റിയാദ്: സൗദി അറേബ്യയുടെ പിന്തുണയോടെ നടക്കുന്ന പ്രമുഖ നിക്ഷേപ സംഗമത്തിൽ (FII) സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനെതിരെ വിവാദ പരാമർശവുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.
ആഗോള ബിസിനസ് പ്രമുഖരും നയതന്ത്രജ്ഞരും പങ്കെടുത്ത വേദിയിൽ, കിരീടാവകാശി തന്നെ തെറ്റായി വിലയിരുത്തിയെന്നും ഇപ്പോൾ അദ്ദേഹം തന്നോട് വിനീതനായി പെരുമാറാൻ നിർബന്ധിതനായിരിക്കുകയാണെന്നും ട്രംപ് പരിഹസിച്ചു.
"ഇതൊന്നും സംഭവിക്കുമെന്ന് അദ്ദേഹം കരുതിയിരുന്നില്ല. എന്റെ പിന്നാലെ നടക്കേണ്ടി വരുമെന്ന് അദ്ദേഹം സ്വപ്നത്തിൽ പോലും വിചാരിച്ചില്ല. തകർച്ചയിലേക്ക് നീങ്ങുന്ന ഒരു രാജ്യത്തിന്റെ വെറുമൊരു അമേരിക്കൻ പ്രസിഡന്റ് മാത്രമായിരിക്കും ഞാൻ എന്നാണ് അദ്ദേഹം കരുതിയത്. എന്നാൽ ഇപ്പോൾ അദ്ദേഹത്തിന് എന്നോട് മര്യാദയ്ക്ക് പെരുമാറിയേ മതിയാകൂ," ട്രംപ് പറഞ്ഞു.
നിമിഷങ്ങൾക്കകം ഈ പരാമർശം ആഗോളതലത്തിൽ ചർച്ചയായി. എന്നാൽ പ്രസംഗത്തിന്റെ അടുത്ത ഘട്ടത്തിൽ, മുഹമ്മദ് ബിൻ സൽമാൻ മിടുക്കനാണെന്നും ലോകത്തെ ഏറ്റവും ശ്രദ്ധേയമായ രാജ്യമായി അമേരിക്ക മാറിയെന്ന് അദ്ദേഹം സമ്മതിച്ചതായും പറഞ്ഞ് ട്രംപ് നിലപാട് മയപ്പെടുത്തുകയും ചെയ്തു.
പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥയെക്കുറിച്ചും ഇറാനെതിരായ നീക്കങ്ങളെക്കുറിച്ചും ട്രംപ് പ്രസംഗത്തിൽ വാചാലനായി. ഇറാൻ ഉയർത്തുന്ന ആണവ ഭീഷണിയിൽ നിന്നും ഭീകരതയിൽ നിന്നും മിഡിൽ ഈസ്റ്റ് ഉടൻ മുക്തമാകുമെന്ന് അദ്ദേഹം അവകാശപ്പെട്ടു.
ഇസ്രായേലിനെ മാത്രമല്ല, സൗദി അറേബ്യ ഉൾപ്പെടെയുള്ള രാജ്യങ്ങളെ ഇറാന്റെ മിസൈൽ ആക്രമണങ്ങളിൽ നിന്ന് തങ്ങൾ രക്ഷിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു. നിലവിൽ ഇറാൻ-യുഎസ് ബന്ധം വഷളായി നിൽക്കുന്ന സാഹചര്യത്തിൽ ട്രംപിന്റെ ഈ പ്രസ്താവനകൾ നയതന്ത്ര വൃത്തങ്ങളിൽ വലിയ പ്രാധാന്യത്തോടെയാണ് നോക്കിക്കാണുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
