പുരസ്‌കാര ദാനം മെയ് 24 നു ഹൂസ്റ്റണിൽ
ഹൂസ്റ്റൺ: രാഷ്ട്രീയത്തിൽ മാത്രമല്ല, സാമൂഹ്യ സേവന രംഗത്തും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച കേരളത്തിലെ ജനകീയ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് ഗ്ലോബൽ ഇന്ത്യൻ ന്യൂസിന്റെ പ്രഥമ 'കർമ്മ ശ്രേഷ്ഠ അവാർഡ്' ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്ന പുരസ്‌കാരം ഏറ്റുവാങ്ങുന്നത്തിനായി രമേശ് ചെന്നിത്തല അമേരിക്കയിൽ എത്തിച്ചേരും.
പെയർലാൻഡ് സിറ്റി മേയർ കെവിൻ കോൾ, മിസോറി സിറ്റി മേയർ റോബിൻ ഇലക്കാട്ട് , സ്റ്റാഫോർഡ് സിറ്റി മേയർ കെൻ മാത്യു എന്നിവർ ചേർന്നാണ് ചെന്നിത്തലയ്ക്ക് പുരസ്‌കാരം നൽകുന്നത്. മെയ് 24 നു ഹൂസ്റ്റണിൽ നടക്കുന്ന ഗ്ലോബൽ ഇന്ത്യൻ ഫെസ്റ്റിനോടനുബന്ധിച്ചു നടത്തപെടുന്ന പുരസ്‌കാര രാവിൽ അവാർഡ് സമ്മാനിയ്ക്കും. അമേരിക്ക, യൂറോപ്പ്, ഇന്ത്യ, ഗൾഫ് എന്നിവടങ്ങളിൽ നിന്നും നിരവധി പ്രമുഖ വ്യക്തികളും ഇന്ത്യൻ ഫെസ്റ്റിനു മാറ്റു കൂട്ടാൻ എത്തിച്ചേരും.
രമേശ് ചെന്നിത്തലയുടെ സാമൂഹ്യ സേവന രംഗത്തെ പ്രവർത്തനങ്ങളാണ് പ്രധാനമായും പുരസ്‌കാരത്തിന് പരിഗണിച്ചത്. രമേശ് ചെന്നിത്തല കോൺഗ്രസ് സംസ്ഥാന പ്രസിഡന്റായിരുന്ന കാലത്ത് ആരംഭിച്ച 'ഗാന്ധിഗ്രാം പദ്ധതി' യിൽ ഇപ്പോഴും സജീവമായി പ്രവർത്തിക്കുന്ന ചെന്നിത്തല പാർശ്വൽക്കരിക്കപ്പെട്ട ആയിരകണക്കിന് ജനങ്ങൾക്ക് അത്താണിയായി മാറിക്കൊണ്ടിരിക്കുന്നു എന്നത് ശ്രദ്ധേയമാണ്. ദളിത്, ആദിവാസി കുടുംബങ്ങളുടെ സമഗ്ര വികസനവും ഇവരെ സമൂഹത്തിന്റെ മുഖ്യധാരയിൽ കൊണ്ടുവരികയും ജീവിത നിലവാരം ഉയർത്തുന്നതും പദ്ധതിയുടെ ലക്ഷ്യമാണ്.
നിരവധി വർഷങ്ങളായി ഈ പദ്ധതി നടപ്പിലായിക്കൊണ്ടിരിക്കുകയാണ്, ചെന്നിത്തല ഈ പദ്ധതിയുടെ നേടും തൂണായി ഇപ്പോഴും നേതൃത്വം നൽകി വരുന്നു. ഈ പദ്ധതിയിൽ ഉൾപ്പെട്ട ചില സേവനങ്ങൾ: വസ്ത്രം, അന്നധാന്യങ്ങൾ, ലാപ്പ്‌ടോപ്പുകൾ നൽകുക, വീടുകൾ നിർമിക്കുക എന്നിവ ഉൾപ്പെടുന്നു.
ഈ പദ്ധതിയെ ചെന്നിത്തല തന്റെ സമൂഹ സേവന പ്രവർത്തനങ്ങളിൽ പ്രധാനമായി കണക്കാക്കുന്നു. കഴിഞ്ഞ 14 വർഷമായി ഈ പദ്ധതിയുടെ പ്രവർത്തനങ്ങളിൽ അദ്ദേഹം സജീവമായി പങ്കെടുക്കുന്നു. ഗാന്ധിജയന്തി ആഘോഷങ്ങളിൽ എല്ലാ വർഷവും ഈ കുടുംബങ്ങളോടൊപ്പം ചിലവഴിക്കുന്നതിനു ചെന്നിത്തല സമയം കണ്ടെത്തുന്നു.
2014-2016 വരെ അദ്ദേഹം കേരള സംസ്ഥാനത്തിന്റെ ആഭ്യന്തര മന്ത്രിയായിരുപ്പോൾ കേരളത്തിലെ ബ്ലേഡ് മാഫിയകളുടെ അന്ത്യം കുറിക്കുന്നതിനു നടത്തിയ 'ഓപ്പറേഷൻ കുബേര' കേരള ചരിത്രത്തിൽ എന്നും ഓർമ്മിക്കപ്പെടും. ഇപ്പോൾ ഇന്ത്യൻ നാഷണൽ കോൺഗ്രസ് പ്രവർത്തക സമിതി അംഗമായ ചെന്നിത്തലയുടെ രാഷ്ട്രീയ ജീവിത്തെ ഇങ്ങനെ സംഗ്രഹിക്കാം.
1. വിദ്യാർത്ഥി രാഷ്ട്രീയത്തിൽ പ്രവേശനം: 1970ൽ കെ.എസ്.യു. യൂണിറ്റ് സെക്രട്ടറിയായി.
2. കെ.എസ്.യു. സംസ്ഥാന പ്രസിഡന്റ്: 1980ൽ.
3. എൻ.എസ്.യു.ഐ. ദേശീയ പ്രസിഡന്റ്: 1982ൽ.
4. ഹരിപ്പാട് എം.എൽ.എ.: 1982, 1987, 2011, 2016, 2021ൽ തിരഞ്ഞെടുക്കപ്പെട്ടു.
5. ലോക്‌സഭാംഗം: കോട്ടയം (1989, 1991, 1996), മാവേലിക്കര (1999).
6. ഇന്ത്യൻ യൂത്ത് കോൺഗ്രസ് ദേശീയ പ്രസിഡന്റ്: 1990ൽ.
7. കെ.പി.സി.സി. പ്രസിഡന്റ്: 2005 മുതൽ 2014 വരെ.
8. അഭ്യന്തര വകുപ്പ് മന്ത്രി: 2014 മുതൽ 2016 വരെ (ഉമ്മൻ ചാണ്ടി മന്ത്രിസഭയിൽ).
9. പ്രതിപക്ഷ നേതാവ്: 2016 മുതൽ 2021 വരെ.
ജീവചരിത്ര പുസ്തകം
രമേശ് ചെന്നിത്തലയുടെ ജീവിതത്തെ ആസ്പദമാക്കി സി.പി. രാജശേഖരൻ രചിച്ച 'ചെന്നിത്തല: അറിഞ്ഞതും അറിയാത്തതും' എന്ന ജീവചരിത്ര പുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇതിൽ അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതവും വ്യക്തിത്വവും വിശദമായി പ്രതിപാദിച്ചിരിക്കുന്നു.
ജീമോൻ റാന്നി
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്