കഴിഞ്ഞ പത്ത് വര്‍ഷത്തിനുള്ളില്‍ അഴിമതി കേസുകളില്‍ കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം നേരിട്ട 25 പ്രതിപക്ഷ നേതാക്കള്‍ ബി.ജെ.പിയില്‍ ചേര്‍ന്നു. ബി.ജെ.പിയുടെയും എന്‍.ഡി.എ മുന്നണിയുടെയും ഭാഗമായതിന് പിന്നാലെ ഏജന്‍സികളുടെ നടപടികള്‍ പാതിവഴിയില്‍ അവസാനിപ്പിച്ചുവെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇ.ഡി, സി.ബി.ഐ, ഇന്‍കം ടാക്‌സ് തുടങ്ങിയ കേന്ദ്ര ഏജന്‍സികള്‍ അന്വേഷണം നടത്തിയ കേസില്‍ പ്രതികളായ 25 പേരാണ് പാര്‍ട്ടി വിട്ട് എന്‍.ഡി.എയുടെ ഭാഗമായത്. പാര്‍ട്ടിവിട്ടതിന് പിന്നാലെ 23 പേര്‍ക്കും അവര്‍ നടപടി നേരിട്ടിരുന്ന കേസുകളില്‍ ഇളവ് ലഭിക്കുകയായിരുന്നു. 3 കേസുകള്‍ പൂര്‍ണമായും അവസാനിപ്പിച്ചപ്പോള്‍ 20 എണ്ണത്തില്‍ അന്വേഷണം പാതിവഴിയില്‍ തടസപ്പെട്ടു.
2014 മുതല്‍ അഴിമതിക്കേസുകളില്‍ കക്ഷിഭേദമന്യേ എല്ലാ പാര്‍ട്ടിയില്‍ നിന്നുമുള്ള നേതാക്കള്‍ പ്രതികളായിരുന്നു. കോണ്‍ഗ്രസില്‍ നിന്ന് 10 പേരും എന്‍സിപിയില്‍ നിന്നും ശിവസേനയില്‍ നിന്നും നാലുവീതവുമാണ് പാര്‍ട്ടിവിട്ടത്. ടിഎംസിയില്‍ നിന്ന് മൂന്ന്, ടിഡിപിയില്‍ നിന്ന് രണ്ടുപേര്‍,എസ്.പിയില്‍ നിന്നും വൈ.എസ്.ആര്‍.സി.പിയില്‍ നിന്നും ഓരോരുത്തര്‍ വീതമാണ് എന്‍.ഡി.എയിലേക്ക് കുടിയേറിയത്. രാഷ്ട്രീയ നീക്കം അവര്‍ക്ക് ഗുണകരമായെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 2022ലും 2023 ലും മഹാരാഷ്ട്രയില്‍ ഉണ്ടായ രാഷ്ട്രിയ അട്ടിമറിയിലൂടെയാണ് കൂടുതല്‍ പേരും മറുകണ്ടം ചാടിയത്.
2022 ല്‍ ഏകനാഥ് ഷിന്‍ഡെ വിഭാഗം ശിവസേനയില്‍ നിന്ന് പിരിഞ്ഞ് ബിജെപിയുമായി ചേര്‍ന്ന് പുതിയ സര്‍ക്കാര്‍ രൂപീകരിച്ചു. ഒരു വര്‍ഷത്തിനുശേഷം അജിത് പവാര്‍ വിഭാഗം എന്‍സിപിയില്‍ നിന്ന് പിരിഞ്ഞ് ഭരണകക്ഷിയായ എന്‍ഡിഎ സഖ്യത്തില്‍ ചേര്‍ന്നു. എന്‍സിപി വിഭാഗത്തിലെ മുതിര്‍ന്ന നേതാക്കളായ അജിത് പവാറും പ്രഫുല്‍ പട്ടേലും നേരിട്ട കേസുകള്‍ പിന്നീട് അവസാനിപ്പിച്ചതായി രേഖകള്‍ വ്യക്തമാക്കുന്നു. പ്രമാദമായ കുറ്റകൃത്യങ്ങളില്‍ അന്വേഷണം അവസാനിപ്പിച്ച ഏജന്‍സികള്‍ പേരിന് മാത്രമുള്ള കേസുകളില്‍ അന്വേഷണം തുടരുന്നുമുണ്ട്. എന്നാല്‍ എല്ലാം കേസുകളിലും തെളിവുകളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം നടന്നതെന്നും നടപടികള്‍ തുടരുകയാണെന്നുമാണ് അന്വേഷണ ഏജന്‍സികള്‍ പറയുന്നത്.
നേതാക്കളുടെ കേസുകള്‍ പോയ വഴി !
അജിത് പവാര്‍
മഹാരാഷ്ട്ര സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ബാങ്കിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അജിത് പവാര്‍, ശരദ് പവാര്‍ എന്നിവരുള്‍പ്പടെയുള്ളവര്‍ക്കെതിരെ സാമ്പത്തിക കുറ്റകൃത്യ വിഭാഗം (ഇഒഡബ്ല്യു) കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പിന്നാലെ ഇ.ഡിയും നടപടി തുടങ്ങി. കോണ്‍ഗ്രസ് നേതാക്കളായ ജയന്ത് പാട്ടീല്‍, ദിലീപ്‌റാവു ദേശ്മുഖ്, മദന്‍ പാട്ടീല്‍ എന്‍സിപിയുടെ ഈശ്വര്‍ലാല്‍ ജെയിന്‍, ശിവാജി റാവു നലവാഡെ, ഒപ്പം ശിവസേനയുടെ ആനന്ദറാവു അദ്സുലും എന്നിവരെയും പ്രതികളാക്കി. ഇഡി പവാറിന്റെ പേരിടാതെയാണ് കുറ്റപത്രം സമര്‍പ്പിച്ചത്. അതിനിടയില്‍ ശിവസേന പിളര്‍ന്ന് ഷിന്‍ഡെ സര്‍ക്കാര്‍ രൂപീകരിച്ചു.
ഇഡി തെളിവുകളുടെ അടിസ്ഥാനത്തില്‍ ഇഒഡബ്ല്യു കൂടുതല്‍ അന്വേഷണം ആവശ്യപ്പെട്ട് രംഗത്തെത്തി. പിന്നീട് കാണുന്ന കാഴ്ച പവാര്‍ എന്‍ഡിഎ സര്‍ക്കാരില്‍ ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നതാണ്. അതിന് പിന്നാലെ കേസുകള്‍ അവസാനിപ്പിക്കാന്‍ ഇഒഡബ്ല്യു അപേക്ഷ നല്‍കിയതോടെ നടപടികള്‍ ഏതാണ്ട് അവസാനിച്ച മട്ടിലാണ്.
പ്രഫുല്‍ പട്ടേല്‍
എയര്‍ ഇന്ത്യ 111 വിമാനങ്ങള്‍ വാങ്ങിയതിലും എ.ഐ-ഇന്ത്യന്‍ എയര്‍ലൈന്‍സ് ലയനത്തിലും അഴിമതി നടന്നെന്നാരോപിച്ച് മുന്‍ സിവില്‍ ഏവിയേഷന്‍ മന്ത്രിക്കെതിരെ 2017 ലാണ് സിബിഐയും ഇഡിയും അന്വേഷണം ആരംഭിച്ചത്. എഫ്‌ഐആറില്‍ പട്ടേല്‍ പ്രതിയല്ലെങ്കിലും അദ്ദേഹത്തിന്റെ പേര് എഫ്.ഐ.ആറില്‍ പരാമര്‍ശിച്ചു. 2023 ല്‍ എന്‍സിപി ബിജെപിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ മുന്നണിയുടെ ഭാഗമായതിന് പിന്നാലെ കേസുകള്‍ മരവിപ്പിക്കുകയായിരുന്നു.
പ്രതാപ് സര്‍നായിക്
സെക്യൂരിറ്റി സ്ഥാപന ഇടപാടുകളില്‍ ക്രമക്കേട് ആരോപിച്ച് ശിവസേന വക്താവായ പ്രതാപ് സര്‍നായികിനെ ഇഡി അറസ്റ്റ് ചെയ്യുന്നു. പിന്നാലെ വിവിധയിടങ്ങളില്‍ റെയ്ഡും നടത്തി. ബിജെപിയുമായി ഒത്തുകളിച്ച് ഇഡി പീഡിപ്പിക്കുന്നു എന്ന് വ്യക്തമാക്കിരംഗത്തെത്തി. 2022 ജൂണില്‍, സേന പിളര്‍ന്നപ്പോള്‍ അദ്ദേഹം ഏകനാഥ് ഷിന്‍ഡെക്കൊപ്പം നിന്നു. 2022 ല്‍ ഷിന്‍ഡക്കൊപ്പം എന്‍ഡിഎയിലെത്തി. പിന്നെയെല്ലാം വളരെ പെട്ടെന്നായിരുന്നു മാസങ്ങള്‍ക്കുള്ളില്‍ കേസ് അവസാനിപ്പിക്കുന്നുവെന്ന റിപ്പോര്‍ട്ട് കോടതി സ്വീകരിച്ചു എന്നും അറിഞ്ഞും.
ഹിമന്ത ബിശ്വ ശര്‍മ്മ
അസം മുഖ്യമന്ത്രിയായ ഹിമന്ത ബിശ്വ ശര്‍മ്മക്കെതിരെ 2014 ലും 2015 ലുമാണ് സി.ബി.ഐയും ഇ.ഡിയും അന്വേഷണം നടത്തുന്നത്. ശാരദാ ചിട്ടി ഫണ്ട് അഴിമതിക്കേസ് പ്രതിയായ സുദീപ്ത സെന്നുമായുള്ള സാമ്പത്തിക ഇടപാടുകള്‍ ആരോപിച്ച് 2014-ല്‍ സി.ബി.ഐ അദ്ദേഹത്തിന്റെ വീടും ഓഫീസും റെയ്ഡ് ചെയ്തു. 2015ല്‍ കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നതോടെ കേസുകളും നടപടികളും അവസാനിച്ചു.
ഹസന്‍ മുഷ്രിഫ്
മഹാരാഷ്ട്രയിലെ കോലാപൂരിലുള്ള സര്‍ സേനാപതി സാന്താജി ഘോര്‍പഡെ പഞ്ചസാര ഫാക്ടറിയില്‍ നടന്ന ക്രമക്കേടുകളുടെ മറവില്‍ കള്ളപ്പണം വെളുപ്പിച്ചതിന് 2023 ഫെബ്രുവരിയിലാണ് ഇഡി കേസെടുത്തത്. 40,000 കര്‍ഷകരില്‍ നിന്ന് മൂലധനം ശേഖരിച്ചതിന് ശേഷം അവര്‍ക്ക് ഷെയര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയിട്ടില്ലെന്ന് ഇഡി കണ്ടെത്തി. പിരിച്ചെടുത്ത പണം മുഷ്രിഫിന്റെ കുടുംബവുമായി ബന്ധമുള്ള ഷെല്‍ കമ്പനികളിലേക്ക് വകമാറ്റിയെന്നാണ് ആരോപണം. 2023 ജൂലൈയില്‍ മുഷ്രിഫ് അജിത് പവാറിനൊപ്പം എന്‍ഡിഎയില്‍ ചേരുന്നതോടെ ആ കേസുകളിലും തീരുമാനമായി.
ഭാവന ഗവാലി
ശിവസേന നേതാവും എം.പിയുമായ ഭാവന ഗവാലിക്കെതിരെ 2020-ലാണ് കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ട് ഇ.ഡി റെയ്ഡുകള്‍ നടത്തുന്നത്. എം.പിയും സഹായിയും ഒരു ട്രസ്റ്റ് വഴി 17 കോടിരൂപ തട്ടിയതായി കണ്ടെത്തി. പിന്നാലെ സഹായിയായ സയീദ് ഖാന് ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്ന 3.75 കോടി രൂപ വിലമതിക്കുന്ന മുംബൈയിലെ ഓഫീസ് കെട്ടിടവും ഇഡി കണ്ടുകെട്ടി. 2022-ല്‍ ശിവസേനക്കൊപ്പം എന്‍.ഡി.എയില്‍ ചേര്‍ന്നതോടെ കേസില്‍ തുടര്‍ നടപടികളില്ല.
യാമിനി, യശ്വന്ത് ജാദവ്
ശിവസേന നേതാവും എം.എല്‍.എയുമായ യാമിനിക്കും വ്യവസായിയായ യശ്വന്ത് ജാദവിനുമെതിരെ ഇഡി ഉള്‍പ്പെടെ ഒന്നിലധികം ഏജന്‍സികളുടെ അന്വേഷണം നടന്നിരുന്നു. ഫോറിന്‍ എക്സ്ചേഞ്ച് മാനേജ്മെന്റ് ആക്ട് (ഫെമ) ലംഘനം ആരോപിച്ച് ബന്ധുക്കളുടേതടക്കം ആറ് കമ്പനികള്‍ക്കെതിതെ ഇഡി അന്വേഷണം നടത്തി. 2022ല്‍ നികുതി വകുപ്പ് 40 ലധികം സ്വത്തുക്കള്‍ കണ്ടുകെട്ടിയതോടെ 2022 ജൂണില്‍ ഷിന്‍ഡെക്കൊപ്പം എന്‍ഡിഎയില്‍ ചേര്‍ന്നു.
സി എം രമേഷ്
ടിഡിപി എം.പിയായിരുന്ന സി.എം രമേഷിന്റെ കമ്പനികളില്‍ 2018 ഒക്ടോബറില്‍, 100 കോടി രൂപയുടെ ക്രമക്കേട് ആരോപിച്ച് ഐടി വകുപ്പ് റെയ്ഡ് നടത്തി. 2019 ജൂണില്‍ ബി ജെ പിയില്‍ ചേര്‍ന്നതിന് പിന്നാലെ തുടര്‍ നടപടികള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
രനീന്ദര്‍ സിംഗ്
മുന്‍ പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്ങിന്റെ മകന്‍ രനീന്ദര്‍ സിങ്ങിനെതിരെ ഫെമ നിയമ ലംഘനം ആരോപിച്ചാണ് ഇഡി അന്വേഷണം ആരംഭിക്കുന്നത്. 2016-ല്‍ അദ്ദേഹം ഇഡിക്ക് മുമ്പാകെ ഹാജരാകുന്നു. സിംഭോലി ഷുഗേഴ്സിന്റെ പേരില്‍ നടന്ന 98 കോടി രൂപയുടെ വായ്പാ തട്ടിപ്പുമായി ബന്ധപ്പെട്ട് അമരീന്ദര്‍ സിങ്ങിന്റെ മരുമകന്‍ ഗുര്‍പാല്‍ സിംഗിനെ 2018 മാര്‍ച്ചില്‍ സിബിഐ ചോദ്യം ചെയ്യുന്നു. സിബിഐയുടെ എഫ്.ഐ.ആറിന്റെ അടിസ്ഥാനത്തില്‍ ഇഡി കള്ളപ്പണം വെളുപ്പിക്കല്‍ കേസ് രജിസ്റ്റര്‍ ചെയ്യുകയും 2019 ജൂലൈയില്‍ 110 കോടി രൂപയുടെ ആസ്തി കണ്ടുകെട്ടുകയും ചെയ്തു. 2021 നവംബറില്‍ അമരീന്ദര്‍ കോണ്‍ഗ്രസ് വിടുന്നു. 2022 സെപ്റ്റംബറില്‍ അമരീന്ദര്‍ ബിജെപിയില്‍ ചേര്‍ന്നു. ആ കേസുകളിലെ തുടര്‍നടപടികളെ പറ്റി പിന്നെ ലോകം ഒന്നും അറിഞ്ഞില്ല.
സഞ്ജയ് സേത്
എസ്പി നേതാവായ സഞ്ജയ് സേതുമായി ബന്ധമുള്ള ഷാലിമാര്‍ കോര്‍പ്പറേഷന്റെ ഓഫീസുകളില്‍ 2015 ലാണ് ഐടി വകുപ്പ് റെയ്ഡ് നടത്തുന്നത്. മുലായം സിംഗ് യാദവിന്റെ കുടുംബവുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന സേത്ത്, 2019 ല്‍ എസ്പി-ബിഎസ്പി സഖ്യം രൂപീകരിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച നേതാവ് കൂടിയാണ്. അടുത്തിടെ നടന്ന രാജ്യസഭയില്‍ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ അപ്രതീക്ഷിത സ്ഥാനാര്‍ഥിയായാണ് സേതിന്റെ പേര് പിന്നെ കേള്‍ക്കുന്നത്. യുപിയില്‍ നിന്ന് സേത്തിനെ രാജ്യസഭയിലേക്ക് ബിജെപി മത്സരിപ്പിച്ചു.
സുവേന്ദു അധികാരി
നാരദ സ്റ്റിംഗ് ഓപ്പറേഷന്‍ കേസില്‍ 11 തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കൊപ്പം പ്രതിയാണ് ലോക് സഭാ എംപി ആയിരുന്ന സുവേന്ദു അധികാരി. സുവേന്ദു അധികാരിക്കെതിരെ പ്രോസിക്യൂഷന്‍ നടപടികള്‍ തുടരാന്‍ 2019 ല്‍ ലോക്സഭാ സ്പീക്കറില്‍ നിന്ന് സി.ബി.ഐ അനുമതി തേടിയിരുന്നു. 2020 ല്‍ ബി.ജെ.പിയില്‍ ചേര്‍ന്നു. നാല് വര്‍ഷം പിന്നിട്ടിട്ടും സ്പീക്കറുടെ അനുമതിക്കായി ഇപ്പോഴും സി.ബി.ഐ കാത്തിരിക്കുകയാണ്.
കെ ഗീത
വൈഎസ്ആര്‍സിപി എംപി ഗീതയ്ക്കും ഭര്‍ത്താവ് പി രാമകോടേശ്വര റാവുവിനും എതിരെ 2015-ല്‍ സിബിഐ കേസെടുക്കുന്നു. അവരുടെ കമ്പനിയായ വിശ്വേശ്വര ഇന്‍ഫ്രാസ്ട്രക്ചര്‍ പ്രൈവറ്റ് ലിമിറ്റഡ് പഞ്ചാബ് നാഷണല്‍ ബാങ്കില്‍ 42 കോടി രൂപ വായ്പയെടുത്ത് തട്ടിപ്പ് നടത്തിയെന്നാണ് കേസ്. മാര്‍ച്ച് 12 ന് തെലങ്കാന ഹൈക്കോടതി ശിക്ഷ സ്റ്റേ ചെയ്തു. മാര്‍ച്ച് 28 ന് സ്ഥാനാര്‍ഥിയായി അവരെ ബിജെപി പ്രഖ്യാപിച്ചു. ആ കേസില്‍ അപ്പീല്‍ കൊടുക്കാന്‍ സി.ബി.ഐ ഇതുവരെ തയാറായിട്ടില്ല.
സോവന്‍ ചാറ്റര്‍ജി
മുന്‍ കൊല്‍ക്കത്ത മേയറും ടിഎംസി നേതാവും എംഎല്‍എയുമായ സോവന്‍ ചാറ്റര്‍ജി നാരദ സ്റ്റിംഗ് ഓപ്പറേഷന്‍ കേസിലെ പ്രധാന പ്രതിയാണ്, ശാരദ ചിട്ടിഫണ്ട് കേസിലും കേന്ദ്ര ഏജന്‍സികള്‍ ചോദ്യം ചെയ്തു. 2019 ല്‍ ബി.ജെ.പിയില്‍ ചേര്‍ന്നു. 2021-ല്‍ സീറ്റ് നിഷേധിച്ചതിനെത്തുടര്‍ന്ന് ബിജെപിയില്‍ നിന്ന് രാജിവച്ചു. 2021 ല്‍ നാരദ കേസില്‍ സിബിഐ അറസ്റ്റ് ചെയ്തു. ഇപ്പോള്‍ ജാമ്യത്തിലാണ്.
ഛഗന്‍ ഭുജ്ബല്‍
എന്‍സിപി നേതാവായിരുന്ന ഛഗന്‍ ഭുജ്ബല്‍ നിലവില്‍ മഹാരാഷ്ട്ര മന്ത്രിസഭയിലെ അംഗമാണ്. 2006-ല്‍ 100 കോടിയിലധികം രൂപയുടെ കരാര്‍ നല്‍കിയതില്‍ ക്രമക്കേട് നടത്തിയെന്ന കേസില്‍ 2015-ല്‍ മഹാരാഷ്ട്രയിലെ അഴിമതി വിരുദ്ധ ബ്യൂറോ കേസെടുത്തു. എഫ്‌ഐആറിന്റെ അടിസ്ഥാനത്തില്‍ ഇഡി കള്ളപ്പണം വെളുപ്പിക്കല്‍ കേസ് രജിസ്റ്റര്‍ ചെയ്യുകയും 2016 മാര്‍ച്ചില്‍ ഭുജ്ബലിനെ അറസ്റ്റ് ചെയ്യുകയും ചെയ്തു. 2018 മെയ് മാസത്തില്‍ ഭുജ്ബല്‍ ജാമ്യവും വിദേശയാത്രയ്ക്കുള്ള അനുമതിയും നേടി. ഇ.ഡി അതിനെതിരെ ഹര്‍ജി നല്‍കി. 2023ല്‍ അജിത് പവാറിനൊപ്പം എന്‍ഡിഎയില്‍ ചേര്‍ന്നതിന് പിന്നാലെ ഭുജ്ബല്‍ നിരവധി തവണ വിദേശയാത്ര നടത്തി. ഇക്കാര്യം കോടതി ചൂണ്ടിക്കാട്ടിയതോടെ ഇഡി ഹര്‍ജി പിന്‍വലിച്ചു.
കൃപാശങ്കര്‍ സിംഗ്
2012 ലാണ് അന്നത്തെ മുംബൈ കോണ്‍ഗ്രസ് മേധാവി കൃപാശങ്കര്‍ സിങ്ങിനെതിരെ അനധികൃത സ്വത്ത് സമ്പാദന കേസില്‍ പൊലീസ് കേസെടുത്തത്. എഫ്‌ഐആറിന്റെ അടിസ്ഥാനത്തില്‍ ഇഡി കള്ളപ്പണം വെളുപ്പിക്കല്‍ അന്വേഷിക്കുകയും മക്കളെ ചോദ്യം ചെയ്യുകയും ചെയ്തു. 2019 സെപ്റ്റംബറില്‍ കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച സിങ് 2021 ജൂലൈയില്‍ ബിജെപിയില്‍ ചേര്‍ന്നു. തുടര്‍ നടപടികളുമായി ഇ.ഡി മുന്നോട്ട് പോയതുമില്ല.
ദിഗംബര്‍ കാമത്ത്
കോണ്‍ഗ്രസ് നേതാവും മുന്‍ ഗോവ മുഖ്യമന്ത്രിയുമായ ദിഗംബര്‍ കാമത്ത് 2015 മുതല്‍ ലൂയിസ് ബര്‍ഗര്‍ അഴിമതിയില്‍ ഇഡി അന്വേഷണം നേരിടുകയാണ്. കാമത്തിന്റെയും എന്‍സിപി നേതാവ് ചര്‍ച്ചില്‍ അലെമാവോയുടെയും രണ്ട് കോടിയോളം രൂപ വിലമതിക്കുന്ന സ്വത്തുക്കള്‍ ഇഡി കണ്ടുകെട്ടി. 2022 സെപ്തംബറില്‍ എട്ട് കോണ്‍ഗ്രസ് എംഎല്‍എമാരുമായി കാമത്ത് ബിജെപിയി ചേര്‍ന്നു. കേസില്‍ വിചാരണ അനന്തമായി നീളുകയാണ്.
അശോക് ചവാന്‍
മുംബൈയിലെ ആദര്‍ശ് കോഓപ്പറേറ്റീവ് ഹൗസിംഗ് സൊസൈറ്റിയില്‍ ഫ്‌ലാറ്റ് അനുവദിച്ചതുമായി ബന്ധപ്പെട്ട കേസിലെ പ്രധാന പ്രതികളില്‍ ഒരാളാണ് മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന അശോക് ചവാന്‍. 2011ല്‍ സി.ബി.ഐ അന്വേഷണം ആരംഭിച്ചു. പിന്നാലെ ഇഡി അന്വേഷണം ആരംഭിക്കുകയും ചോദ്യം ചെയ്യുകയും ചെയ്തു.2024 ഫെബ്രുവരിയില്‍ ബിജെപിയില്‍ ചേര്‍ന്നതോടെ നടപടികള്‍ അവസാനിക്കുകയും ചെയ്തു.
നവീന്‍ ജിന്‍ഡാല്‍
2016 ലും 17 ലുമെടുത്ത കല്‍ക്കരിപ്പാടം കേസുകളില്‍ കോണ്‍ഗ്രസ് നേതാവായ നവീന്‍ ജിന്‍ഡാലിനെതിരെ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു. കള്ളപ്പണം വെളുപ്പിക്കല്‍ അന്വേഷണം നടത്തിയ ഇഡിയും കുറ്റപത്രം സമര്‍പ്പിച്ചു. 2022 ഏപ്രിലില്‍ ജിന്‍ഡാല്‍ സ്റ്റീല്‍ ആന്‍ഡ് പവറിലും നവിന്‍ ജിന്‍ഡാലിന്റെ വീടുകളിലും ഇഡി റെയ്ഡ് നടത്തി.2024 മാര്‍ച്ചില്‍ ജിന്‍ഡാല്‍ ബി.ജെ.പിയില്‍ ചേര്‍ന്നതോടെ എങ്ങും എത്താതെ അന്വേഷണം നീളുകയാണ്.
തപസ് റോയ്
ടിഎംസി നേതാവായ തപസ് റോയി കള്ളപ്പണം വെളുപ്പിക്കല്‍ കേസ്, റിക്രൂട്ട്മെന്റ് തട്ടിപ്പ് തുടങ്ങിയ കേസുകളില്‍ പ്രതിയാകുന്നു. 2024 ജനുവരിയില്‍ ഇ.ഡി ഇയാളുടെ വസതിയില്‍ റെയ്ഡ് നടത്തുന്നു. 2024 മാര്‍ച്ചില്‍ ബി.ജെ.പിയില്‍ ചേര്‍ന്ന റോയി നിലവില്‍ സ്ഥാനാര്‍ഥിയുമാണ്.
അര്‍ച്ചന പാട്ടീല്‍
കോണ്‍ഗ്രസ് നേതാവായ അര്‍ച്ചന പാട്ടീലിന്റെ ഭര്‍ത്താവും മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ശിവരാജ് പാട്ടീലിന്റെ കമ്പനിയായ എന്‍വി ഗ്രൂപ്പിന്റെ സ്ഥാപനത്തില്‍ ഐടി വകുപ്പ് റെയ്ഡ് നടത്തി. മഹാരാഷ്ട്രയിലെ കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറിയും മകനുമായ ശൈലേഷാണ് കമ്പനിയുടെ ഡയറക്ടര്‍. ഈ വര്‍ഷം ഫെബ്രുവരിയില്‍, ആദായനികുതി അപ്പലേറ്റ് ട്രിബ്യൂണല്‍ (ഐടിഎടി) റെയ്ഡില്‍ കുറ്റകരമായ ഒന്നും കണ്ടെത്തിയില്ലെന്ന് റിപ്പോര്‍ട്ട് നല്‍കുന്നു. മാര്‍ച്ചില്‍ അര്‍ച്ചന ബി.ജെ.പിയില്‍ ചേര്‍ന്നു. ലാത്തൂരില്‍ നിന്ന് മത്സരിക്കുമെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരം.
ഗീത കോഡ
അനധികൃത സ്വത്ത് സമ്പാദനത്തിലും കല്‍ക്കരിപ്പാടങ്ങള്‍ അനുവദിച്ച കേസുകളിലും കേന്ദ്ര ഏജന്‍സികളുടെ നടപടി നേരിടുകയാണ് ജാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രി മധു കോഡ. കോഡയ്ക്കെതിരായ മറ്റ് കേസുകളില്‍ അന്വേഷണം വിവിധ ഘട്ടങ്ങളിലാണ്. 2017 ല്‍ കോഡയെ ശിക്ഷിച്ചു. 2018 ല്‍ ശിക്ഷാ വിധി സ്റ്റേ ചെയ്തു. 2024 ല്‍ ഗീത കോഡ കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയിലേക്ക് മാറി.
ബാബ സിദ്ദിഖി
നഗരത്തിലെ ചേരി പുനര്‍വികസന പദ്ധതിയിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് മുംബൈ കോണ്‍ഗ്രസ് നേതാവ് ബാബ സിദ്ദിഖിന്റെ വസതികളിലും ഓഫീസുകളിലും 2017 മെയിലാണ് ഇഡി പരിശോധന നടത്തുന്നത്. 2018ല്‍ കേസുമായി ബന്ധപ്പെട്ട ഒരു ഡെവലപ്പറുടെതടക്കം 450 കോടിയിലധികം വരുന്ന സ്വത്തുക്കള്‍ ഇഡി കണ്ടുകെട്ടി. 2024ല്‍ അജിത് പവാറിന്റെ എന്‍സിപിയില്‍ ചേര്‍ന്നതോടെ അന്വേഷണം നടക്കുന്നു എന്ന് മാത്രം.
ജ്യോതി മിര്‍ധ
യെസ് ബാങ്ക് കേസ് ഉള്‍പ്പെടെ ഒന്നിലധികം കേസുകളില്‍ ഇഡി ഇന്ത്യാബുള്‍സിനെതിരെ 2020 മാര്‍ച്ചില്‍ ഇ.ഡി അന്വേഷണം ആരംഭിച്ചു.ഓഹരി വിലകളിലെ കൃത്രിമ പണപ്പെരുപ്പം,സ്വത്തുക്കള്‍ തട്ടിയെടുക്കല്‍ തുടങ്ങിയ പരാതികളിലാണ് നടപടി നേരിട്ടത്. 2023ല്‍ ജ്യോതി മിര്‍ധ ബിജെപിയില്‍ ചേര്‍ന്നു.
വൈഎസ് സുജന ചൗധരി
ടിഡിപി നേതാവും മുന്‍ കേന്ദ്രമന്ത്രിയും മുന്‍ എംപിയുമായ വൈഎസ് സുജന ചൗധരിക്കെതിരെ ഇ.ഡിയുടെ മൂന്ന് എഫ്.ഐ.ആറുകളിലാണ് അന്വേഷണം നടക്കുന്നത്. ചൗധരിയുടേതെന്ന് ഏജന്‍സികള്‍ അവകാശപ്പെടുന്ന ബെസ്റ്റ് ആന്‍ഡ് ക്രോംപ്ടണ്‍ എന്‍ജിനീയറിങ് പ്രോജക്ട്‌സ് ലിമിറ്റഡ് (ബിസിഇപിഎല്‍) ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തില്‍ നിന്ന് 360 കോടിയിലധികം രൂപയുടെ വായ്പ തട്ടിപ്പ് നടത്തി കുടിശ്ശിക വരുത്തിയെന്നാണ് എഫ്.ഐ.ആറിലുള്ളത്. 2019 എപ്രിലില്‍ ഇഡി 315 കോടി രൂപയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി. ആ വര്‍ഷം ജൂണില്‍ ബിജെപിയില്‍ ചേര്‍ന്നു. കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചെങ്കിലും തുടര്‍ നടപടികള് ഉണ്ടായിട്ടില്ല.
ഇതൊക്കെയാണ് രാഷ്ട്രീയത്തിലെ മനോഹരമായ ആചാരങ്ങള്‍...
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1