പത്രപ്രവര്‍ത്തനത്തിലേക്ക് മടങ്ങി അല്‍ ഗോര്‍; സ്വന്തം നാട്ടിലെ നൂറ്റാണ്ട് പഴക്കമുള്ള പത്രം ഏറ്റെടുക്കുന്നു

NOVEMBER 25, 2026, 7:19 PM

ടെന്നസി: പത്രപ്രവര്‍ത്തകനായി തന്റെ ഔദ്യോഗിക ജീവിതം ആരംഭിച്ച മുന്‍ യു.എസ്. വൈസ് പ്രസിഡന്റ് അല്‍ ഗോര്‍, അരനൂറ്റാണ്ടിന് ശേഷം മാധ്യമരംഗത്തേക്ക് തിരിച്ചെത്തുന്നു. ഇത്തവണ സ്വന്തം ജന്മനാട്ടിലെ പത്രത്തിന്റെ ഉടമയായാണ് മടങ്ങി വരവ്. മധ്യ ടെന്നസിയിലെ സ്മിത്ത് കൗണ്ടിയില്‍ നിന്നുള്ള 113 വര്‍ഷം പഴക്കമുള്ള പ്രമുഖ ആഴ്ചപ്പതിപ്പായ കാര്‍ത്തേജ് കൊറിയര്‍ ഏറ്റെടുക്കാന്‍ അദ്ദേഹം കരാറായി.

കഴിഞ്ഞ അഞ്ച് പതിറ്റാണ്ടായി പത്രം നടത്തിവന്നിരുന്ന ഹെര്‍ഷല്‍, ജെറാള്‍ഡിന്‍ ലേക്ക് കുടുംബമാണ് വരും ആഴ്ചകളില്‍ ഉടമസ്ഥാവകാശം ഗോറിന് കൈമാറുമെന്ന് ചൊവ്വാഴ്ച പ്രഖ്യാപിച്ചത്. ഇടപാടിന്റെ സാമ്പത്തിക വിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല. നിലവിലെ ജീവനക്കാരെ നിലനിര്‍ത്തുമെന്നും റോജര്‍ വെല്‍സ് പുതിയ പ്രസാധകനായി ചുമതലയേല്‍ക്കുമെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. നാഷ്വില്ലില്‍ നിന്ന് ഏകദേശം 55 മൈല്‍ കിഴക്കായി സ്ഥിതി ചെയ്യുന്ന സ്മിത്ത് കൗണ്ടിയിലെ ഇരുപതിനായിരത്തോളം വരുന്ന നിവാസികളുടെ പ്രധാന വാര്‍ത്താ സ്രോതസ്സാണ് ഈ പത്രം.

പ്രാദേശിക പത്രങ്ങള്‍ അടച്ചുപൂട്ടുകയും ന്യൂസ് ഡെസേര്‍ട്ടുകള്‍ വര്‍ദ്ധിക്കുകയും ചെയ്യുന്ന കാലഘട്ടത്തില്‍, പ്രാദേശിക മാധ്യമപ്രവര്‍ത്തനത്തെ സംരക്ഷിക്കാനുള്ള പ്രതിബദ്ധതയായാണ് ഗോര്‍ ഈ നീക്കത്തെ വിശേഷിപ്പിച്ചത്. വിയറ്റ്‌നാമില്‍ സൈനിക റിപ്പോര്‍ട്ടറായും പിന്നീട് നാഷ്വില്ലിലെ ദ ടെന്നസിയനിലും തന്റെ ആദ്യകാലങ്ങള്‍ ചെലവഴിച്ചതിനാല്‍, നമ്മുടെ സമൂഹത്തിന്റെ ദീര്‍ഘകാല ആരോഗ്യത്തിന് സ്വതന്ത്രവും നിഷ്പക്ഷവുമായ പ്രാദേശിക പത്രപ്രവര്‍ത്തനം ഒഴിച്ചുകൂടാനാവാത്തതാണെന്ന് താന്‍ ഉറച്ചു വിശ്വസിക്കുന്നതായി ഗോര്‍ പ്രസ്താവനയില്‍ പറഞ്ഞു.

പത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനത്തില്‍ ഗോറിന്റെ പതിറ്റാണ്ടുകള്‍ നീണ്ട രാഷ്ട്രീയ ചരിത്രം പരാമര്‍ശിക്കാതെ, പ്രസിദ്ധീകരണം പ്രാദേശിക ഉടമസ്ഥതയില്‍ തന്നെ നിലനിര്‍ത്താന്‍ മുന്നോട്ടുവന്ന ഒരു നാട്ടുകാരനായി മാത്രമാണ് അദ്ദേഹത്തെ പരിചയപ്പെടുത്തിയത്. 78 കാരനായ ഗോര്‍ പത്രത്തിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ എത്രത്തോളം ഇടപെടുമെന്ന കാര്യത്തില്‍ അദ്ദേഹത്തിന്റെ ഓഫീസ് കൂടുതല്‍ വ്യക്തത വരുത്തിയിട്ടില്ല. 1976 ല്‍ കോണ്‍ഗ്രസിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നതിന് മുമ്പ് വിയറ്റ്‌നാം യുദ്ധകാലത്ത് യു.എസ് ആര്‍മിയില്‍ മാധ്യമപ്രവര്‍ത്തകനായും പിന്നീട് 'ദ ടെന്നസിയനില്‍' അന്വേഷണാത്മക റിപ്പോര്‍ട്ടറായും ഗോര്‍ സേവനമനുഷ്ഠിച്ചിരുന്നു. പിന്നീട് യു.എസ് ഹൗസിലും സെനറ്റിലും അംഗമായ അദ്ദേഹം, പ്രസിഡന്റ് ബില്‍ ക്ലിന്റന്റെ കീഴില്‍ എട്ട് വര്‍ഷം വൈസ് പ്രസിഡന്റായി പ്രവര്‍ത്തിച്ചു.

കാലാവസ്ഥാ വ്യതിയാനത്തിനെതിരായ പ്രവര്‍ത്തനങ്ങള്‍ക്ക് സമാധാനത്തിനുള്ള നൊബേല്‍ സമ്മാനവും ഓസ്‌കാര്‍ പുരസ്‌കാരവും അദ്ദേഹത്തെ തേടിയെത്തി. ഗോറിന്റെ പിതാവ് മുന്‍ യു.എസ് സെനറ്റര്‍ ആല്‍ബര്‍ട്ട് ഗോര്‍ സീനിയറിന്റെ ആദ്യകാല രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നതും ഇതേ പത്രമായിരുന്നു. രാഷ്ട്രീയ നേതാവ് പത്രം ഏറ്റെടുക്കുന്നതില്‍ വായനക്കാര്‍ക്ക് സ്വാഭാവികമായും ചില സംശയങ്ങള്‍ ഉണ്ടായേക്കാമെങ്കിലും, പത്രം ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ പ്രചാരണ ഉപകരണമായി മാറാന്‍ സാധ്യതയില്ലെന്ന് നോര്‍ത്ത് വെസ്റ്റേണ്‍ യൂണിവേഴ്‌സിറ്റിയിലെ മാധ്യമവിഭാഗം അധ്യാപകന്‍ ടിം ഫ്രാങ്ക്‌ലിന്‍ നിരീക്ഷിച്ചു.

പകരം, ഗോര്‍ പത്രത്തില്‍ പംക്തികള്‍ എഴുതുമോ എന്നതും പ്രാദേശിക വാര്‍ത്തകളില്‍ തന്നെ പത്രം ശ്രദ്ധ കേന്ദ്രീകരിക്കുമോ എന്നതുമാണ് ഏവരും ഉറ്റുനോക്കുന്നത്. മുന്‍ യു.എസ്. പ്രസിഡന്റ് വാറന്‍ ഹാര്‍ഡിംഗും, 2000-ലെ തിരഞ്ഞെടുപ്പില്‍ ഗോറിന്റെ എതിരാളിയായിരുന്ന റാല്‍ഫ് നാഡറും ഉള്‍പ്പെടെ പ്രാദേശിക പത്രങ്ങളുടെ ഉടമസ്ഥത വഹിച്ചിട്ടുള്ള അമേരിക്കന്‍ രാഷ്ട്രീയ നേതാക്കളുടെ നീണ്ട നിരയിലേക്കാണ് അല്‍ ഗോറും ഇപ്പോള്‍ ഇടംപിടിക്കുന്നത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam