കോതമംഗലം: അമേരിക്കൻ മലയാളികളുടെ ഏറ്റവും വലിയ ഫെഡറേഷനായ ഫോമാ പ്രഖ്യാപിച്ച 'ഫോമാ 2020 ഹൗസിങ് പ്രോജക്ടി'ന്റെ ഭാഗമായി നിർമിക്കുന്ന രണ്ടാമത്തെ വീടിന്റെ നിർമാണോദ്ഘാടനം നവംബർ 6ന് എറണാകുളം ജില്ലയിലെ കോതമംഗലം താലൂക്കിലെ കോട്ടപ്പടി പഞ്ചായത്തിൽ അയപ്പാറയിൽ നടക്കും. ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോൺ, അങ്കമാലി എം.എൽ.എ ഷിബു തെക്കുംപുറം, കോട്ടപ്പടി പഞ്ചായത്ത് പ്രസിഡന്റ് ഉമേഷ് ശിവകുമാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും. ഫോമാ മുൻ ജനറൽ സെക്രട്ടറി ബൈജു വർഗീസും സന്നിഹിതനായിരിക്കും.
2028ൽ സംഘടനയുടെ ഇരുപതാം വാർഷികം ആഘോഷിക്കുമ്പോഴേക്കും കേരളത്തിലെ അർഹരായ നിർധന കുടുംബങ്ങൾക്ക് 20 വീടുകൾ നിർമിച്ചുനൽകുക എന്ന ലക്ഷ്യത്തോടെയാണ് ഫോമാ 2020 ഹൗസിങ് പ്രോജക്ടിന് രൂപം നൽകിയിരിക്കുന്നത്. പദ്ധതിയുടെ ഭാഗമായി ആദ്യ വീടിന് പത്തനംതിട്ട ജില്ലയിലെ കല്ലൂപ്പാറ പഞ്ചായത്തിലെ ചെങ്ങരൂരിൽ തിരുവല്ല എം.എൽ.എ അഡ്വ. വർഗീസ് മാമൻ തറക്കല്ലിട്ടിരുന്നു. ഇതിന്റെ തുടർച്ചയായാണ് രണ്ടാമത്തെ വീടിന്റെ നിർമാണ പ്രവർത്തനങ്ങൾക്കും തുടക്കമാകുന്നത്.
ഫോമയുടെ 2026-2028 കാലയളവിലേക്കുള്ള പുതിയ ഭരണസമിതി പ്രഖ്യാപിച്ച പ്രധാന ജീവകാരുണ്യ പദ്ധതികളിലൊന്നാണ് 'ഫോമാ 2020 ഹൗസിങ് പ്രോജക്ട്'. സംഘടനയുടെ ഇരുപതാം വാർഷികം കേവലം ആഘോഷങ്ങളിൽ ഒതുക്കാതെ, അർഹരായ കുടുംബങ്ങളുടെ ജീവിതത്തിൽ ഗുണപരമായ മാറ്റങ്ങൾ സൃഷ്ടിക്കുന്ന സേവനപ്രവർത്തനങ്ങളിലൂടെ അടയാളപ്പെടുത്തുകയാണ് പദ്ധതിയുടെ ലക്ഷ്യം.
രണ്ടാമത്തെ വീടിന്റെ നിർമാണത്തിന് തുടക്കമാകുന്നതോടെ, 2028ഓടെ 20 കുടുംബങ്ങൾക്ക് സുരക്ഷിതമായ ഭവനമൊരുക്കുക എന്ന ലക്ഷ്യത്തിലേക്കുള്ള ഫോമയുടെ പ്രവർത്തനങ്ങൾക്ക് കൂടുതൽ വേഗം കൈവരും. വീടെന്ന സ്വപ്നം യാഥാർഥ്യമാക്കാൻ കഴിയാത്ത കുടുംബങ്ങൾക്ക് സ്വന്തം ഭവനമൊരുക്കി നൽകുന്നതിലൂടെ, സംഘടനയുടെ ഇരുപതാം വാർഷികത്തെ സേവനത്തിന്റെയും കരുതലിന്റെയും മാനവികതയുടെയും സ്മരണീയ മുഹൂർത്തമാക്കി മാറ്റുകയാണ് ഫോമായുടെ പുതിയ എക്സിക്യൂട്ടീവ് ടീം.
എ.എസ് ശ്രീകുമാർ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
