. സുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി നടപ്പാക്കുന്നതിനാൽ അപകടങ്ങൾ കുറഞ്ഞെങ്കിലും നിതാന്ത ജാഗ്രത അനിവാര്യമാണ്.
പരവൂർ പുറ്റിംഗൽ ദേവീ ക്ഷേത്രത്തിലെ മീനഭരണി ഉത്സവത്തോടുനുബന്ധിച്ചു നടത്തിയ വെടിക്കെട്ടിനിടെ അപകടം നടന്നിട്ട് പത്തു വർഷമായി. പുലർച്ചെ മൂന്നു മണിക്കായിരുന്നു അപകടം. 110 പേർ മരിച്ചു. അറുനൂറിലേറെ പേർക്കു പരിക്കുപറ്റി. മൂന്നൂറിലേറെ വീടുകൾക്കു കേടുപാടുണ്ടായി. പരിക്കേറ്റവരിൽ അഞ്ഞൂറോളം പേർ അപകടത്തിന്റെ വലിയ വടുക്കളുമായി ഇന്നും ജീവിക്കുന്നു. സ്‌ഫോടനത്തിന്റെ കാരണം ഇന്നും കണ്ടെത്താനായിട്ടില്ല. ദുരന്തകാരണം അന്വേഷിക്കാൻ കേന്ദ്രസർക്കാരും സംസ്ഥാന സർക്കാരും പ്രത്യേകം അന്വേഷണ കമ്മീഷനുകളെ നിയോഗിച്ചു. അവർ റിപ്പോർട്ടുകളും കൈമാറി. പക്ഷേ നടപടി ഒന്നും ഉണ്ടായില്ല.
കണ്ണൂർ കണ്ണാടിപ്പറമ്പ് മുണ്ടേരിക്കടവിൽ കിണർ കുഴിക്കുന്ന ജോലിക്കിടെ ഇരുമ്പുവടം പൊട്ടി രണ്ടു തൊഴിലാളികൾ മരിച്ചത് വ്യാഴാഴ്ചയാണ്. 40 അടി താഴ്ചയുള്ള കിണറ്റിൽനിന്ന് കല്ലും മണ്ണൂം കയറ്റുന്നതിനുള്ള യന്ത്രത്തിന്റെ വടം പൊട്ടിയാണ് അപകടം ഉണ്ടായത്. പണിയിടങ്ങളിലെ സുരക്ഷാ വീഴ്ചകൾ അപൂർമല്ലാതായിരിക്കുന്നു.
പണിയിടങ്ങളിൽ സുരക്ഷ ഉറപ്പാക്കണം. ആഘോഷങ്ങളും വിനോദയാത്രകളുമൊക്കെ ആഹ്ലാദകരമായ നിമിഷങ്ങളായി മാറണമെങ്കിൽ ജാഗ്രത പാലിക്കുന്നതിൽ യാതൊരു അലംഭാവവും പാടില്ല. വ്യക്തിപരമായ ശ്രദ്ധയും ഏറെ പ്രധാനമാണ്. നമ്മുടെ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ പലേടത്തും പ്രാഥമിക സൗകര്യങ്ങൾപോലും ഒരുക്കാൻ നമുക്കു സാധിക്കുന്നല്ല.
ടൂറിസം കേരളത്തിന്റെ പ്രധാന വികസന സാധ്യതയാണെന്ന കാര്യം നാം പലപ്പോഴും മറക്കുന്നു. ആയുർവേദ ചികിത്സയും സ്പാകളുമൊക്ക നാട്ടിൽ പെരുകുന്നുണ്ട്.
പക്ഷേ ഇതിന്റെയൊക്കെ ഗുണമേന്മ ആരെങ്കിലും പരിശോധിക്കുന്നുണ്ടോ. ഏതു കാര്യത്തിനും ഗുണമേന്മ സുപ്രധാനമാണ്. തട്ടുകടയിൽപോലും ശുചിയായും ആരോഗ്യകരമായും ഭക്ഷണം കൊടുക്കാനായാൽ അവിടെ ആളുകൾ എത്തും. പഞ്ചനക്ഷത്ര സൗകര്യം പരസ്യത്തിൽ മാത്രം പോരാ. അത് ആളുകൾക്ക് അനുഭവവേദ്യമാകുകയും വേണം.
വഴി തെറ്റിക്കാൻ എളുപ്പമാണ്. പക്ഷേ ശരിയായ വഴി കണ്ടെത്തുകതന്നെവേണം. അതിനുള്ള ശ്രമം അനുസ്യൂതം തുടരട്ടെ.
സെർജി ആന്റണി
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1
