ക്രൂര പീഡനങ്ങളുടെ 'ഫാമിലി ഫൗണ്ടേഷന്‍'; മുന്‍ വിദ്യാര്‍ഥിയുടെ വെളിപ്പെടുത്തലില്‍ ഞെട്ടി ന്യൂയോര്‍ക്ക് 

JUNE 21, 2026, 6:10 AM

വാഷിങ്ടന്‍: ന്യൂയോര്‍ക്കില്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് പൂട്ടിപ്പോയ പ്രമുഖ സ്വകാര്യ ബോര്‍ഡിങ് സ്‌കൂളായ 'ഫാമിലി ഫൗണ്ടേഷന്‍ സ്‌കൂളില്‍' വിദ്യാര്‍ഥികള്‍ ഇരയായത് സങ്കല്പിക്കാന്‍ പോലുമാകാത്ത ക്രൂരതകള്‍ക്കെന്ന് വെളിപ്പെടുത്തല്‍. വിവസ്ത്രരാക്കിയുള്ള പരിശോധനകള്‍, അധ്യാപകര്‍ നേതൃത്വം നല്‍കിയ ലൈംഗിക അതിക്രമങ്ങള്‍, മൃഗീയമായ ശാരീരിക പീഡനങ്ങള്‍ എന്നിവയാണ് വിദ്യാലയത്തിനുള്ളില്‍ നടന്നിരുന്നതെന്ന് മുന്‍ വിദ്യാര്‍ഥി വെളിപ്പെടുത്തി. സ്‌കൂള്‍ അധികൃതര്‍ക്കെതിരെ 10 മില്യന്‍ ഡോളര്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട് മുന്‍ വിദ്യാര്‍ഥി കോടതിയെ സമീപിച്ചതോടെയാണ് ഞെട്ടിക്കുന്ന ഈ വിവരങ്ങള്‍ പുറത്തുവന്നത്.

വര്‍ഷത്തില്‍ 80,000 ഡോളര്‍ വരെ ഉയര്‍ന്ന ഫീസ് ഈടാക്കിയിരുന്ന ഈ സ്ഥാപനം, അപ്സ്റ്റേറ്റ് ന്യൂയോര്‍ക്കിലെ ഹാന്‍കോക്ക് എന്ന ഗ്രാമത്തിലാണ് പ്രവര്‍ത്തിച്ചിരുന്നത്. വിവിധ പരാതികളെ തുടര്‍ന്ന് 2014-ലാണ് സ്‌കൂള്‍ അടച്ചുപൂട്ടിയത്. തെറ്റുകള്‍ ചെയ്യുന്ന കുട്ടികളെ വലിയ പരവതാനികള്‍ക്കുള്ളില്‍ ചുരുട്ടി ടേപ്പ് ഉപയോഗിച്ച് വരിഞ്ഞുമുറുക്കി മണിക്കൂറുകളോളം ശ്വാസം മുട്ടിക്കുന്ന ശിക്ഷാ രീതി ഇവിടെയുണ്ടായിരുന്നു. സ്വന്തം ഛര്‍ദ്ദി കുട്ടികളെക്കൊണ്ട് നിര്‍ബന്ധിപ്പിച്ച് തീറ്റിച്ചതായും ഹര്‍ജിയില്‍ പറയുന്നു. സ്‌കൂളിലെ കടുത്ത പീഡനങ്ങളില്‍ നിന്നും രക്ഷപ്പെടാന്‍ ശ്രമിക്കുന്ന കുട്ടികളെ പിടികൂടാന്‍ അതിക്രൂരരായ വേട്ടനായ്ക്കളെയായിരുന്നു അധികൃതര്‍ തുറന്നുവിട്ടിരുന്നത്.

വിദ്യാലയത്തില്‍ എത്തുന്ന ആദ്യ ദിവസം തന്നെ കുട്ടികളെ വിവസ്ത്രരാക്കി പരിശോധിക്കുമായിരുന്നു. അധ്യാപകര്‍ ഉള്‍പ്പെട്ട ലൈംഗിക കൂട്ടായ്മകളില്‍ പങ്കെടുക്കാന്‍ കുട്ടികള്‍ നിര്‍ബന്ധിതരായി. കാനഡയിലെ ടൊറന്റോയിലേക്ക് നടത്തിയ ഒരു ഗായക സംഘത്തിന്റെ യാത്രയ്ക്കിടയില്‍ സ്‌കൂളിലെ സംഗീത അധ്യാപകനായ പോള്‍ ഗീര്‍ തനിക്കെതിരെ ലൈംഗിക അതിക്രമം നടത്തിയതായി ഹര്‍ജിക്കാരന്‍ വെളിപ്പെടുത്തി. ഈ കേസില്‍ അധ്യാപകനായ പോള്‍ ഗീറിനെ കോടതി നേരത്തെ 27 വര്‍ഷത്തെ തടവുശിക്ഷയ്ക്ക് വിധിച്ചിരുന്നു.

വിദ്യാഭ്യാസ സ്ഥാപനത്തിന്റെ മറവില്‍ വലിയ രീതിയിലുള്ള മനുഷ്യാവകാശ ലംഘനങ്ങളാണ് ഇവിടെ നടന്നിരുന്നത്. സ്‌കൂള്‍ ഉടമകളായ മൈക്കല്‍, സിന്‍ഡി അര്‍ഗിറോസ് എന്നിവര്‍ തങ്ങളുടെ വ്യക്തിപരമായ ആവശ്യങ്ങള്‍ക്കായി കുട്ടികളെ ശമ്പളമില്ലാത്ത തൊഴിലാളികളായി ഉപയോഗിച്ചു. ഉടമകളുടെ എസ്റ്റേറ്റില്‍ കുഴികള്‍ വെട്ടുക, മഞ്ഞ് മാറ്റുക, പന്നിത്തൊഴുത്തുകളും മൃഗശാലകളും വൃത്തിയാക്കുക, ഇവരുടെ സ്വകാര്യ വീടിന്റെ നിര്‍മാണ ജോലികള്‍ ചെയ്യുക എന്നിവ കുട്ടികളെക്കൊണ്ട് നിര്‍ബന്ധപൂര്‍വ്വം ചെയ്യിപ്പിച്ചു. കൂടാതെ ഇവര്‍ക്കായി ഭക്ഷണം പാകം ചെയ്യാനും വീട് വൃത്തിയാക്കാനും കുട്ടികള്‍ നിര്‍ബന്ധിതരായി.

അധ്യാപനത്തിലോ കൗണ്‍സിലിങ്ങിലോ യാതൊരുവിധ പ്രഫഷനല്‍ യോഗ്യതയുമില്ലാത്ത ആളുകളാണ് സ്‌കൂള്‍ നടത്തിയിരുന്നത്. ചില മാതാപിതാക്കളെ നിര്‍ബന്ധിച്ച് ഭീഷണിപ്പെടുത്തി കുട്ടികളുടെ നിയമപരമായ രക്ഷാകര്‍തൃത്വം വരെ സ്‌കൂള്‍ ഉടമകള്‍ കൈക്കലാക്കിയിരുന്നു. അതേസമയം സ്‌കൂളില്‍ നടന്ന അതിക്രമങ്ങളെക്കുറിച്ചുള്ള വാര്‍ത്തകള്‍ സ്‌കൂള്‍ ഉടമയായ അര്‍ഗിറോസ് നിഷേധിച്ചു. സ്‌കൂള്‍ പ്രവര്‍ത്തിച്ചിരുന്ന കാലയളവില്‍ ഇത്തരം പീഡനങ്ങളെക്കുറിച്ചുള്ള യാതൊരു പരാതികളും തന്റെ ശ്രദ്ധയില്‍പ്പെട്ടിരുന്നില്ലെന്നാണ് അദ്ദേഹം കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്നത്. 2000 മുതല്‍ 2003 വരെയുള്ള കാലയളവില്‍ സ്‌കൂളില്‍ പഠിച്ച വിദ്യാര്‍ഥിയാണ് നിലവില്‍ നിയമ പോരാട്ടവുമായി രംഗത്തുള്ളത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam