ന്യൂയോര്ക്ക്: 2009 ല് അമേരിക്കയിലെ ടെക്സസിലുള്ള ഫോര്ട്ട് ഹുഡ് സൈനിക താവളത്തില് 13 പേരെ വെടിവെച്ചുകൊന്ന നിദാല് ഹസന് എന്ന മുന് സൈനിക മാനസികരോഗ വിദഗ്ദ്ധന്റെ വധശിക്ഷ തത്സമയം സംപ്രേഷണം ചെയ്യാനുള്ള തീരുമാനത്തില് നിന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്ഡ് ട്രംപ് പിന്മാറി. ഫയറിംഗ് സ്ക്വാഡ് ഉപയോഗിച്ചുള്ള വധശിക്ഷ ലൈവായി കാണിക്കാനുള്ള പെന്റഗണിന്റെ മുന് തീരുമാനത്തിനെതിരെ അമേരിക്കയിലും അന്താരാഷ്ട്ര തലത്തിലും വന് വിമര്ശനവും എതിര്പ്പും ഉയര്ന്ന പശ്ചാത്തലത്തിലാണ് ഈ പുതിയ തീരുമാനം.
വധശിക്ഷ പൊതുജനങ്ങളെ തത്സമയം കാണിക്കുന്നത് അമേരിക്കന് ഭീകരരെയും കുറ്റവാളികളെയും എങ്ങനെ കൈകാര്യം ചെയ്യുന്നു എന്ന് ലോകത്തിന് മുന്നില് കാണിക്കാനുള്ള ശക്തമായ മുന്നറിയിപ്പായി മാറുമായിരുന്നുവെന്ന് ട്രംപ് തന്റെ ട്രൂത്ത് സോഷ്യല് പ്ലാറ്റ്ഫോമില് കുറിച്ചു. എങ്കിലും നല്ലവരായ നിരവധിയാളുകള് ഈ ദൃശ്യങ്ങള് കാണാന് ആഗ്രഹിക്കുന്നില്ലെന്ന വസ്തുത കണക്കിലെടുത്താണ് സ്ട്രീമിംഗ് വേണ്ടെന്നുവെച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി. നേരത്തെ, വധശിക്ഷ സംപ്രേഷണം ചെയ്യുന്നതിനോട് വൈസ് പ്രസിഡന്റ് ജെ.ഡി വാന്സും വിയോജിപ്പ് പ്രകടിപ്പിക്കുകയും താന് ഇത് കാണില്ലെന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു.
തത്സമയ സംപ്രേഷണം ഒഴിവാക്കിയെങ്കിലും നിദാല് ഹസന്റെ വധശിക്ഷ നിശ്ചയിച്ച പ്രകാരം ഫയറിംഗ് സ്ക്വാഡ് ഉപയോഗിച്ച് തന്നെ നടപ്പിലാക്കുമെന്ന് ട്രംപ് സ്ഥിരീകരിച്ചു. അഫ്ഗാനിസ്ഥാനിലേക്ക് നിയോഗിക്കപ്പെടാന് തയാറെടുക്കുകയായിരുന്ന ആയുധധാരികളല്ലാത്ത 13 യു.എസ് സൈനികരെ കൊലപ്പെടുത്തുകയും 32 പേര്ക്ക് പരിക്കേല്പ്പിക്കുകയും ചെയ്ത കേസിലാണ് നിദാല് ഹസന് വധശിക്ഷ വിധിച്ചത്. കഴിഞ്ഞ 60 വര്ഷത്തിനിടെ യു.എസ് സൈനിക ചരിത്രത്തില് നടപ്പാക്കുന്ന ആദ്യ വധശിക്ഷയാണിത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
