ഷിക്കാഗോ: ഷിക്കാഗോയിലെ ഫെഡറല്‍ കെട്ടിടത്തിന് മുന്നില്‍ കുടിയേറ്റ നിയന്ത്രണങ്ങള്‍ക്കെതിരെ പ്രതിഷേധിച്ച നാല് പ്രമുഖ ആക്ടിവിസ്റ്റുകള്‍ക്കെതിരെയുള്ള കേസുകള്‍ കോടതി പൂര്‍ണമായും തള്ളി. പ്രോസിക്യൂഷന്‍ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ വീഴ്ചകളും ഗ്രാന്‍ഡ് ജൂറി നടപടികളിലെ അസ്വസ്ഥതയുണ്ടാക്കുന്ന ക്രമക്കേടുകളും പരിഗണിച്ചാണ് യു.എസ് ഡിസ്ട്രിക്റ്റ് ജഡ്ജി ഏപ്രില്‍ പെറിയുടെ ഈ നിര്‍ണായക നടപടി.
കഴിഞ്ഞ വര്‍ഷം രാജ്യത്തെ മൂന്നാമത്തെ വലിയ നഗരമായ ഷിക്കാഗോയിലും സമീപ പ്രദേശങ്ങളിലും വലിയ ചലനമുണ്ടാക്കിയ പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ടായിരുന്നു ഈ കേസ്. മുന്‍ ഡെമോക്രാറ്റിക് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കാറ്റ് അബുഗസാലെ, ആന്‍ഡ്രെ മാര്‍ട്ടിന്‍, ഓക്ക് പാര്‍ക്ക് വില്ലേജ് ട്രസ്റ്റി ബ്രയാന്‍ സ്‌ട്രോ, ഡെമോക്രാറ്റിക് കമ്മിറ്റി അംഗം മൈക്കല്‍ റാബിറ്റ് എന്നിവരുള്‍പ്പെടെയുള്ള ആക്ടിവിസ്റ്റുകളാണ് ഇതോടെ കുറ്റവിമുക്തരാക്കപ്പെട്ടത്.
ഗ്രാന്‍ഡ് ജൂറിയുടെ തിരുത്തിയെഴുതിയ ട്രാന്‍സ്‌ക്രിപ്റ്റുകളെക്കുറിച്ച് ജഡ്ജിയുടെ ചേംബറില്‍ നടന്ന അടച്ചിട്ട വാതില്‍ ചര്‍ച്ചയ്ക്ക് ശേഷമാണ് കേസുമായി മുന്നോട്ട് പോകുന്നില്ലെന്ന തീരുമാനം യു.എസ് അറ്റോര്‍ണി ആന്‍ഡ്രൂ ബൂട്രോസ് കോടതിയെ അറിയിച്ചത്. നടപടിക്രമങ്ങള്‍ ലംഘിച്ചുകൊണ്ട് ഒരു പ്രോസിക്യൂട്ടര്‍ ഗ്രാന്‍ഡ് ജൂറിയുമായി രഹസ്യ കൂടിക്കാഴ്ച നടത്തിയതായും, കേസ് തള്ളിക്കളയുന്നതിനെ അനുകൂലിച്ച മറ്റ് ജൂറി അംഗങ്ങളെ പങ്കെടുക്കുന്നതില്‍ നിന്ന് വിലക്കിയതായും ആരോപണം ഉയര്‍ന്നിരുന്നു.
കോടതിയില്‍ ഉയര്‍ന്നുവന്ന ഈ ആരോപണങ്ങളെ യു.എസ് അറ്റോര്‍ണി നിഷേധിച്ചില്ല. പ്രോസിക്യൂഷന്‍ ഭാഗത്തുനിന്നുണ്ടായ പെരുമാറ്റം അത്യന്തം അസ്വസ്ഥതയുണ്ടാക്കുന്നതാണെന്ന് സമ്മതിച്ച അദ്ദേഹം, കേസ് തള്ളാന്‍ താന്‍ നിര്‍ബന്ധിതനാകുകയായിരുന്നുവെന്നും വ്യക്തമാക്കി. എന്നാല്‍ കോടതിയെ തെറ്റിദ്ധരിപ്പിക്കാന്‍ ആരും ബോധപൂര്‍വ്വം ശ്രമിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ വര്‍ഷം ട്രംപ് ഭരണകൂടം നിയമിച്ച ബൂട്രോസ്, വിഷയത്തില്‍ കൂടുതല്‍ പ്രതികരണങ്ങള്‍ക്ക് തയ്യാറായില്ല.
അതേസമയം കേസ് തള്ളിയ നടപടിയെ സ്വാഗതം ചെയ്തുകൊണ്ട് പ്രതിഭാഗം അഭിഭാഷകന്‍ ജോഷ് ഹെര്‍മന്‍ രംഗത്തെത്തി. ഈ കേസ് അബുഗസാലെയ്ക്കോ അവരുടെ സഹപ്രതികള്‍ക്കോ എതിരെ ഒരിക്കലും കൊണ്ടുവരാന്‍ പാടില്ലാത്തതായിരുന്നു. ഭരണഘടനയുടെ ഒന്നാം ഭേദഗതി ഉറപ്പുനല്‍കുന്ന അവകാശങ്ങള്‍ വിനിയോഗിക്കുക മാത്രമാണ് അവര്‍ ചെയ്തത്. ഗ്രാന്‍ഡ് ജൂറിയില്‍ നടന്ന ക്രമക്കേടുകള്‍ പുറത്തുവന്നത് ജനാധിപത്യത്തിന് ശുഭസൂചനയല്ലെന്നും ജോഷ് ഹെര്‍മന്‍ പറഞ്ഞു.
കേസുമായി ബന്ധപ്പെട്ട യഥാര്‍ത്ഥ വിവരങ്ങള്‍ പുറത്തുകൊണ്ടുവരാന്‍ തിരുത്തലുകള്‍ വരുത്താത്ത ട്രാന്‍സ്‌ക്രിപ്റ്റുകളുടെ പകര്‍പ്പുകള്‍ക്കായി കോടതിയെ സമീപിക്കുമെന്നും പ്രതിഭാഗം വ്യക്തമാക്കി.
ഡൊണാള്‍ഡ് ട്രംപിന്റെ കര്‍ശനമായ കുടിയേറ്റ നയങ്ങള്‍ക്കെതിരെ ബ്രോഡ്വ്യൂവിലെ ഫെഡറല്‍ സൗകര്യത്തിന് മുന്നില്‍ പ്രതിഷേധിച്ച ആക്ടിവിസ്റ്റുകള്‍ ഇമിഗ്രേഷന്‍ ഏജന്റിന്റെ വാഹനം തടയുകയും ഉദ്യോഗസ്ഥരെ ആക്രമിക്കാന്‍ ശ്രമിക്കുകയും ചെയ്തു എന്നതായിരുന്നു പ്രോസിക്യൂഷന്‍ കേസ്. ആറ് പേര്‍ക്കെതിരെയായിരുന്നു ഒക്ടോബറില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. എന്നാല്‍ പിന്നീട് രണ്ട് പേരെ ഒഴിവാക്കുകയും, പ്രോസിക്യൂഷന്‍ നടപടികളിലെ അപാകതകള്‍ കാരണം കഴിഞ്ഞ മാസം ഗൂഢാലോചന കുറ്റം പൂര്‍ണ്ണമായും ഒഴിവാക്കാന്‍ പ്രോസിക്യൂട്ടര്‍മാര്‍ നിര്‍ബന്ധിതരാകുകയുമായിരുന്നു.
വ്യാഴാഴ്ച കേസ് 'മുന്‍വിധിയോടെ' തള്ളിക്കളഞ്ഞതിനാല്‍, ഇതേ കുറ്റത്തിന്മേല്‍ പ്രതികള്‍ക്കെതിരെ വീണ്ടും കേസ് ഫയല്‍ ചെയ്യാന്‍ പ്രോസിക്യൂഷന് സാധിക്കില്ല. കൂടാതെ, വീഴ്ചവരുത്തിയ യു.എസ് അറ്റോര്‍ണി ഓഫീസിനെതിരെ നിയമനടപടികള്‍ സ്വീകരിക്കുന്ന കാര്യം പരിഗണിക്കുമെന്നും ജഡ്ജി ഏപ്രില്‍ പെറി മുന്നറിയിപ്പ് നല്‍കി.
ട്രംപ് ഭരണകൂടത്തിന് കീഴില്‍ നീതിന്യായ വകുപ്പും പ്രോസിക്യൂട്ടര്‍മാരും ഗ്രാന്‍ഡ് ജൂറി നടപടികളില്‍ രാഷ്ട്രീയ പ്രേരിതമായി ഇടപെടുന്നു എന്ന ആരോപണം ഇതാദ്യമായല്ല ഉയരുന്നത്. മുന്‍പ് മുന്‍ എഫ്.ബി.ഐ ഡയറക്ടര്‍ ജെയിംസ് കോമിക്കെതിരെയുള്ള അന്വേഷണത്തിലും സമാനമായ രീതിയില്‍ പ്രോസിക്യൂഷന്റെ ഭാഗത്ത് നിന്ന് നിയമവിരുദ്ധമായ ഇടപെടലുകളും ക്രമക്കേടുകളും ഉണ്ടായതായി വിര്‍ജീനിയയിലെ ഫെഡറല്‍ ജഡ്ജി കണ്ടെത്തിയിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
