ന്യൂയോർക്ക്: കെ.എച്ച്.എൻ.എ ട്രസ്റ്റീബോർഡ് ചെയർമാനായി തുടരുന്നതിൽ ഗോപിനാഥക്കുറുപ്പിനെ വിലക്കണമെന്നു ആവശ്യപ്പെട്ട് ഡോ. രഞ്ജിനി പിള്ള സമർപ്പിച്ച ഹർജി ന്യൂയോർക്ക് സുപ്രീംകോടതി നിരുപാധികം തള്ളി. 2023ൽ ഹ്യൂസ്റ്റനിൽ നടന്ന കൺവെൻഷനിൽ ഡോ. നിഷ പിള്ളയും ഗോപിനാഥ കുറുപ്പും പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ചിരുന്നു.
എന്നാൽ ജനറൽബോഡി മീറ്ററിംഗിൽ മന്മഥൻ നായർ ഉൾപ്പടെ മുതിർന്ന നേതാക്കൾ മുൻകൈയെടുത്തു സമവായമുണ്ടാക്കി നിഷാ പിള്ള പ്രസിഡന്റും കുറുപ്പ് ട്രസ്റ്റീബോർഡ് ചെയർമാനുമായി നിർദ്ദേശിക്കുകയും ജനറൽബോഡിയോഗം ഏകകണ്ഡമായി അത് അംഗീകരിക്കുകയും ചെയ്തതാണ്. എന്നാൽ അത് അംഗീകരിക്കാതെ ട്രസ്റ്റീബോർഡിൽ ഒരു വിഭാഗം കൂട്ടരുടെ നേതൃത്വത്തിൽ ന്യൂയോർക്കിൽ യോഗം കൂടി രഞ്ജിനി പിള്ളയെ ചെയർമാനായി തിരഞ്ഞെടുക്കുകയും ആണ് ഉണ്ടായത്. അതിനുശേഷം കുറുപ്പ് ട്രസ്റ്റീബോർഡ് ചെയർമാനായി തുടരുന്നത് വിലക്കണം എന്നാവശ്യപ്പെട്ടു കോടതി കയറുകയുമായിരുന്നു.
ടെക്‌സസിലെ തിരഞ്ഞെടുപ്പിന് ശേഷം ന്യൂയോർക്കിൽ നടന്ന എല്ലാ തീരുമാനങ്ങളും അസാധുവാണെന്നും അവയ്ക്കു വില കൽപ്പിക്കേണ്ടതില്ലെന്നും കോടതി വിധിന്യായത്തിൽ പ്രത്യേകം പരാമർശിച്ചു. 2001 ൽ ടെക്‌സസിൽ ആരംഭിച്ച സംഘടന എന്ന നിലക്കും കെ.എച്ച്.എൻ.എ ഭരണഘടന പ്രകാരവും കെ.എച്ച്.എൻ.എക്കെതിരായിട്ടുള്ള എല്ലാകേസുകളും ടെക്‌സാസ് സുപ്രീംകോടതിയിലായിരിക്കണമെന്ന ഒരു സുപ്രധാന നിരീക്ഷണം കൂടി കോടതി നടത്തിയിട്ടുണ്ട്. വിധിയിൽ താൻ അതീവ സന്തുഷ്ടനാണെന്നും കേസ് കൊടുത്തതിന്റെ പേരിൽ ആരോടും വിദ്വേഷമില്ലന്നും കുറുപ്പ് പറഞ്ഞു.
എന്നാൽ സംഘടനയിൽ കുത്തിത്തിരുപ്പുകൾക്കും കേസുകൾക്കും ഉൾപ്പടെ എല്ലാ അധാർമികതകൾക്കും പിന്നിൽ പ്രവർത്തിക്കുന്ന ധർമാ ഗ്രൂപ്പിനെ അംഗങ്ങൾ തിരിച്ചറിയേണ്ട സമയമായി എന്നും അദ്ദേഹം പറഞ്ഞു. തെളിവുകൾ നോക്കാതെ ഏകപക്ഷീയ നിലപാടെടുത്ത ജുഡീഷ്യൽ കൗൺസിൽ അംഗങ്ങൾ രാജിവെച്ചൊഴിഞ്ഞു പോകാനുള്ള ധാർമികത കാണിക്കണമെന്നും അദ്ദേഹം പറഞ്ഞു.
അനിൽ ആറന്മുള
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്