വാഷിംഗ്ടണ്‍: ഗാസ യുദ്ധ വിരുദ്ധ പ്രതിഷേധങ്ങളില്‍ പങ്കെടുത്തതിന്റെ പേരില്‍ ന്യൂയോര്‍ക്ക് കൊളംബിയ യൂനിവേഴ്‌സിറ്റിയിലെ പാലസ്തീന്‍ വിദ്യാര്‍ഥി മഹ്മൂദ് ഖലീലിനെ നാടുകടത്തുന്നതിൽ നിന്ന് ഫെഡറൽ അധികാരികളെ തടയുന്ന ഉത്തരവ് നീട്ടി യുഎസ് ജഡ്ജി .
ഈ ആഴ്ച ആദ്യം മഹ്മൂദ് ഖലീലിന്റെ നാടുകടത്തൽ യുഎസ് ജില്ലാ ജഡ്ജി ജെസ്സി ഫർമാൻ താൽക്കാലികമായി തടഞ്ഞിരുന്നു. അറസ്റ്റ് ഭരണഘടനാ വിരുദ്ധമാണോ എന്ന് പരിഗണിക്കാൻ കൂടുതൽ സമയം അനുവദിക്കുന്നതിന്റെ ഭാഗമായാണ് മാൻഹട്ടൻ ഫെഡറൽ കോടതി നാടുകടത്തൽ നടപടി നീട്ടിയിരിക്കുന്നത്.
ശനിയാഴ്ച രാത്രി യൂണിവേഴ്‌സിറ്റി ഡോര്‍മിറ്ററി കെട്ടിടത്തിന്റെ ലോബിയില്‍ വച്ചാണ് ഖലീലിനെ അറസ്റ്റ് ചെയ്തത്. ഗ്രീന്‍ കാര്‍ഡ് ഉണ്ടായിരുന്നിട്ടും ഇമിഗ്രേഷന്‍, കസ്റ്റംസ് എന്‍ഫോഴ്സ്മെന്റ് ഏജന്റുമാര്‍ മഹ്മൂദ് ഖലീലിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.
ഹമാസിനുള്ള പിന്തുണയാണ് അറസ്റ്റിന് കാരണമെന്ന് വൈറ്റ് ഹൗസ് പറഞ്ഞു. 30 കാരനായ ഖലീലിനെ ഹമാസിനെ പിന്തുണക്കുന്ന തീവ്ര വിദേശ വിദ്യാര്‍ഥി എന്നാണ് പ്രസ്താവനയിൽ വിശേഷിപ്പിച്ചത്. അമേരിക്കയില്‍ ഹമാസിനെ പിന്തുണക്കുന്ന കൂടുതല്‍ പേരെ അറസ്റ്റ് ചെയ്ത് നാടുകടത്തുമെന്ന് വൈറ്റ് ഹൗസ് പ്രസ്താവനയിൽ അറിയിച്ചു.
എന്നാല്‍ മഹ്മൂദ് ഖലീല്‍ പൂര്‍ണാര്‍ഥത്തില്‍ ഒരു വിദേശി അല്ല. ഗ്രീന്‍ കാര്‍ഡ് ഉടമയാണ് മഹമൂദ് ഖലീൽ. ഇദ്ദേഹത്തിന്റെ ഭാര്യ എട്ടു മാസം ഗർഭിണിയാണ്.
അമേരിക്കൻ പൗരയാണ് ഇദ്ദേഹത്തിന്റെ ഭാര്യ. അറസ്റ്റിന്റെ നിയമസാധുതയെ പലരും ചോദ്യം ചെയ്തിട്ടുണ്ട്. അമേരിക്കയിലെ ഹമാസ് അനുകൂലികളുടെ വിസകളും ഗ്രീന്‍ കാര്‍ഡുകളും റദ്ദാക്കുമെന്നും ഇവരെ നാടുകടത്തുമെന്നും അമേരിക്കന്‍ വിദേശ മന്ത്രി മാര്‍ക്കോ റൂബിയോ നേരത്തെ പറഞ്ഞിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്