വാഷിംഗ്ടണ്‍: എഫ്ബിഐ മേധാവി സ്ഥാനത്തുനിന്ന് ക്രിസ്റ്റഫര്‍ എ റേയെ മാറ്റാന്‍ ആഗ്രഹിക്കുന്നുവെന്ന് നിയുക്ത പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. എഫ്ബിഐയുടെ ശക്തനായ വിമര്‍ശകനായ കാഷ് പട്ടേലിനെ പകരം ഏജന്‍സി ഡയറക്ടറായി കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു. ഏജന്‍സിയുടെ വാഷിംഗ്ടണ്‍ ആസ്ഥാനം അടച്ചുപൂട്ടാനും അതിന്റെ നേതൃത്വത്തെ പുറത്താക്കാനും ആഹ്വാനം ചെയ്ത വ്യക്തിയാണ് കാഷ് പട്ടേല്‍.
രാജ്യത്തിന്റെ ഭൂരിഭാഗം നിയമപാലകരും ദേശീയ സുരക്ഷാ സംവിധാനങ്ങളും പക്ഷപാതത്തില്‍ നിന്ന് മോചിതരാക്കപ്പെടേണ്ടതുണ്ടെന്ന ട്രംപിന്റെ വിശ്വാസവുമായി പട്ടേലിനും യോജിപ്പാണുള്ളത്.
അഴിമതി തുറന്നുകാട്ടുന്നതിനും നീതിക്കുവേണ്ടിയും അമേരിക്കന്‍ ജനതയെ സംരക്ഷിക്കുന്നതിനുമായി തന്റെ കരിയര്‍ ചെലവഴിച്ച മിടുക്കനായ അഭിഭാഷകനും അന്വേഷകനുമാണ് കാഷ് പട്ടേലെന്ന് ട്രംപ് പുകഴ്ത്തി.
പട്ടേല്‍ ഒരു ഫെഡറല്‍ പ്രോസിക്യൂട്ടറായും പബ്ലിക് ഡിഫന്‍ഡറായും പ്രവര്‍ത്തിച്ചിട്ടുണ്ട്. എന്നാല്‍ എഫ്.ബി.ഐയുടെ സാധാരണ നിയമപാലക, മാനേജ്മെന്റ് അനുഭവങ്ങള്‍ അദ്ദേഹത്തിന് കുറവാണ്.
ദേശീയ സുരക്ഷാ കൗണ്‍സിലിലെയും പെന്റഗണിലെയും തസ്തികകള്‍ ഉള്‍പ്പെടെ, ട്രംപിന്റെ ആദ്യ ടേമിന്റെ അവസാനത്തില്‍ അദ്ദേഹം നിരവധി ഭരണ പദവികളില്‍ സേവനമനുഷ്ഠിച്ചു. 2021-ന്റെ തുടക്കത്തില്‍ അധികാരം വിടുന്നതിന് മുമ്പ്, പട്ടേലിനെ സിഐഎയുടെ ഡെപ്യൂട്ടി ഡയറക്ടറാക്കുക എന്ന ആശയം ട്രംപ് മുന്നോട്ടുവച്ചു.
2027 വരെ 10 വര്‍ഷത്തെ കാലാവധിയുള്ള നിലവിലെ ഡയറക്ടറായ റേയോടുള്ള ട്രംപിന്റെ കടുത്ത അനിഷ്ടവും ഈ പ്രഖ്യാപനം അടിവരയിടുന്നു. ട്രംപ് റേയെ ജോലിയില്‍ നിയമിച്ചെങ്കിലും മാസങ്ങള്‍ക്കകം സുഹൃത്തുക്കളോട് അദ്ദേഹത്തെപ്പറ്റി പരാതിപ്പെട്ടിരുന്നു. റേ താന്‍ ആഗ്രഹിച്ച രീതിയില്‍ ഏജന്‍സിയെ പ്രവര്‍ത്തിപ്പിക്കുന്നില്ലെന്നായിരുന്നു ട്രംപിന്റെ പരാതി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്