പറഞ്ഞാല്‍ കേട്ടില്ലെങ്കില്‍ കനത്ത നികുതി; ഉക്രെയ്‌നുമായുള്ള യുദ്ധം എത്രയും പെട്ടെന്ന് അവസാനിപ്പിക്കാന്‍ റഷ്യയോട് ട്രംപ്

JANUARY 22, 2025, 9:40 PM

ന്യൂയോര്‍ക്ക്: ഉക്രെയ്‌നുമായുള്ള യുദ്ധം അവസാനിപ്പിച്ചില്ലെങ്കില്‍ റഷ്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് കനത്ത നികുതി ചുമത്തുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ മുന്നറിയിപ്പ്. ഉക്രെയ്ന്‍-റഷ്യ യുദ്ധം മൂന്ന് വര്‍ഷമായി തുടരുകയാണ്. ഇത് അവസാനിപ്പിക്കാന്‍ റഷ്യ ഒരു ഒത്തുതീര്‍പ്പിലെത്തിയില്ലെങ്കില്‍ റഷ്യയ്ക്ക് മേല്‍ ഉപരോധം ഏര്‍പ്പെടുത്തുമെന്നും അവിടെ നിന്നുള്ള ഇറക്കുമതികള്‍ക്ക് തീരുവ ഏര്‍പ്പെടുത്തുമെന്നുമാണ് ഡൊണാള്‍ഡ് ട്രംപ് മുന്നറിയിപ്പ് നല്‍കുന്നത്.

'സമ്പദ്വ്യവസ്ഥ തകര്‍ന്നുകൊണ്ടിരിക്കുന്ന റഷ്യയ്ക്കും, പ്രസിഡന്റ് പുടിനും ഞാന്‍ വലിയ ഒരു അനുഗ്രഹം നല്‍കാന്‍ പോകുന്നു. ഇപ്പോള്‍ ഒത്തുതീര്‍പ്പാക്കൂ, ഈ പരിഹാസ്യമായ യുദ്ധം നിര്‍ത്തൂ. അല്ലെങ്കില്‍ ഇത് കൂടുതല്‍ വഷളാകാന്‍ പോകുന്നു.'- ട്രംപ് ഓര്‍മ്മിപ്പിച്ചു.

പ്രസിഡന്റായി മൂന്നാം ദിവസം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലാണ് ട്രംപിന്റെ ഭീഷണി.'ഒരു ഒത്തുതീര്‍പ്പ് കരാര്‍ ഉണ്ടാക്കിയില്ലെങ്കില്‍, താമസിയാതെ, റഷ്യ അമേരിക്കയ്ക്കും മറ്റ് വിവിധ പങ്കാളി രാജ്യങ്ങള്‍ക്കും വില്‍ക്കുന്ന എന്തിനും ഉയര്‍ന്ന തോതിലുള്ള നികുതികള്‍, താരിഫുകള്‍, ഉപരോധങ്ങള്‍ എന്നിവ ഏര്‍പ്പെടുത്തുകയല്ലാതെ എനിക്ക് മറ്റ് മാര്‍ഗമില്ല,'- ട്രംപ് ട്രൂത്ത് സോഷ്യലില്‍ കുറിച്ചു.

'ഞാന്‍ പ്രസിഡന്റായിരുന്ന ഘട്ടത്തിലായിരുന്നുവെങ്കില്‍ ഒരിക്കലും ഈ യുദ്ധം ആരംഭിക്കില്ലായിരുന്നു. ഈ യുദ്ധം നമുക്ക് അവസാനിപ്പിക്കാം. നമുക്ക് അത് എളുപ്പവഴിയിലൂടെയോ കഠിനമായ വഴിയിലൂടെയോ ചെയ്യാം, എളുപ്പവഴി എപ്പോഴും മികച്ചതാണ്,'- ട്രംപ് വ്യക്തമാക്കി.

വൈറ്റ് ഹൗസില്‍ തുടര്‍ച്ചയായി രണ്ടാം തവണയും തിരഞ്ഞെടുക്കപ്പെട്ടാല്‍ ഒരു ദിവസം കൊണ്ട് ഉക്രെനിലെ യുദ്ധം അവസാനിപ്പിക്കാന്‍ കഴിയുമെന്ന് ട്രംപ് ആവര്‍ത്തിച്ച് പറഞ്ഞിരുന്നു. 2022 ഫെബ്രുവരിയില്‍ റഷ്യക്കാരുടെ അധിനിവേശത്തോടെയാണ് യുദ്ധം ആരംഭിച്ചത്.

'ഞാന്‍ റഷ്യയെ വേദനിപ്പിക്കാന്‍ ആഗ്രഹിക്കുന്നില്ല. ഞാന്‍ റഷ്യന്‍ ജനതയെ സ്നേഹിക്കുന്നു, പ്രസിഡന്റ് പുടിനുമായി എപ്പോഴും വളരെ നല്ല ബന്ധമുണ്ടായിരുന്നു. രണ്ടാം ലോകമഹായുദ്ധത്തില്‍ വിജയിക്കാന്‍ റഷ്യ നമ്മെ സഹായിച്ചുവെന്നും, ആ പ്രക്രിയയില്‍ ഏകദേശം 60,000,000 പേരുടെ ജീവന്‍ നഷ്ടപ്പെട്ടുവെന്നും നാം ഒരിക്കലും മറക്കരുത്.'- ട്രംപ് കൂട്ടിച്ചേര്‍ത്തു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam