സേവനത്തിനും സമർപ്പണത്തിനും ആദരം; ഹോളി ഫാമിലി ഹോസ്പിറ്റൽ റീയൂണിയനിൽ അംഗങ്ങൾക്ക് അംഗീകാരം

MAY 22, 2026, 1:36 PM

ഹോളി ഫാമിലി ആശുപത്രി 'അലുംനി റീയൂണിയൻ 2026' ജമൈക്കയിൽ നടന്നു. മേയ് 1 മുതൽ 5 വരെയായി നാലു ദിവസം നീണ്ടുനിന്ന റീയൂണിയനിൽ നഴ്‌സിംഗ്, റേഡിയോളജി, ലബോറട്ടറി വിഭാഗങ്ങളിലെ പൂർവ്വവിദ്യാർത്ഥികൾ പങ്കെടുത്തു.

ജമൈക്കയിലെ Grand Palladium Jamaica Resort & Spa, Grand Palladium Lady Hamilton Resort & Spa റിസോർട്ടുകളിലാണ് റീയൂണിയൻ നടന്നത്. റീയൂണിയനിലെ ഏറ്റവും ഹൃദയസ്പർശിയായ ഭാഗങ്ങളിലൊന്നായിരുന്നു പ്രത്യേക ആദരസമ്മാനങ്ങൾ.

ഹോളി ഫാമിലി ആശുപത്രിയുടെ വളർച്ചക്കും അലുംനി കൂട്ടായ്മയുടെ ശക്തിക്കും വിലമതിക്കാനാവാത്ത സംഭാവനകൾ നൽകിയ വ്യക്തികളെയാണ് ചടങ്ങിൽ ആദരിച്ചത്.

vachakam
vachakam
vachakam


മേരിക്കുട്ടി കുര്യാക്കോസ്

ഹോളി ഫാമിലി ഹോസ്പിറ്റൽ ന്യൂഡൽഹി അലുംനി അസോസിയേഷന്റെ സ്ഥാപക പ്രസിഡന്റായ മേരിക്കുട്ടി കുര്യാക്കോസിനെ ചടങ്ങിൽ പ്രത്യേകമായി ആദരിച്ചു. അലുംനി സംഘടനയ്ക്ക് ശക്തമായ അടിത്തറ പാകാൻ അവർ നൽകിയ നേതൃത്വവും സമർപ്പണവും എല്ലാവരും നന്ദിയോടെ ഓർമ്മിച്ചു.

vachakam
vachakam
vachakam

നോർത്ത് പാർക്ക് യൂണിവേഴ്‌സിറ്റിയിൽ നിന്ന് നഴ്‌സിംഗിൽ മാസ്റ്റേഴ്‌സ് ബിരുദം നേടിയ മേരിക്കുട്ടി കുര്യാക്കോസ് ഇപ്പോൾ ഇല്ലിനോയിസിലെ നേപ്പർവില്ലിൽ താമസിക്കുന്നു. നഴ്‌സ് മാനേജർ ആയി സേവനം അനുഷ്ഠിക്കുന്ന മേരിക്കുട്ടി പലപ്പോഴും ഡോക്ടർമാർക്ക് പോലും എളുപ്പത്തിൽ മനസ്സിലാക്കാൻ കഴിഞ്ഞിട്ടില്ലാത്ത ആരോഗ്യപ്രശ്‌നങ്ങളെ നേരിട്ടപ്പോഴെല്ലാം അത്യന്തം ധൈര്യവും ആത്മവിശ്വാസവും പ്രകടിപ്പിച്ചിട്ടുള്ള വ്യക്തിയാണ്.

കരുതലോടെയും മികവോടെയും തന്റെ പ്രൊഫഷണൽ ജീവിതം മുന്നോട്ടു കൊണ്ടുപോകുന്ന മേരിക്കുട്ടി കുര്യാക്കോസ് തന്റെ അത്തരം അനുഭവങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് Patients Don't Lie എന്ന പ്രചോദനാത്മക പുസ്തകം രചിച്ചിട്ടുണ്ട്. Barnes & Noble-ൽ ഈ പുസ്തകം ലഭ്യമാണ്. സ്ഥാപക പ്രസിഡന്റുകൂടിയായ മേരിക്കുട്ടി കുര്യാക്കോസ് Alumni Association ന് tax-exempt status ലഭ്യമാക്കുന്നതിനായി അക്ഷീണം പരിശ്രമിച്ചിട്ടുണ്ട്. മേരിക്കുട്ടി കുര്യാക്കോസിന്റെ നേതൃപാടവവും ദൃഢനിശ്ചയവും സേവന മനോഭാവവും തങ്ങളിൽ പലർക്കും വലിയ അനുഗ്രഹമായി മാറിയിട്ടുണ്ടെന്ന് അംഗങ്ങൾ അനുസ്മരിച്ചു.


vachakam
vachakam
vachakam

ബ്രിജിറ്റ് വിൻസെന്റ്

സമ്മേളനത്തിലെ ഏറ്റവും ശ്രദ്ധേയമായ അംഗീകാരങ്ങളിൽ ഒന്നായിരുന്നു ബ്രിജിറ്റ് വിൻസെന്റിന് ലഭിച്ച 'Most Accomplished Alumni' പുരസ്‌കാരം. ആരോഗ്യരംഗത്തെ മികവും സമൂഹത്തോടുള്ള പ്രതിബദ്ധതയും ഹോളി ഫാമിലി ഹോസ്പിറ്റൽ കുടുംബത്തോടുള്ള ആത്മബന്ധവും പരിഗണിച്ചാണ് ഈ അംഗീകാരം നൽകിയത്.

ബ്രിജിറ്റ് വിൻസെന്റിന്റെ ജീവിതയാത്ര പുതിയ തലമുറ അലുംനികൾക്ക് പ്രചോദനമായി മാറുന്നുവെന്നും ബ്രിജിറ്റിന്റെ നേട്ടങ്ങൾ മുഴുവൻ എച്ച്എഫ്എച്ച് കുടുംബത്തിന്റെയും അഭിമാനമാണെന്നും ടീം അനുസ്മരിച്ചു. ഹോളി ഫാമിലി ഹോസ്പിറ്റൽ, ന്യൂഡൽഹിയിലെ 1973-75 ബാച്ചിലെ അലുംനിയായ ബ്രിജിറ്റ് 1975ലാണ് ഫിലഡൽഫിയയിൽ എത്തിയത്.

തുടർന്ന് BSN, MSN, CCRN എന്നീ ഉയർന്ന യോഗ്യതകൾ നേടിയ ശേഷം നഴ്‌സ് പ്രാക്ടീഷണർ ആയി ശ്രദ്ധേയമായ സേവനം അനുഷ്ഠിച്ചു. അതോടൊപ്പം പെൻസിൽവാനിയ ഇന്ത്യൻ നഴ്‌സസിന്റെ സ്ഥാപക പ്രസിഡന്റായി പ്രവർത്തിക്കുകയും NAINA-യുടെ സജീവ അംഗമായി സേവനം അനുഷ്ഠിക്കുകയും ചെയ്തു. പെൻസിൽവാനിയ ബോർഡ് ഓഫ് നഴ്‌സിങ് കൗൺസിലിൽ അംഗമായ ആദ്യ ഇന്ത്യൻ നഴ്‌സായി ചരിത്രം സൃഷ്ടിച്ച വ്യക്തി കൂടിയാണ് ബ്രിജിറ്റ് വിൻസെന്റ്.


അലക്‌സാണ്ടർ മാമൻ

Allied Professionals വിഭാഗത്തിൽ നിന്നുള്ള Senior-most Alumni ആയി അലക്‌സാണ്ടർ മാമ്മന് റീയൂണിയനിൽ പ്രത്യേക അംഗീകാരം നൽകി. HFH കുടുംബത്തോടുള്ള അലക്‌സാണ്ടർ മാമ്മന്റെ ദീർഘകാല ബന്ധവും പിന്തുണയും എല്ലാവരും ആദരവോടെ അംഗീകരിച്ചു. Holy Family Hospital Delhi-യിലെ 1967-69 ബാച്ചിൽ പഠനം പൂർത്തിയാക്കിയ അലക്‌സാണ്ടർ മാമ്മൻ പാറ്റ്‌നയിലും ഡൽഹിയിലും അധ്യാപകനായി സേവനം അനുഷ്ഠിച്ചു.

പിന്നീട് ലിബിയയിലും ന്യൂയോർക്കിലെ പ്രമുഖ ഹെമറ്റോളജി വിഭാഗങ്ങളിലും അദ്ദേഹം ജോലി ചെയ്തു. ജോലിമേഖലയിൽ ഓരോ ഘട്ടത്തിലും മികവ് തെളിയിച്ച അദ്ദേഹം ഇപ്പോൾ ഫ്‌ളോറിഡയിൽ വിശ്രമജീവിതം നയിക്കുകയാണ്. ടീമിലെ ഏറ്റവും മുതിർന്ന അംഗമായ അദ്ദേഹം എല്ലാവർക്കും പ്രചോദനമേകുന്ന വ്യക്തി കൂടിയാണ്.


സോഫി കോയിത്തറ

നിരവധി നഴ്‌സുമാരെ രൂപപ്പെടുത്തുന്നതിൽ നിർണായക പങ്കുവഹിച്ച സോഫി കോയിത്തറയെ മികച്ച നഴ്‌സിങ് ട്യൂട്ടർ അംഗീകാരം നൽകി ചടങ്ങിൽ ആദരിച്ചു. RN, CCRN, ANP-BC യോഗ്യതകളുള്ള സോഫി കോയിത്തറ 1981 മുതൽ 1986 വരെ ഹോളി ഫാമിലി ഹോസ്പിറ്റലിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

നഴ്‌സിംഗ് മേഖലയിലെ സമർപ്പണത്തിനും മാർഗനിർദേശത്തിനും ദീർഘകാല സേവനത്തിനുമായാണ് സോഫി കോയിത്തറ റീയൂണിയനിൽ ആദരിക്കപ്പെട്ടത്. ക്ഷമയോടും ആത്മാർത്ഥതയോടും കൂടി നിരവധി നഴ്‌സിംഗ് ബാച്ചുകളെ പഠിപ്പിച്ചിട്ടുള്ള സോഫി കോയിത്തറയുടെ ശാസ്ത്രീയ പരിശീലനവും സ്‌നേഹപൂർവമായ മാർഗ്ഗനിർദേശവും പല വിദ്യാർത്ഥികളുടെയും ജീവിതത്തിൽ വലിയ സ്വാധീനം ചെലുത്തിയിട്ടുള്ളതായി സുഹൃത്തുക്കൾ ഓർമ്മിച്ചു.

നഴ്‌സിങ് രംഗത്തെ വിലമതിക്കാനാവാത്ത സംഭാവനകളെ മാനിച്ച് ഷെർലി നെല്ലാമറ്റവും മുൻ പ്രസിഡന്റായ വത്സ ബിജുവും ചേർന്ന് സോഫിയെ പൊന്നാട അണിയിച്ചു ആദരിച്ചു.

ഓരോ അംഗീകാരവും കൈമാറുമ്പോഴും ഹാളിൽ നിറഞ്ഞുനിന്നത് കരഘോഷവും സ്‌നേഹവുമായിരുന്നു. ഒരു സാധാരണ പുരസ്‌കാര വിതരണം എന്നതിനപ്പുറം സേവനത്തിന്റെയും ത്യാഗത്തിന്റെയും കരുണയുടെയും ഒരു വലിയ ആദരവായിരുന്നു ഈ ചടങ്ങ്. എച്ച്എഫ്എച്ച് കുടുംബത്തിന്റെ യഥാർത്ഥ ശക്തി അതിന്റെ ഓരോ അംഗങ്ങളുമാണെന്ന സന്ദേശം ഈ പരിപാടി വീണ്ടും ഓർമ്മിപ്പിച്ചു.

2024 മുതൽ 2026 മേയ് വരെയുള്ള കാലഘട്ടത്തിൽ നിര്യാതരായ അലുംനികൾക്കായുള്ള പ്രത്യേക അനുസ്മരണം വികാരനിർഭരമായ നിമിഷങ്ങളായി മാറി. അവരുടെ ഓർമ്മയ്ക്കായി 'In Memoriam' എന്ന ഒരു അനുസ്മരണ ചിത്രവും പ്രദർശിപ്പിച്ചു. തുടർന്ന് ബാച്ച് അടിസ്ഥാനത്തിൽ ഓരോ ടീമിനെയും സ്റ്റേജിലേക്ക് ക്ഷണിച്ച് ആദരിക്കുകയും ഫോട്ടോകൾ എടുക്കുകയും ചെയ്തു. സെക്രട്ടറി ഷെർലി നെല്ലാമറ്റം മെഡിക്കൽ മിഷൻ സിസ്റ്റേഴ്‌സ് (MMS)ന്റെ ചരിത്രവും ഹോളി ഫാമിലി ആശുപത്രിയുടെ വളർച്ചയും അവതരിപ്പിച്ച സ്ലൈഡ് ഷോ ഏറെ ശ്രദ്ധേയമായി. 

പഴയകാലവും ഇന്നത്തെ സാഹചര്യവും കൂട്ടിയിണക്കിക്കൊണ്ടുള്ള അവതരണം റീയൂണിയനിൽ പങ്കെടുത്തവർക്ക് സ്ഥാപനങ്ങളുടെ സ്ഥാപകരെക്കുറിച്ചും സമ്പന്നമായ അതിന്റ ചരിത്രത്തെക്കുറിച്ചും വിലമതിക്കാനാവാത്ത അറിവുകൾ നൽകി. ജമൈക്കയുടെ ചരിത്രവും സംസ്‌കാരവും പ്രകൃതി സൗന്ദര്യവും ആസ്വദിച്ചും അടുത്തറിഞ്ഞും ആഘോഷമാക്കിയ നാലു ദിവസങ്ങൾ മറക്കാനാവാത്ത ഓർമ്മകളായി മനസ്സിൽ സൂക്ഷിച്ചുകൊണ്ടാണ് 'അലുംനി റീയൂണിയൻ 2026' അവസാനിച്ചത്.

വിവിധ പ്രോഗ്രാമുകൾ സംഘടിപ്പിച്ചും യാത്രകൾ ഒരുക്കിയും റീയൂണിയൻ ആവേശകരമാക്കിയതിനു പിന്നിൽ ആഗ്‌നസ് മാത്യു, തോമസ് തറയിൽ, ഷെർലി നെല്ലാമറ്റം, ജോയ് തട്ടാർക്കുന്നേൽ എന്നിവരുടെ സംഘാടന മികവും നേതൃത്വഗുണവുമാണെന്നതിൽ സംശയമില്ല. അടുത്ത വർഷത്തെ റീയൂണിയൻ എവിടെ സംഘടിപ്പിക്കണമെന്ന കാര്യം പിന്നീട് ആലോചിച്ചു തീരുമാനിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam