വാഷിംഗ്ടണ്‍: അമേരിക്കയുടെ 250-ാം സ്വാതന്ത്ര്യദിനാഘോഷങ്ങള്‍ക്കിടെ തലസ്ഥാന നഗരിയായ വാഷിംഗ്ടണില്‍ വംശീയ വിദ്വേഷം പ്രചരിപ്പിക്കുന്ന തീവ്ര വലതുപക്ഷ സംഘടനയായ 'പേട്രിയറ്റ് ഫ്രണ്ട്' പരസ്യ പ്രകടനം നടത്തി. ശനിയാഴ്ച രാവിലെ മുഖംമൂടി ധരിച്ചെത്തിയ നാനൂറോളം വരുന്ന സംഘം ജനങ്ങളില്‍ പരിഭ്രാന്തി പരത്തിക്കൊണ്ട് കാപ്പിറ്റോള്‍ ഹില്‍, യൂണിയന്‍ സ്റ്റേഷന്‍ തുടങ്ങിയ പ്രധാന കേന്ദ്രങ്ങളിലൂടെ മാര്‍ച്ച് ചെയ്യുകയായിരുന്നു.
പ്രത്യേക യൂണിഫോം ധരിച്ചെത്തിയ സംഘം 'അമേരിക്കയെ വീണ്ടെടുക്കുക' തുടങ്ങിയ തീവ്ര വംശീയ മുദ്രാവാക്യങ്ങള്‍ മുഴക്കുകയും ചെയ്തു. അമേരിക്കന്‍ ഔദ്യോഗിക പതാകയ്ക്ക് പുറമെ, ആഭ്യന്തരയുദ്ധ കാലത്തെ അടിമത്തത്തെ അനുകൂലിക്കുന്ന കോണ്‍ഫെഡറേറ്റ് പതാകകളും തലകീഴായി പിടിച്ച യു.എസ് പതാകകളും ഇവരുടെ കൈകളിലുണ്ടായിരുന്നു. വാഷിംഗ്ടണ്‍ മെട്രോ ട്രെയിനുകളില്‍ കൂട്ടമായി സഞ്ചരിച്ച ഇവരുടെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
2017 ല്‍ വെര്‍ജീനിയയിലെ ഷാര്‍ലറ്റ്സ്വില്ലില്‍ നടന്ന യുണൈറ്റ് ദി റൈറ്റ് വംശീയ റാലിക്ക് ശേഷമാണ് വാന്‍ഗാര്‍ഡ് അമേരിക്ക എന്ന നവ-നാസി ഗ്രൂപ്പില്‍ നിന്ന് പിരിഞ്ഞ് തോമസ് റയാന്‍ റൂസ്സോ എന്നയാള്‍ പേട്രിയറ്റ് ഫ്രണ്ട് രൂപീകരിക്കുന്നത്. ജനാധിപത്യ ഭരണക്രമത്തെ പൂര്‍ണ്ണമായും തള്ളിക്കളയുന്ന സംഘടന, അമേരിക്ക യൂറോപ്യന്‍ കുടിയേറ്റക്കാരായ വെള്ളക്കാര്‍ക്ക് മാത്രമുള്ള രാജ്യമാണെന്ന തീവ്ര നിലപാടാണ് വെച്ചുപുലര്‍ത്തുന്നത്. ഇറ്റാലിയന്‍ ഏകാധിപതി ബെനിറ്റോ മുസ്സോളിനിയുടെ ഫാസിസ്റ്റ് പാര്‍ട്ടിയുടെ ലോഗോയോട് സാദൃശ്യമുള്ള ചിഹ്നങ്ങളാണ് ഇവര്‍ ഉപയോഗിക്കുന്നത്.
ദേശീയ പ്രാധാന്യമുള്ള പൊതു അവധി ദിവസങ്ങളില്‍ ഇത്തരം വംശീയ ഗ്രൂപ്പുകള്‍ പരസ്യമായി രംഗത്തിറങ്ങുന്നത് രാജ്യം നേരിടുന്ന ആഭ്യന്തര വെല്ലുവിളികളുടെ ആഴം കൂട്ടുന്നതായി മുന്‍ കൗണ്ടര്‍ ടെററിസം ഉദ്യോഗസ്ഥര്‍ വിലയിരുത്തുന്നു. മുന്‍പ് പല സംസ്ഥാനങ്ങളിലും എല്‍.ജി.ബി.ടി.ക്യു പ്ലസ് വിരുദ്ധ പ്രകടനങ്ങളിലും അക്രമ പദ്ധതികളിലും പങ്കാളികളായതിന് ഈ സംഘടനയിലെ അംഗങ്ങള്‍ അറസ്റ്റിലായിട്ടുണ്ട്.
അതേസമയം പ്രകടനം സമാധാനപരമായിരുന്നതിനാലും വ്യക്തികളുടെ ആശയ പ്രകടന സ്വാതന്ത്ര്യത്തെ മാനിക്കുന്നതിനാലും ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്ന് വാഷിംഗ്ടണ്‍ മെട്രോപൊളിറ്റന്‍ പൊലീസ് അറിയിച്ചു. എങ്കിലും നഗരവാസികളുടെയും സന്ദര്‍ശകരുടെയും സുരക്ഷ ഉറപ്പാക്കാന്‍ പൊലീസ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. വംശീയ വിദ്വേഷം പരത്തുന്ന ഇത്തരം പ്രകടനങ്ങള്‍ക്കെതിരെ സെനറ്റര്‍ എഡ് മാര്‍ക്കി ഉള്‍പ്പെടെയുള്ള പ്രമുഖ രാഷ്ട്രീയ നേതാക്കള്‍ കടുത്ത പ്രതിഷേധവുമായി രംഗത്തെത്തി.
English Summary
On the eve of the U.S. independence celebrations, hundreds of masked members of the white nationalist group Patriot Front staged a flash march through Washington, D.C., chanting "Reclaim America" and carrying Confederate and altered U.S. flags. Formed after the infamous 2017 Charlottesville rally, the group rejects democracy and advocates for a nation exclusive to those of European descent, utilizing iconography reminiscent of Mussolini's fascist party to spread its anti-immigrant, white supremacist ideology. While the Washington Metropolitan Police monitored the demonstration as protected First Amendment activity and reported no arrests, extremism experts and former counterterrorism officials warn that such high-profile public displays underscore the rising and defiant visibility of white supremacy in the country.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
