പെൻസിൽവേനിയ: അമേരിക്കൻ മലയാളികളുടെ കേന്ദ്ര സംഘടനയായ ഫോമായുടെ ചരിത്രത്തിൽ ഇതാദ്യമായി വിമൻസ് ഫോറം സംഘടിപ്പിച്ച 'സഖി - ഫ്രണ്ട്‌സ് ഫോറെവർ' എന്ന വിമൻസ് സമ്മിറ്റ് വനിതാ ശാക്തീകരണത്തിന്റെ വിളംബരമായി. ടൂറിസ്റ്റുകളുടെ ഇഷ്ട കേന്ദ്രമായ പെൻസിൽവേനിയയിലെ പോക്കനോസ് മലയടിവാരത്തിലെ വുഡ്‌ലാന്റ്‌സ് റിസോർട്ടിൽ സെപ്തംബർ 26, 27, 28 തിയതികളിൽ, ഫോമാ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളുടെയും വിശിഷ്ടാതിഥികളുടെയും സാന്നിധ്യത്തിൽ നടന്ന വിപുലമായ ഈ വനിതാ മെഗാ സംഗമം വിവിധ മേഖലകളിൽപ്പെട്ട 200ലധികം വനിതകളുടെ സജീവവും ക്രിയാത്മകവുമായ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.
വനിതകളുടെ മുന്നേറ്റത്തിനും അവരുടെ മാനസികോല്ലാസത്തിനും പ്രാധാന്യം നൽകുന്ന പരിപാടികൾ വർണാഭമായി കോർത്തിണക്കിയ സംഗമത്തിൽ, ഉദ്ഘാടന സമ്മേളനത്തിന് പുറമെ വിവിധ സെഷനുകളും വിനോദ പരിപാടികളും ഗെയിമുകളും അരങ്ങേറി. വിശിഷ്ടാതിഥിയായ പ്രമുഖ ചലചിത്ര നടിയും നർത്തകിയും ടെലിവിഷൻ അവതാരകയുമായ സ്വാസിക ഭദ്രദീപം കൊളുത്തിയാണ് ത്രിദിന കൂട്ടായ്മ ഉദ്ഘാടനം ചെയ്തത്.
ഫോമാ പ്രസിഡന്റ് ബേബി മണക്കുന്നേൽ, ജനറൽ സെക്രട്ടറി ബൈജു വർഗീസ്, ട്രഷറർ സിജിൽ പാലക്കലോടി, വൈസ് പ്രസിഡന്റ് ഷാലു പുന്നൂസ്, ജോയിന്റ് സെക്രട്ടറി പോൾ ജോസ്, ജോയിന്റ് ട്രഷറർ അനുപമ കൃഷ്ണൻ, വിമൻസ് ഫോറം ചെയർ പേഴ്‌സൺ സ്മിത നോബിൾ, സെക്രട്ടറി ആശ മാത്യു, ട്രഷറർ ജൂലി ബിനോയ്, വൈസ് ചെയർ പേഴ്‌സൺ ഗ്രേസി ജെയിംസ്, വിഷിൻ ജോ, ജോയിന്റ് സെക്രട്ടറി സ്വപ്ന സജി സെബാസ്റ്റ്യൻ, ജോയിന്റ് ട്രഷറർ മഞ്ജു പിള്ള തുടങ്ങിയവരും ചേർന്ന് നിലവിളക്ക് തെളിയിച്ചു.
കീനോട്ട് പ്രസംഗം നടത്തിയ സുപ്രീം കോടതി ആക്ടിങ് ജസ്റ്റിസ്, ആദരണീയയായ രാജ രാജേശ്വരി (റിച്ച്മണ്ട് കൗണ്ടി) വിമൻസ് ഫോറത്തിന്റെ മാതൃകാപരമായ പ്രവർത്തനങ്ങളെ ശ്ലാഘിച്ചു. ഐ.ടി പ്രൊഫഷണലും ഫാഷൻ ഷോകളുടെ കൊറിയോഗ്രാഫറും ഡിസൈൻ രംഗത്തെ നിറസാന്നിധ്യവുമായ ശേഖറിന്റെ 'ബോൾഡ് വാക്ക് ചലഞ്ച് ' എന്ന മോട്ടിവേഷൻ സെഷൻ പുതിയ അനുഭവമായി. സമൂഹത്തിലെ സുപ്രധാന സ്ഥാനങ്ങൾ അലങ്കരിക്കുന്ന സ്ത്രീ രത്‌നങ്ങൾ മനോഹരമാക്കിയ സഖിഫ്രണ്ട്‌സ് ഫോറെവർ ഫോമായുടെ ചരിത്രത്തിലെ സുപ്രധാന നാഴികക്കല്ലാണെന്നും വിമൻസ് ഫോറത്തിന്റെ പ്രവർത്തനങ്ങൾ സംഘടനയ്‌ക്കെന്നും മുതൽക്കുട്ടാണെന്നും പ്രസിഡന്റ് ബേബി മണക്കുന്നേൽ വ്യക്തമാക്കി. ഈ മെഗാ ഇവന്റിന് ഫോമായുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റിയും, റീജിയണൽ കമ്മിറ്റികളുമെല്ലാം ഹൃദ്യമായ പിന്തുണയേകി.
വിവിധ വിഷയങ്ങളെ സംബന്ധിക്കുന്ന സെമിനാറുകൾ, ചർച്ചകൾ, ക്ലാസുകൾ, 'മസ്‌കരേഡ് ' എന്ന ബോളിവുഡ് ഡാൻസ്, നൃത്തവും സംഗീതവും മറ്റ് വിനോദ പരിപാടികളും ഉൾപ്പെടുത്തിക്കൊണ്ടുള്ള 'ബോൺ ഫയർ നൈറ്റ് ' തുടങ്ങിയവ സംഗമത്തിലെ ഹൈലൈറ്റുകളായിരുന്നു. ഫാഷൻ മേക്കപ്പ് രംഗത്തെ പ്രമുഖർ നയിച്ച ക്ലാസ്സുകൾ, ചർമ്മ സംബന്ധമായ വിഷയങ്ങളും, അത് പരിഹരിക്കുന്നതിനുതകുന്ന നുറുങ്ങു പ്രതിവിധികളും വിശദമാക്കിയ പഠന കളരികൾ, ആത്മവിശ്വാസത്തോടുകൂടി സമൂഹത്തിൽ സംസാരിക്കാനും പെരുമാറാനും പ്രതിസന്ധികളെ തരണം ചെയ്യാനും സഹായിക്കുന്ന ഗ്രൂമിംഗ് സെഷൻ, ബിസിനസ് രംഗത്തെ പ്രമുഖരുടെ ക്ലാസ്സുകൾ തുടങ്ങിയവ സംഗമത്തെ സമ്പന്നമാക്കി.
വനിതാ മെഗാ സംഗമത്തിന്റെ ഗംഭീര വിജയത്തിനായി സ്‌പോൺസർഷിപ്പിലൂടെ സാമ്പത്തിക പിന്തുണ നൽകിയ ബഹുമാന്യ വ്യക്തികൾക്കും പ്രസ്ഥാനങ്ങൾക്കുമുള്ള അകൈതവമായ നന്ദി ഫോമ എക്‌സിക്യൂട്ടീവ് കമ്മിറ്റിയും വിമൻസ് ഫോറവും രേഖപ്പെടുത്തി.
മൂന്നു ദിവസത്തെ സുഖകരമായ താമസവും രുചികരമായ ഭക്ഷണവും ഏവർക്കും അനുഭവേദ്യമായി. വിമൻസ് ഫോറം സജ്ജീകരിച്ച 'ചായപ്പീടിക'യിലെ നാടൻ ചായയും നാലുമണി പലഹാരങ്ങളും ഗൃഹാതുര ഓർമയായി. ഡയാന സ്‌കറിയ (ഷിക്കാഗോ), ഫ്‌ളോറിഡയിൽ നിന്നുള്ള നീനു, സപ്ന നായർ, പ്രിൻസി (ഹൂസ്റ്റൺ) എന്നിവർ വിവിധ ദിവസങ്ങളിൽ നടന്ന വ്യത്യസ്തമായ പരിപാടികളുടെ എം.സി മാരായി പ്രവർത്തിച്ചു.
എ.എസ് ശ്രീകുമാർ, ഫോമ ന്യൂസ് ടീം
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്