നിര്‍ത്താതെ പോയ ആ ആഡംബര കാര്‍ ഓടിച്ചത് നാന്‍സി പെലോസിയുടെ ഭര്‍ത്താവ്; ഹിറ്റ് ആന്‍ഡ് റണ്‍ കേസില്‍ കുടുങ്ങി പോള്‍ പെലോസി

JULY 4, 2026, 8:48 PM

ന്യൂയോര്‍ക്ക്: അമേരിക്കന്‍ ജനപ്രതിനിധി സഭയുടെ മുന്‍ സ്പീക്കര്‍ നാന്‍സി പെലോസിയുടെ ഭര്‍ത്താവ് പോള്‍ പെലോസി കാലിഫോര്‍ണിയയിലെ നാപ കൗണ്ടിയില്‍ കാറിലിടിച്ച് നിര്‍ത്താതെ പോയ സംഭവത്തില്‍ അന്വേഷണം നേരിടുന്നു. നോര്‍ത്തേണ്‍ കാലിഫോര്‍ണിയയിലെ യൗണ്ട്വില്ലില്‍ റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന കാറിലാണ് അദ്ദേഹം ഓടിച്ചിരുന്ന ബ്രൗണ്‍ നിറത്തിലുള്ള കണ്‍വെര്‍ട്ടിബിള്‍ കാര്‍ ഇടിച്ചത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷം 2:30 ഓടെയായിരുന്നു അപകടം നടന്നത്.

അപകടം നടന്നയുടന്‍ വാഹനം നിര്‍ത്തിയെങ്കിലും പോള്‍ പെലോസി പിന്നീട് അവിടെനിന്ന് ഓടിച്ചുപോയതായി ദൃക്‌സാക്ഷികള്‍ പൊലീസിനോട് പറഞ്ഞു. ഇടിയുടെ ആഘാതത്തില്‍ റോഡരികില്‍ കിടന്നിരുന്ന വാഹനം തകരുകയും പിന്‍ഭാഗത്തിന് വലിയ കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തു. അപകടസ്ഥലത്ത് നിന്നും അല്പം മാറിയാണ് പൊലീസ് പോള്‍ പെലോസിയുടെ വാഹനം കണ്ടെത്തിയത്. മുന്‍ഭാഗത്തിന് തകരാര്‍ സംഭവിച്ച നിലയില്‍ റോഡ് തടസ്സപ്പെടുത്തുന്ന വിധത്തിലായിരുന്നു ഈ കാര്‍ കിടന്നിരുന്നത്. എന്തിലോ ഇടിച്ചതായി ബോധ്യമുണ്ടായിരുന്നെങ്കിലും അത് എന്താണെന്ന് അറിയാത്തതിനാലാണ് യാത്ര തുടര്‍ന്നതെന്ന് 86 കാരനായ പെലോസി പൊലീസിനോട് സമ്മതിച്ചു. തുടര്‍ന്ന് വാഹനം പൂര്‍ണ്ണമായും കേടായതോടെയാണ് യാത്ര അവസാനിപ്പിച്ചത്.

പ്രാഥമിക പരിശോധനയില്‍ അദ്ദേഹം മദ്യപിച്ചിരുന്നില്ലെന്ന് വ്യക്തമായതിനാല്‍ മിസ്ഡിമീനര്‍ (ചെറിയ കുറ്റകൃത്യങ്ങള്‍) നിയമപ്രകാരം അദ്ദേഹത്തെ അറസ്റ്റ് ചെയ്തിട്ടില്ല. മുതിര്‍ന്ന ഡ്രൈവര്‍മാര്‍ക്ക് സാധാരണയായി നല്‍കാറുള്ള ഡ്രൈവിംഗ് പുനപരിശോധനാ ഫോം അദ്ദേഹത്തിന്റെ കാര്യത്തിലും മോട്ടോര്‍ വാഹന വകുപ്പിന് കൈമാറുമെന്ന് ഷെരീഫ് ഓഫീസ് അറിയിച്ചു. നിലവില്‍ കേസ് നാപ കൗണ്ടി ഡിസ്ട്രിക്റ്റ് അറ്റോര്‍ണിയുടെ ഓഫീസിന് കൈമാറിയിരിക്കുകയാണ്.

അപകടത്തില്‍ പെലോസി കുടുംബം ഖേദം പ്രകടിപ്പിക്കുകയും വാഹന ഉടമയോട് നേരിട്ട് മാപ്പ് പറയുകയും ചെയ്തിട്ടുണ്ട്. വാഹനത്തിനുണ്ടായ മുഴുവന്‍ നഷ്ടവും പരിഹരിക്കാമെന്ന് അദ്ദേഹം ഉറപ്പുനല്‍കിയതായി കുടുംബ വക്താവ് അറിയിച്ചു. ഇത് അവരുടെ സ്വകാര്യ കാര്യമായതിനാല്‍ സ്പീക്കര്‍ നാന്‍സി പെലോസി വിഷയത്തില്‍ കൂടുതല്‍ പ്രതികരണങ്ങള്‍ക്ക് മുതിര്‍ന്നിട്ടില്ല.

2022 ഒക്ടോബറില്‍ സാന്‍ഫ്രാന്‍സിസ്‌കോയിലെ ഇവരുടെ വസതിയില്‍ അതിക്രമിച്ചു കയറിയ അക്രമി പോള്‍ പെലോസിയെ ക്രൂരമായി മര്‍ദ്ദിച്ച സംഭവം വലിയ വാര്‍ത്തയായിരുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam