1967 ൽ വെള്ളിത്തിരയിലെത്തിയ 'സ്ഥാനാർത്ഥി സാറാമ്മ'യുടെ റീമേക്ക് തദ്ദേശ തെരഞ്ഞെടുപ്പു കാലമായതോടെ കേരളത്തിലെ പഞ്ചായത്തുകളിൽ അരങ്ങേറുന്നു. 'തോട്ടുംകരയിൽ വിമാനമിറങ്ങാൻ താവളമുണ്ടാക്കാ'മെന്നതുൾപ്പെടെയുള്ള വാഗ്ദാനങ്ങളുമായി അടൂർ ഭാസി പാടി അഭിനയിച്ച 'കുരുവിപ്പെട്ടി നമ്മുടെ പെട്ടി' വഴി തിരഞ്ഞെടുപ്പ് ഗോദയിലെ പാട്ടിന്റെ സ്വാധീനം കെ.എസ്.സേതുമാധവനാണ് സ്ഥാനാർത്ഥി സാറാമ്മയിലൂടെ ആദ്യമായി മലയാളികളെ പഠിപ്പിച്ചത്. ആ വരികളുടെ ഏകദേശ അനുകരണവുമായിത്തന്നെ ഇപ്പോഴും സ്ഥാനാർത്ഥികൾ വോട്ടു തേടുന്നു. സ്വന്തം സ്ഥാനാർത്ഥിയെ പുകഴ്ത്താനും എതിരാളികളെ ഇകഴ്ത്താനും പാരഡിപ്പാട്ട് വജ്രായുധമാക്കുന്നു അവർ.
അര വർഷം മാത്രമകലെയെത്തിക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനു കളമൊരുക്കാൻ ലഭിച്ച സുവർണാവസരം എന്ന നിലയിലാണു മുന്നണികൾ രംഗത്തിറങ്ങിയിട്ടുള്ളത്. നിയമസഭാ തെരഞ്ഞെടുപ്പിനെ ഫൈനലും ഇപ്പോഴത്തെ വോട്ടെടുപ്പിനെ സെമിഫൈനലുമായാണ് മാധ്യമങ്ങൾ കാണുന്നത്. അതേസമയം, ഫൈനലിന്റെ ആവേശത്തിലേക്കെത്തുകയാണ് സെമിഫൈനൽ എന്ന നിരീക്ഷണവുമുണ്ട്. തദ്ദേശതെരഞ്ഞെടുപ്പുകളിൽ പൊതുവേ എൽ.ഡി.എഫിനു മേൽക്കൈ പതിവാണ്. എന്നാൽ, തദ്ദേശ തെരഞ്ഞെടുപ്പിലെ തകർപ്പൻ മുന്നേറ്റത്തിനുശേഷം നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിലടക്കം എൽ.ഡി.എഫിനു തിരിച്ചടിയുണ്ടായ സന്ദർഭങ്ങളുമുണ്ട്.വ്യക്തിബന്ധങ്ങൾക്കും സൗഹൃദങ്ങൾക്കും തദ്ദേശ തെരഞ്ഞെടുപ്പിൽ വലിയ സ്വാധീനമുണ്ടാകും.
ഓരോ സ്ഥാനാർഥിക്കും വോട്ടർമാരേയും അവർക്കു തിരിച്ചും പരസ്പരം വ്യക്തിപരമായി അറിയാമെന്നതാണ് തദ്ദേശ തെരഞ്ഞെടുപ്പുകളുടെ ഏറ്റവും വലിയ പ്രത്യേകത.
ആത്മവിശ്വാസ്വവും പ്രാദേശിക തലങ്ങളിലെ സ്വാധീനവും നിലനിർത്താൻ മുന്നണികൾക്കു തദ്ദേശ തെരഞ്ഞെടുപ്പ് വിജയം കൂടിയേ തീരൂ. രാഷ്ട്രീയച്ചായ്‌വുകൾക്ക് ഉപരിയായുള്ള വോട്ടിങ് ആണ് പലപ്പോഴും തദ്ദേശ തെരഞ്ഞെടുപ്പുകളിലേത്. പാർട്ടികളുടെ കണക്കുകൂട്ടലുകൾ തെറ്റിക്കുന്ന നീക്കമായി ഇതു മാറുന്നു. ദേശീയ, സംസ്ഥാന രാഷ്ട്രീയ വിഷയങ്ങളും വിവാദങ്ങളും ചർച്ചയാകുന്നുണ്ടെങ്കിലും പ്രാദേശിക വിഷയങ്ങൾക്കുതന്നെയാകും വോട്ടർമാർ മുന്തിയ പരിഗണന നൽകുക.
കഴിഞ്ഞ 10 വർഷത്തെ പിണറായി ഭരണത്തെ നിശിതമായി വിമർശിച്ച് യു.ഡി.എഫിന്റെ ചടുല പ്രചാരണം കൊഴുക്കുന്നു. കേന്ദ്ര സർക്കാരിന്റെ നേട്ടങ്ങൾ എണ്ണിപ്പറയുന്നു ബി.ജെ.പി. തിരുവനന്തപുരത്ത് അടക്കം വലിയ മേൽക്കൈ പ്രതീക്ഷിക്കുന്നു അവർ. ശബരിമല സ്വർണ്ണക്കൊള്ള പ്രതിപക്ഷം ആളിക്കത്തിക്കുമ്പോൾ വികസന നേട്ടങ്ങളും ക്ഷേമ പ്രഖ്യാപനങ്ങളും ഗുണം ചെയ്യുമെന്ന ആത്മവിശ്വാസത്തിലാണ് എൽഡിഎഫ്. ആവേശം ഉച്ചസ്ഥായിയിലെത്തുന്നതിനിടെ പാർട്ടികൾക്ക് തലവേദനയായിരിക്കുകയാണ് വിമത സ്ഥാനാർത്ഥികൾ. തിരുവനന്തപുരം, എറണാകുളം ജില്ലകളിലാണ് കൂടുതൽ വിമത ശല്യം. പ്രചാരണം കൊഴുപ്പിക്കുന്ന മുന്നണികൾക്ക് തലവേദനയായി വിമത സ്ഥാനാർഥികൾ രംഗത്തുണ്ട്.
തിരുവനന്തപുരം കോർപ്പറേഷനിൽ എൽ.ഡി.എഫിനും യു.ഡി.എഫിനും അഞ്ചിടങ്ങളിലാണ് വിമതർ ഉള്ളത്. കൊച്ചി കോർപ്പറേഷനിൽ പത്തിലേറെ വാർഡിൽ യു.ഡി.എഫിനും വിമത ഭീഷണിയുണ്ട്. തൃശൂരിൽ കോൺഗ്രസിനും സി.പി.എമ്മിനും സി.പി.ഐക്കും വിമതരുണ്ട്. പാലക്കാട് പിരിയാരി പഞ്ചായത്തിൽ അഞ്ചിടങ്ങളിൽ യു.ഡി.എഫിന് വെല്ലുവിളിയായി വിമതർ മത്സരിക്കും. പിൻവാങ്ങാത്ത വിമതരെ പുറത്താക്കുമെന്നാണ് കോൺഗ്രസ് പ്രഖ്യാപനം.
തദ്ദേശ തെരഞ്ഞെടുപ്പുകളിൽ ഇത്രയേറെ ആവേശത്തോടെ സ്ഥാനാർത്ഥിത്വത്തിനു വേണ്ടിയുള്ള പോരാട്ടത്തിനു പിന്നിലെന്തെന്ന ചോദ്യം ജനങ്ങൾ പരസ്പരം ചോദിക്കുന്നു.
അത്രയേറെ സാമ്പത്തിക സ്രോതസുകൾ തുറന്നു കിടക്കുന്നുവോ പഞ്ചായത്തിലും നഗരസഭയിലും കോർപ്പറേഷനിലുമെന്ന സംശയമാണുയരുന്നത്. തദ്ദേശ ഭരണ സ്ഥാപനങ്ങളിലെ അംഗങ്ങൾക്കും പ്രസിഡന്റുമാർക്കും കഴിഞ്ഞ പത്തു വർഷത്തിനിടയിൽ പ്രതിഫലം വർദ്ധിച്ചത് ഇരട്ടിയിലേറെയായിരുന്നെങ്കിലും അതൊന്നും അത്ര വലിയ തുകയല്ലെന്ന വസ്തുത നിലനിൽക്കുന്നുമുണ്ട്.
ഓണറേറിയം കൂട്ടി...
കേരളത്തിൽ ഏറ്റവും കൂടുതൾ പ്രതിഫലം ഓണറേറിയമായി കിട്ടുന്ന പ്രാദേശിക ജനപ്രതിനിധിയാണ് കോർപ്പറേഷൻ മേയർ. 15,800 രൂപ പ്രതിമാസം ഓണറേറിയം. 2016 ഓഗസ്റ്റിനു മുമ്പ് ഇത് 7,900 രൂപയായിരുന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനും മേയർക്ക് ലഭിക്കുന്ന അതേ ഓണറേറിയമാണ്. കോർപ്പറേഷനിലെ ഡെപ്യൂട്ടി മേയർക്ക് 13,200 രൂപ പ്രതിമാസ ഓണറേറിയം കിട്ടും. 2016 ഓഗസ്റ്റിനു മുമ്പ് ഇത് 6,600 രൂപയായിരുന്നു. കോർപ്പറേഷൻ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻമാർക്ക് മുമ്പ് 4,700 രൂപയായിരുന്നത് ഇപ്പോൾ 9,400 രൂപയായി. കോർപ്പറേഷൻ കൗൺസിലർമാർക്ക് 8,200 രൂപയാണ് ഓണറേറിയം. 2016 ഓഗസ്റ്റിനു മുമ്പ് ഇത് വെറും 4,100 രൂപയായിരുന്നു.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റിന് ഡെപ്യൂട്ടി മേയറുടേതിന് തുല്യമായ ഓണറേറിയം ലഭിക്കും. മാസം 13,200 രൂപ. ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻമാർക്ക് കോർപ്പറേഷനിലേതിന് തുല്യമായി 9,400 രൂപയാണ് ഓണറേറിയം. ജില്ലാ പഞ്ചായത്ത് അംഗങ്ങൾക്ക് 8,800 രൂപ പ്രതിമാസ ഓണറേറിയം. കോർപ്പറേഷൻ കൗൺസിലർമാരേക്കാൾ 600 രൂപ കൂടുതൽ. നഗരസഭകളിൽ ചെയർമാൻമാർക്ക് 146,00 രൂപയാണ് ഓണറേറിയം. 7,300 രൂപയായിരുന്നത് 2016 ൽ ഇരട്ടിയാക്കി. വെസ് ചെയർമാന്റെ ഓണറേറിയം 6,000 രൂപയായിരുന്നത് ഇപ്പോൾ 12,000 രൂപയായി. സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻമാർക്ക് 8,800 രൂപയും നഗരസഭാ കൗൺസിലർമാർക്ക് 7,600 രൂപയും ലഭിക്കും.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാർക്ക് 14,600 രൂപയാണ് പ്രതിമാസ ഓണറേറിയം. 7,300 രൂപയായിരുന്ന ഓണറേറിയം 2016 ലാണ് വർദ്ധിപ്പിച്ചത്. ബ്ലോക്ക് വൈസ് പ്രസിഡന്റിന് 12,000 രൂപയും സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻമാർക്ക് 8,800 രൂപയും പ്രതിമാസ ഓണറേറിയം ലഭിക്കും. ത്രിതല സംവിധാനത്തിലെ ഏറ്റവും താഴെയുള്ള ഘടകമായ ഗ്രാമ പഞ്ചായത്തിൽ പ്രസിഡന്റിന് 13,200 രൂപയും വൈസ് പ്രസിഡന്റിന് 10,600 രൂപയും പ്രതിമാസ ഓണറേറിയം കിട്ടും. സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻമാർക്ക് 8,200 രൂപയും മെമ്പർമാർക്ക് 7,000 രൂപയുമാണ് ഓണറേറിയം. 2016 ഓഗസ്റ്റ് 10 നാണ് പ്രാദേശിക ജന പ്രതിനിധികളുടെ പ്രതിഫലം അവസാനമായി പരിഷ്‌കരിച്ചത്.
അഞ്ചു വർഷവും വാർഡിൽ ഉടനീളം ഓടിയെത്തേണ്ട പ്രാദേശിക ജനപ്രതിനിധിക്ക് ഓണറേറിയത്തിനു പുറമേ കിട്ടുക സിറ്റിങ്ങ് ഫീയാണ്. എത്ര തവണ പഞ്ചായത്ത് ഭരണസമിതിയോ മുനിസിപ്പൽ കോർപ്പറേഷൻ കൗൺസിലോ യോഗം ചേരുന്നു എന്നതിനെ ആശ്രയിച്ച് ഓരോ മാസവും ഈ വരുമാനം വ്യത്യാസപ്പെട്ടു കൊണ്ടിരിക്കും. ഏഴു വർഷം മുമ്പു വരെ മേയർ, ഡെപ്യൂട്ടി മേയർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, മുൻസിപ്പൽ ചെയർമാൻ, വൈസ് ചെയർമാൻ, ബ്ലോക്ക്പഞ്ചായത്ത് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻമാർ എന്നിവർക്ക് 75 രൂപയായിരുന്നു സിറ്റിങ്ങ് ഫീ. സാധാരണ മെമ്പർമാർക്ക് യോഗം ഒന്നിന് 60 രൂപയും.
2018 ജനുവരിയിൽ സർക്കാർ ഈ സിറ്റിങ്ങ് ഫീ പരിഷ്‌കരിച്ചു. സാധാരണ മെമ്പർമാർക്ക് ഓരോ യോഗത്തിനും 200 രൂപയാണ് പുതുക്കിയ സിറ്റിങ്ങ് ഫീസ്. അതായത് മാസത്തിൽ അഞ്ചു തവണ പഞ്ചായത്ത് നഗരസഭാ യോഗം ചേർന്നാൽ ഓണറേറിയത്തിനു പുറമേ 1,000 രൂപ മെമ്പർമാർക്ക് സിറ്റിങ്ങ് ഫീ കൂടി ലഭിക്കും. കോർപ്പറേഷൻ മേയർ, ഡെപ്യൂട്ടി മേയർ, നഗരസഭാ ചെയർമാൻ, വൈസ് ചെയർമാൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, ഗ്രാമ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, വിവിധ തദ്ദേശ ഭരണ സ്ഥാപനങ്ങളിലെ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻമാർ എന്നിവർക്ക് സിറ്റിങ്ങ് ഫീസ് 250 രൂപയാണ്. മാസം അഞ്ച് തവണ യോഗം ചേർന്നാൽ പ്രസിഡന്റിനും മേയർക്കും ചെയർമാനുമൊക്കെ ഓണറേറിയത്തിനു പുറമേ 1,250 രൂപ കൂടി പ്രതിഫലം കിട്ടും.
പാതിരാവോളം
ഈ തുക തങ്ങൾ നടത്തുന്ന ജനസേവനത്തിന് തികയാത്തതു കൊണ്ട് പലരും മറ്റു തൊഴിലുകളെടുത്താണ് ജീവിക്കുന്നത്. അതേ സമയം സ്വകാര്യ സ്‌കൂളുകളിൽ നിന്നും മറ്റും അവധിയെടുത്ത് മെമ്പറും പ്രസിഡന്റുമൊക്കെ ആകാനെത്തുന്ന ജനപ്രതിനിധികളും സംസ്ഥാനത്ത് നിരവധിയുണ്ട്. പെൻഷൻകാരും മറ്റ് ജോലികൾ ചെയ്യുന്നവരുമാണ് മെമ്പർമാരായി എത്തുന്നവരിൽ കൂടുതൽ പേരും. കുടുംബശ്രീ പ്രവർത്തകർക്ക് പ്രാദേശിക ജനപ്രതിനിധികളാകുന്നതിന് തടസ്സമില്ലെങ്കിലും സർക്കാർ ജീവനക്കാർക്കും സർക്കാർ സ്ഥാപനങ്ങളിലേയും ബോർഡുകളിലേയും കോർപ്പറേഷനുകളിലേയും കരാർ തൊഴിലാളികൾക്കും ജനപ്രതിനിധികളാകാൻ നിയമപരമായ വിലക്കുണ്ട്.
മന്ത്രിമാർക്കും എംപിമാർക്കും എംഎൽഎമാർക്കുമൊക്കെ കൃത്യമായ ഇടവേളകളിൽ ഓണറേറിയം കൂട്ടി നൽകുന്നു. അവർക്ക് വേണ്ട എല്ലാ സൗകര്യങ്ങളും ഒരുക്കി നൽകുന്നുമുണ്ട്. അത്രയൊന്നുമില്ലെങ്കിലും താഴെത്തട്ടിൽ ജനസേവനം നടത്തുന്നവർക്ക് ജീവിക്കാനുള്ള പ്രതിഫലം എങ്കിലും നൽകണമെന്നാണ് പ്രാദേശിക ജനപ്രതിനിധികളുടെ അഭിപ്രായം.
പ്രാദേശികതലങ്ങളിലെ ജനപ്രതിനിധികൾ ഏറെ ജനകീയരായത് കൊണ്ട് തന്നെ വാർഡിലെ ഓരോ വീടുകളിലും നടക്കുന്ന വിവാഹം, പാലുകാച്ചൽ പോലുള്ള ചടങ്ങുകൾക്ക് ക്ഷണമുണ്ടാകും. ഇതിനെല്ലാം പോകേണ്ടിയും വരും.
ഇവർക്ക് നാമമാത്രമായെങ്കിലും ഒരു സമ്മാനം നൽകാൻ കഴിയുന്നില്ലെന്ന പരാതി പലരും പങ്കുവയ്ക്കുന്നു. നേരം വെളുത്താൽ പാതിരാവ് വരെ ജനങ്ങൾക്കൊപ്പം കഴിയുന്നവരാണു തങ്ങൾ. പലപ്പോഴും കടം വാങ്ങി കാര്യങ്ങൾ മുന്നോട്ട് കൊണ്ടു പോകുന്ന ജനപ്രതിനിധികളുമുണ്ട് തദ്ദേശഭരണസ്ഥാപനങ്ങളിലെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. എങ്കിലും തത്വദീക്ഷ പണയപ്പെടുത്തി മുന്നണി മാറിയാണെങ്കിലും ഏതു വഴിക്കും സ്ഥാനാർത്ഥിയാകാനുള്ള ത്വര ഓരോ തെരഞ്ഞെടുപ്പിലും കൂടി വരുന്നതിന്റെ കാരണം കൃത്യമായി കണ്ടെത്താനാകുന്നില്ല വോട്ടർമാർക്ക്.
ബാബുകദളിക്കാട്
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
