ഇനി സമയം അനുവദിക്കില്ല! ലൈംഗിക അതിക്രമക്കേസില്‍ ട്രംപിന് വീണ്ടും തിരിച്ചടി; ജീന്‍ കരോളിന് 48 കോടി രൂപ ഉടന്‍ നല്‍കണം

JULY 4, 2026, 9:27 PM

വാഷിംഗ്ടണ്‍: പ്രമുഖ എഴുത്തുകാരി ഇ. ജീന്‍ കരോളിന് നഷ്ടപരിഹാരമായി 58 ലക്ഷം ഡോളര്‍ (ഏകദേശം 48 കോടിയിലധികം രൂപ) നല്‍കണമെന്ന വിധി നടപ്പാക്കുന്നത് വൈകിപ്പിക്കണമെന്ന യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ആവശ്യം ഫെഡറല്‍ കോടതി തള്ളി. നഷ്ടപരിഹാരത്തുക കൈമാറണമെന്ന ആവശ്യത്തിന്മേല്‍ മറുപടി നല്‍കാന്‍ ട്രംപിന് കൂടുതല്‍ സമയം അനുവദിക്കില്ലെന്ന് മാന്‍ഹാട്ടന്‍ ഫെഡറല്‍ കോടതി വ്യക്തമാക്കി.

1990 കളില്‍ ഒരു ഡിപ്പാര്‍ട്ട്മെന്റ് സ്റ്റോറിലെ വസ്ത്രം മാറുന്ന മുറിയില്‍ വെച്ച് ട്രംപ് തന്നെ ലൈംഗികമായി പീഡിപ്പിച്ചെന്നും, പിന്നീട് ഈ ആരോപണം വ്യാജമാണെന്ന് പറഞ്ഞ് തന്നെ അപകീര്‍ത്തിപ്പെടുത്തിയെന്നും ചൂണ്ടിക്കാട്ടിയാണ് ജീന്‍ കരോള്‍ കോടതിയെ സമീപിച്ചത്. ഈ കേസില്‍ 2023 ല്‍ ജൂറി ട്രംപ് കുറ്റക്കാരനാണെന്ന് കണ്ടെത്തുകയും കരോളിന് അനുകൂലമായി വിധി പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. ഈ വിധിക്കെതിരെ ട്രംപ് നല്‍കിയ അപ്പീല്‍ കഴിഞ്ഞ ജൂണ്‍ 29 ന് സുപ്രീം കോടതിയും തള്ളിയതോടെയാണ് തുക ഈടാക്കാനുള്ള നടപടികളിലേക്ക് കരോള്‍ കടന്നത്.

തുക കൈമാറാന്‍ ഉത്തരവിടണമെന്ന് ആവശ്യപ്പെട്ട് ജൂണ്‍ 30 നാണ് കരോള്‍ മാന്‍ഹാട്ടന്‍ കോടതിയെ സമീപിച്ചത്. കേസ് ഇത്രയും കാലം നീണ്ടുപോയതിന്റെ പലിശ ഉള്‍പ്പെടെയുള്ള തുകയാണ് കരോള്‍ ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാല്‍ തന്റെ മുന്‍ മുഖ്യ അഭിഭാഷകന്‍ ജഡ്ജിയായി നിയമിതനായതിനെത്തുടര്‍ന്ന് കേസ് ഒഴിഞ്ഞെന്നും, പുതിയ അഭിഭാഷകന് കേസ് പഠിക്കാന്‍ സമയം വേണമെന്നുമാണ് ട്രംപ് കോടതിയില്‍ വാദിച്ചത്. എന്നാല്‍ ട്രംപ് മനപൂര്‍വം കേസ് നീട്ടിക്കൊണ്ടുപോകാന്‍ ശ്രമിക്കുകയാണെന്ന് കരോളിന്റെ അഭിഭാഷകര്‍ വാദിച്ചു.

ഇരുവിഭാഗത്തിന്റെയും വാദങ്ങള്‍ പരിഗണിച്ച യു.എസ് ഡിസ്ട്രിക്റ്റ് ജഡ്ജി ലൂയിസ് കപ്ലാന്‍, ജൂലൈ 4 ന് പുറപ്പെടുവിച്ച ഒറ്റവരി ഉത്തരവിലൂടെ ട്രംപിന്റെ സാവകാശ ഹര്‍ജി തള്ളുകയായിരുന്നു. വരും ദിവസങ്ങളില്‍ തന്നെ ഈ വിഷയത്തില്‍ ട്രംപ് കൃത്യമായ മറുപടി നല്‍കണമെന്നും കോടതി കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഇതിനുപുറമേ, 2019 ല്‍ ഇതേ വിഷയത്തില്‍ തന്നെ അപകീര്‍ത്തിപ്പെടുത്തിയതിന് 8.33 കോടി ഡോളര്‍ ട്രംപ് കരോളിന് നല്‍കണമെന്ന് മറ്റൊരു മാന്‍ഹാട്ടന്‍ സിവില്‍ ജൂറിയും 2024 ല്‍ വിധിച്ചിരുന്നു. ഈ കേസിന്റെ അപ്പീല്‍ നടപടികള്‍ കോടതിയില്‍ ഇപ്പോഴും തുടരുകയാണ്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam