ടെക്‌സാസ്: സര്‍ക്കാര്‍ ഏജന്‍സികളിലും സര്‍വ്വകലാശാലകളിലും പുതിയ എച്ച്-1ബി വിസ അപേക്ഷകള്‍ മരവിപ്പിക്കാന്‍ നിര്‍ദ്ദേശം നല്‍കി ടെക്‌സാസ്. അമേരിക്കന്‍ പൗരന്‍മാരുടെ തൊഴില്‍ സംരക്ഷിക്കാനാണ് പുതിയ തീരുമാനമെന്നാണ് ടെക്‌സാസ് ഗവര്‍ണറായ ഗ്രെഗ് അബോട്ട് വ്യക്തമാക്കുന്നത്.
അമേരിക്കയിലെ തൊഴിലുകള്‍ അമേരിക്കക്കാര്‍ക്ക് ലഭിക്കണമെന്ന് വ്യക്തമാക്കിയാണ് 2027 മെയ് 31 വരെ പുതിയ എച്ച്-1ബി വിസ അപേക്ഷകള്‍ മരവിപ്പിക്കാന്‍ റിപ്പബ്ലിക്കന്‍ ഗവര്‍ണര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഫെഡറല്‍ പ്രോഗ്രാമിലെ ദുരുപയോഗങ്ങള്‍ തടയുന്നതിനും അമേരിക്കക്കാര്‍ക്ക് അവസരം ലഭിക്കുന്നതിനുമാണ് നീക്കം. സംസ്ഥാനത്തെ സര്‍ക്കാര്‍ സ്‌കൂളുകള്‍, സര്‍വ്വകലാശാലകള്‍, ഇവയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ എന്നിവയില്‍ പരിശോധന നടത്തിയതിന് പിന്നാലയാണ് നിര്‍ദ്ദേശം.
ടെക്‌സസ് സമ്പദ്‌വ്യവസ്ഥ ടെക്‌സസിലെ തൊഴിലാളികള്‍ക്കും തൊഴിലുടമകള്‍ക്കും പ്രയോജനകരമാകണമെന്ന് ഗ്രെഗ് അബോട്ട് വ്യക്തമാക്കുന്നത്. യോഗ്യരായ അമേരിക്കന്‍ തൊഴിലാളികളെ നിയമിക്കുന്നതിന് ആത്മാര്‍ത്ഥമായ ശ്രമങ്ങള്‍ നടത്താതെ വിദേശ തൊഴിലാളികളെ കുറഞ്ഞ വേതനത്തിന് നിയമിക്കാന്‍ ഈ സംവിധാനം ദുരുപയോഗം ചെയ്യപ്പെടുന്നുണ്ടെന്നാണ് ഗ്രെഗ് അബോട്ടിന്റെ ആരോപണം.
മാത്രമല്ല ചിലപ്പോള്‍ അമേരിക്കന്‍ തൊഴിലാളികളെ പിരിച്ചുവിട്ട് പകരം എച്ച്-1ബി ജീവനക്കാരെ നിയമിക്കുന്നതായും ഗ്രെഗ് അബോട്ട് ചൂണ്ടിക്കാട്ടി. തീരുമാനത്തിന് പിന്നാലെ ഗവര്‍ണര്‍ നിയമിച്ച മേധാവികളുള്ള സര്‍ക്കാര്‍ ഏജന്‍സികള്‍ക്കോ പൊതു ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കോ ടെക്‌സാസ് വര്‍ക്ക്‌ഫോഴ്‌സ് കമ്മീഷന്റെ രേഖാമൂലമുള്ള അനുമതിയില്ലാതെ എച്ച്-1ബി പുതിയ അപേക്ഷകള്‍ നല്‍കാന്‍ സാധിക്കില്ല.
ഗവര്‍ണറുടെ നിര്‍ദ്ദേശം പാലിക്കേണ്ടതായ എല്ലാ ഏജന്‍സികളും സര്‍വ്വകലാശാലകളും 2026 മാര്‍ച്ച് 27 നകം 2025 ല്‍ സമര്‍പ്പിച്ച അപേക്ഷകള്‍, നിലവിലുള്ള വിസ ഉടമകളുടെ എണ്ണം, അവരുടെ രാജ്യം, തൊഴില്‍ തരം, വിദേശികളെ നിയമിക്കുന്നതിന് മുമ്പ് പ്രാദേശിക തൊഴിലാളികളെ കണ്ടെത്താന്‍ നടത്തിയ ശ്രമങ്ങള്‍ എന്നിവ വ്യക്തമാക്കി വിശദമായ റിപ്പോര്‍ട്ടും സമര്‍പ്പിക്കും.
പ്രത്യേക വൈദഗ്ധ്യമുള്ള തസ്തികകളിലേക്ക് പ്രാദേശികമായി ആളുകളെ ലഭിക്കാതെ വരുമ്പോള്‍ സര്‍വ്വകലാശാലകളും സ്‌കൂളുകളും എച്ച്-1ബി വിസയെ ആശ്രയിക്കാറുണ്ട്. എന്നാല്‍ ഇത് അമേരിക്കന്‍ തൊഴിലാളികള്‍ക്ക് പകരമാവരുത് എന്നാണ് ടെക്‌സാസ് ഗവര്‍ണറുടെ നിലപാട്.
ട്രംപ് ഭരണകൂടം എച്ച്-1ബി നിയമങ്ങള്‍ കര്‍ശനമാക്കുന്നതിന്റെ ഭാഗമായി പുതിയ അപേക്ഷകര്‍ക്ക് ഒരു ലക്ഷം ഡോളര്‍ ഫീസ് ഏര്‍പ്പെടുത്തിയിരുന്നു. 2024-ല്‍ ആകെ അനുവദിച്ച എച്ച്-1ബി വിസകളില്‍ 71 ശതമാനവും ഇന്ത്യന്‍ പൗരന്മാര്‍ക്കായിരുന്നു. അതേസമയം 2025-ലെ കണക്കുകള്‍ പ്രകാരം ഇന്ത്യന്‍ ഐടി കമ്പനികള്‍ക്കുള്ള വിസ അംഗീകാരങ്ങളില്‍ വലിയ കുറവ് വന്നതായാണ് റിപ്പോര്‍ട്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
