കോട്ടയം: അമേരിക്കൻ മലയാളികളുടെ ഏറ്റവും വലിയ ഫെഡറേഷനായ ഫോമായുടെ കേരള കൺവൻഷന് മുന്നോടിയായി പരുമല സെന്റ് ഗ്രിഗോറിയോസ് മെഡിക്കൽ മിഷൻ മൾട്ടി സ്‌പെഷ്യാലിറ്റി ആശുപത്രിയുമായി സഹകരിച്ച് നടത്തിയ മെഡിക്കൽ ക്യാമ്പിൽ നിരവധിപേർ പങ്കെടുക്കുകയും തുടർ ചികിത്‌സ ഉറപ്പാക്കുകയും ചെയ്തു. ഇന്ന് രാവിലെ 10 മുതൽ ഉച്ചയ്ക്ക് ഒരു മണി വരെ ചങ്ങനാശേരി കുറിച്ചി സെന്റ് മേരീസ് & സെന്റ് ജോൺസ് ഓർത്ത്‌ഡോക്‌സ് പള്ളി ഓഡിറ്റോറിയത്തിൽ നടന്ന മെഡിക്കൽ ക്യാമ്പ് ചങ്ങനാശേരി എം.എൽ.എ ജോബ് മൈക്കിൾ ഉദ്ഘാടനം ചെയ്തു. ഫോമാ വൈസ് പ്രസിഡന്റ് ഷാലു പുന്നൂസ് സ്വാഗതമാശംസിച്ചു.
ഈ മെഡിക്കൽ ക്യാമ്പോടെ ഫോമായുടെ പുതുവർഷത്തിലെ കേരളാ കൺവൻഷൻ പ്രോഗ്രാമുകൾക്ക് ഔദ്യോഗികമായ തുടക്കം കുറിച്ചുവെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച ഫോമാ പ്രസിഡന്റ് ബേബി മണക്കുന്നേൽ പറഞ്ഞു. മെഡിക്കൽ ക്യാമ്പിൽ പങ്കെടുത്തവർക്ക് വിതരണം ചെയ്ത കൂപ്പൺ ഉപയോഗിച്ച് പരുമല ആശുപത്രിയിൽ സൗജന്യ കൺസൾട്ടേഷനും ഓപ്പറേഷനും മറ്റും നിശ്ചിത ശതമാനം കുറവ് ലഭിക്കുമെന്നും അദ്ദേഹം അറിയിച്ചു. പിറവത്ത് നടക്കുന്ന അമ്മയോടൊപ്പം ചാരിറ്റി പരിപാടിയിലേയ്ക്കും കോട്ടയം ആതിഥ്യമരുളുന്ന കേരളാ കൺവഷനിലേയ്ക്കും ബേബി മണക്കുന്നേൽ ഏവരെയും ക്ഷണിച്ചു.
ഫോമാ കേരളത്തിൽ നടത്തുന്ന ചാരിറ്റി ഉൾപ്പെടെയുള്ള മാതൃകാപരമായ പ്രവർത്തനങ്ങൾ ശ്ലാഘനീയമാണെന്നും ജൻമനാടിനോടുള്ള അവരുടെ പ്രതിബദ്ധതയുടെ അടയാളമാണ് ഈ മെഡിക്കൽ ക്യാമ്പെന്നും ഇവിടെ വിവിധ പരിശോധനകൾക്ക് വിധേയവരായവർക്ക് മെച്ചപ്പെട്ട തുടർ ചികിത്‌സയും ചെക്കപ്പുമെല്ലാം ലഭിക്കുമെന്നും ജോബ് മൈക്കിൾ പറഞ്ഞു. ജനങ്ങൾക്ക് ഏറെ ഉപകാരപ്രദമാണ് ഇത്തരം മെഡിക്കൽ ക്യാമ്പുകളെന്നും ഫോമായുടെ ചിരകാല സുഹൃത്ത് എന്ന നിലയിൽ ഈ ചടങ്ങിൽ സംബന്ധിക്കാൻ കഴിഞ്ഞതിൽ ചാരിതാർത്ഥ്യമുണ്ടെന്നും മോൻസ് ജോസഫ് എം.എൽ.എ വ്യക്തമാക്കി. കേരള കൺവൻഷൻ ചെയർമാൻ പീറ്റർ കുളങ്ങര, ഫോമാ ജനറൽ സെക്രട്ടറി ബൈജു വർഗീസ്, ട്രഷറർ സിജിൽ പാലക്കലോടി, ജോയിന്റ് സെക്രട്ടറി പോൾ ജോസ്, വിമൻസ് ഫോറം ട്രഷറർ ജൂലി ബിനോയ് എന്നിവരും പുതുവത്‌രാശംസകൾ നേർന്ന് സംസാരിച്ചു.
പരുമല സെന്റ് ഗ്രിഗോറിയോസ് മെഡിക്കൽ മിഷൻ മൾട്ടി സ്‌പെഷ്യാലിറ്റി ആശുപത്രി ജനറൽ മെഡിസിൻ വിഭാഗത്തിലെ ഡോ. ദേവിക, ന്യൂറോളജി ഡിപ്പാർട്ട്‌മെന്റിലെ ഡോ. നൈജിൽ, കാർഡിയോളജി വിഭാഗത്തിലെ ഡോ. ബ്രൈറ്റ് ജേക്കബ് തുടങ്ങിയവരുടെ നേതൃത്വത്തിൽ പാരാമെഡിക്കൽ സ്റ്റാഫുകളടങ്ങിയ ടീം വിവിധ പരിശോധനകൾ നടത്തി. ക്യാമ്പിൽ നിന്ന് റഫർ ചെയ്ത രോഗികൾക്ക് പരുമല ആശുപത്രിയിൽ പ്രത്യേക സേവനം ലഭിക്കും. സൗജന്യ കൺസൾട്ടേഷൻ, സർജറിക്ക് 10 ശതമാനം ഡിസ്‌കൗണ്ട്, റേഡിയോളജിക്ക് 20 ശതമാനം ഡിസ്‌കൗണ്ട്, ഗ്യാസ്‌ട്രോ പ്രൊസിജിയേഴ്‌സിന് 20 ശതമാനം ഡിസ്‌കൗണ്ട്, ആൻജിയോ പ്ലാസ്റ്റിക്ക് 10,000 രൂപ ഇളവ്, ഹാർട്ട് ഓപ്പറേഷന് 20,000 രൂപ വരെ ഇളവ്, തിമിര ശസ്ത്രക്രിയയ്ക്ക് 20 ശതമാനം വരെ ഇളവ്, കണ്ണടകൾക്ക് 15 ശതമാനം വരെ ഇളവ് തുടങ്ങിയവ ലഭിക്കും.
മെഡിക്കൽ ക്യാമ്പിൽ വിവിധ പ്രായത്തിലുള്ളവർ പങ്കെടുത്തു. ഉദ്ഘാടന സമ്മേളനത്തിൽ കുറിച്ചി സെന്റ് മേരീസ് & സെന്റ് ജോൺസ് ഓർത്ത്‌ഡോക്‌സ് പള്ളി വികാരി റവ. ഫാ. മാത്യു പി കുര്യൻ, ജില്ലാ പഞ്ചായത്ത് കുറിച്ചി ഡിവിഷൻ അംഗം സുമ എബി, കുമരകം ഡിവിഷൻ മെമ്പർ ടി.കെ വൈശാഖ്, ബ്ലോക്ക് പഞ്ചായത്ത് അംഗം മനോജ് കുര്യാക്കോസ്, കുറിച്ച് ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ അരുൺ ബാബു, റ്റിബി തോമസ് എന്നിവർ ആശംസകൾ നേർന്നു.
എ.എസ് ശ്രീകുമാർ ഫോമാ ന്യൂസ് ടീം
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
