ഹൂസ്റ്റണ്‍: മനുഷ്യനെ വീണ്ടും ചന്ദ്രനിലെത്തിക്കാനുള്ള നാസയുടെ ചരിത്രപ്രധാനമായ ആര്‍ട്ടെമിസ് പദ്ധതിയിലെ അടുത്ത നിര്‍ണായക ഘട്ടമായ ആര്‍ട്ടെമിസ് 3 ദൗത്യത്തിനുള്ള ബഹിരാകാശ യാത്രികരുടെ സംഘത്തെ പ്രഖ്യാപിച്ചു. കമാന്‍ഡര്‍ റാന്‍ഡി ബ്രെസ്‌നിക്കിന്റെ നേതൃത്വത്തിലുള്ള നാലംഗ സംഘത്തെയാണ് നാസ ഔദ്യോഗികമായി തിരഞ്ഞെടുത്തത്. ടെക്‌സാസിലെ ജോണ്‍സണ്‍ സ്‌പേസ് സെന്ററില്‍ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിലാണ് ആഗോള ബഹിരാകാശ രംഗം കാത്തിരുന്ന പ്രഖ്യാപനമുണ്ടായത്.
2027 ല്‍ ദൗത്യം വിക്ഷേപിക്കാനാണ് നാസ ലക്ഷ്യമിടുന്നത്. കഴിഞ്ഞ ഏപ്രിലില്‍ ചന്ദ്രനെ വലംവെച്ച് ചരിത്രം കുറിച്ച ആര്‍ട്ടെമിസ് 2 ദൗത്യത്തിന്റെ വന്‍ വിജയത്തിന് തൊട്ടുപിന്നാലെയാണ് നാസ അടുത്ത ദൗത്യത്തിന്റെ സംഘത്തെ പ്രഖ്യാപിച്ചിരിക്കുന്നത്. യൂറോപ്യന്‍ സ്‌പേസ് ഏജന്‍സിയുടെ പങ്കാളിത്തത്തോടെയാണ് ഈ ദൗത്യം നടപ്പിലാക്കുന്നത്.
ദൗത്യ നായകര്‍ ഇവര്‍:
റാന്‍ഡി ബ്രെസ്‌നിക് (കമാന്‍ഡര്‍): മുന്‍ യുഎസ് മറൈന്‍ കോര്‍പ്‌സ് പൈലറ്റും രണ്ട് തവണ ബഹിരാകാശ യാത്ര നടത്തി പരിചയമുള്ള മുതിര്‍ന്ന നാസ അസ്‌ട്രോണറ്റും.
ലൂക പര്‍മിറ്റാനോ (പൈലറ്റ്): യൂറോപ്യന്‍ സ്‌പേസ് ഏജന്‍സിയെ പ്രതിനിധീകരിക്കുന്ന ഇറ്റാലിയന്‍ എയര്‍ഫോഴ്‌സ് കേണല്‍. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന്റെ കമാന്‍ഡറായ ആദ്യ ഇറ്റാലിയന്‍ പൗരന്‍.
ഫ്രാങ്ക് റൂബിയോ (മിഷന്‍ സ്‌പെഷ്യലിസ്റ്റ്): ബഹിരാകാശത്ത് ഏറ്റവും കൂടുതല്‍ കാലം (371 ദിവസം) തുടര്‍ച്ചയായി കഴിഞ്ഞ അമേരിക്കന്‍ യാത്രികനെന്ന റെക്കോര്‍ഡിന് ഉടമ.
ആന്‍ഡ്രൂ ഡഗ്ലസ് (മിഷന്‍ സ്‌പെഷ്യലിസ്റ്റ്): യുഎസ് കോസ്റ്റ്ഗാര്‍ഡ് റിസര്‍വ് കമാന്‍ഡറും പ്രമുഖ ടെസ്റ്റ് എഞ്ചിനീയറുമായ ബഹിരാകാശ രംഗത്തെ പുതുമുഖം.
കൂടാതെ അടിയന്തര സാഹചര്യങ്ങള്‍ നേരിടാനായി ബാപ്പ് അപ്പ് ക്രൂ അംഗമായി നാസയുടെ ബോബ് ഹെയ്ന്‍സിനെയും നിയോഗിച്ചിട്ടുണ്ട്. ചടങ്ങില്‍ വെച്ച് ആര്‍ട്ടെമിസ് 2 കമാന്‍ഡര്‍ റീഡ് വൈസ്മാന്‍ പുതിയ കമാന്‍ഡര്‍ റാന്‍ഡി ബ്രെസ്‌നിക്കിന് പ്രതീകാത്മകമായി ബാറ്റണ്‍ കൈമാറി.
ആര്‍ട്ടെമിസ് 3 ചന്ദ്രനില്‍ മനുഷ്യനെ ഇറക്കുന്ന ദൗത്യമല്ല. പകരം വരാനിരിക്കുന്ന ചാന്ദ്ര ലാന്‍ഡിങ് ദൗത്യങ്ങള്‍ സുരക്ഷിതമാക്കുന്നതിനുള്ള അതിസങ്കീര്‍ണ്ണമായ സാങ്കേതിക പരീക്ഷണങ്ങളാണ് ഈ ദൗത്യത്തിലൂടെ ലക്ഷ്യമിടുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
