വാഷിംഗ്ടൺ/ഇസ്‌ലാമാബാദ്: അഫ്ഗാനിസ്ഥാനും പാകിസ്ഥാനും തമ്മിലുള്ള അതിർത്തി സംഘർഷം തുറന്ന യുദ്ധത്തിലേക്ക് നീങ്ങുന്നതിനിടെ, പാകിസ്ഥാനെയും അവിടുത്തെ ഭരണനേതൃത്വത്തെയും പ്രശംസിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.
പാകിസ്ഥാനുമായി തനിക്ക് "വളരെ മികച്ച" ബന്ധമാണുള്ളതെന്നും അവിടുത്തെ പ്രധാനമന്ത്രിയെയും സൈനിക ജനറലിനെയും താൻ ഏറെ ബഹുമാനിക്കുന്നുവെന്നും ട്രംപ് വ്യക്തമാക്കി. ഇരുരാജ്യങ്ങളും തമ്മിലുള്ള തർക്കത്തിൽ ഇടപെടാൻ തയ്യാറാണോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം.
പ്രസിഡന്റിന് പിന്നാലെ യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റും പാകിസ്ഥാന് പിന്തുണ പ്രഖ്യാപിച്ചു. അഫ്ഗാൻ അതിർത്തിയിലെ സംഘർഷത്തിൽ പാക് വിദേശകാര്യ സെക്രട്ടറി അംന ബലോച്ചുമായി സംസാരിച്ച അണ്ടർ സെക്രട്ടറി ആലിസൺ എം. ഹുക്കർ, ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടവർക്ക് അനുശോചനം രേഖപ്പെടുത്തി. താലിബാൻ ആക്രമണങ്ങൾക്കെതിരെ സ്വയം പ്രതിരോധിക്കാനുള്ള പാകിസ്ഥാന്റെ അവകാശത്തെ പിന്തുണയ്ക്കുന്നുവെന്നും സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും ഹുക്കർ അറിയിച്ചു.
സംഘർഷം കടുത്തതോടെ പാകിസ്ഥാനിലെ അമേരിക്കൻ പൗരന്മാർക്ക് യുഎസ് എംബസി സുരക്ഷാ നിർദ്ദേശം (Security Advisory) നൽകി. തീവ്രവാദ ഭീഷണിയുടെ പശ്ചാത്തലത്തിൽ പാക് നഗരങ്ങളിൽ സുരക്ഷാ സന്നാഹം വർദ്ധിപ്പിച്ചിട്ടുണ്ട്. സൈനിക കേന്ദ്രങ്ങൾ, വാണിജ്യ സമുച്ചയങ്ങൾ എന്നിവിടങ്ങളിൽ ആക്രമണത്തിന് സാധ്യതയുള്ളതിനാൽ തിരക്കുള്ള സമയങ്ങളിൽ ഇത്തരം സ്ഥലങ്ങൾ സന്ദർശിക്കുന്നത് ഒഴിവാക്കണമെന്ന് നിർദ്ദേശത്തിൽ പറയുന്നു.
കാബൂൾ, കാണ്ഡഹാർ, പക്തിയ എന്നിവിടങ്ങളിൽ പാകിസ്ഥാൻ വ്യോമാക്രമണം നടത്തിയതോടെയാണ് മേഖലയിൽ യുദ്ധസമാനമായ സാഹചര്യം ഉടലെടുത്തത്. താലിബാൻ ഭരണകൂടം തീവ്രവാദികൾക്ക് അഭയം നൽകുന്നുവെന്ന് ആരോപിച്ചാണ് പാകിസ്ഥാൻ ഈ ആക്രമണം നടത്തിയത്. ഏറ്റുമുട്ടലിൽ 12 പാക് സൈനികരും 13 താലിബാൻ പോരാളികളും കൊല്ലപ്പെട്ടതായി ഔദ്യോഗിക സ്ഥിരീകരണമുണ്ടെങ്കിലും മരണസംഖ്യ ഇതിലും ഉയരാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ.
യുദ്ധം രൂക്ഷമാകുമ്പോഴും ചർച്ചകൾക്ക് തയ്യാറാണെന്ന് താലിബാൻ വക്താവ് സബീഹുള്ള മുജാഹിദ് അറിയിച്ചു. പ്രശ്നങ്ങൾ പരിഹരിക്കാൻ ഖത്തർ വീണ്ടും മധ്യസ്ഥതയ്ക്ക് ശ്രമിക്കുന്നുണ്ട്. അതേസമയം, വർദ്ധിച്ചുവരുന്ന അക്രമങ്ങളിൽ യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് ആശങ്ക രേഖപ്പെടുത്തി. ഇരുവിഭാഗവും എത്രയും വേഗം വെടിനിർത്തൽ പ്രഖ്യാപിക്കണമെന്നും നയതന്ത്ര ചർച്ചകളിലൂടെ പ്രശ്നപരിഹാരം കാണണമെന്നും യുഎൻ വക്താവ് സ്റ്റെഫാൻ ഡുജാറിക് ആവശ്യപ്പെട്ടു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
