മാത്യു പെറിയുടെ മരണം: സഹായിക്ക് മൂന്ന് വര്‍ഷവും അഞ്ച് മാസവും തടവ് ശിക്ഷ

MAY 27, 2026, 9:01 PM

ലോസ് ഏഞ്ചല്‍സ്: പ്രശസ്ത അമേരിക്കന്‍ സിറ്റ്കോം 'ഫ്രണ്ട്‌സ്' താരം മാത്യു പെറിയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ അദ്ദേഹത്തിന്റെ പേഷ്‌സനല്‍ സഹായി കെന്നത്ത് ഇവാമാസയ്ക്ക് (60) കോടതി 41 മാസം (മൂന്ന് വര്‍ഷവും അഞ്ച് മാസവും) തടവ് ശിക്ഷ വിധിച്ചു. നടന്റെ മരണത്തിലേക്ക് നയിച്ച കെറ്റാമൈന്‍ മയക്കുമരുന്ന് എത്തിക്കുന്നതിലും കുത്തിവയ്ക്കുന്നതിലും പ്രധാന പങ്കുവഹിച്ചതിനാണ് ലോസ് ഏഞ്ചല്‍സ് ഫെഡറല്‍ കോടതി ഇവാമാസയെ ശിക്ഷിച്ചത്.

ഇതിനുപുറമെ രണ്ട് വര്‍ഷത്തെ നിരീക്ഷണ കാലാവധിയും 10,000 ഡോളര്‍ പിഴയും ജഡ്ജി ഷെറിലിന്‍ പീസ് ഗാര്‍നെറ്റ് ഉത്തരവിട്ടിട്ടുണ്ട്. വരും ദിവസങ്ങളില്‍ ഇവാമാസ ജയിലില്‍ ഹാജരാകും. ഇതോടെ മാത്യു പെറിയുടെ മരണവുമായി ബന്ധപ്പെട്ട രണ്ടര വര്‍ഷം നീണ്ട ഫെഡറല്‍ അന്വേഷണത്തിനും നിയമനടപടികള്‍ക്കും അന്തിമവിധി വന്നിരിക്കുകയാണ്.

2023 ഒക്ടോബറില്‍ ലോസ് ഏഞ്ചല്‍സിലെ വസതിയിലെ ഹോട്ട് ടബ്ബിലാണ് മാത്യു പെറിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. അതിശക്തമായ അളവില്‍ ശരീരത്തിലെത്തിയ കെറ്റാമൈന്‍ മൂലമാണ് മരണം സംഭവിച്ചതെന്നായിരുന്നു പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. മെഡിക്കല്‍ രംഗത്ത് യാതൊരു മുന്‍പരിചയവുമില്ലാതിരുന്ന ഇവാമാസ, മരണത്തിന് തൊട്ടുമുമ്പുള്ള ആഴ്ചകളില്‍ രണ്ട് ഡോക്ടര്‍മാരുമായി ചേര്‍ന്ന് 50,000 ഡോളറിലധികം വിലവരുന്ന കെറ്റാമൈന്‍ നടന് എത്തിച്ച് നല്‍കിയിരുന്നു.

2024 ഓഗസ്റ്റില്‍ തന്നെ ഇവാമാസ കുറ്റസമ്മതം നടത്തുകയും തുടര്‍ന്ന് അന്വേഷണ സംഘത്തിലെ പ്രധാന സാക്ഷിയായി മാറുകയും ചെയ്തിരുന്നു. നടന്റെ മയക്കുമരുന്ന് ആസക്തിയെക്കുറിച്ച് വ്യക്തമായ ബോധ്യമുണ്ടായിരുന്നിട്ടും ഇവാമാസ അത് തുടരാന്‍ സഹായിച്ചു. മരണ ദിവസം വലിയൊരു ഡോസ് നല്‍കിയ ശേഷം നടനെ തനിച്ചാക്കി പോയത് തികഞ്ഞ അശ്രദ്ധയാണ്. കൂടാതെ പൊലീസിനോട് കള്ളം പറയുകയും തെളിവുകള്‍ നശിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തുവെന്ന് എന്ന് ശിക്ഷാ വിധിയില്‍ ജഡ്ജി വ്യക്തമാക്കി.

ബുധനാഴ്ച കോടതിയില്‍ ഹാജരാക്കിയപ്പോള്‍ ഇവാമാസ മാത്യു പെറിയുടെ കുടുംബാംഗങ്ങളെ അഭിമുഖീകരിച്ച് പരസ്യമായി മാപ്പപേക്ഷിച്ചു. 'ഞാന്‍ ചെയ്ത നിയമവിരുദ്ധമായ പ്രവൃത്തികളില്‍ അങ്ങേയറ്റം ഖേദിക്കുന്നു. ഈ കുറ്റബോധം എന്റെ ശവക്കുഴി വരെ ഞാനൊപ്പം കൊണ്ടുപോകും,' എന്ന് അദ്ദേഹം പറഞ്ഞു.

എന്നാല്‍, ഇവാമാസയോട് തങ്ങള്‍ക്ക് യാതൊരു സഹതാപവുമില്ലെന്ന് പെറിയുടെ കുടുംബം കോടതിയെ അറിയിച്ചു. മകനെ ആസക്തിയില്‍ നിന്ന് സംരക്ഷിക്കേണ്ട ആളായിരുന്നു അവന്‍. തങ്ങള്‍ ഒരു മനസ്സാക്ഷിയില്ലാത്ത മനുഷ്യനെയാണ് വിശ്വസിച്ചത്. അതിന് തന്റെ മകന്‍ ജീവന്‍കൊണ്ട് വില നല്‍കേണ്ടി വന്നുവെന്ന് പെറിയുടെ അമ്മ പറഞ്ഞു. പെറി മരിച്ച അന്ന് രാത്രി അവന്‍ അവിടെനിന്ന് പോയത് ഒന്നുകില്‍ കുറ്റബോധം കൊണ്ടോ, അല്ലെങ്കില്‍ ദുര്‍ബലനായ ഒരാളെ മനപൂര്‍വ്വം അപകടത്തിലേയ്ക്ക് തള്ളിവിട്ടിട്ടോ ആണെന്ന് സഹോദരി വ്യക്തമാക്കി.

ഈ കേസില്‍ ഉള്‍പ്പെട്ടിരുന്ന അഞ്ച് പ്രതികളുടെയും ശിക്ഷാവിധി ഇതോടെ പൂര്‍ത്തിയായി. കെന്നത്ത് ഇവാമാസ (സഹായി): 41 മാസം തടവ്, ജാസ്വീന്‍ സംഘ ('കെറ്റാമൈന്‍ ക്വീന്‍' എന്നറിയപ്പെടുന്ന മയക്കുമരുന്ന് വ്യാപാരി) 15 വര്‍ഷം തടവ്, ഡോ. സാല്‍വഡോര്‍ പ്ലാസെന്‍സിയ (ഡോക്ടര്‍) 30 മാസം തടവ്, എറിക് ഫ്‌ലെമിങ് (ഇടനിലക്കാരന്‍) 2 വര്‍ഷം തടവ്, ഡോ. മാര്‍ക്ക് ചാവേസ് (ഡോക്ടര്‍) 3 വര്‍ഷത്തെ നിരീക്ഷണം (വീട്ടുതടങ്കല്‍ ഉള്‍പ്പെടെ) എന്നിങ്ങനെയാണ് ശിക്ഷ.

തൊഴിലുടമയായ നടന്റെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് താന്‍ പ്രവര്‍ത്തിച്ചതെന്നും പറ്റില്ല എന്ന് പറയാന്‍ കഴിയാത്ത സാഹചര്യമായിരുന്നുവെന്നും ഇവാമാസയുടെ അഭിഭാഷകന്‍ വാദിച്ചെങ്കിലും കോടതി ഇത് പൂര്‍ണ്ണമായി തള്ളി.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam