ട്രംപിന് തിരിച്ചടി: കെന്നഡി സെന്ററിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തടഞ്ഞ് കോടതി; പേര് നീക്കാനും ഉത്തരവ്

MAY 30, 2026, 7:57 PM

വാഷിംഗ്ടണ്‍: വാഷിംഗ്ടണിലെ പ്രശസ്തമായ കെന്നഡി സെന്റര്‍ ഫോര്‍ ദി പെര്‍ഫോമിംഗ് ആര്‍ട്‌സ് നവീകരിക്കാനും തന്റെ പേര് നല്‍കാനുമുള്ള പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നീക്കങ്ങള്‍ക്ക് ഫെഡറല്‍ കോടതിയുടെ ശക്തമായ വിലക്ക്. സ്ഥാപനത്തിന്റെ മുന്‍ഭാഗത്ത് സ്ഥാപിച്ച ട്രംപിന്റെ പേര് രണ്ട് ആഴ്ചയ്ക്കകം നീക്കം ചെയ്യാനും, നവീകരണത്തിന്റെ ഭാഗമായി കേന്ദ്രം രണ്ട് വര്‍ഷത്തേക്ക് അടച്ചിടാനുള്ള തീരുമാനം റദ്ദാക്കാനും ഫെഡറല്‍ ജഡ്ജി ക്രിസ്റ്റഫര്‍ കൂപ്പര്‍ ഉത്തരവിട്ടു.

കോടതി ഉത്തരവിനോട് രൂക്ഷമായാണ് ട്രംപ് പ്രതികരിച്ചത്. എന്നാല്‍, വിവാദങ്ങള്‍ക്കൊടുവില്‍ കെന്നഡി സെന്ററിന്റെ നിയന്ത്രണം യു.എസ് കോണ്‍ഗ്രസിന് കൈമാറാന്‍ താന്‍ തയ്യാറാണെന്ന് ട്രംപ് തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലില്‍ വ്യക്തമാക്കി.

തന്റെ തനതായ ശൈലിയിലാണ് ട്രംപ് കോടതി വിധിയെ വിമര്‍ശിച്ചത്. മറ്റാരേക്കാളും നന്നായി കാര്യങ്ങള്‍ ചെയ്യാന്‍ എനിക്ക് സ്വാതന്ത്ര്യമില്ലെങ്കില്‍ഈ സ്ഥാപനത്തെ ഭൗതികമായും, സാമ്പത്തികമായും, കലാപരമായും തിരികെ കൊണ്ടുവരാന്‍ എനിക്ക് അനുവാദമില്ലെങ്കില്‍ 'നെവര്‍ നെവര്‍ ലാന്‍ഡിലേക്ക്' തനിക്ക് താല്പര്യമില്ലെന്ന് ട്രംപ് പറഞ്ഞു.

തന്റെ ആസൂത്രിത നവീകരണ പദ്ധതികള്‍ തടഞ്ഞ സാഹചര്യത്തില്‍, കെന്നഡി സെന്റര്‍ ഉടന്‍ തന്നെ അടച്ചുപൂട്ടേണ്ടി വരുമെന്നും ഒരുപക്ഷേ ഇനി ഒരിക്കലും തുറക്കില്ലെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കി. കെട്ടിടത്തിന്റെ ഘടന വളരെ അപകടകരമായ അവസ്ഥയിലാണെന്നും തീയേറ്റര്‍ കാണികള്‍ക്ക് മുകളിലിരുന്ന് ബീമുകള്‍ മാറ്റുക എന്നത് പ്രായോഗികമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തന്റെ രണ്ടാം ഔദ്യോഗിക കാലാവധിയില്‍ വാഷിംഗ്ടണിലെ പ്രമുഖ ചരിത്ര സ്മാരകങ്ങളെ പുനര്‍രൂപകല്‍പ്പന ചെയ്യാനുള്ള ട്രംപിന്റെ ശ്രമങ്ങളുടെ ഭാഗമായിരുന്നു കെന്നഡി സെന്റര്‍ പ്രോജക്റ്റും. കഴിഞ്ഞ ഫെബ്രുവരിയില്‍ കെന്നഡി സെന്ററിന്റെ നിലവിലെ ബോര്‍ഡ് പിരിച്ചുവിട്ട് ട്രംപ് സ്വയം അതിന്റെ ചെയര്‍മാനാകുകയും തന്റെ രാഷ്ട്രീയ സഖ്യകക്ഷികളെ അംഗങ്ങളായി നിയമിക്കുകയും ചെയ്തു. തന്റെ പ്രത്യേക പ്രതിനിധിയായ റിക്ക് ഗ്രെനെലിനെ സെന്ററിന്റെ പ്രസിഡന്റായും നിയമിച്ചു. കഴിഞ്ഞ ഡിസംബറില്‍ ട്രംപ് അനുകൂലികളായ ബോര്‍ഡ് അംഗങ്ങള്‍ സ്ഥാപനത്തിന്റെ പേര് 'ട്രംപ്-കെന്നഡി സെന്റര്‍' എന്ന് മാറ്റാന്‍ വോട്ട് ചെയ്യുകയും തൊട്ടടുത്ത ദിവസം തന്നെ പുതിയ ബോര്‍ഡുകള്‍ സ്ഥാപിക്കുകയും ചെയ്തു.

257 മില്യണ്‍ ഡോളറിന്റെ ഫെഡറല്‍ ഫണ്ട് ഉപയോഗിച്ച് ജൂലൈ മുതല്‍ രണ്ട് വര്‍ഷത്തേക്ക് കേന്ദ്രം പൂര്‍ണ്ണമായി അടച്ചിട്ട് നവീകരിക്കാനായിരുന്നു ബോര്‍ഡിന്റെ തീരുമാനം.

കോടതി നിരീക്ഷണം


ഡെമോക്രാറ്റിക് പ്രതിനിധിയായ ജോയ്‌സ് ബീറ്റി ഫയല്‍ ചെയ്ത ഹര്‍ജിയിലാണ് കോടതിയുടെ നിര്‍ണായക വിധി വന്നത്. കെന്നഡി സെന്ററിന് ആ പേര് നല്‍കിയത് യു.എസ് കോണ്‍ഗ്രസ് ആണെന്നും അതിനാല്‍ അത് മാറ്റാന്‍ കോണ്‍ഗ്രസിന് മാത്രമേ അധികാരമുള്ളൂവെന്നും ജഡ്ജി ക്രിസ്റ്റഫര്‍ കൂപ്പര്‍ വ്യക്തമാക്കി. രണ്ട് വര്‍ഷത്തേക്ക് കേന്ദ്രം അടച്ചിടാനുള്ള ബോര്‍ഡിന്റെ തീരുമാനം കൃത്യമായ പഠനങ്ങള്‍ നടത്താതെ എടുത്തതാണെന്നും കോടതി നിരീക്ഷിച്ചു.

ഭരണകൂടത്തിന്റെ ഭാഗത്തുനിന്നും കെന്നഡി സെന്റര്‍ കോണ്‍ഗ്രസിന് കൈമാറുമെന്ന സൂചനകള്‍ ട്രംപ് നല്‍കിയെങ്കിലും, ട്രംപ് അനുകൂലികള്‍ ഭൂരിപക്ഷമുള്ള കെന്നഡി സെന്റര്‍ ബോര്‍ഡും യു.എസ് നീതിന്യായ വകുപ്പും ഈ വിധിക്കെതിരെ അപ്പീല്‍ നല്‍കാന്‍ ഒരുങ്ങുകയാണെന്നാണ് ലഭിക്കുന്ന വിവരം. വരും ദിവസങ്ങളില്‍ യു.എസ് സാംസ്‌കാരിക ലോകത്ത് ഈ നിയമപോരാട്ടം കൂടുതല്‍ ശക്തമാകാനാണ് സാധ്യത.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam