വെസ്റ്റ് പാം ബീച്ച്: സൗത്ത് ഫ്‌ലോറിഡയിലെ പ്രശസ്തമായ പാം ബീച്ച് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പേര് ഔദ്യോഗികമായി പ്രസിഡന്റ് ഡൊണാള്‍ഡ് ജെ. ട്രംപ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് എന്ന് മാറ്റിയെഴുതി. വ്യാഴാഴ്ച മുതല്‍ നിലവില്‍ വന്ന പേരുമാറ്റത്തിന് പിന്നാലെ വിമാനത്താവളത്തിലെ പഴയ ബോര്‍ഡുകള്‍ നീക്കം ചെയ്യാനും പുതിയ ബ്രാന്‍ഡിങ് സജ്ജീകരിക്കാനുമുള്ള നടപടികള്‍ ആരംഭിച്ചു.
പൂര്‍ണ്ണമായ മാറ്റത്തിന് ഏതാനും ആഴ്ചകള്‍ സമയമെടുക്കുമെങ്കിലും പുതിയ ഘടനയിലേക്കുള്ള മാറ്റം യാത്രക്കാര്‍ക്ക് അനുഭവപ്പെട്ടു തുടങ്ങിയിട്ടുണ്ട്. പുതിയ പേര് പ്രാബല്യത്തില്‍ വന്നതിന് തൊട്ടുപിന്നാലെ, വ്യാഴാഴ്ച പുലര്‍ച്ചെ അഞ്ചുമണിയോടെ വിമാനത്താവളത്തില്‍ ആദ്യമായി ഇറങ്ങിയത് ട്രംപ് ഓര്‍ഗനൈസേഷന്റെ ഉടമസ്ഥതയിലുള്ള ട്രംപ് ഫോഴ്‌സ് വണ്‍ ബോയിങ് 757 വിമാനമാണ്. ട്രംപിന്റെ മകന്‍ എറിക് ട്രംപും ഈ വിമാനത്തില്‍ യാത്രക്കാരനായി ഉണ്ടായിരുന്നു. അമേരിക്കന്‍ പ്രസിഡന്റിന്റെ പാം ബീച്ചിലുള്ള വസതിയായ മാര്‍-എ-ലാഗോ സന്ദര്‍ശിക്കുമ്പോള്‍ ട്രംപ് കുടുംബം സ്ഥിരമായി ഉപയോഗിക്കുന്നത് ഈ വിമാനത്താവളമാണ്. ഈ വര്‍ഷം തുടക്കത്തില്‍ വിമാനത്താവളത്തില്‍ നിന്ന് ട്രംപിന്റെ വസതിയിലേക്കുള്ള റോഡിന്റെ പേരും 'ഡൊണാള്‍ഡ് ജെ. ട്രംപ് ബൊളിവാര്‍ഡ്' എന്ന് പുനര്‍നാമകരണം ചെയ്തിരുന്നു.
ഫ്‌ലോറിഡയ്ക്കും രാജ്യത്തിനും വേണ്ടി വലിയ സേവനം ചെയ്ത ട്രംപിന് നല്‍കാവുന്ന ഏറ്റവും മികച്ച ആദരവാണിതെന്ന് എറിക് ട്രംപ് സോഷ്യല്‍ മീഡിയയിലൂടെ പ്രതികരിച്ചു. ബോര്‍ഡിങ് പാസില്‍ DJT എന്ന അക്ഷരങ്ങള്‍ കാണുന്നതില്‍ തനിക്ക് എന്നും അഭിമാനമുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഓഗസ്റ്റ് 18 മുതല്‍ വിമാനത്താവളത്തിന്റെ കോഡ് 'PBI' എന്നതില്‍ നിന്ന് 'DJT' എന്ന് ഔദ്യോഗികമായി മാറും. ഫ്‌ലോറിഡ ഗവര്‍ണര്‍ റോണ്‍ ഡിസാന്റിസ് ഒപ്പുവെച്ച പ്രത്യേക നിയമനിര്‍മ്മാണത്തിലൂടെയാണ് ഈ പേരുമാറ്റം സാധ്യമായത്.
പുതിയ ബോര്‍ഡുകള്‍, ബ്രാന്‍ഡിങ്, മറ്റ് അനുബന്ധ മാറ്റങ്ങള്‍ എന്നിവയ്ക്കായി ഏകദേശം 5.5 മില്യണ്‍ ഡോളറോളം ചെലവ് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിമാനത്താവളത്തിലെത്തിയ ചില യാത്രക്കാര്‍ പെട്ടെന്നുള്ള പേരുമാറ്റത്തില്‍ ആശ്ചര്യം പ്രകടിപ്പിച്ചെങ്കിലും ദൈനംദിന സര്‍വീസുകളെയും യാത്രകളെയും ഇത് ബാധിക്കില്ലെന്ന നിലപാടിലാണ് ഭൂരിഭാഗവും. അതേസമയം ടെന്നസിയിലെ ദാന്ദ്രിഡ്ജില്‍ നടന്ന ചടങ്ങില്‍ ഈസ്റ്റ് ടെന്നസിയിലെ ഐ-40 പാലത്തിന് ഡൊണാള്‍ഡ് ജെ. ട്രംപ് ബ്രിഡ്ജ് എന്നും പേരിട്ടു. യു.എസ് ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസന്റ് ഉള്‍പ്പെടെയുള്ള പ്രമുഖ നേതാക്കള്‍ പങ്കെടുത്ത ചടങ്ങിലാണ് ഈ പ്രഖ്യാപനമുണ്ടായത്. ട്രംപിന് ഇത്തരമൊരു ആദരം പൂര്‍ണ്ണമായും അര്‍ഹതപ്പെട്ടതാണെന്നാണ് ട്രഷറി സെക്രട്ടറിയുടെ അഭിപ്രായം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
