ഷിക്കാഗോ: വടക്കേ അമേരിക്കയിലെ ആദ്യത്തേതും ഏറ്റവും വലുതുമായ മലയാളി സംഘടനയായ ഷിക്കാഗോ മലയാളി അസോസിയേഷന്റെ 2025-27 കാലയളവിലേക്കുള്ള ഭരണസമിതിയുടെ പ്രവർത്തനോദ്ഘാടനവും 69-ാമത് കേരളപ്പിറവി ദിനാഘോഷവും മോർട്ടൻ ഗ്രോവിലുള്ള സെന്റ് മേരീസ് ക്‌നാനായ ചർച്ച് ഓഡിറ്റോറിയത്തിൽ വെച്ച് നടത്തപ്പെട്ടു.
ഷിക്കാഗോ മലയാളി അസോസിയേഷൻ ജനറൽ സെക്രട്ടറി ബിജു മുണ്ടക്കൽ കഴിഞ്ഞ 53 വർഷത്തെ മഹത്തായ പാരമ്പര്യമുള്ള അസോസിയേഷന്റെ വളർച്ചയെക്കുറിച്ചു പരാമർശിച്ചു കൊണ്ട് ആരംഭിച്ച സമ്മേളനത്തിൽ മുഖ്യാതിഥികളെയും മുൻ അധ്യക്ഷന്മാരെയും ഷിക്കാഗോ മലയാളി സമൂഹത്തെയും സമ്മേളനത്തിലേക്ക് സ്വാഗതം ചെയ്തു.
ഷിക്കാഗോ മലയാളി അസോസിയേഷന്റെ മുൻ പ്രസിഡന്റുമാരായി വിവിധ കാലയളവുകളിൽ പ്രവർത്തിച്ച പതിനൊന്നു പേരുടെ സാന്നിധ്യത്തിൽ ഈയിടെ സ്ഥാനമൊഴിഞ്ഞ പ്രസിഡന്റ് ജെസ്സി റിൻസി പുതിയ പ്രസിഡന്റ് ജോസ് മണക്കാട്ടിന് ദീപം പകർന്നു നൽകിക്കൊണ്ട് ചുമതലകൾ കൈമാറിയത് ഹൃദ്യമായി.
മുൻ അധ്യക്ഷന്മാരെ പ്രതിനിധീകരിച്ച് സംസാരിച്ച ജോയ് വാച്ചാച്ചിറ പുതിയ തലമുറയെ എങ്ങനെ സംഘടനയിലേക്ക് ആകർഷിക്കാം എന്നും അവരിലേക്ക് നമ്മുടെ മൂല്യങ്ങൾ എങ്ങനെ പകരാം എന്നതിനെക്കുറിച്ചും സംസാരിച്ചു.
തുടർന്ന് നടന്ന പൊതുസമ്മേളനത്തിൽ ജോസ് മണക്കാട് അധ്യക്ഷനായിരുന്നു. തന്റെ അധ്യക്ഷ പ്രസംഗത്തിൽ അടുത്ത രണ്ടു വർഷം കൊണ്ട് സംഘടനയെ ശക്തിപ്പെടുത്താനുള്ള പ്രവർത്തനങ്ങൾ സ്വീകരിക്കുമെന്നും നിരവധി പ്രവർത്തനങ്ങൾ ഇതുമായി ആസൂത്രണം ചെയ്തിട്ടുണ്ടെന്നും വ്യക്തമാക്കി.
തുടർന്ന് സംസാരിച്ച സിറോ മലബാർ സഭ ഷിക്കാഗോ രൂപതാധ്യക്ഷൻ മാർ ജോയ് ആലപ്പാട്ട് പുതിയ നേതൃത്വത്തിന്റെ കീഴിൽ അസോസിയേഷൻ ശക്തി പ്രാപിക്കട്ടെ എന്ന് ആശംസിക്കുകയും പ്രവർത്തനോദ്ഘാടനം നിർവ്വഹിക്കുകയും ചെയ്തു. തുടർന്ന് ഷിക്കാഗോ ഇന്ത്യൻ കോൺസൽ ഹെഡ് ലിമ മാത്യു, ഫാ.സിജു മുടക്കോടിൽ, ഫൊക്കാന നാഷണൽ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് പ്രവീൺ തോമസ്, ഫോമാ സെൻട്രൽ റീജിയൻ വൈസ് പ്രസിഡന്റ് ജോൺസൻ കണ്ണൂക്കാടൻ എന്നിവർ ആശംസകൾ അറിയിച്ചു കൊണ്ട് സംസാരിച്ചു.
തുടർന്ന് മാർ ജോയ് ആലപ്പാട്ട്, ലിമ മാത്യു, ഫാ.സിജു മുടക്കോടിൽ, ജോസ് മണക്കാട്ട്, ബിജു മുണ്ടക്കൽ, അച്ചൻകുഞ്ഞു മാത്യു, ലൂക്ക് ചിറയിൽ, സാറ അനിൽ, പ്രിൻസ് ഈപ്പൻ, പ്രവീൺ തോമസ്, ജോൺസൻ കണ്ണൂക്കാടൻ എന്നിവർ ചേർന്ന് നിലവിളക്കു കൊളുത്തി കേരളപ്പിറവി ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്തു. പ്രിൻസ് ഈപ്പൻ പൊതു സമ്മേളനത്തിന്റെ എംസി ആയിരുന്നു. ട്രഷറർ അച്ചൻകുഞ്ഞു മാത്യു കൃതജ്ഞത രേഖപ്പെടുത്തിയാതോടൊപ്പം മലയാളി സമൂഹത്തിന്റെ സഹകരണം തുടർന്നും അഭ്യർത്ഥിച്ചു.
തുടർന്ന് മിസ് സാറ അനിലിന്റെ നേതൃത്വത്തിൽ നടത്തപ്പെട്ട കലാപരിപാടികൾ അതിഗംഭീരമായി. കേരളത്തനിമയാർന്ന നൃത്തങ്ങളുമായി വേദിയിൽ നിറഞ്ഞാടിയ പ്രതിഭ ആൻഡ് സരിത ടീമിന്റ സെമി ക്ലാസിക്കൽ ഡാൻസും ഭരതനാട്യവും പ്രൗഢഗംഭീരമായ സദസ്സിനെ കയ്യിലെടുത്ത ഷിക്കാഗോ മണവാളെൻസിന്റെ പ്രകടനവും കേരളപ്പിറവി ദിനത്തിൽ ഷിക്കാഗോ മലയാളികൾക്ക് കണ്ണിനു കുളിർമയായി.
ബിജു മുണ്ടക്കൽ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
